കഥകൾ

Thursday, August 30, 2012

നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ??


നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ?? 
ഏതിനും മീതെയീ നീ എന്ന് പറയുന്ന ആര്‍ജ്ജവമോ?
'അനാഥയല്ല നീയെന്‍ മരണം വരെ', എന്ന് പകരുന്ന ധൈര്യമോ ?
കാപട്യമില്ലാതെ, നമ്മെയോര്‍ത്തു ചിന്തുന്നമിഴിനീരിന്‍റെ നൈര്‍മ്മല്യമോ ? 

 എന്നോടുള്ള പ്രണയമോ, ആര്‍ദ്രതയോ, വാത്സല്യമോ, കരുതലോ ?
ക്ഷണിക മൌനത്തില്‍ പിണങ്ങുന്ന നിന്‍റെ  കുറുമ്പോ ?
എന്‍റെ പൊട്ടചോദ്യങ്ങളില്‍  ആര്‍ത്തു ചിരിക്കുന്ന കുട്ടിത്തമോ ?

നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ??  
പഠിച്ച കള്ളനെന്നെഴുതിയ മുഖത്ത്  നീ വിരിയിക്കുന്ന  'അയ്യോ പാവം'  ഭാവമോ ?
എന്‍റെ ശാസനയില്‍ നീ 'എടുത്തണിയുന്ന' തലതാഴ്ത്തിയിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോ ?
"അഭിനയം മതിയാക്ക് "  എന്ന വാക്കില്‍ അറിയാതെ പൊട്ടിപ്പോകുന്ന കള്ളചിരിയോ? 


ക്യാമറക്കിപ്പുറം ചുരുണ്ട് കിടക്കുന്ന എന്നെ നോക്കി വാത്സല്യത്തോടെ മൂളുന്ന താരാട്ടോ? 
ഒരു ബിയറിന്‍റെ കുളിരില്‍ അണപൊട്ടിഒഴുകുന്ന നിന്‍റെ ''സംഗതി  ശരിയാവാത്ത'' കവിതകളും പാട്ടുമോ ?
"ഉമ്മവച്ചുറക്കുന്നെ" എന്ന് കണ്ണടച്ച് ചിണുങ്ങുന്ന ഞാന്‍ ഒളികണ്ണിടുന്നതും, നോക്കിയുള്ള ആ കാത്തിരിപ്പോ?  


നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ?? 
സ്വപ്നം വിടരും നയനങ്ങളോ, ഓരോ അണുവും തൊട്ടുണര്‍ത്തുന്ന അധരങ്ങളോ ?
തഴുകിയുറക്കുന്ന വിരലുകളോ ? എന്നെ തളര്‍ത്തുന്ന ചന്ദന ഗന്ധമോ?
ഞാന്‍, നീ, നമ്മുടെ മോഹം എന്ന ത്രികോണത്തെ ഓര്‍മ്മിപ്പിക്കുന്ന ആ കറുത്ത പൊട്ടുകളോ  ?

കടലിന്‍റെ അത്ഭുതത്തോട്  എന്നെ ഉപമിക്കുന്ന വാചാലതയോ ?
കാവിലെ നെയ്ത്തിരി ഗന്ധമെന്നു പറഞ്ഞെന്നെ പുളകിതയാക്കുന്ന സ്പര്‍ശനങ്ങളോ 
'നീയൊരു പെണ്ണാണ്' എന്നെന്നെ ആര്ദ്രയാക്കുന്ന  നിന്‍റെ ആശ്ലെഷങ്ങളോ   ?

അല്ല, ഇവ മാത്രമാവില്ല  ജീവിതം വച്ചുനീട്ടിയവനോടുള്ള...
നീ തന്നെ പറയു പ്രിയനെ...നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ?? 

Wednesday, August 29, 2012

തിരുവോണപ്പുലരി

എനിക്കറിയാം..

