കഥകൾ

Thursday, March 01, 2018

വഴികളും, ഒഴുക്കുകളും ഗൗനിക്കാത്ത,
ലോകത്തെ, കാലത്തെ കൂസാത്ത,
മദംപൊട്ടിയ ഒരു ഒറ്റയാൻ ...
എന്റെ പ്രണയത്താൽ മാത്രം മെരുങ്ങിയേക്കാവുന്ന,
ഇണങ്ങിയേക്കാവുന്ന
ഒരു ഒറ്റയാൻ .....!
ആ മുരടൻ എന്നെ മാത്രം പുറത്തേറ്റി,
തുമ്പിയാലൊന്നു ചേർത്തുവച്ച് -
കാടും മേടും അലയണം.
എന്റെ കുട്ടിക്കളി ഏറുമ്പോൾ,
ശരീരം ഒന്ന് കുലുക്കി,
ഒരു ചെറുചിരി പോലും വിടരാതെ,
"ഇപ്പോൾ താഴെയിടുമെന്നു" മുരടനക്കണം.
അല്പം കബനികോരി എന്നിലേക്ക്‌ തെറിപ്പിച്ച്‌,
തേക്കിലക്കുമ്പിളിൽ കാട്ടുനെല്ലിക്ക പൊട്ടിച്ചു തരുമ്പോൾ,
"ഇനി ബാണാസുരനിലേക്ക് " എന്ന് എനിക്ക് കിണുങ്ങണം.
"ഹോ മഹാ ശല്യം തന്നെ"
എന്നുമുഖം കറുപ്പിച്ചവൻ നടക്കുമ്പോൾ
ആ പാളച്ചെവിയിൽ
ഊതി ഇക്കിളിയാക്കണം.
"ഒന്നടങ്ങുന്നുണ്ടോ"
എന്ന് ചോദിക്കുമ്പോൾ
ആ പുറം കഴുത്തിലൊന്നു കടിക്കണം.
ബാണാസുരന്റെ നിറുകയിൽ
കിതച്ചെത്തുമ്പോൾ
അനുവാദം കാക്കാതെ,
പുറത്തുനിന്നിറങ്ങാതെ
അവനെ ചേർത്തു പിടിക്കണം.
"നിന്നെ പോലൊന്നിനെ കണ്ടിട്ടില്ലെന്നു"
പറഞ്ഞവൻ എടുത്തിറക്കും വരെ
അവിടത്തന്നെയിരിക്കണം.
കല്ലുംമുള്ളും തറഞ്ഞ കാൽകളിൽ
ഇത്തിരിക്കുഞ്ഞൻ കൺകളിൽ,
പരുപരുത്ത തുമ്പിയിൽ,
തളർന്ന മസ്തകത്തിൽ,
മദപ്പാടിൽ,
അമർത്തിയമർത്തി ചുംബിക്കണം.
പിന്നെയാ തല മടിയിൽ വച്ച്,
"മൊശകൊട.. എത്ര ഇഷ്ടാന്നറിയോടാ, പട്ടിക്കുട്ടി.."
എന്നൊരമ്മയാവണം.
ആ തലയിൽ തലോടി മാനം നോക്കി കിടന്ന്
ഒരോ പാട്ടിലേയും-
പ്രണയവും, നോവും, കിനാക്കളും
ഒരുമിച്ചറിയണം.
അതിൽ ലയിച്ചവൻ കിടക്കെ
അവനിൽ പ്രണയം ഉണ്ടാകുമോയെന്ന്,
ഞാനാകുമോ അവൻ്റെയുള്ളിലെന്ന്
എപ്പോഴത്തെയുംപോലെ,
എനിക്ക് ആകുലപ്പെടണം.
ബാണാസുരനിറങ്ങി നാളെ
ഞാൻ കൂട്ടിലേക്കും,
അവൻ കാട്ടിലേക്കും
സ്വത്രന്ത്രമാകുന്നതിനെക്കുറിച്ചോർത്തു
കണ്ണും നെഞ്ചും കലങ്ങണം.
അപ്രതീക്ഷിതമായി,
അവനെൻ്റെ വയറിൽ മുത്തി
"നീ പോണ്ടെടി പെണ്ണെ, എൻ്റെ പുറത്തെന്നെ കൂടിക്കോ"
എന്നുപറയുമെന്ന്,
വെറും വെറുതെ മോഹിക്കണം.
അറിയാതെപ്പോഴോ എന്നെ തഴുകുന്ന
ആ തുമ്പിക്കയ്യിൽ
-നക്ഷത്രങ്ങൾക്കും ഭൂമിക്കുമിടയിലെ
ആ സ്വർഗത്തിൽ-
തലചായ്ച്ചു ആകുലതകൾ മറന്നുറങ്ങണം...!
എന്നെ ആ സ്വർഗ്ഗത്തിൽ എന്നേക്കുമായുറങ്ങാൻ വിട്ട്
പിറ്റേന്നവൻ മാത്രം ഒറ്റയ്ക്ക് കുന്നിറങ്ങണം...!!!

