കഥകൾ

Friday, June 28, 2013

ആരാച്ചാർ
കീഴടക്കപ്പെടുന്നതിനു മുന്നേ
 നിറഞ്ഞ ചിരിയോടെ, കണ്ണിൽ  നോക്കി ,
ചെന്നു പ്രാപിക്കണം കണ്ണിൽ കാമമുള്ള കരിമൂർഖനെ !

എന്നിൽ പടർന്നേറുമ്പോൾ  ശൽക്കങ്ങൾ ഉരഞ്ഞു കീറണം ...!
അരിച്ചരിച്ചു കയറുന്ന  വിഷത്തിൽ നീലിച്ചു നീലിച്ച്-
ചുറ്റിപ്പിണയലിൽ,  കീഴടക്കപ്പെടുന്ന ഉന്മത്തതയിൽ.. ശ്വാസം കിട്ടാതെ,
സ്വയംമറന്നെൻ അരഞ്ഞാണച്ചരടിൽ  ലക്ഷണമൊത്തൊരു  കുരുക്കു തീർക്കണം...!

കെട്ട് മുറുക്കി ഉദ്ധരിപ്പിക്കാതെ, ഉദ്ധരിച്ചു നിൽക്കുമ്പോൾ-
കഴുത്തിലെ രണ്ടും മൂന്നും കശേരുവിനിടയിൽ ...കൃത്യമായി...!!
ഇരുപത് സെക്കൻഡിൽ... !!

നവദ്വാരങ്ങളിലൂടെയും വിസ്സർജ്ജിക്കണം...
കണ്ണിലെ കാമവും, നെഞ്ചിലെ പകയും, കേട്ടലറയ്ക്കുന്ന തത്വജ്ഞാനവും !!!
(മീരയുടെ ആരാച്ചാർ വായിച്ചതിനുശേഷം  'ചേതന' 'മാനസ' എന്ന രണ്ടാത്മാക്കൾ എന്നിൽ കേറിക്കൂടി ഇരിക്കുന്നു .. അവയെ ആവാഹിക്കാതെ ചിരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.)

Saturday, June 22, 2013


കത്തിതീരുന്ന ജീവിതമോ ഉരുകി ഒലിച്ചുപോയ സ്വപ്നങ്ങളോ , മരണമധുരമോ  അല്ല, എന്റെ  നിസ്സാരത ...അപ്രധാനത... അതാണെന്നെ ഈ ജന്മദിനവും ഓർമ്മപ്പെടുത്തുന്നത് !

നന്ദി ചൊല്ലാനുണ്ട് എന്നെ ജീവിപ്പിക്കുന്ന ഏറെപ്പെരോട് ..

ആദ്യം പറയേണ്ടത് ഒന്നും പകരം വയ്ക്കാൻ ഇല്ലാത്ത എന്റെ കുഞ്ഞുണ്ടികളുടെ  സ്നേഹത്തിന്, എന്റെ എല്ലാ കുറവുകളെയും സ്നേഹിക്കുന്നതിന്, ലോക സുന്ദരിപ്പട്ടം എപ്പോഴും അണിയിക്കുന്നതിന്,  നെറ്റിയിലും കണ്കളിലും പരതി  എന്റെ സൌഖ്യം ഉറപ്പിക്കുന്നതിന്, പാട്ടുപാടി തഴുകി ഉറക്കുന്നതിന്, ഇടയ്ക്കിടെ നല്ല ഭേഷായി  ചീത്ത പറയുന്നതിന്, അകവും പുറവും ഉമ്മകൾ കൊണ്ട് നിറയ്ക്കുന്നതിന് !

പിന്നെ മോനായി വന്ന്  ഏട്ടനായി ഭരിച്ച് .. ആത്മമിത്രമായി വളർന്ന  എന്റെ കുട്ടനും , തഴുകിതലോടി കൂടെ നില്ക്കുന്ന അമ്മയ്ക്കും അച്ഛനും!

