കഥകൾ

Monday, August 14, 2017

വിചിത്രജീവികൾ ...

നിനക്കുമാത്രം കേൾക്കാം
എന്റെ  ഇമകളുടെ ചിറകടി.
എനിക്ക് മാത്രം കാണാം
നിന്റെ തീപിടിച്ച  ഹൃദയ ധമനി.

എന്നിട്ടും
നീ കണ്ണടയ്ക്കുന്നു.
ഞാൻ മനസ്സ് അണയ്ക്കുന്നു.
നമ്മൾ, മഞ്ഞുപുതച്ചു മരവിച്ചു കിടക്കുന്നു...
കല്പാന്തകാലത്തിനു ശേഷം
ഈ വിചിത്രജീവികളെ
മറ്റാർക്കോ കണ്ടെടുക്കാൻ മാത്രമായി.. !!!


ഇര

പുറത്തേക്കെന്ന വ്യാമോഹത്തിൽ,
കുതിച്ച ഓരോ ആയത്തിലും -
ആഴ്ന്നു നീറിയ  മുറിവിന്റെ,
ചീറ്റിത്തെറിച്ചു കലങ്ങിയ ചോരയുടെ,
കണ്ണിലെ ആകാശം മറച്ചേറിയ കറുപ്പിനെ
ഒരുവട്ടം  തൊടേണ്ടി വന്നവർക്കറിയാം;

ചൂണ്ട കൊരുക്കുന്നതിന്റേയും
നീരിൽ ഇറക്കുന്നതിന്റെയും
ഉന്മാദമില്ല,
അതിൽ കുരുങ്ങിക്കിടക്കുന്നതിന് എന്ന്..!!!

ഇത്തിരിപ്പോന്ന ചോണനുറുമ്പുപോലെ
ഒരു ചോദ്യചിഹ്നം
കുണുങ്ങിക്കുണുങ്ങി മുന്നിലേക്കുവരും.
ഒന്നുവന്നു  മുട്ടി,തൊട്ട്, വഴി മാറി, തൻ വഴിയേ ...

"അച്ചോടാ പാവം" എന്ന് മനസ്സുകൊണ്ട് തൊട്ടുഴിയുമ്പോഴേക്കും
വാമനാവതാരം പോലെ,
വളർന്നാഴ്ന്നു പാതാളം പോലെ ഇരുട്ടാകും,

'ഏന്തി നോക്കരുതെ'ന്ന് മനസ്സ് പറയും മുന്നേ
കാൽ വഴുക്കിപിടഞ്ഞ്   ഇരുട്ടറകളിലേക്ക്‌ ... !

നിനവ് വിട്ടാലും
കണങ്കാലിനേറ്റ കട്ടുറുമ്പിൽ കടിപോലെ
നീലിച്ചു കിടക്കും,
 നീയെന്ന ഭയം..!

ഒരു എഴുത്തുകാരനെ പ്രണയിക്കാൻ ഭാഗ്യം കിട്ടുകയെന്നാൽ
നിങ്ങൾ ഗന്ധർവ്വ ലോകത്തേക്ക് ചേക്കേറുകയെന്നാണ്.

അവന്റെ ഓരോ വരികളും ചിത്രങ്ങളും,
"ഞാനോ ഞങ്ങൾ കടന്നു പോയ നിമിഷങ്ങളോ" മാത്രമാണ്
എന്നതിൽ മദോന്മത്തയായി നിങ്ങൾ ഈ ചെറിയ ലോകം തന്നെ മറക്കും...
("നിന്റെ ചെവിയിൽ, കഴുത്തിൽ എന്റെ ശ്വാസം തട്ടുന്നില്ലേ" എന്ന്  ആയിരം കാതം അകലെ ഇരുന്നു ചോദിക്കുമ്പോൾ, സത്യത്തിൽ എന്റെ മുടിയിഴകൾ ആ ശ്വാസത്തിൽ പാറുന്നത്  ഞാൻ അറിഞ്ഞിട്ടുണ്ട്.)