Thursday, February 08, 2018

സച്ചിദാനന്ദന്റെ "ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ" എന്നതിനൊരു മറുകുറിപ്പ്.


ഒരു പുരുഷനെ സ്നേഹിക്കുകയെന്നാൽ
പരുക്കനായ അവനെ കടഞ്ഞു കന്മദമാക്കുകയെന്നാണ് .

അടിതൊട്ട് മുടിവരെ പൊള്ളിയടർന്ന കനവുകളെ
ഉമിനീരാൽ ചേർത്തുവച്ച്‌ -
നിനവുകളാക്കുകയെന്നാണ്.

തന്നിൽ ആഴ്ന്ന വേരുകളെ ചുംബിച്ച്‌,
അതിരില്ലാത്ത ആകാശത്തിലേക്കു പടരാൻ
അവന് ചിറകുനൽകുകയെന്നാണ്.

അവനെ സ്നേഹിക്കുകയെന്നാൽ,
പകലന്തിയോളം വെന്തകാലുകളിൽ
സ്നേഹമായി ഒഴുകുകയെന്നാണ്.

രാത്രി, തളർന്ന ക്രൗഞ്ചത്തിന്
ചേക്കേറാൻ, വസന്തം തലോടിയ
മരമായി സ്വയംരൂപപ്പെടുകയെന്നാണ്.

ഒരു പുരുഷനെ സ്നേഹിക്കുകയെന്നാൽ
അസ്ഥിരതയുടെ കൊടുംകാട്ടിൽ
വൃണപ്പെടാൻ തയ്യാറായി,
ഒറ്റയാൾ യാത്രയ്ക്ക് ചൂട്ടുതെളിക്കുകയെന്നാണ്.

നാമ്പിടുമെന്നുറപ്പില്ലാത്ത അവനെന്ന ബീജത്തെ
പ്രണയക്കൂറുള്ളൊരു മണ്ണായി
കാറ്റും മഴയും കൊള്ളിക്കുകയെന്നാണ്.

അതെ, അവനെ പ്രണയിക്കുകയെന്നാൽ
കടുത്ത മുറിവൊളിക്കാൻ
അവൻതീർത്ത മാർച്ചട്ട,
അമർത്തിയ ചുംബനങ്ങളാലടർത്തി
ഉള്ളിലുറങ്ങുന്ന അഗ്നിശലഭങ്ങളെ
ഞാനെന്ന മഴക്കാട്ടിലേക്ക് അഴിച്ചുവിടുകയെന്നാണ്.

(PC: Nikhila Mary Vijay ;P)

Thursday, January 18, 2018























ഭ്രാന്തു പൂക്കുന്നത് കണ്ടിട്ടുണ്ടോ?
ആകാശത്തു നക്ഷത്രം പൂക്കുന്നത് പോലെ,
മരത്തിൽ ഒരു തുലാമഴ പൂത്തു നിൽക്കുന്നത് പോലെ
മഞ്ഞുതുള്ളിയിൽ പൂവും, സൂര്യനും വിടരുന്നത് പോലെ,
വസന്തം വിളിക്കുമ്പോഴേക്കും പ്രകൃതി പൂത്തുലയും പോലെ...
അത് പോലെ...
അതുപോലെ ഒന്നുമല്ലിത്....!

നീയെന്ന ഒരു വിത്ത്
ഒരൊറ്റ ശ്വാസത്തിലൂടെ
ഞാൻ എന്നിൽ ഒളിപ്പിക്കുന്നു
എന്ന് കരുതുക.
നീ തികച്ചും സാധാരണ പോലെ ശ്വസിക്കുന്നു
ചിരിക്കുന്നു , ചിന്തിക്കുന്നു , ജീവിക്കുന്നു.
(നീയറിയുന്നില്ലെന്നത് ശരി തന്നെ...
...പലതും പറഞ്ഞുള്ള ശീലം എനിക്കും ഇല്ലല്ലോ ...!)

