ദേശാടനക്കിളി കരയാറില്ല
മുറ്റത്തെ നടയിറങ്ങുന്ന ഇടവഴി
കറുത്തതായിരുന്നു.
വാളുപോലെ മൂർച്ചയുള്ള കല്ലുകളെ
അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നു.
അതറിയാതെ,
വെളിവും, വെളിച്ചവും നഷ്ടപ്പെട്ട്
വീട് വിട്ടിറങ്ങിയവളുടെ
-പ്രതീക്ഷപോലും നുറുങ്ങുവെട്ടമാവാതെ-
കാൽനഖം കല്ലുകാച്ചി, പൊട്ടിയടർന്നു പോയി.
"ദിക്കറിയില്ലെങ്കിലും നടയല്ലാതെ വേറെന്തു വഴി?"
കൂമൻ മൂളുന്ന കരിമുരിക്കിനടിയിലെ പൊന്തയിൽ നിന്ന്
അന്തിമുല്ല.
"നാശം പിടിക്കാൻ... ഓർമ്മയുടെ കുന്തിരിക്കമണമാണ്
അസത്തെ നിനക്ക്" എന്ന് പ്രാകി, മുന്നോട്ടാഞ്ഞപ്പോഴേക്കും
"ഓർമ്മകളെ എന്തിനാടോ ശവമഞ്ചമേറ്റുന്നത്
പ്രാണവായുവായിരുന്നില്ലെ?" എന്നൊരു പുള്ളോർക്കുടം
അടക്കം പറഞ്ഞതുപോലെ.
പെട്ടെന്നടർന്നു തൂങ്ങിയ പെരുവിരലുമായി
ഞാനോടി ശംഖുമുഖത്തെ ബെഞ്ചിലിരുന്നു.
ഉപ്പിച്ചു കയ്ക്കുന്ന കടൽ വെള്ളത്താൽ
കാലും,
ചാറ്റല്മഴയാൽ നെഞ്ചും മുറികൂട്ടി,
കൊക്കൂണടർത്താൻ ഇളംചിറകു മൂർച്ചയാക്കി.
മുത്തിചുവപ്പിക്കട്ടെ നിന്നെയെൻ്റെ പെണ്ണേ
പുറംചെവിയിൽ ഒരു തിരയനക്കം.
"പുന്നാരം നിർത്തൂ നീ,
കേട്ടുതഴം വന്ന ശീലുമാറ്റി ഇത് പറയൂ...
മൂന്നു നക്ഷത്രങ്ങൾക്കപ്പുറം സർവ്വം വിഴുങ്ങിയായ
ഒരു ഇരുണ്ട ഗർത്തം നീ പേറുന്നുണ്ടോ?
'നിന്നോളം നിറഞ്ഞീയെന്നിൽ ആരെന്നു'
നീ പാട്ടുപെട്ടിയിൽ പലരോടായി ഘോഷിക്കുന്നുണ്ടോ?"
അറിയില്ല, അറിയേണ്ടതുമില്ലെനിക്ക്
നിൻ്റെ പറുദീസകളെ വിട്ടുഞാൻ
പൂമ്പാറ്റച്ചിറകിൽ ഒരു കടുകുപാടം നീന്തുകയാണ്
കാടും, കാറ്റാടിയും, ചെമ്മരിയാടുകളും,
ആർക്കും പകുക്കാതെ എനിക്ക് മാത്രം
നീന്തിത്തുടിക്കാൻ ഉറവകൊണ്ട ചുടുനീരുറവയും
ഉള്ളൊരു ദേശം ലാക്കാക്കി.
"അത്രമേൽ ദൂരത്തായാൽ
എൻ്റെ പൊന്നേ നിനക്ക് നീറില്ലേ, നോവില്ലേ "
എന്ന നിൻ്റെ പായാരം വേണ്ട.
'നീറ്റാതെ, നോവിക്കാതെ കാത്തോളാം കണ്ണേ '
എന്ന ചൂണ്ടയിൽ എന്നെ കൊരുത്തു
പൊരിമണലിൽ ഉറുമ്പരിക്കാൻ ഇട്ടവനേ;
ദേശാടനക്കിളി കരയാറില്ലത്രേ
അല്ലെങ്കിലാ വിലാപമാരും കേൾക്കാറില്ലത്രേ.