കവിതയെന്നു നിങ്ങൾ വായിക്കുമ്പോൾ,
ഇപ്പുറമിരുന്നവർ ചിരിക്കും...
കടന്നു പോയ ഓരോ നിമിഷവും വീണ്ടും വീണ്ടും അയവിറക്കി അവർ രമിക്കും.

ആൾക്കൂട്ടത്തിനിടയിലും കടൽക്കരയിൽ ഓടിപ്പിടുത്തം കളിച്ചു വീഴാൻ,
ഏതു നിറഞ്ഞ ഹോട്ടലിലും, ആദ്യ ഉരുള നിനക്ക് നേരെ നീട്ടാൻ,
നിന്നിലെ ഓരോ കാക്കപ്പുള്ളിയും ഓർമ്മിക്കാൻ ,
ഏതു നിമിഷവും കവിത രചിക്കാവുന്ന വണ്ണം
നനുത്ത കടലാസ്സായി നിന്നെ രൂപപ്പെടുത്താൻ
ഒരു എഴുത്തുകാരനു മാത്രമേ കഴിയൂ.

എന്നാൽ
ഒരു എഴുത്തുകാരനെ പ്രണയിക്കുക അത്ര എളുപ്പമല്ല,
അവൻ വികാരത്തിന്റെ നൂൽപ്പാലത്തിലൂടെ ചരിക്കുന്നവനാണ്...
ഏതു നിമിഷവും ഇടറിവീണേക്കാവുന്ന അവനെ മെരുക്കാൻ,
കണ്ണിലും നെറ്റിയിലും ഒട്ടിക്കാവുന്ന ഉമ്മകൾ എപ്പോഴും  കൂടെ കരുതണം.
ഒരു കുഞ്ഞിനോടെന്ന പോലെ ഊഷ്മളമായി മാറോടു ചേർക്കാൻ,
ഹൃദയത്തിലും തലച്ചോറിലും  സ്നേഹം മാത്രം നിറയ്ക്കണം.

മാത്രമല്ല,
ഒരു എഴുത്തുകാരൻ എപ്പോൾ വേണമെങ്കിലും
മരണപ്പെട്ടേക്കാവുന്ന ഒരു ജനുസ്സാണ്.
എഴുത്തു മരിച്ച അവൻ ജീവിക്കുന്ന ജഢമായി
നിങ്ങൾക്കിടയിൽ എവിടെയോ ഇപ്പോഴും ഉണ്ടാകാം.
മരണകാരണത്തെ പോസ്റ്റ് മോർട്ടം ചെയ്യാമെന്നിരിക്കിലും, ജഢത്തിനും ജീവനും ഇടയിൽ കണ്ണിചേർക്കാൻ പറ്റുന്ന ഒന്നും തന്നെ മനുഷ്യനോ, അമാനുഷനോ കണ്ടെത്തിയിട്ടില്ലല്ലോ.
അതുകൊണ്ടുതന്നെ ഗന്ധർവ്വ ലോകത്തു നിന്ന്  അപ്രതീക്ഷിതമായി ഭൂമിയിലേക്ക് നിപതിക്കുമ്പോൾ
ഒടിഞ്ഞു നുറുങ്ങാതിരിക്കാൻ നിങ്ങളും
എഴുത്തിനെ കൂട്ട് പിടിക്കേണ്ടതായി വന്നേക്കാം.

നിങ്ങളും, എന്നെപ്പോലെ
ചിലപ്പോഴെങ്കിലും ഇങ്ങനെയും എഴുതിപ്പോയേക്കാം ...

