കഥകൾ

Sunday, September 30, 2012

" നേര്‍പാതി "


പ്രണയത്തിന്‍റെ കൈചൂട്ടു നീ വീശിയെറിഞ്ഞ്
എന്നില്‍ കാട്ടുതീയായി ആളിപ്പടര്‍ത്തിയത്
നിന്‍റെ ചുംബനത്തിന്‍റെ  തീക്ഷ്ണക്കാറ്റാണ് ...!!

                              *

നമ്മില്‍ പിറക്കാത്ത പൂമ്പാറ്റക്കുരുന്നുകള്‍ക്ക്
സീമ..ആഴിയാം  നീ ...ആകാശമാം ഞാന്‍ ...!!!

                              *

എന്നിലും നിന്നിലും ആണിയടിച്ചു നീര്‍ത്തിയ അയലില്
തോരാനിട്ട മഴവില്ലിനു ഒരേ ഒരു നിറം -
എന്നെ വലിച്ചെടുക്കുന്ന നിന്‍റെ കണ്ണിന്‍റെ  അഗാധ നീലിമ ...!!!


Thursday, September 20, 2012

ചെറോണ..!!!

ഇന്നലെ അന്തിചുവപ്പില്‍ ചോരയൊലിക്കുന്ന
അടിപ്പാവാടയുമായി ..അവള്‍ ..ചെറോണ..

പതിവുതെറ്റിച്ച് ഉമ്മറവാതില്‍ തള്ളിത്തുറന്ന്...
എന്‍റെ ഹൃദയ രക്തം ഊറ്റി, ഊതിക്കട്ടിയാക്കി, കടിച്ചുനീട്ടി നൂലാക്കി..
മനസ്സിനെ വരിഞ്ഞു മുറുക്കുന്ന ചിലന്തിയെ...നോക്കി..സാകൂതം... !

രക്ഷിക്കാന്‍ ശ്രമിച്ചെയില്ല അവള്‍.., പ്രാണിപോല്‍ പിടയുന്ന പ്രാണനെ...
ചവിട്ടിയരച്ചതെയില്ല 
എന്നെ കാര്‍ന്നുകൊല്ലുന്ന ചിലന്തിയെ
പകരം എന്‍റെ കണ്ണില്‍ നോക്കി പൊട്ടിച്ചിരി..ആര്‍ത്തട്ടഹാസം ..!

അവള്‍ക്കുനീട്ടാന്‍ ചോരതെറിക്കാത്ത ഒരു പാവാടക്കായി ഞാന്‍ തിരയവേ...

"അംബ്രാട്ടിയെ... വല്ല്യേംബ്രാനല്ല ...ആ ചിലന്തിയാണ്‌... 
ചിലന്തിയാണ്‌ പെറീപ്പിക്കണേ… 
നമ്മുടെ ഹൃദയത്തില്‍കണ്ണീര്‍ക്കുരുന്നോളെ ...

ചെറോണ 
 അവയെ കൊന്നുചിരിക്കും, നീ ചിരിച്ചു സ്വയംകൊല്ലും..
ചെറോണ ഭ്രാന്തിന്റെ ലേബലില്‍ ...നിറഞ്ഞു ജീവിക്കും ..
നീയോ മധ്യവര്‍ഗ്ഗക്കെടുതിയില്‍ നീറിക്കെട്ടൊടുങ്ങും "

നിണമണിഞ്ഞ പാവാട എന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്
ഭ്രാന്തിന്റെ ലേബല്‍ വീണ്ടും എടുത്തണിഞ്ഞു തലയില്‍ പേന്‍തപ്പി...
ഇരുട്ടിന്റെ മറവില്‍ കാത്തിരിക്കുന്ന തംബ്രാക്കാന്മാര്‍ക്കും..
പതിയിരിക്കുന്ന ചിലന്തികള്‍ക്കും... ഇടയിലേക്ക്...
നിറഞ്ഞു ജീവിക്കാന്‍...... . നഗ്നയായി ..അവള്‍ ...

