കഥകൾ

Friday, December 19, 2014

പതംപറച്ചിലുകൾ...

ഒന്നുമില്ലായ്മയുടെ അടുക്കളയിൽ
മുഴങ്ങാറുണ്ട് ചില പതം പറച്ചിലുകൾ ..

നനയാകൊള്ളി ഒന്നുണ്ടെങ്കിൽ
പ്രണയംപോലെ ആളിഎരിയാമായിരുന്നു എന്ന് ;
മൂലയിലൊതുക്കിയ മണ്ണടുപ്പ് ..

കാൽഭാഗം എങ്കിലും നിറച്ചിരുന്നെങ്കിൽ
അല്പംകൂടി സ്നേഹം പകരാമായിരുന്നു എന്ന് ;
അടുപ്പിന്നരുകിൽ ഉരുകി ഞളുങ്ങിയ എണ്ണക്കുപ്പി ..

നാല് മണിയെങ്കിലും ബാക്കിയായെങ്കിൽ
പൊട്ടിത്തെറിച്ചു പഴയ നിന്നെ
ഒന്ന് പൊടിതട്ടാമായിരുന്നു എന്ന് ;
കല്ലും, കോലും അടിഞ്ഞ കടുക് പാത്രം ...

ഇളംതണുപ്പാർന്ന  മധുരം
മറന്നു നാവൊട്ടിയെങ്കിലും,
മൂർചയൊട്ടും കുറഞ്ഞിട്ടില്ലെന്ന്
ഇരിപ്പിടമായി ഒതുങ്ങിയ ചിരവ ...

ഒരുപിടിയെങ്കിലും പകരാതെ
ഓർമ്മയുടെ എച്ചിലിൽ നിന്ന്
വേവിച്ചു പൊലിപ്പിക്കാൻ
അക്ഷയ പാത്രമല്ലെന്ന് ;
തിളച്ചു മറിഞ്ഞ ഒരു കാലത്തിന്റെ
കഞ്ഞിവെള്ളപ്പാട് ബാക്കിയായ ചോറ്റുകലം..

തലച്ചോർ കഴുത്തിൽ കുരുക്കിട്ടവനും
ഹൃദയം നീരൂറ്റുന്ന മക്കള്ക്കും പകുത്ത്
ഉള്ളം പൊള്ളയായ  അവരെന്തു പറയാനെന്നു;
സ്വന്തം വാലറുത്തു തിന്ന്
വെണ്ണീർക്കൂടയിൽ  നിന്ന് പല്ലിളിക്കുന്ന പല്ലി.

ഉള്ളിൽ  നിന്ന് പുറത്തേക്ക് ചീറ്റുന്ന നാഗങ്ങളെ 
പിടിച്ചു കെട്ടാനാകാതെ 
സ്വയം കൊത്തി ,നാക്ക് വിഴുങ്ങി 
ഉറിയിൽ തൂങ്ങാൻ പഴുത് നോക്കിയൊരു പെണ്‍മൗനം.
....
അതെ 
ഇവിടെയെല്ലാം വെറും 
 പതം പറച്ചിലുകൾ മാത്രമാണ് 
എല്ലാം നാട്ടുനടപ്പിൻ പടി  
വളരെ കൃത്യമാണ്.