എന്‍റെ ആകുലതകളുടെ ചുവപ്പും, നിന്‍റെ മനസ്സിന്‍റെ വെണ്മയും
നമ്മുടെ പ്രണയത്തിന്‍റെ വയലറ്റും, പ്രതീക്ഷകളുടെ ഹരിതവും
ചേര്‍ത്ത് നീ പൂക്കളം ഒരുക്കുകയാണെന്ന്,

നീ സദ്യവട്ടത്തിലാണെന്ന്.

ഞാന്‍ പരാതിപ്പെട്ടെ ഇല്ലല്ലോ കണ്ണാ ഞാനിവിടെ ഒറ്റയ്ക്കാണെന്ന് ...
ഓരോ അണുവിലും നിന്നെ നഷ്ടപ്പെടുന്നുവെന്ന്..

എന്നിട്ടുമെന്തേ നീ പുലര്‍മഴയായി ..'ചാരെ ഞാനില്ലേ ഉണരൂ' എന്നോതി
ഒന്നിനുമുതകാത്ത ഈ തിരുവോണപ്പുലരിയിലേക്ക് എന്നെ കണ്‍ത്തുറപ്പിക്കുന്നു?!?

Monday, August 27, 2012

ഭിന്നമതക്കാരുടെ പ്രണയം.അവളുടെ സ്നേഹമതത്തിന്  എതിരായ അവന്‍റെ നീതിശാസ്ത്രം !

അതില്‍ നിലതെറ്റാതിരിക്കാന്‍
അവനില്‍ ചുറ്റിപ്പിടിച്ച അവളുടെ സ്നേഹം

ഓര്‍ക്കാപ്പുറത്താഞ്ഞടിച്ച പ്രണയാവേഗത്തില്‍....
അവര്‍ ചാപ്പിള്ള  പെറ്റത്‌...-

എല്ലുന്തി  കണ്ണുതുറിച്ച,  പരസ്പരം അന്യമാക്കപ്പെട്ട ഒരു ജീവിതം !

Thursday, August 23, 2012

നിന്നോട് പറയാന്‍ ഇത്രമാത്രം!!

കഴിഞ്ഞ വിഷുന്   വിഷുക്കോടികിട്ടിയപ്പോ കരുതി
മതി,  ഇനി വേണ്ടേ വേണ്ടാന്ന്..എന്തിനാ ഇത്രയധികംന്ന്.

കഷ്ടകാലംന്ന് പറഞ്ഞാല്‍ മതീലോ,
എത്ര പൊന്നുപോലെ സൂക്ഷിച്ചിട്ടും
കാറ്റും,വെയിലും കൊള്ളിച്ചിട്ടും കരിമ്പന്‍ കുത്തിപ്പോയി !
കുറെയേറെ കരഞ്ഞു നോക്കി എന്താകാര്യം..
ഗത്യന്തരമില്ലാണ്ട് ഉപേക്ഷിക്കേണ്ടിത്തന്നെ വന്നു.

അപ്പോഴേക്കും എത്ര പെട്ടെന്നാ ഓണം വന്നത്..
ഓണക്കോടിയുമായി നീയും.... !!!
ഒന്നുണ്ടേ, ഇപ്പോഴേ പറഞ്ഞേക്കാം,
പെട്ടെന്ന് കരിമ്പന്‍ കുത്തി, അരയാണ്ട് തെകയണേന് മുന്നേ
കീറണ ജാതിയാണേല്‍ നിക്ക് വേണ്ടാട്ടോ ...

ഇനീം കരയാന്‍ വയ്യേ ..അതെന്നെ കാര്യം.

Tuesday, August 21, 2012

ഭാഗധേയം !!!


'വരണ്ട മണ്ണിനെ നനച്ച്   വിത്തിറക്കിയെ    അടങ്ങൂ' എന്നായിരുന്നു വാശി ..
ഒരു വര്‍ഷകാലം വേണ്ടിവന്നെക്കുമെന്ന ഭയം ..
കണ്ണിലും മനസ്സിലും മഴക്കാലം കാത്തുവച്ചവന് !