കടപ്പാട് : ഇലഞ്ഞിപ്പൂക്കള്‍ :http://thedreamywingzz.blogspot.in/2012/09/blog-post_3443.html


Tuesday, September 11, 2012

ഓര്‍മകളുടെ കനലില്‍ വേവാതിരിക്കാന്‍, നീ പെയ്തൊരു തിരുവോണപ്പുലരി !!!മഴ പെയ്യുന്നുണ്ട്‌..., ആലേന്‍റെ മോളില്‍ ആലിപ്പഴം വീഴുന്നത് ശരിക്കും കേള്‍ക്കാം...
കോലായില്‍..മൂലോട് ചോര്‍ന്നു വെള്ളം ഇറ്റിറ്റു വീഴുന്നു...
"ഒടുക്കത്തൊരു മഴയപ്പോ"ന്ന്പറഞ്ഞു ഏച്യമ്മ  കുഴിയുള്ള പിഞ്ഞാണം വച്ചതില്‍ മഴത്തുള്ളിക്കിലുക്കം !!!

അമ്മ സ്കൂളില്‍ നിന്നിനിം എത്തിട്ടില്ല. ഇന്നിരമ്മ  അടുക്കളയില്‍ അട ഉണ്ടാക്കാനുള്ള വട്ടംകൂട്ടുന്നുവല്യമ്മ മോര് കടയുന്നതിരക്കില്‍, ചേച്ചിമാര്‍ എത്താനാവുന്നതെയുള്ളൂ.

ഞാന്‍ ഓടുകയാണ്... കണ്ടത്തില്‍ നിന്നുള്ള തവളകളുടെ കരച്ചില്‍...,
മഴ ഇരുട്ടിനെപ്പെടിച്ചുള്ള കീരാംകീരികളുടെ അലര്‍ച്ച...
കുളത്തിലെ വെള്ളത്തില്‍ മഴമുത്ത് പൊഴിക്കുന്ന ഓളങ്ങള്‍......... ..

ഞാന്‍ ഓടുകയാണ് മഴയെ വകവയ്ക്കാതെ ... 
മഴകാണാന്‍ പുറത്തിറങ്ങിയ കുളത്തിലെ  നീര്‍ക്കോലിയെ നോക്കാതെ, "അല്ല എങ്ങോട്ടാ ഈ മഴയത്ത്" എന്ന വയല്‍ ഞണ്ടിന്‍റെ  കിന്നാരം കേള്‍ക്കാതെ...
"ഒറ്റയ്ക്കാണോ എന്നാല്‍ ഞാനും വരാം" എന്ന മണ്ണട്ടയുടെ സീല്‍ക്കാരം ഗൌനിക്കാതെ...

പെട്ടെന്ന് പരക്കുന്ന ഇരുട്ടില്‍ വഴികാട്ടാന്‍ ഒരു മിന്നമിനുങ്ങിനെയെങ്കിലും കൂട്ട് തരാമായിരുന്നില്ലേ... അല്ല അതിനിപ്പം നീ എന്തിനാ ഇരുട്ടിലേക്ക് ഒറ്റയ്ക്ക് ഓടുന്നെ?.. 

അമ്മേടെ പിന്‍വിളി കേള്‍ക്കാതത്രയും അകലെ ആയോ ..ഇന്നിരമ്മ കാത്തുവച്ച അടയും ചുക്കുകാപ്പിയും....എച്ചയ്മ്മയുടെ കുഞ്ഞാ വിളി ..ഇല്ല...ഒന്നും കേള്‍ക്കുന്നില്ല.. 
ഈ മഴ എപ്പോഴാ എന്‍റെ ശ്വാസകോശത്തിലേക്ക് അരിച്ചിറങ്ങി, ഒരുതുള്ളി ശ്വാസത്തിന് പോലും ഇടകൊടുക്കാതെ നിറഞ്ഞത്‌
പുറത്തെ  ഇരുട്ട്  എന്‍റെ സിരകളിലും നെഞ്ചിലും നിറയുന്നു... ഞാന്‍.. ...


പെയ്യുന്ന മഴേ ഒരിറ്റ്..എന്‍റെ തൊണ്ട.. അവസാന ദാഹം...

"അയ്യോ  നിഖിമോ..പനി തലേക്കേറിയോ ദൈവേ  ...പിച്ചും പേയും തന്നെ  പറയണ്കുട്ടി.... ഇന്നിരമ്മേന്‍റെ  മോളൊന്നു കണ്ണു തുറന്നെ ...ഒന്നു നോക്കിക്കേ..."

ഇന്നിരമ്മേന്‍റെഏച്യമ്മേടെം കൈകള്‍ എന്തേ ആലിപ്പഴത്തെക്കാള്‍  തണുത്തുറഞ്ഞ്...
അയ്യോ തട്ടി മാറ്റ്...അവരുടെ തലയ്ക്കുമോളില്‍ കത്തിച്ച  നിലവിളക്ക് ...അയ്യോ മാറ്റ് മാറ്റ് ..

