കഥകൾ

Monday, May 20, 2013

ഞങ്ങളെ മടങ്ങാൻ അനുവദിക്കുക !തിരിച്ചു പോകാൻ അനുവദിക്കുക....
വെറും സ്തനോപസ്ഥം മാത്രമെന്ന് തിരിച്ചറിഞ്ഞില്ലേ ?
ഇനി ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

വെച്ച് വിളമ്പാൻ, കാമം ശമിപ്പിക്കാൻ മാത്രമായോരുക്കിയ
ശരീരത്തിൽ നിന്ന്  സ്ത്രീത്വത്തെ മോചിപ്പിക്കാൻ
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

നിങ്ങളുടെ മൃഗീയ രതിതൻ പട്ടടയിൽ ഒടുങ്ങാൻ വിധിക്കപ്പെട്ട 
പെണ്‍കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കാൻ
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

ശരീരം ദ്രവിച്ച്, ചിന്തകൾ ഊളൻ കുത്തിപ്പൊടിഞ്ഞ്,
അമ്മയുടെ ഗർഭപാത്രവും ചുമന്ന്
ചണ്‌ഡവാതത്തിൽ അനാധിയാം ഇരുളിലേക്ക്
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

"സ്ത്രീയിൽ നിന്ന് ശരീരത്തിലേക്ക് ലോപിച്ച ഈ വിധി
മറ്റൊരു ധ്രുവ തിരിച്ചിലിൽ നിങ്ങൾക്ക് വരാതിരിക്കട്ടെ"
എന്ന ആശംസ കൈമാറി ..
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ... !!!

Monday, May 13, 2013വേപഥുക്കളെ വെറും അഭിനയമേലങ്കി പുതപ്പിച്ചു
തെരുവിലേക്കാട്ടിയിറക്കിയിരിക്കുന്നു !!

ആവർത്തനങ്ങളാണ് ..വിരലുകൾ പലതാണ് ...
പക്ഷെ ചൂണ്ടപ്പെടുന്നത്‌ എന്നിലേക്ക്‌ മാത്രം !

മരണത്തിനും ഭ്രാന്തിനുമിടയിലുള്ള
ഒരുചാണ്‍ വിടവിലൂടെയാണ് നിപതിച്ചത് ... നിന്നിലേക്ക്‌ !!

ആവേഗങ്ങളുടെ കോളിളക്കങ്ങൾ നഷ്ടപ്പെടുത്തുന്നത്
നമ്മളെയല്ല ....ഭാഗ്യം കെട്ട നമ്മുടെ സ്വത്വത്തെയാണ് !

കൂകിആർത്ത് എറിഞ്ഞുടയ്ക്കപ്പെടുന്നത് ഗ്ലാസ്സോ പാത്രമോ അല്ല
നാം ഓമനിച്ചു നെഞ്ജെറ്റുന്ന നമ്മുടെ പ്രണയത്തെയാണ് !!

ആത്മഹത്യ ചെയ്യുന്നത് പലപ്പോഴും ശരീരമല്ല
സമനിലതെറ്റുന്ന മനസ്സാണ്!

ആയതിനാൽ .....
ചായം തുടച്ചു, പായ തെറുത്തു മടങ്ങേണ്ടിയിരിക്കുന്നു
വഴിമറന്ന മടക്കം പരക്കം പായുന്നു, ഈ വഴി ഒന്ന് താണ്ടുവാൻ!!!