"മരണപ്പെട്ട എന്റെ പ്രിയപ്പെട്ട എഴുത്തുകാരാ...
കാത്തിരിക്കുമെന്നോ, കാത്തിരിക്കണമെന്നോ നീ ആവശ്യപ്പെട്ടിട്ടില്ല.
അതിനാൽ
വഴിക്കണ്ണുകളെയൊക്കെ ഞാൻ അടച്ചെടുത്തു പീഞ്ഞപ്പെട്ടിയിൽ വച്ച് പൂട്ടിയിരിക്കുന്നു.

മരണപ്പെട്ടവരെ ആരെയും ഞാൻ ഇന്നേവരെ ദുഷിച്ചിട്ടില്ല...
നിന്നെയുമില്ല....കാരണം...

എനിക്കറിയാം, കവിത മരിച്ച  നീ
നമ്മുടെ ഗന്ധർവ്വ ലോകത്തുനിന്ന് സ്വയം പിണ്ഡം വച്ചതാണെന്ന്.
കവിതയില്ലാത്ത വെറും പച്ചമനുഷ്യനെ എനിക്കൊരിക്കലും
പ്രണയിക്കാൻ ആവില്ലെന്ന് നിന്നെക്കാൾ നന്നായി മറ്റാരറിയാനാണ് ?

നീ പണ്ട് ആവശ്യപ്പെട്ടത് പോലെ എന്നെങ്കിലും കണ്ടുമുട്ടിയാൽ നിനക്ക് മുകരാനായി ഈ നിറുക്‌  ഞാൻ ഒഴിച്ചിട്ടിട്ടുണ്ട്‌.
എനിക്ക് വേണ്ടി നിന്റെ ഇടംചുമൽ മാത്രം മാറ്റി വച്ചേക്കുക
ഒരാവകാശവാദവും ഇല്ലാതെ,  ചാരിയിരുന്നൊരു രാത്രി കൂടി
എനിക്കാ കടലുകാണണം.


ഓർമ്മയിൽ ഇപ്പോഴും
എന്റെ
കണ്ണിലെ ചിരിയെന്നും,
ചൊടിയിലെ തേനെന്നും,
തനുവിലെ തണുവെന്നും,
പാടിയുണർത്തുന്നവനെ..

അളന്നിരുന്നോ എന്നെങ്കിലും  -
പൂപൊലിപ്പിച്ചു ഞാൻ നീണ്ട വഴികൾ ?
മാരിയായിപെയ്തു ഞാൻ നിറഞ്ഞ തൊടികൾ?
മണൽക്കാടായി ഞാൻ വരണ്ട ആഴങ്ങൾ ?


Monday, June 26, 2017

ഇറങ്ങിപ്പോന്ന വീട്ടിലേക്ക്
വിരുന്നുകാരനായി ഒന്ന് കടന്നു ചെല്ലണം.

നല്ലെണ്ണ ഒട്ടുന്ന ഒറ്റത്തിരി വിളക്കിൽ
'അന്തിത്തിരി ദീപം' എന്ന്,
തൊട്ട്  തലയിൽ തുടയ്ക്കണം.

ഒരക്കൂട്ടിനുള്ളിൽ പൊടിയാൻ
കൂട്ടാക്കാതെ തെറിച്ച, നെല്ലും കാപ്പിയും
വെറുതെ കൊറിച്ചുതുപ്പണം.

വെളഞ്ഞീര് ഒട്ടിയ കഴുക്കോലിൽ
ഏന്തിതൂങ്ങി വേട്ടാളന്റെ കൂട്ടിലെ
പുഴുനെ കാണണം.

ഇറങ്ങിപ്പോന്ന വീട്ടിലേക്ക്
വിരുന്നുകാരനായി ഒന്ന് കടന്നു ചെല്ലണം.

നടന്നു നടകയറി  ചേതിയിൽ ഇരുന്നു
മുളകിന്റെ തിരികളയണം.

ഗാന്ധി ചെരുപ്പിൽ വെച്ച് പോകുന്ന
നടപ്പിന്റെ പുറകെ കൂടണം.
മൂന്നും കൂട്ടി ഒരു മുറുക്കൽ തരാക്കണം.

