കഥകൾ

Wednesday, January 27, 2016

അപൂർ(ണ്ണo)വ്വo.


മരവിച്ച് മരവിച്ച് മറക്കണം എന്ന്
തീരുമാനിക്കുന്നതിന് മുന്നേ
വാക്കിൻറെ  വഴികളിലേക്കൊന്നു
തിരിഞ്ഞു പോകണം.

പണം കായ്പ്പിച്ച്
ഇല വിളർത്തുപോയ
പാതി വഴികളിൽ ഒരിക്കലും
പൂക്കാത്തൊരു കൊന്ന;

ഇരുളുപടരുമ്പോൾ നിൻറെ
തിടുക്കങ്ങളെ തടഞ്ഞു വച്ച്
സ്വയം തടവിലായ
അന്തിമുല്ല;

റാണി  എന്നെഴുതിയ
ഇലകൾക്കൊക്കെ
രാധ എന്ന
മൊഴി മാറ്റപ്പുകച്ചിൽ.

ഉറവയുടെ ആഴം കടൽ തിന്നു;
നക്ഷത്രങ്ങൾക്ക്  കനം തൂങ്ങി ;

വാക്കിനെ ഒറ്റാൻ -
- അമ്മയുടെ
നെഞ്ചിലെ കനം,
- അച്ഛന്റെ
തറഞ്ഞ മൌനം;
- പുഴയുടെ
കണ്ണീർ ചാലുകൾ,
മലക്കം മറിച്ചിലുകൾ;

'നാം..നാം' എന്ന് പേർത്ത
മുഖപടത്തിൽ
കാലം, കോലം, കുലം
അന്ത്യവിധി
കോറി ഇടുന്നു.
ഒപ്പം,
കഴുമരം മറന്നാലും
അന്ത്യ ശ്വാസത്തിൽ
എന്നെ പേറാൻ
നിന്നിലൊരു ഗർഭപാത്രം
ഉരുക്കൊള്ളുന്നു.

നിറുകിലെ ചുംബനം
പറിച്ചെടുത്തെതോ
സിന്ധൂരത്തിനടിയിൽ
നീ അടവയ്ക്കുമ്പോൾ ;
ഇനിയും നാം
എഴുതുമോ
'നമ്മൾ' എന്ന
അർത്ഥം തികഞ്ഞ
ഒരു പുതുകവിത ?


Tuesday, January 19, 2016

എന്റെ പാതിക്ക് ...
" ഷ് ഷ് ..ശൂ ' പകുക്കാൻ സമയമേതുമില്ലിപ്പോ-
പട്ടിയുണ്ട് കുളിപ്പിക്കാൻ
കുട്ടിയുണ്ട് കളിപ്പിക്കാൻ "എന്നോതി 
പിൻവാതിൽ തുറന്ന, പ്രണയമേ...
കവിതയാൽ നീ ചമച്ച
നമ്മുടെ പറുദീസയിൽ നിന്നും
ഞാനിതാ  അടരുന്നു .

നിന്റെ വിരൽചിത്രങ്ങൽ ഉണർത്തിയ വർണ്ണങ്ങൾ
ഒരുമിച്ചു നുണഞ കോലൈസിനും,
ഒരുമിച്ചു നനഞ്ഞ മഴപ്പൂക്കൾക്കും,
ഒരുമിച്ചു തെരുത്ത താലിച്ചരടിനും  കൈമാറി -
 "കണ്ടാൽ പുഴയെന്നും
തൊട്ടാൽ കടലെന്നും" നീ പണ്ടുപറഞ്ഞ,
മുത്തശ്ശി മാവിന്റെ പോടിൽ ഒളിപ്പിച്ച,
എന്റെ ലോകത്തിലേക്ക്.

കാരണം,
ജീവിതം പോലെത്തന്നെ -
പ്രണയം എന്നതും
ഒരാൾ ഒറ്റക്ക് കാണേണ്ടുന്ന
                           സ്വപ്നം അല്ല തന്നെ !!!