പക്ഷെ, അപ്പോഴൊക്കെയും, നിന്റെ കോശങ്ങൾ
എന്നിൽ പെരുകിക്കൊണ്ടേയിരിക്കുന്നു.
ഞാൻ പോലും അറിയാതെ
അത് വേരായി പടർന്നാഴുന്നു.
പലപ്പോഴും അതെന്റെ ശ്വാസകോശങ്ങളെ
മിടിക്കാൻ പോലും അനുവദിക്കാറില്ല.
(നീയറിയുന്നില്ലെന്നത് ശരി തന്നെ...
...പക്ഷേ, സത്യമാണ് ഞാനീ പറയുന്നത് ...!)

എവിടുന്നാവേരുകൾ രക്താണുക്കളിൽ
ഒളിച്ചു കടന്ന്, ഹൃദയ ധമനികളിൽ ഒട്ടുന്നു .
അതോടെ എന്റെ ഹൃദയമിടിപ്പ്
എന്റെ നിയന്ത്രണത്തിന് പുറത്താകുന്നു.
അവിടെ വേരുകൾ കുരുക്കിയ ശേഷം
അവ വീണ്ടും പടർന്നേറുന്നു...
എല്ലാ ശാസ്ത്ര സിദ്ധാന്തങ്ങളെയും
തെറ്റിച്ചു കൊണ്ട്.
വേരുകൾ...ഭൂഗുരുത്വത്തിനെതിരെ...
എന്റെ മസ്തിഷ്കത്തിലേക്ക്.
(അതെ എനിക്കറിയാം..
... നീ ഇതൊന്നും വിശ്വസിക്കില്ലെന്ന്)

അപ്പോഴേക്കും ഞാൻ തീർത്തും
നിന്റെ അധീനതയിൽ ആയിക്കഴിഞ്ഞിരിക്കും.
എന്നിരിക്കിലും നിന്റെ കോശങ്ങൾ
പടർന്നു കൊണ്ടേയിരിക്കും...നിർത്താതെ ...!
എന്റെ അവസാന ന്യൂറോണിനെയും
നിഷ്കാസനം ചെയ്തു നിന്റെ ആധിപത്യം
ഉറപ്പിക്കും വരെയും നീ
വളർന്നു കൊണ്ടേയിരിക്കും.

നിന്റെ സാമ്രാജ്യമായിക്കഴിഞ്ഞാൽ,
വെന്നിക്കൊടി നാട്ടിയാലുടൻ
നീയൊരു മായാവിയാകും.
ഒരു അടയാളം പോലും
ബാക്കി വയ്ക്കാതെ നീ
പൊടുന്നനെ... പൊടുന്നനെ
എന്നിൽ നിന്നപ്രത്യക്ഷനാകും.

അതോടെ നീ ബാക്കി വച്ചുപോയ
ഓരോ ശൂന്യതയിലും
കൂത്താടി പോലെ പുളഞ്ഞു പുളഞ്ഞു ...
അർബുദം പോലെ പടർന്നു പടർന്ന് ...
എന്റെ ഭ്രാന്തിന്റെ ഒപ്പിയം മുളക്കും
പൂത്തുലയും...ഞാൻ നിന്നെക്കാൾ മനോഹരമായി ചിരിക്കും.
.....
ഇത് പോലെ അത്രയും സങ്കീര്ണ്ണമായാണ്
ഓരോ ഭ്രാന്തും പൂക്കുന്നത് .
അല്ലാതെ,
അതൊരിക്കലും
ആകാശത്തു നക്ഷത്രം പൂക്കുന്നത് പോലെ,
മരത്തിൽ ഒരു തുലാമഴ പൂത്തു നിൽക്കുന്നത് പോലെ
മഞ്ഞുതുള്ളിയിൽ പൂവും സൂര്യനും പൂക്കുന്നത് പോലെ,
വസന്തം വിളിക്കുമ്പോഴേക്കും പ്രകൃതി പൂത്തുലയും പോലെ...
അത് പോലെ...

 അതുപോലെകാല്പനികമായേ അല്ല..!!!

PC:google

'വീട്ടിൽനിന്ന്' വഴികളെ കണ്ടെത്തൽ ..!
















