കഥകൾ

Monday, April 29, 2024

 “കൊഫായ് ...” 

ബുഷ്ക്രീക് എന്നറിയപ്പെടുന്ന സാമാന്യം വിസ്താരമുള്ള അരുവി ആരോനദിയിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ട മണൽതിട്ടയിൽ ഏതോ അമാനുഷൻ അടുക്കി ചേർത്ത് വച്ചത് പോലുള്ള ഒരു പാറക്കൂട്ടമുണ്ട്.  ആ പാറക്കൂട്ടത്തിന്റെ പടിഞ്ഞാറ് വശത്തെ ചെറുതും വലുതുമായ പാറകളിൽ പിടിച്ചു കയറി, ആരോനദിയെയും, ക്രൌൺ മലനിരകളേയും നോക്കി ഒറ്റയാനെ പോലെ തലഉയർത്തി നിൽക്കുന്ന കൂട്ടത്തിലെ ഒരു പരന്ന പാറപ്പുറത്ത് കിടക്കുകയായിരുന്നു ചോയ് ലാം. (പണിക്കിറങ്ങാത്ത ദിനങ്ങളിലും, പണികഴിഞ്ഞു കുഴങ്ങിയ രാത്രികളിലും അവിടെ വന്നങ്ങനെ കിടക്കാറ് പതിവാണ് ലാമിന്, 'ഫെയ്-ലൂങ്' എന്ന് പേരിട്ടുപതിച്ചെടുത്ത  ആ പാറക്കൂട്ടമായിരുന്നു ലാമിൻ്റെ ലോകം).

ആരോടൌണിനെ ചുറ്റി കിടക്കുന്ന ക്രൌൺപർവ്വത നിരകൾ തൂണുകൾ ആണെന്നും അതിന് മുകളില് വലിച്ചു നീട്ടി കെട്ടിയിട്ടുള്ള നീലത്തടാകമാണ് ആകാശം എന്നും,  പകൽ മുഴുവൻ നടന്ന്  ആ പർവ്വതനിരകൾ കയറി അതിനുമുകളിൽ നിന്നും ആകാശമെന്ന ജലാശയത്തിലേക്ക് ഒഴുകിയിറങ്ങി, നെടുങ്ങനെ നീന്തുന്ന ആത്മാക്കളാണ് നക്ഷത്രങ്ങൾ എന്നും; അതിൽ ഭൂമിയിൽ ഒന്നിക്കാൻ പറ്റാത്ത പ്രണയികളുടെ ആത്മാക്കൾ ആ നീലത്താടകത്തിൽ വച്ച് വീണ്ടും കണ്ടു മുട്ടുകയും, ഇണചേരുകയും അനേകം നക്ഷത്രക്കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും അങ്ങനെഉണ്ടായ കുടുംബങ്ങളാണ് നക്ഷത്രക്കൂട്ടങ്ങൾ എന്നുമൊക്കെ സങ്കൽപ്പിച്ച്, ഉറക്കമില്ലാത്ത ചില രാത്രികളിൽ ഈ പാറപ്പുറത്ത് വന്നിരുന്ന് അവരോട് സംസാരിക്കാൻ ലാമിനിഷ്ടമായിരുന്നു. 

അല്ലെങ്കിലും നാടും, വീടും, വിട്ട് കാറ്റുപോലും പരിചയമില്ലാത്ത ഒരു നാട്ടിലേക്ക് ജീവിതം തള്ളിയിട്ടവന്, ചുറ്റുമൊരു  സങ്കൽപ്പലോകമുണ്ടാക്കി അതിൽ വിരാജിക്കാം എന്നല്ലാതെ സ്വന്തമായി എന്തുണ്ട്, അസ്ഥിത്വദുഃഖമല്ലാതെ? 

വേനൽക്കാലത്തെ ശനി, ഞായർ ദിവസങ്ങളിൽ കുടുംബവും കുട്ടികളുമൊത്ത് ഉച്ചഭക്ഷണവും കെട്ടിയെടുത്ത് സായിപ്പന്മാർ ആ മണൽ പരപ്പിൽ എത്തുക അതിസാധാരണമായിരുന്നു. വെള്ള കോർസെറ്റും, അതിനു മുകളിൽ നേർത്ത കോട്ടൻകൊണ്ടുള്ള ഞൊറികളുള്ള ഉയർന്ന കഴുത്തും, കൈനീണ്ട ബ്ലൗസും, ഇരുണ്ട കളറിലുള്ള കാൽപാദം വരെയെത്തുന്ന പാവാടയും, പലതരം കളറിലും, വലിപ്പത്തിലും ഉള്ള പൂക്കൾ  തുണിചേർത്ത ബോണെറ്റും  ധരിച്ച, വെള്ളക്കാരിഅമ്മമാർ, തുമ്പികളെ പോലെ വെള്ളത്തിലേക്കും കരയിലേക്കും പറന്നു നടക്കുന്ന കുട്ടികളെ മെരുക്കാൻ പെടാപ്പാട് പെടുമ്പോൾ, പുരുഷന്മാർ ചുരുട്ടും കടിച്ചു പിടിച്ച്, അരയോളം വെള്ളത്തിൽ നിന്ന് ട്രൌട്ട് മൽസ്യത്തിനായി ചൂണ്ടയിടുകയായിരിക്കും. 