'ഈ മണ്ണിലിനി ഉറവു പൊട്ടി, നിന്നിലേക്ക്‌ ചാലു കീറില്ല ..
എന്നിരിക്കിലും പെയ്യാന്‍ തുനിഞ്ഞതല്ലേ, പെയ്യാതെ പോകണ്ട '.  
ഒരു ചെറു ചാറ്റല്‍മഴയില്‍ ആര്‍ദ്രമായിപ്പോയവളുടെ കള്ളനാട്യങ്ങള്‍!!!  

കാതങ്ങള്‍   അകലെനിന്നും താരാട്ടിത്തഴുകുമ്പോള്‍..
മടിപ്പുതപ്പ്  മൂടിക്കിടന്നു കഥകള്‍ പറയുമ്പോള്‍..
പെയ്തും നിറഞ്ഞും പരിപൂരകമാവുമ്പോള്‍..

അറിയുന്നു ...
കാലത്തിന്‍റെതായിരുന്നില്ല...
അനിവാര്യത തീര്‍ത്തും നമ്മുടെതായിരുന്നു!!!

Friday, August 17, 2012

മാ(പ)നപ്പിഴ !

എല്ലാ   ചഷകവും  ഞാന്‍ പകുത്തിരുന്നു...
എന്‍റെ പൂര്‍ണതയുടെ ഏകകം !

നിന്‍റെ മനംപിരട്ടല്‍ ഞാന്‍ അറിഞ്ഞതേയില്ല.
എന്‍റെപിഴ, എന്‍റെ മാത്രം പിഴ !   

വിഷബാധ  ഏറ്റവനെപ്പോലെ നീ കുടല്‍മറിഞ്ഞു  ഛര്‍ദ്ദിക്കുന്നു ...
ഉള്ളില്‍നിന്നെന്നെ  പിണ്ഡം വയ്ക്കുംവരെ !

പേടിക്കാനില്ല,  ഇനി നിന്നില്‍ എന്‍റെ തിരുശേഷിപ്പുകള്‍
അല്‍പം  വെറും ഓര്‍മ്മകള്‍..
പ്രതിക്കൂട്ടില്‍ എന്നും  മഗ്ദലന മറിയം!!!

Tuesday, August 14, 2012

ഭ്രമം !!!

വികാരാധിക്യത്തില്‍ മധു നുകര്‍ന്നും
വൈകാരികശൈത്യത്തില്‍ പറന്നകന്നുമാഭ്രമരം 
കൈതപ്പൂവിനെ  ഭ്രമിപ്പിച്ചു കൊണ്ടേയിരുന്നു ...
മതിഭ്രമം പിടിപ്പെട്ടത്‌ കരിഞ്ഞുവീഴും വരെയും !!!

Friday, August 10, 2012

നിന്നിലൂടെ.... എന്നിലേക്ക് !

രാത്രിമുഴുവന്‍ ഉറങ്ങാതെ
പൌര്‍ണമിയില്‍ നനഞ്ഞ്  കുളിച്ച്‌,
അമാവാസിയുടെ അകത്തളത്തില്‍ ചൂട്പകര്‍ന്ന്, സ്നേഹകമ്പളത്തിനുള്ളിലൊളിച്ച്  കണ്ണുകളില്‍ ഹൃദയത്തിന്‍ ആഴമളന്ന്...
ഞങ്ങള്‍ !!!

മഴക്കാടുകളില്‍ ഈറനണിഞ്ഞ ഇലകള്‍ക്ക് മുകളില്‍ നഗ്നപാദരായി-
തുളസീ മാലയില്‍ എന്നെക്കൊരുത്ത്,
മഞ്ഞുപൊഴിയുന്ന മലമുകളില്‍ വച്ചാദ്യ ചുംബനംവര്‍ഷിച്ച്,
കൈക്കുടന്നയില്‍ പുഴ തന്ന്, പരല്‍മീനിന്‍റെ ഇക്കിളി അനുഭവിപ്പിച്ച്, 
കടലത്തിരകളെയും മണല്‍ത്തരികളെയും എന്നിലേക്ക്‌ പകര്‍ന്ന്,
ചുണ്ടില്‍ കാട്ടുതേനും, നെറുകില്‍ അസ്തമന ചുവപ്പും ചൊരിഞ്ഞ് ...
 അവന്‍ !!!