കുട്ടനും അച്ഛനും അമ്മയ്ക്കുമൊപ്പം ചേര്ത്തു വയ്ക്കാൻ പാകത്തിൽ എന്നിൽ ചേർന്ന എന്റെ ചില ബന്ധങ്ങൾക്ക് ..
കെട്ടിപ്പിടിച്ചു ചുണ്ടുമ്മ തരുന്ന, മക്കളോടൊപ്പം എന്നെയും കൂട്ടുന്ന, എനിക്ക് വേണ്ടി ആരോടും കലഹിക്കുന്ന നിനക്ക് !
ഇകി  ചിരിച്ചു കാണാൻ ആഗ്രഹിക്കുന്ന നിനക്ക് !
മുത്തെ വിളിയിൽ ഖൽബിൽ എന്നെ കാക്കുന്ന നിനക്ക് ...!
കീയു വിളിയിൽ എന്നെ തളിർപ്പിക്കുന്ന, ഒരിക്കലും കാണാതെ എന്നാൽ എന്നും കൂടെയുള്ള നിനക്ക് ...!

ജീവിതത്തിനും സർക്യുടിനും ഇടയിൽ താളം പിഴയ്ക്കുമ്പോൾ ആശ്വാസമാകുന്ന എന്റെ രണ്ട് ഓഫീസ് സൗഹൃദങ്ങൾക്ക് !

എന്നെ കീറിമുറിച്ചു, ചിന്തകൾ നഷ്ടങ്ങൾ  മോഹങ്ങൾ  എല്ലാം പുറത്തേക്കു വാരി  വലിച്ചെറിയുമ്പോൾ വായിച്ച്  കൂടെ ചേർന്ന കാണാതാവുമ്പോൾ "ആൾ എവിടെ" എന്ന്  അന്വേഷിക്കുന്ന എന്റെ പ്രിയ സ്നേഹിതർക്ക്‌ .. !

അവസാനമെങ്കിലും, ഒരു നന്ദി  എല്ലാം മറക്കുന്ന, ചിലപാട്ടുകൾ കേൾക്കുമ്പോൾ കണ്ണുനിറയുന്ന, അടച്ചു  പൂട്ടിയ ഫോൾടറുകളിൽ  മനസ്സറിയാതെ തലോടുന്ന ഹൃദയമേ നിനക്ക്...
വഴുതിയെക്കാവുന്ന ഒരുപാട് നിമിഷങ്ങളിൽ സ്വപ്‌നങ്ങൾ തന്നതിന് ...!
ഈഴപിന്നിയ  സ്വപനങ്ങൾ കീറി എറിഞ്ഞതിന്...!
വീണ്ടും മുളയ്ക്കാൻ പാകത്തിൽ പതം വരുത്തിയതിന് ... !

ഒരുപാട് നന്ദി...
ഓർമകളിൽ ചിരിക്കാനും തേങ്ങാനും കഴിയുന്ന ഒരു ഞാൻ അവശേഷിക്കുന്നു എന്നോർമിപ്പിക്കുന്നതിന് ..!
എന്നിൽ ഇപ്പോഴും ഒരല്പം ഞാൻ അവശേഷിച്ചിരിക്കുന്നു  എന്നാവർത്തിക്കുന്നതിന്...!
ലാഭനഷ്ടങ്ങളുടെ തുലാസിന് മുന്നിൽ  ഇപ്പോഴും അടിപതറുന്നതിന് ...!
പിറന്നിട്ടെയില്ല എന്ന് വിശ്വസിപ്പിക്കുമ്പോൾ, നുണച്ചി എന്ന് പറഞ്ഞു തെളിവ് നിരത്തുന്നതിന് ...!
ഓർമ്മകളെ  അടിച്ചുകൂട്ടി തീയിടുന്ന യുക്തിയുടെ മുന ഒടിക്കുന്നതിന് ...!
എന്നെ ഇങ്ങനെ ചിരിക്കാൻ പരിശീലിപ്പിക്കുന്നതിന് ...! നന്ദി.... നന്ദി മാത്രം!!!


ഒരു വർഷത്തിനപ്പുറം  ഈ അവസരം വരുമോ എന്നറിവില്ലത്തതിനാൽ .... എന്നെ സഹിക്കുന്ന ഓരോരുത്തർക്കും നന്ദി !!