കഥകൾ

Monday, August 14, 2017

വിചിത്രജീവികൾ ...

നിനക്കുമാത്രം കേൾക്കാം
എന്റെ  ഇമകളുടെ ചിറകടി.
എനിക്ക് മാത്രം കാണാം
നിന്റെ തീപിടിച്ച  ഹൃദയ ധമനി.

എന്നിട്ടും
നീ കണ്ണടയ്ക്കുന്നു.
ഞാൻ മനസ്സ് അണയ്ക്കുന്നു.
നമ്മൾ, മഞ്ഞുപുതച്ചു മരവിച്ചു കിടക്കുന്നു...
കല്പാന്തകാലത്തിനു ശേഷം
ഈ വിചിത്രജീവികളെ
മറ്റാർക്കോ കണ്ടെടുക്കാൻ മാത്രമായി.. !!!


ഇര

പുറത്തേക്കെന്ന വ്യാമോഹത്തിൽ,
കുതിച്ച ഓരോ ആയത്തിലും -
ആഴ്ന്നു നീറിയ  മുറിവിന്റെ,
ചീറ്റിത്തെറിച്ചു കലങ്ങിയ ചോരയുടെ,
കണ്ണിലെ ആകാശം മറച്ചേറിയ കറുപ്പിനെ
ഒരുവട്ടം  തൊടേണ്ടി വന്നവർക്കറിയാം;

ചൂണ്ട കൊരുക്കുന്നതിന്റേയും
നീരിൽ ഇറക്കുന്നതിന്റെയും
ഉന്മാദമില്ല,
അതിൽ കുരുങ്ങിക്കിടക്കുന്നതിന് എന്ന്..!!!

ഇത്തിരിപ്പോന്ന ചോണനുറുമ്പുപോലെ
ഒരു ചോദ്യചിഹ്നം
കുണുങ്ങിക്കുണുങ്ങി മുന്നിലേക്കുവരും.
ഒന്നുവന്നു  മുട്ടി,തൊട്ട്, വഴി മാറി, തൻ വഴിയേ ...

"അച്ചോടാ പാവം" എന്ന് മനസ്സുകൊണ്ട് തൊട്ടുഴിയുമ്പോഴേക്കും
വാമനാവതാരം പോലെ,
വളർന്നാഴ്ന്നു പാതാളം പോലെ ഇരുട്ടാകും,

'ഏന്തി നോക്കരുതെ'ന്ന് മനസ്സ് പറയും മുന്നേ
കാൽ വഴുക്കിപിടഞ്ഞ്   ഇരുട്ടറകളിലേക്ക്‌ ... !

നിനവ് വിട്ടാലും
കണങ്കാലിനേറ്റ കട്ടുറുമ്പിൽ കടിപോലെ
നീലിച്ചു കിടക്കും,
 നീയെന്ന ഭയം..!

ഒരു എഴുത്തുകാരനെ പ്രണയിക്കാൻ ഭാഗ്യം കിട്ടുകയെന്നാൽ
നിങ്ങൾ ഗന്ധർവ്വ ലോകത്തേക്ക് ചേക്കേറുകയെന്നാണ്.

അവന്റെ ഓരോ വരികളും ചിത്രങ്ങളും,
"ഞാനോ ഞങ്ങൾ കടന്നു പോയ നിമിഷങ്ങളോ" മാത്രമാണ്
എന്നതിൽ മദോന്മത്തയായി നിങ്ങൾ ഈ ചെറിയ ലോകം തന്നെ മറക്കും...
("നിന്റെ ചെവിയിൽ, കഴുത്തിൽ എന്റെ ശ്വാസം തട്ടുന്നില്ലേ" എന്ന്  ആയിരം കാതം അകലെ ഇരുന്നു ചോദിക്കുമ്പോൾ, സത്യത്തിൽ എന്റെ മുടിയിഴകൾ ആ ശ്വാസത്തിൽ പാറുന്നത്  ഞാൻ അറിഞ്ഞിട്ടുണ്ട്.)

കവിതയെന്നു നിങ്ങൾ വായിക്കുമ്പോൾ,
ഇപ്പുറമിരുന്നവർ ചിരിക്കും...
കടന്നു പോയ ഓരോ നിമിഷവും വീണ്ടും വീണ്ടും അയവിറക്കി അവർ രമിക്കും.

ആൾക്കൂട്ടത്തിനിടയിലും കടൽക്കരയിൽ ഓടിപ്പിടുത്തം കളിച്ചു വീഴാൻ,
ഏതു നിറഞ്ഞ ഹോട്ടലിലും, ആദ്യ ഉരുള നിനക്ക് നേരെ നീട്ടാൻ,
നിന്നിലെ ഓരോ കാക്കപ്പുള്ളിയും ഓർമ്മിക്കാൻ ,
ഏതു നിമിഷവും കവിത രചിക്കാവുന്ന വണ്ണം
നനുത്ത കടലാസ്സായി നിന്നെ രൂപപ്പെടുത്താൻ
ഒരു എഴുത്തുകാരനു മാത്രമേ കഴിയൂ.