ആ വിടര്‍ന്ന കണ്ണില്‍ ലോകവും,
വാക്കിലും നോക്കിലും ജീവിതവും സ്വപ്നം കണ്ട്,
പരിഭവങ്ങളില്‍ അമ്മയായി, തണലില്‍ കൈക്കുഞ്ഞായി,
പ്രണയ മഴയില്‍ കാമിനിയായി..എപ്പോഴൊക്കെയോ വാമഭാഗമായി, മായക്കാഴ്ചയില്‍ മതിമറന്ന്, പറന്നുയരാന്‍ വെമ്പി...
 ഞാന്‍ !!!

തെറ്റും ശരിയും നാല് കണ്ണിലൂടെ കണ്ട്
നിയമങ്ങള്‍ രണ്ടു ഹൃദയങ്ങള്‍ സൃഷ്‌ടിച്ച്
രണ്ടില്‍ നിന്ന് ഒന്നായി ലോപിച്ച്, അഞ്ചായി വിടര്‍ന്ന് ...  
നമ്മള്‍ !!!

Friday, August 03, 2012

യാത്രാ മൊഴി !!!

പ്രിയപ്പെട്ട നിനക്ക്  ,

എന്‍റെ മൊഴികളെ നീ വെറുക്കുന്നുവെന്നറിഞ്ഞ്
സ്വനതന്തുക്കള്‍ മുറിച്ചു ഞാന്‍ തെരുവ് നായയെ ഊട്ടി.

ഇന്ന്, നിനക്കായി ചലിച്ച എന്‍റെ വിരലുകളെയും തൂലികയെയും നീ
പഴിച്ചുതുടങ്ങിയിരിക്കുന്നു..
ഇനി ഞാന്‍ സ്വയം പഠിപ്പിക്കും, എന്നെക്കുറിച്ചുള്ള നോവുകളില്‍നിന്നുപോലും, നിന്നെ മനപ്പൂര്‍വ്വം മറക്കാന്‍.
ഇനിയെന്‍റെ വരികളില്‍, ഓര്‍മകളില്‍ - നിന്‍റെ ബീജമില്ല (ഉണ്ടായിക്കൂടാ).

നീ തീര്‍ത്തും സ്വതന്ത്രനാണ്....
അടര്‍ത്തി മാറ്റുന്നതിന് മുന്‍പേ, ഞാനിതാ സ്വയം അടരുന്നു ..
നിന്നില്‍ നിന്നും എന്നന്നേക്കുമായി, നിനക്ക് വേണ്ടി  !!!

ഇനി ഇവിടെ  എല്ലാം സാങ്കല്‍പികം...സാദൃശ്യം യാദൃശ്ചികം മാത്രം !!!

                            പരിഭവമില്ലാതെ, സ്നേഹപൂര്‍വ്വം ...
                                                                                                   നിന്‍റെതല്ലാത്ത , ഞാന്‍

                                                                                                          (കൈയ്യൊപ്പ്)


Wednesday, August 01, 2012

കഴമ്പില്ലാ കുറുമ്പ് !!


കറുകപ്പുല്ലിനടുത്തൊരു ഒരു പാവം തൊട്ടാവാടി തളിര്‍ത്തു,
ആവുന്നത് ചൊല്ലി, തോണ്ടിയും നുള്ളിയും അതിനെ വാട്ടരുതെന്ന്.

ആരുകേള്‍ക്കാന്‍...
അത്രയ്ക്കുണ്ടേ  കറുകെന്‍റെ കുറുമ്പ് !!!