കഥകൾ

Wednesday, September 24, 2014

ചുവരെഴുത്തുകൾഎന്റെ ശവപ്പെട്ടി പണിയുന്നവനേ...
  കാണുന്ന മഹാഗണിയിൽ,
 ഉള്ളിൽ നനുത്ത വെളുത്ത സാറ്റിനിൽ,
 പതുപതെ ഒരെണ്ണം പണിയുക.
...  വിശാലമായ കട്ടിലിൽ നനുത്ത വിരികളിൽ-
 ഉറങ്ങാത്തവളുടെ അത്യാഗ്രഹം !

 പുറമേ സുവർണ്ണ ലോഹത്തിൽ
 അലങ്കാര കിന്നരികൾ പതിക്കുക 
... ജീവിക്കേ കിടക്കാൻ ചായം തേച്ച-
 കുടിൽ ഇല്ലത്തവളുടെ അതിമോഹം !!


ഒരൊച്ചയും കടക്കാത്തവിധം ആണിയടിച്ചേക്കുക..
... ജീവിച്ചിരിക്കെ ഓരോ ദിവസവും മരിച്ചവളുടെ
ജീവിക്കാനുള്ള അത്യാവേശം !!!

............................

മരമെന്ന് അറിഞ്ഞിരുന്നെങ്കിൽ
പടർന്നാഴ്ന്ന വേരുകളെക്കുറിച്ചും,
പന്തലിച്ച ശാഖകളെക്കുറിച്ചും
 ഞാൻ ഉത്ക്കണ്ഠപ്പെട്ടെനെ....


അതിനാൽ ഒന്നും ചോദിക്കാതെ, ഞാൻ
നിനക്ക് ചുറ്റുമുള്ളതിനെയെല്ലാം മായ്ച്ചു കളയുന്നു ...
ചിത്രം വരച്ചു മായ്ക്കുന്ന
ഒരു കുഞ്ഞിന്റെ ലാഘവത്തോടെ !!!"

...............................എനിക്ക് വെറുപ്പാണ് ..
 ഉയർന്നതും,ചൂഴ്ന്നതും കണ്ടുണരുന്ന 
പ്രണയമറ്റ പൌരുഷത്തെ,

ഏതൊരാണ്കടാക്ഷത്തിലും തുളുമ്പിമറിയുന്ന  
നേർത്ത സ്ത്രീത്വത്തെ,

നാഗമായി മുറുകുന്ന താലിതൂക്കി,  
ശലഭത്തെനോക്കി ചിറികോട്ടുന്ന 
പാതിവ്രത്യത്തെ,

കൂമൻകണ്ണുകളെ ഭയന്ന് പേറുന്ന,  
കരളും കനവും അറുത്ത തന്മയ്യീഭാവമറ്റ  
ഭർതൃത്വത്തെ,

എനിക്ക് വെറുപ്പാണ് ..
വെറും കയ്യടിക്കായി പകർന്നാടെണ്ടി വരുന്ന
  തീണ്ടാരിവേഷങ്ങളെ !!!

.....................................അര നിമിഷം പകുക്കാനില്ലാത്ത
സ്നേഹത്തിന്റെ കടലാഴം അളന്നാണ്
 തലച്ചോർ വളർന്നു ഹൃദയം ചുരുങ്ങിയത് !!!

Monday, September 01, 2014

അനാമിക
കടലിനെ ഇളക്കിമറിച്ച് കയറി വന്ന കാറ്റ്  ആമിയുടെ സാരി പറിച്ചെറിയാൻ ഒരു ശ്രമംനടത്തി, സേഫ്റ്റി  പിന്നിന്റെ ഉറപ്പിനെ പ്രാകി ചുറ്റിത്തിരിഞ്ഞു നിന്നു. പെയ്യാൻവിറപൂണ്ടതെല്ലാം ഉള്ളിലൊതുക്കി കരിമേഘം  മറയുന്ന സൂര്യനെ തെല്ലിട മറച്ചു  മാറിനിന്നു.

"ഇന്നും പെയ്യില്ലെന്നാ തോന്നുന്നേ" ... "ശ്രീയ്ക്കറിയുമോ കൗമാരപ്രണയവും മുപ്പത്കടന്നവരുടെ പ്രണയവും തമ്മിലുള്ള വ്യത്യാസം?  അത് ഇതുപോലെയാണ് കാറ്റുംമഴയും പോലെ "...

"കാറ്റ് കൗമാരക്കാരെ പോലെ സീമകളില്ലാതെ വീശുന്നു...ചിലപ്പോഴൊക്കെ പതിയെസ്നേഹിച്ച്, മറ്റു ചിലപ്പോള തീവ്രമായി പ്രണയിച്ച്, ഒന്നിനെയും ഗൗനിക്കാതെ തങ്ങളുടെമൂർച്ചകളിലൂടെ ആഞ്ഞടിക്കുന്നു. നാളെയെ കുറിച്ച് വ്യക്തമായ സ്വപ്നം കാണുന്നു..."


"എന്നാൽ മഴയാകട്ടെ ഉള്ളിലൊരു നൂറുചോദ്യവുമായി, പെയ്യാനാഞ്ഞുംപെയ്യാതെ, നാംബെടുത്ത വിത്തുകളെയും 
വേരുറയ്ക്കാമുളം കാടിനേയും ഓർത്ത്വിതുമ്പുന്നു. നാളെയെ സ്വപ്നം കാണാൻ പോലും ഭയക്കുന്നു. ഉറപൊട്ടുന്ന ഓരോ മഴനാമ്പും തന്റെ മാത്രം തെറ്റെന്നു സ്വയം പഠിപ്പിക്കുന്നു.  
പരിപൂർണ്ണയാണ്, ഇതിലേറെ ഒന്നുംകൊതിക്കുന്നില്ലെന്നു നടിക്കുന്നു....

 എന്നിട്ട് കൊതികൾ പെരുകിപ്പെരുകി
സ്വയം കാർന്നു തിന്നുന്നൊരുകുഞ്ഞർബുദക്കാറ്റിന്റെയോ, നെഞ്ചിലടക്കിയ മോഹക്കൊള്ളിയാന്റെയോ ഉയർച്ചയിൽ സ്വയം പെയ്തൊഴിയുന്നു"


മൌനം ....!!!

അസംതൃപ്തമായ ഉത്തരങ്ങളിൽ അവസാനിക്കുന്ന എന്നത്തെയും ചോദ്യോത്തരപംക്തിപോലെ അവൻ അമര്ത്തി മൂളി.  

താനും ആമിയുമാകുന്ന ഘനീഭവിച്ചമൌനത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് ശ്രീ  എഴുന്നേറ്റു. സ്വപ്നം നിറഞ്ഞ കടലിലെക്കോ യാഥാർത്യത്തിന്റെ കരയിലേക്കോ എന്ന് നിശ്ചയമില്ലാതെ...