കാലമെത്രയായിരിക്കുന്നു..! എൻ്റെ വാക്കുകളുടെ ലോകം ഉപേക്ഷിച്ചതിന് ശേഷം എന്തെന്നോ ഏതെന്നോ എവിടെയെന്നോ എന്ന് ചോദിക്കാൻ പോലും മറന്നു പോവാറുണ്ടായിരുന്നു ഞാൻ! പക്ഷേ എവിടെയായാലും നിൻ്റെയാകാശം നിനക്കായി മഴ പെയ്യിക്കുമെന്നെൻ്റെയുള്ളിലിരുന്നേതോ പക്ഷി എന്നും പാടാറുണ്ടായിരുന്നു. ദിക്കും ദിശയും ഏതെന്നറിയില്ലെങ്കിലും നിനക്കായൊരു ലക്ഷ്യം കാത്തു വച്ചിരിക്കുന്നെന്നു അതെപ്പോഴുമെന്നോട് പറയാറുണ്ടായിരുന്നു., ദേശാടനപക്ഷികൾക്ക് വഴി തെറ്റാറില്ലെന്നും, ദിശയറിയാതെ പോയിട്ടില്ലൊരിക്കലുമെന്നും കൂടെ ഓർമ്മപ്പെടുത്തും... നീയെന്ന ഒറ്റവാക്കിലൊതുങ്ങി പോവാതെ നിനക്കപ്പുറം വഴികളിൽ വെട്ടം തെളിക്കുമെന്ന നിൻ്റെ വിശ്വാസം സഫലമാകുമെന്നു ഞാനത്ര വട്ടം സ്വപ്നം കണ്ടിരിക്കുന്നൂ....
ReplyDeleteകണ്ണടച്ചിരുന്നെല്ലാം മറന്നൊരീണം കാതിൽ നിറച്ചൊരു യാത്ര ചെയ്യവേ, ഇടയ്ക്കെപ്പോഴോ കണ്ണ് തുറന്നപ്പോൾ നമുക്കേറ്റം പ്രിയപ്പെട്ടൊരാൾ മുന്നിലിരുന്നു നമ്മെ നോക്കി മന്ദഹസിക്കുന്നത് കാണുമ്പോൾ നാമനുഭവിക്കുന്നൊരു ആനന്ദമുണ്ടല്ലോ.. അതാണ് എനിക്ക് നിൻ്റെ വാക്കുകൾ വീണ്ടും കണ്ടപ്പോൾ തോന്നീത്.... :) ചിലപ്പോഴൊക്കെ ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ ഒരാളായി നമ്മൾ മാറിപ്പോകുന്നത് ഇങ്ങനെയൊക്കെയാണ്....
പ്രിയപ്പെട്ടവളെ നിൻ്റെ സ്വപ്നങ്ങളും പേറി നീ യാത്ര തുടരുക.. വഴികളൊക്കെയും മനോഹരമാവട്ടെ... മനസ്സെന്ന ചെപ്പിൽ നിറയെ സുഗന്ധമുള്ള ഓർമ്മകൾ നിറയട്ടെ... ഇത് വായിക്കുമ്പോൾ ഒരു നേർത്ത പുഞ്ചിരിയും ഓർമ്മകളുടെ ഒരു കുഞ്ഞുവെയിൽനാളവും മാത്രം എനിക്കായി നീ മാറ്റിവയ്ക്കുക... വീണ്ടും വരുവാൻ ഞാനേറെ വൈകിപ്പോയെന്നു വരാം, ചിലപ്പോൾ നേരത്തേയായെന്നും വരാം :D എന്നാലും ഇത് നീയല്ലേ... നീ തന്നെയല്ലേ എന്നൊരു മറുപടിയുണ്ടോയെന്നു വെറും വെറുതേ ഞാൻ നോക്കും :P :D . അടയാളപ്പെടുത്താൻ എൻ്റെതായി എനിക്കെന്തെങ്കിലും ബാക്കിയുണ്ടോന്ന് അറിയണമല്ലോ... :P
കീയകുട്ടിയേയ് പൊരട്ടിങ്ങനെ പോരട്ടെ ...
ReplyDeleteനിര്ത്തിയിടത്തു നിന്ന് തുടങ്ങുക
എഴുതാതെ നിനക്കിരിക്കിരിക്കാൻ പറ്റില്ല ...
പഴയ തീഷ്ണമായ എഴുത്തുകൾ ഒക്കെ പോരട്ടെ ...
ബുക്ക് ഇറക്കണം...സ്വപ്നങ്ങളുടെ പിറകെ പോകണം
Kanmashi....<3
Delete