എന്നാൽ
ഒരു എഴുത്തുകാരനെ പ്രണയിക്കുക അത്ര എളുപ്പമല്ല,
അവൻ വികാരത്തിന്റെ നൂൽപ്പാലത്തിലൂടെ ചരിക്കുന്നവനാണ്...
ഏതു നിമിഷവും ഇടറിവീണേക്കാവുന്ന അവനെ മെരുക്കാൻ,
കണ്ണിലും നെറ്റിയിലും ഒട്ടിക്കാവുന്ന ഉമ്മകൾ എപ്പോഴും  കൂടെ കരുതണം.
ഒരു കുഞ്ഞിനോടെന്ന പോലെ ഊഷ്മളമായി മാറോടു ചേർക്കാൻ,
ഹൃദയത്തിലും തലച്ചോറിലും  സ്നേഹം മാത്രം നിറയ്ക്കണം.

മാത്രമല്ല,
ഒരു എഴുത്തുകാരൻ എപ്പോൾ വേണമെങ്കിലും
മരണപ്പെട്ടേക്കാവുന്ന ഒരു ജനുസ്സാണ്.
എഴുത്തു മരിച്ച അവൻ ജീവിക്കുന്ന ജഢമായി
നിങ്ങൾക്കിടയിൽ എവിടെയോ ഇപ്പോഴും ഉണ്ടാകാം.
മരണകാരണത്തെ പോസ്റ്റ് മോർട്ടം ചെയ്യാമെന്നിരിക്കിലും, ജഢത്തിനും ജീവനും ഇടയിൽ കണ്ണിചേർക്കാൻ പറ്റുന്ന ഒന്നും തന്നെ മനുഷ്യനോ, അമാനുഷനോ കണ്ടെത്തിയിട്ടില്ലല്ലോ.
അതുകൊണ്ടുതന്നെ ഗന്ധർവ്വ ലോകത്തു നിന്ന്  അപ്രതീക്ഷിതമായി ഭൂമിയിലേക്ക് നിപതിക്കുമ്പോൾ
ഒടിഞ്ഞു നുറുങ്ങാതിരിക്കാൻ നിങ്ങളും
എഴുത്തിനെ കൂട്ട് പിടിക്കേണ്ടതായി വന്നേക്കാം.

നിങ്ങളും, എന്നെപ്പോലെ
ചിലപ്പോഴെങ്കിലും ഇങ്ങനെയും എഴുതിപ്പോയേക്കാം ...

"മരണപ്പെട്ട എന്റെ പ്രിയപ്പെട്ട എഴുത്തുകാരാ...
കാത്തിരിക്കുമെന്നോ, കാത്തിരിക്കണമെന്നോ നീ ആവശ്യപ്പെട്ടിട്ടില്ല.
അതിനാൽ
വഴിക്കണ്ണുകളെയൊക്കെ ഞാൻ അടച്ചെടുത്തു പീഞ്ഞപ്പെട്ടിയിൽ വച്ച് പൂട്ടിയിരിക്കുന്നു.

മരണപ്പെട്ടവരെ ആരെയും ഞാൻ ഇന്നേവരെ ദുഷിച്ചിട്ടില്ല...
നിന്നെയുമില്ല....കാരണം...

എനിക്കറിയാം, കവിത മരിച്ച  നീ
നമ്മുടെ ഗന്ധർവ്വ ലോകത്തുനിന്ന് സ്വയം പിണ്ഡം വച്ചതാണെന്ന്.
കവിതയില്ലാത്ത വെറും പച്ചമനുഷ്യനെ എനിക്കൊരിക്കലും
പ്രണയിക്കാൻ ആവില്ലെന്ന് നിന്നെക്കാൾ നന്നായി മറ്റാരറിയാനാണ് ?

നീ പണ്ട് ആവശ്യപ്പെട്ടത് പോലെ എന്നെങ്കിലും കണ്ടുമുട്ടിയാൽ നിനക്ക് മുകരാനായി ഈ നിറുക്‌  ഞാൻ ഒഴിച്ചിട്ടിട്ടുണ്ട്‌.
എനിക്ക് വേണ്ടി നിന്റെ ഇടംചുമൽ മാത്രം മാറ്റി വച്ചേക്കുക
ഒരാവകാശവാദവും ഇല്ലാതെ,  ചാരിയിരുന്നൊരു രാത്രി കൂടി
എനിക്കാ കടലുകാണണം.


ഓർമ്മയിൽ ഇപ്പോഴും
എന്റെ
കണ്ണിലെ ചിരിയെന്നും,
ചൊടിയിലെ തേനെന്നും,
തനുവിലെ തണുവെന്നും,
പാടിയുണർത്തുന്നവനെ..

അളന്നിരുന്നോ എന്നെങ്കിലും  -
പൂപൊലിപ്പിച്ചു ഞാൻ നീണ്ട വഴികൾ ?
മാരിയായിപെയ്തു ഞാൻ നിറഞ്ഞ തൊടികൾ?
മണൽക്കാടായി ഞാൻ വരണ്ട ആഴങ്ങൾ ?