ഇതൊക്കെ കണ്ടാസ്വദിച്ചു കൊണ്ട്, മണൽതിട്ടക്ക് അതിരു വരച്ചു കൊണ്ട് തഴച്ചു വളരുന്ന റ്റോയി-റ്റോയിയുടെയും, ഹരകെകെ ചെടികളുടേയും പുറകിലായി, കൊമ്പുകൾ നിലത്തേക്ക് തൂങ്ങി, ഒരൊറ്റമരക്കാടായി വിലസുന്ന, വില്ലോ മരത്തിന്റ്റെ ഉച്ചിയിൽ ലാം ഇരിക്കുന്നുണ്ടാകും. “ചൂണ്ടയാണെന്നും, കുരുങ്ങിയാൽ ഒടുങ്ങുമെന്നും, തലമുറകളായി പാടിപ്പറഞ്ഞിട്ടും, പ്രലോഭനങ്ങളിൽ പെട്ട് ജീവിതം തുലച്ചല്ലോ എന്നെപ്പോലെ” എന്ന് ചിലപ്പോഴവൻ, സായിപ്പിൻ്റെ  ചൂണ്ടയിൽ പിടയുന്ന മീനിനോട് കലമ്പും. ഇടയ്ക്കിടെ അവിടെ പിക്നിക്കിനു വരാറുള്ള ഒരു കുടുംബത്തിലെ പാടലവർണ്ണത്തിലുള്ള, പഞ്ഞിമുട്ടായിയെ ഓർമ്മപ്പെടുത്തുന്ന മൂന്നുവയസ്സുകാരിയെ കാണുമ്പോൾ അവന് മെയ്-ഫെങ്നെ ഓർമ്മവരും. ഒറ്റപ്പെങ്ങളുടെ, ഒറ്റപ്പെൺകുട്ടി അവൻ്റെ കൈവിടുവിച്ച്  അപ്പൂപ്പൻ താടിയുടെ പുറകെയോടും, അവൻ ഒറ്റനിൽപ്പിൽ ഉറഞ്ഞ് കരയും. ആ പഞ്ഞിക്കുടുക്കയുടെ അടുത്തേക്ക് ഓടിച്ചെല്ലാൻ ലാം കൊതിക്കും. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ആരോടൌണിന്റെ വടക്ക് ഭാഗത്തുള്ള, ഏറ്റവും നിശ്ചലമായ, സൂര്യപ്രകാശം നേരെ കടന്നു ചെല്ലാത്ത, ഈർപ്പം നിറഞ്ഞ ഒരു തടവറയെ ഓർമിപ്പിക്കുന്ന, ബുഷ്ക്രീക്കിന്റെ കരയിലേക്ക് തള്ളപ്പെട്ട, ഏതാണ്ട് ഇരുപതോളം മാത്രം വന്നിരുന്ന ചൈനക്കാർക്ക്, വെള്ളക്കാർ പോയി കഴിഞ്ഞാൽ മാത്രം വന്നിരിക്കാനും, ചൂണ്ടയിടാനും അലിഖിത നിയമം ഉണ്ടായിരുന്ന ഒരിടമായിരുന്നു ആ മണൽത്തിട്ടയും പാറക്കൂട്ടവും.

വേനൽകാലത്തെ നിലാവുള്ള രാത്രികളിൽ, ഒറ്റപ്പെടലിന്‍റെ പാരമ്യത്തിൽ, ലാം ഫെയ്-ലൂങിൽ എത്തിപ്പിടിച്ച് കയറും. അവളുടെ മാറോട് ഒട്ടിച്ചേർന്നുകിടന്ന് “എന്നെ അങ്ങാക്കാണുന്ന പർവ്വതശാഖികളെ  പൊതിഞ്ഞുമൂടിയ മേഘക്കെട്ടുകൾക്കിടയിലൂടെ പറുദീസയുടെ രഹസ്യങ്ങളിലേക്ക് കൊണ്ട് ചെന്നാക്കൂ” എന്നു കേഴും. ആ യാത്രയുടെ നിംനോന്നതികളിൽ അവൻ ആനന്ദത്തിന്റെ അത്യുന്നതങ്ങളിൽ ചേക്കേറി, ഒരു മയിൽപ്പീലിത്തുണ്ടായി ദേശവും, ദിക്കുമില്ലാതെ ഒഴുകി നടക്കും. അപ്പോഴൊക്കെയും അവൻ വെറുമൊരു ‘ചൈനമാൻ’ അല്ലാതെ മനുഷ്യനായി, ചോയ് ലാം ആയി ആത്മാഭിമാനത്തോടെ ലോകത്തെ നോക്കും. മറ്റുചില ഇരുണ്ട ദിനങ്ങളിൽ അവൻ ഫെയ്-ലൂങിൽ ചേക്കേറി, ദിഈറ്റ്സ  വായിക്കും. പസഫിക് സമുദ്രവും കടന്നാ രാഗങ്ങൾ  ഷുജിയാൻ  നദിയിൽ തട്ടി, പാൻയുവിലെ തന്റെ പ്രിയപ്പെട്ടവരിൽ മാറ്റൊലി കൊള്ളുന്നതായി നിനച്ചവൻ വിതുമ്പും. 


“കൊഫായ്...” വീണ്ടും വിളി കേട്ടത് പോലെ.....