ചെറുപ്പത്തിലേ ഞാൻ അങ്ങനെയാണ്
‘പൂമ്പാറ്റ’ വായിക്കുമ്പോൾ,
'വീട്ടിലേക്കുള്ള വഴി കാണിക്കൂ'
പേജ് ഞാൻ വേഗം മറികടക്കും.

എനിക്കിഷ്ടമേ ആയിരുന്നില്ല,
തുടങ്ങുന്നത് വ്യക്തമാണെങ്കിലും
 'വീട്ടിൽ' എത്തിക്കുമോ
എന്നുറപ്പില്ലാത്ത വഴികൾ, എൻ്റെ വരകൾ ...!

(അന്നേ ഞാൻ തീരുമാനിച്ചിരുന്നു
വലുതാകുമ്പോൾ
വീട്ടിൽ നിന്ന്, തുടക്കത്തിലേക്ക്
വഴിവരയ്ക്കുന്ന  കളിയായി
സ്വയംമാറിയൊരു
'പൂമ്പാറ്റ'ചിറകിൽ കയറിപ്പറ്റുമെന്ന് )

എത്ര അനിശ്ചിതമാണല്ലേ ...
ഒടുക്കം എങ്ങെന്നറിയാത്ത 
പുഴയുടെ വഴികൾ ?
എങ്ങോട്ടെന്ന് രൂപമില്ലാത്ത
കാറ്റിന്റെ ദിശമാറി വീശലുകൾ?
(ഹോ ..  വല്ലാതെ പൊള്ളിക്കുമായിരിക്കും  വഴികൾ ..!)

എന്നാൽ
എത്ര ആത്മവിശ്വാസത്തോടെയാവുമല്ലേ
ഭൂമിയിൽ തന്നെ എത്തുമെന്നുറപ്പുള്ള
മഴയുടെ പെയ്യലുകൾ...!
മണ്ണുണ്ടെന്ന   ഉറപ്പിൻ മേലുള്ള
തളർന്ന തൂവലിൻറെ
വാടിയ പൂവിന്റെ  
മരംമടുത്ത പഴങ്ങളുടെ  
പൊഴിയലുകൾ...!
(ഹോ ..  വല്ലാതെ കൊതിപ്പിക്കുമായിരിക്കും  വഴികൾ ..!)

പക്ഷെ,  അന്നും (ഇന്നും)
കൈപിടിച്ച് നീ ചോദിച്ചിരുന്നു
“  തുടക്കം  എന്നത് ഇന്നാണ് ,
ഒടുക്കം എന്നത്
കാഴ്ചക്കതീതമായ നാളെയും.
മുന്നിലെന്തെന്നുഗൗനിക്കാത്ത
പുഴയെപ്പോലെ,
വേലികളില്ലാതെ
ദിക്കെട്ടും തെന്നി നീങ്ങുന്ന
കാറ്റിനെപ്പോലെ,
ഇന്നിനെ പുണർന്നൊഴുകുന്ന
നാം ആയിക്കൂടെ നമുക്കെ”ന്ന്.

അന്ന് കഴിഞ്ഞു ...ഇന്നായി.
നാളെയും ഉണ്ടായേക്കാം...!

നീ കാറ്റായും പുഴയായും
എന്നിൽ കുരുങ്ങാതെ … ഇന്നിൽ…
അതിനിടയിലേതൊക്കയോ
നിമിഷങ്ങൾ നമ്മൾ പകുക്കുന്നു ...!

ഞാനോ...വീടുതിരഞ്ഞുകൊണ്ടു
തളർന്നു കൊഴിഞ്ഞ ഇലയായി,
നിറംകെട്ടു വാടിയ പൂവായി
പറക്കാൻ മറന്ന തൂവലായി
നിന്നിലെത്താതെ… നാളെയിൽ …
അതിനിടയിലേതൊക്കയോ
നിമിഷങ്ങൾ മാത്രം നമ്മൾ പകുക്കുന്നു ..!

ഒരു പക്ഷെ നീയാവാം ശരി, ഒരുപക്ഷെ ഞാനും
ഒരു പക്ഷെ.... നാളെ 
എൻ്റെ / നിൻ്റെ തെറ്റുകൾ 
എൻ്റെയോ, നിൻ്റെയോ  ശരികളായേക്കാം...
എന്നിരുന്നാലും ഇന്ന്  
നീയൊഴുകുന്നു ...ഞാൻ തിരഞ്ഞുകൊണ്ടേയിരിക്കുന്നു ...!!!

********

PC: google