വാൽതെരുത്ത  കള്ളിമുണ്ടു
കണ്ണുരുട്ടും മുന്നേ
ചൊരുക്കിയ തലയുമായി
നടയിറങ്ങി വലയിൽ പതുങ്ങണം

ഇറങ്ങിപ്പോന്ന വീട്ടിലേക്ക്
വിരുന്നുകാരനായി ഒന്ന് കടന്നു ചെല്ലണം.

കണ്ണ് ചുരുക്കി, കൈകൊണ്ട് വെയിൽ തടുത്ത്
വീടെന്നിൽ അടയാളം നോക്കും.

വിടർന്ന കണ്ണില്ല
കണ്ണിലെ കുറുമ്പില്ല
ചക്കപ്പല്ലും, കൂക്കി വിളിയുമില്ല
'ഇതിപ്പോ ആരാ നിങ്ങക്ക് മനസ്സിലായോ? '
എന്നു വീടിനു ചോദിക്കാൻ
വളഞ്ഞോ, കുഴഞ്ഞോ അവിടാരുമില്ല...

'വെള്ളെഴുത്തിന്റെ കണ്ണട
ഒന്ന് വാങ്ങാതെ തരമില്ലെന്നു'
പരിതപിച്ച്,
"അങ്ങട്ടേലേക്കാല്ലേ?" എന്ന്
ഉത്തരത്തിന്  കാക്കാതെ വീട്
തിരിഞ്ഞു നടക്കും.

Sunday, May 14, 2017

....നീ

കവിളിൽ കാപ്പിമുത്തി ചിരിക്കുമ്പോൾ,
വാക്കുകൾക്കിടയിൽ കവിത പിറക്കാതിരിക്കാൻ
പഴുതുകളിൽ ചോദ്യചിഹ്നം നിറയ്ക്കുമ്പോൾ,
ശീതകാലത്തുവിരുന്നെത്തുന്ന സൂര്യനെപോൽ
ഓടിവന്നമർത്തി ഓടിപ്പോകുമ്പോൾ;

ആ കുന്നുകളോരോന്നും പച്ചച്ചുപച്ചച്ചു
ദൂരെ ഒളിച്ചു നീലിക്കുന്നു..!
കാട്ടുതാറാവ് തുഴച്ചിലിനും, പറക്കലിനും
ഇടയിലേതോ ഒരു ചുവടു കണ്ടെത്തുന്നു..!
ശിശിരം കശക്കിയ ഇലകളോരോന്നും
വസന്തമായി ഉലയുന്നു..!

Monday, May 01, 2017

സലോമി

സലോമി.....
ആകാശത്തിന്റെ അതിരില്ലായ്മയും,
ആഴിയുടെ നിലയില്ലായ്മയും, ഒന്നുചേർന്ന  നിന്റെ
പ്രണയത്തിനാൽ  വഴിതെറ്റിയവനാണ് ഞാൻ.

പാരിജാതങ്ങളുടെ നടുവിൽ ഇളവെയിലേൽക്കുമ്പോൾ,
ഓക്ക് മരത്തിന്റെ വീപ്പയിൻ നിന്നൊരു കവിൾ
ഉന്മാദം നുകരുമ്പോൾ,
ഞാൻ നിന്നെ മാത്രമാണല്ലോ
എന്നിലേക്കാവാഹിക്കുന്നത്...!

നിന്നെക്കുറിച്ച്എഴുതാനിരിക്കുമ്പോൾ ,
നിന്റെ മാതളംപോലെ ചുവക്കുന്ന കവിളുകളും,
മരതകക്കണ്ണുകളും,
എന്നിൽ ലഹരിപടർത്തുന്ന നിന്റെ നിമ്ന്നോന്നതികളും
എന്നോട്, "എന്നെക്കുറിച്ച്‌ ...എന്നെക്കുറിച്ചാദ്യം " എന്ന് കലഹിക്കുന്നു.
ഇലപൊഴിച്ച വില്ലോമരം പോലെ നീ എന്നിൽ ചേർന്ന് വിയർത്തുകുതിർന്നതോർക്കുമ്പോൾ
ഇപ്പോഴും ഹൃദയമിടിപ്പ് തെറ്റി, കടലാസ്  നനയുന്നു..!