"പൊന്നൂട്ടീ.. വല്ലാണ്ടെ പനിക്കണണ്ടല്ലോ,  ആന്‍റിബി ബയോട്ടിക്സ്  എടുക്കണം എന്ന് പറഞ്ഞാല്‍ എന്തേ  മോളുസേ നീ കേള്‍ക്കാതെ  ഇങ്ങനെ...വെള്ളം എടുത്തിട്ട് വരട്ടെ ഞാന്‍" "

വേണ്ടാ നീ പോകണ്ടാ..എന്‍റെ കൈവിടുവിച്ചു നീ നിമിഷത്തേക്ക് പോലും..പോകല്ലേ ..പോകല്ലേ ദയവായി, ഒന്നു കേള്‍ക്കു..ഒരു ചെറിയ കുറുമ്പല്ലേ... ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ മതി... എന്‍റെ പനിയെല്ലാം.. എന്താ നീ എന്‍റെ കൈതട്ടി മാറ്റി ..നീ എങ്ങോട്ടാ....വാതിലെന്തിനാ ഇത്ര ശബ്ധത്തില്‍....പോയോ..ഞാന്‍ ..


 "ഹലോ, ?? ഡാ...ഞാനാ ഓണമെങ്ങനെ?? അല്ലാ ഇതെന്താ  നീ  ഇപ്പോഴും  ഉറക്കാ..നല്ലൊരു തിരുവോണത്തിന് ...നീ ഫ്ലാറ്റില്‍  ഒറ്റയ്ക്കാ.. മൂത്തെടെ അടുത്ത് പോകായിരുന്നില്ലേ..
എനിക്കിവിടെ ഒരു സമാധാനോം ഇല്ല നിന്‍റെ കാര്യം ഓര്‍ത്തിട്ട്.. അക്കുനേം അമ്മുനേം എടുത്തിട്ട് വരാനും പറ്റില്ലല്ലോഅല്ല...വിളിച്ചില്ലേ നിന്നെ?എന്നെ വിളിച്ചിരുന്നു. നീ ഇന്നലെ ഫോണ്‍ എടുക്കതതിലും, നിനക്ക്  മൂഡ്‌ ഓഫ്‌  ആണെന്നുമുള്ള പരാതിയും പറഞ്ഞ്...എന്തിനാ നീ നല്ലോരോണത്തിന്...
പോയൊരു പോയി...അവരെ ഓര്‍ത്ത് നീ .. അവനെ..ഇങ്ങനെ .."

അങ്ങനൊന്നും ഇല്ലെന്‍റെ നീ ...ഇന്നലെ താമസിച്ചാ ഉറങ്ങിയെ..ഇന്നിരമ്മയും എച്ച്യമ്മയും ഓര്‍മ്മകള്‍ നിറച്ച്  എന്നെ ഉറങ്ങാന്‍ വിട്ടില്ല... പിന്നെ എന്‍റെ സങ്കടങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു ഫോണിലും ചാറ്റിലും അവനും.

ഞാനിങ്ങനെ ഒരു മഴ.. പനി സ്വപ്നത്തില്‍ മരിക്കുകയായിരുന്നു...അവന്‍ മരുന്നും  സ്നേഹവുമായി അരികെ....
കൊരങ്ങത്തി ...നിനക്കു വിളിക്കാന്‍ തോന്നിയൊരു സമയം... കുറച്ചൂടിനേരം..എനിക്കവനെ കിട്ടുമായിരുന്നു..പനിക്കുളിരില്‍ അവന്റെ ചൂടു പറ്റാന്‍ ദേ ഒരു മിനിട്ടേ വേണ്ടിയിരുന്നുള്ളൂ.... എല്ലാം കളഞ്ഞു...

അയ്യോ ഞങ്ങള്‍ക്ക് ബ്രേക്ക്‌ ഫാസ്റ്റ്ന്‌ സമയായി ...11 മണിക്കാ. ബ്രെഡ്‌  ടോസ്റ്റ്‌ ചെയ്യണം ബുള്‍സ് ഐ ഉണ്ടാക്കണം...അങ്ങനെ ഞങ്ങള്‍ ഒരുമിച്ച്...ക്യാമറക്കിരുപുറം ... വെക്കെട്ടെ നീ ...വിളിക്കാംട്ടോ...ഉമ്മാ..ലവ് യു ... ബൈ.. ബൈ ..
ഓഹ് സോറി സോറി ..ഹാപ്പി ഓണം !!!
-------------

പുറത്ത് മഴ  നിറഞ്ഞ് പെയ്യുന്നുണ്ട് ....

