കഥകൾ

Thursday, February 06, 2014

നിഴൽ ചൂട്
 
അന്യതയുടെ മറക്കുട ചൂടി ഇരിക്കേണ്ടി വരുമ്പോൾ,

കണ്ണുകൾ കൊണ്ട് കൊളുത്തി വലിക്കും നീ ...
ഒന്ന് കൊരുത്തു കിടക്കാൻ വിറകൊണ്ട്  വരളുകയാവും 
അപ്പോൾ പാവം ചുണ്ടുകൾ !

തലയിൽ വീണ കൽപിത  നീറിനെ തട്ടിക്കളയും നീ ...
അറിയാതൊരു കൊള്ളിയാൻ  ഉയിർക്കുകയാവും 
അപ്പോൾ  അടിവയറ്റിൽ  !

'പ്രകൃതിയുടെ വിളി'ക്ക് ഞാൻ വഴികാട്ടാൻ പറയും  നീ ...
ധൃതിപ്പെട്ട പോക്കിലെ ഞെരടലിൽ പുളഞ്ഞ്  ത്രസിക്കയാവും 
അപ്പോൾ ഉണർന്ന മാറിടം !

വീണ്ടും കാണാമെന്ന ഭംഗിവാക്കിൽ 
പേഴ്സും തിരുകി കുഞ്ഞിനെ എടുക്കും  നീ ...
ഒരു തലയാട്ടലിൽ ഒതുങ്ങി, മീസാൻ കല്ലിനടിയിൽ ഒളിക്കുകയാവും 
അപ്പോൾ നിഴൽ ചൂടുകൾ !!!