എഴുതണമെന്നുണ്ട്...
ഒരു സൂഫിയും പാടാത്ത വർണ്ണങ്ങളാൽ
നിന്നെ വരച്ചിടണമെന്നുണ്ട്...
കൈചേർത്തും, കരൾകോർത്തും
താണ്ടിയ ദൂരങ്ങളെ നെയ്തിടണമെന്നുണ്ട് ...
സലോമി... നിന്റെ ഓരോ മുടിചുരുളുകളെയും
ചുംബിച്ചുണർത്തിയ രാത്രികളിൽ
എന്നിൽ ഉയിർകൊണ്ട കഥാബീജങ്ങൾ
എന്നിൽ പരക്കംപായുന്നുണ്ട്...

എന്നാൽസലോമി...
ആട്ടിൻപറ്റങ്ങളുടെ കാവൽക്കാരനായ എന്നിൽ
നീചുരന്ന ഏതൊന്നിനെയാണ്
ഒരു പാൽക്കട്ടിയാക്കി എനിക്ക്  മുന്നിൽ വയ്ക്കാൻ സാധിക്കുക?
ഒരു വെയിലിനും വറ്റിക്കാനാകാത്ത
നിന്റെ ചുടുനീരുറവകളെ
ഏതു കവിതയാലാണ് ഞാൻ കുടിച്ചു വറ്റിക്കുക?
നിന്നെമറന്നു നീ എനിക്കൂട്ടിയ,
ഏതുമധുരക്കനിയെയാണ്
ഞാൻ വായനക്കാരന് അപ്പമാക്കി
വിലയ്ക്ക് വയ്ക്കുക  ??

അതിനാൽ, സലോമി...

ഇനി ഞാൻ മൗനിയാകുന്നു,

നീയാം വാല്മീകത്തിൽ

നിന്നെ ധ്യാനിച്ച്

നിന്നിൽ വിലയിക്കും വരെ

ഇനി ഞാൻ മുനിയാകുന്നു ..!!!


Friday, April 21, 2017

അരക്കില്ലംഇവിടെ  നിന്നൊന്നിറങ്ങി നടക്കണം, 
ആരാരും അറിയാതെ കാറ്റിന് ചിറകിൽ 
കടന്നു പറ്റണം,
നിന്നെ കാണുമ്പോൾ മഴവില്ലിൻ അരമണി കിലുക്കണം,
ഒളിഞ്ഞു നീ നോക്കുമ്പോൾ 
പടംപൊഴിഞ്ഞ പാമ്പിന്റെ കണ്ണിൽ ഒളിക്കണം, 
'എവിടെ ആവോ' എന്ന് അത്‍ഭുതം കൂറുമ്പോൾ 
ഇരട്ടനാവിനാൽ നിന്നെ ഒന്നമർത്തി തുടയ്ക്കണം,
നനഞ്ഞു നീ കുതിരുമ്പോൾ
അർക്കനെ ഒരു വടംകെട്ടി  താഴ്ത്തണം.
ചുട്ടുനീ പൊള്ളുമ്പോൾ, ഉറവയായി പൊട്ടണം, 
ഊട്ടിയുറക്കുവാനൊരു അരക്കില്ലം പണിയണം, 
വേടത്തിയാവണം, 
ഒപ്പം വെന്തങ്ങടിയണം....!

Wednesday, March 29, 2017

നിന്റെ ലോകം

കണ്ണെത്താനാട്ടിൽ, നോവുവറ്റാ ഉറവയിൽ
തേക്കുപാട്ടും പാടി നീ കണ്ണീരുതേവുന്നു.