നേര്‍ത്ത ചൂടുണ്ട് ഉള്ളില്‍ ..
മനസ്സ് പനിചൂടില്‍ ഓര്‍മ്മക്കിനാവിലേക്ക് വഴുക്കിപോകുന്നത്,
ഒറ്റക്കായി പൊകുന്ന നിമിഷങ്ങളില്‍ ഓര്‍മകളുടെ മഴക്കാലം കൂട്ട് വരുന്നത്,
അതില്‍ ഈറനാവുന്ന കണ്ണിനെയും ഹൃദയത്തെയും തഴുകാന്‍ ഉള്ളിലും പുറത്തും നീയാം മഴ സദാ നിറയുന്നത് ...

അതെ, മനസ്സിന്‍റെ ഉള്ളിലെപ്പോഴും നിന്‍റെ മഴ പെയ്യുന്നുണ്ട്...

നിന്നിലെക്കെത്തുകയെന്നാല്‍ മഴ തന്നെ!

വീണ്ടുമൊരു ഓണക്കാലം പതിയേ വന്ന് പടിയിറങ്ങുമ്പൊള്‍, നന്ദി പൂര്‍വ്വം സ്മരിക്കുന്നു , കാലത്തെ ...എന്നില്‍ നിന്നടര്‍ന്നതിനും, അടര്‍ത്തിയതിനും പകരമായി നിന്നെ തന്നതിന്!!

വീണ്ടും നിന്‍റെ മഴ കുളിരിലേക്ക് , എന്‍റെ മഴകുറുമ്പുകളിലേക്ക്
മനമുടക്കി നമ്മുക്ക് ഒന്നായീ....

പുറത്ത് മഴ നിറഞ്ഞ് പെയ്യുന്നുണ്ട്, നമ്മുടെ മനസ്സ് പൊലെ ...!Friday, September 07, 2012

കബനി


ഉറവില്‍ നിന്നുയിരാര്‍ന്നപ്പോള്‍..കാറ്റിനും ഒഴുക്കിനുമെതിരെ
ലക്ഷ്യമല്ല  ... മാര്‍ഗ്ഗം! അതുമാത്രമായിരുന്നു മുന്നില്‍!!

തെറ്റിയും, മാറിയും, ഒഴുകി നിന്നിലെത്തി നിറയുമ്പോള്‍  അറിയുന്നു
ലക്‌ഷ്യം തന്നെയായിരുന്നു …!

മാര്‍ഗ്ഗം വെറും വഴികാട്ടിമാത്രം..
നിന്നിലേക്കുള്ള, എന്‍റെ  ദിശാസൂചകം !!!

Monday, September 03, 2012

ഞാന്‍ x നീ = സ്നേഹം

ഞാന്‍ ഇന്ന് വീണ്ടും വായിച്ചു എന്‍റെയും നിന്‍റെയും
(നമ്മുടെതെന്ന് പറയാന്‍ ഇനി എനിക്ക് വയ്യ ) മെസ്സേജുകള്‍.
അറിയാതെ, ഡിലീറ്റ് ആവാതെ കിടന്നവ.

വല്ലാതെ സഹതാപം തോന്നി എനിക്കെന്നോട്..
നിന്‍റെ സ്നേഹത്തിനായി അട്ടയേപ്പോലെ നിന്നില്‍ കടിച്ചു തൂങ്ങി   ...
'എന്നെ വേണ്ടെങ്കില്‍ പറയുതുറന്നത്' എന്നുകേണ്...ഒരു വെറും പെണ്ണ് !!!

പറിച്ചെടുത്തു ദൂരെ എറിയാതെ, ഒരിറ്റു സ്നേഹം ഒഴുക്കാതെ,
മറ്റുള്ള നീരൊഴുക്കിലേക്ക്  ചൂണ്ടുപലക കാട്ടി,
അവഗണയുടെ  ഉപ്പുനീര്‍ ഉറ്റിച്ച്‌  ഇഞ്ചിഞ്ചായി നീറ്റി,   നീ..

ഇനി നിന്‍റെ  അവസരമാണ് ..അവസാനത്തേത്...
ഒന്ന് പേര് ചൊല്ലി വിളിക്കൂ കുഴിച്ചു മൂടുന്നതിനുമുന്‍പായി..
കാരണം സ്നേഹത്തിന്‍റെ വിപരീതാര്‍ത്ഥം...എന്‍റെ നിഘണ്ടുവില്‍ കാണുന്നേയില്ല !!!