കഥകൾ

Sunday, January 27, 2013

അനിവാര്യം-ഈ വേര്‍പിരിയല്‍ !!

ചുള്ളികാടിന്റെയും നന്ദിതയുടെയും ശകലങ്ങളിലൂടെ,
എന്റെ അഭാവത്തിന്റെ വേദന കാരമുള്ളില്‍ നിറച്ചെന്‍
സിരകളിലേക്ക് ആഴ്താന്‍ ശ്രമിക്കുന്നു, നീ.

കമ്പളത്തിന്റെ പൊടി തട്ടുന്ന ലാഘവത്തോടെ
എന്നിലെ എന്നെ തട്ടിപ്പറത്തിയ നീ - പക്ഷെ ഒന്നറിയുക :
നിന്റെയീ വ്യര്‍ത്ഥ ശ്രമങ്ങള്‍ ആരംഭിക്കുന്നതിനെത്രയോ മുന്നേ
നീയെന്നില്‍ നിന്നിതള്‍ അടര്ന്നിരിക്കുന്നു...ഒരിക്കലും തിരികെ ചേരാത്ത വിധം !!!

എന്തിനും ഏതിനും കണക്കു സൂക്ഷിക്കുന്ന നിനക്ക്, ഈ വ്യവഹാരത്തിലെ ലാഭം :
എനിക്കായി ചിലവിടെണ്ടി വന്നേക്കാവുമായിരുന്ന സ്നേഹം, സമയം ...!!!
എനിക്കാവട്ടെ, തിരികെ  പിടിക്കാന്‍ ശ്രമിക്കുന്ന ഈ ജീവിതം, ആത്മാഭിമാനം  !!!

നഷ്ടക്കണക്കില്‍ എഴുതിതള്ളാന്‍ നിനക്ക്  ഈ ഞാന്‍   !
എനിക്ക്, നീയില്ലാതെ ജീവിക്കാനാവില്ല എന്ന എന്റെ വിശ്വാസം !!

ഒരു ബസ്‌ യാത്രക്കിടയില്‍ പരിചയപ്പെട്ടവരുടെ ചേതോവികാരത്തോടെ 
നാം വഴിപിരിയുന്നു..
ശരിതെറ്റുകള്‍ ഇല്ലാത്ത ...എന്റെതും നിന്റെതും ആയ
കണക്കുകളില്‍ നിന്ന് മുക്തമായ സ്വതന്ത്രജീവിതത്തിലേക്ക്...!!!

Friday, January 04, 2013

കറിവേപ്പിലഎണ്ണയില്‍ പൊള്ളി മൊരിഞ്ഞ്,
കീറിമുറിച്ചു കറിയില്‍ തിളച്ച്,
പച്ചയ്ക്ക് കൊത്തിഅരിഞ്ഞ്,
സ്വയമൊടുങ്ങി രുചിപകരുന്നവള്‍ ! 

ഈമ്പിഎടുത്ത്, ചവച്ചുതുപ്പി,
നുള്ളിമാറ്റിവലിച്ചെറിഞ്ഞ്...!,
തൊട്ടുതീണ്ടാതെ, 
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവള്‍.. ! 

ചണ്ടിയാക്കപ്പെട്ടു വീണ് കിടക്കുമ്പോള്‍
ചുണ്ടിലൂറുന്ന ചിരി ആരുംകാണാറില്ല !
വലിച്ചെറിയപ്പെടുമെന്നറിഞ്ഞുകൊണ്ട് വഴങ്ങുന്നവളുടെ 
ഇരയാക്കപ്പെട്ടവളുടെ, ഒടുക്കത്തെച്ചിരി.... !!