വിത്തായ വിത്തിലൊക്കെയും
നാടുവിട്ട  അച്ഛന്റെ പേരെഴുതി നീ
ഉപ്പിട്ടുണക്കുന്നു.

അമ്മ, മരിച്ച ചേച്ചി, കുഞ്ഞുപെങ്ങൾ
എന്നിങ്ങനെ കള്ളിതിരിച്ചു നീ
അക്കുകളിക്കുന്നു.

ഓരോ കള്ളിയിലും വീണും തെറിച്ചും
എനിക്ക് നെഞ്ചുനോവുന്നു;
'അടുത്ത ഏറിൽ നിന്നിലേക്ക്‌'
എന്ന് പഴുതുനോക്കുന്നു ...!
Saturday, March 25, 2017

സരസ്വതി

"ഒരു കൈത", "ഒരു നീർമരുത്"
എന്നവൾ തേങ്ങിക്കൊണ്ടേയിരിക്കും...!
"ഭ്രാന്തി..." എന്ന ആർപ്പുവിളി താങ്ങാതെ
ഭൂമിക്കടിയിലേക്ക് ..
അത്രമേൽ ആർദ്രമായി ......ആർത്തയായി...
അവൾ ഓടി ഒളിക്കും.
കൂവി ഓടിച്ച നിങ്ങൾ തന്നെ
ഒട്ടുമേ മനസ്സാക്ഷിക്കുത്തില്ലാതെ

'സരസ്വതി' എന്ന് പൂജിക്കും ..!!!

Wednesday, March 22, 2017

പ്രിയപ്പെട്ട (പണ്ടെപ്പോഴോ) എഴുത്തുകാരാ...

എന്നിൽ, നിന്റെ ഒരു വരികവിത കുറിച്ചിടാം
എന്ന് വാക്ക്ചൊല്ലിപ്പോയ എഴുത്തുകാരാ
എവിടെയാണ്  നീയിപ്പോൾ ??

എഴുതിയ കവിതകളുടെ ലഹരിയിലോ ?
അതോ
മറ്റൊരു കവിതയുടെ എഴുത്തുപുരയിലോ ??


Sunday, March 19, 2017

പ്രണയം

ചേർത്ത് കെട്ടിയ അതെ ലാഘവത്തോടെ
നീ ഇഴപിരിക്കുന്നു.

ഒരുനാര്  നീർത്തി നീ
നൂൽക്കമ്പി വളച്ചുചേർക്കുന്നു.

ഇരയായി എന്നെ കോർക്കുന്നു
ചൂണ്ടയിൽ നീ തന്നെ  കുരുങ്ങുന്നു.

നാം ചോരവാർക്കുന്നു, ശവമായി  പൊങ്ങുന്നു
ആർക്കോ...ആർക്കൊക്കെയോ വേണ്ടി....!!!

Thursday, March 16, 2017

എനിക്കേ കഴിയൂ;


എനിക്കേ  കഴിയൂ;
രാവിന്റെ മറപറ്റി
സ്വപ്നത്തിനുള്ളിലൂടെ
നിന്നിലേക്ക് കടന്നു കയറാൻ....

ഇരുട്ടുപോലും കാണാതെ
മെത്തയുടെ ഓരം ചേർന്ന്
നിന്റെ മുന്തിരിക്കണ്ണുകളേ
ഉമ്മവച്ചു തണുപ്പിക്കാൻ...

എനിക്കേ കഴിയൂ
നിന്റെ  മൗനത്തിന്റെ
താഴ്വരയിൽ,
ചിലങ്കപൂക്കുന്നൊരു മരം
നട്ടുനനയ്ക്കാൻ..

അണ്ണാനും, പുള്ളും കാണാതെ
അതിന്റെ മുഴക്കം
നിന്റെ   സിരകളിൽ ഒഴുക്കാൻ

എനിക്കേ കഴിയൂ 
കയറ്റിറക്കങ്ങളിൽ മദിക്കുന്ന
ഒരു കാറ്റായി നിന്നെ അഴിച്ചിടാൻ,
നിന്നിൽ വന്യതയുടെ ലഹരി നിറയ്ക്കാൻ,
യുദ്ധത്തിന്റെ വരണ്ട ഓർമ്മകളെ
'ഒപ്പിയം' നിറഞ്ഞ ചുണ്ടാൽ മൃദുവാക്കാൻ,

അതെ, എനിക്ക് മാത്രമേ  കഴിയൂ
കറുപ്പും വെളുപ്പും ചാലിച്ച്
ഒരു മഹായാനം മെടയാൻ...
കണ്ണുകോർക്കാതെ, തോളുരുമ്മാതെ,
പ്രണയം കൊറിച്ച്, നിന്നിൽ
ഒരു വെയിലാഴം തുഴയാൻ ..!!!

Thursday, March 09, 2017

വീട്

ഭദ്രത ഇല്ലാത്ത ഒന്ന്,
നാളെ ചോരുമോ
ചുവർമണ്ണലിയുമോ
എന്ന്  വേവലാതിപ്പെടാറുണ്ട്.

കണ്ണുതെളിയാ
കുഞ്ഞിപ്പൂച്ച ഒന്ന്
ഓലക്കീറിലൂടെ
മാനം നോക്കാറുണ്ട്.

കൊള്ളിടയിലൂടെ
കുത്തിയൊലിക്കുന്ന മഴയും,
കാറ്റ് ചായ്ച്ച നാട്ടുമാവും,
 ഇടിച്ചെടുത്തോ, മറിഞ്ഞു വീണോ
നിലം പറ്റിക്കേണ്ടതെന്ന്
തക്കം പാർക്കുന്നുണ്ട്.

എന്തുചെയ്യണമെന്നറിയാതെ
കണ്ണോടുകണ്ണ് നോക്കുന്നുണ്ട്;
നിനവേതുമില്ലാ പൂച്ചക്കുഞ്ഞിൻ
അള്ളലിൽ പുളഞ്ഞും,
മാന്തലിൽ നീറിയും,
കുറുമ്പിൽ നിറഞ്ഞുമാ
കഴുക്കോലും തറക്കല്ലും.

Tuesday, January 17, 2017

കൊഴിഞ്ഞ പൂവിനും പറയാനുണ്ടാകും
തഴുകിക്കടന്ന ഒരു വാസന്തത്തിനെ കുറിച്ച്;
മൊട്ടിട്ടപ്പോഴേ മൂളിയടുത്ത, ഒരു കരിവണ്ടിനെക്കുറിച്ച്;
പാതിവിടർന്ന തന്നിൽ, അമർന്നപൂമ്പാറ്റയെ കുറിച്ച്;

കശക്കിഎറിഞ്ഞ ഒരു ചുഴലിയെക്കുറിച്ച്;
കാമക്കണ്ണാൽ ഊതിപ്പോയ ഒരു നാഗത്താനെക്കുറിച്ച്;
പ്രണയത്തിന്റെ,  ജീവിതത്തിന്റെ, നിരർത്ഥകതയെക്കുറിച്ച്;
അതിജീവനത്തിന്റെ നാട്ടറിവുകളെക്കുറിച്ച് !

കൊഴിഞ്ഞു കിടക്കുമ്പോൾ,
അഴുകി ദ്രവിക്കുമ്പോൾ
-ഓർമ്മക്കാലത്തിന്റെ ചുഴിക്കുത്തിൽ
പുളഞ്ഞ്, അയവെട്ടുന്ന പൂക്കാലം
മാത്രം സ്വന്തമാക്കിയവൾക്ക്-

കൂടെ ചേർക്കാൻ വേറെന്ത് ??