കഥകൾ

Saturday, July 28, 2012

ഒരു കൊലപാതകിയുടെ ഏറ്റുപറച്ചില്‍ !!!

എന്‍റെ   സ്നേഹം താങ്ങാന്‍ കഴിയാതെ
ആത്മാവ് ശ്വാസം മുട്ടിപ്പിടഞ്ഞപ്പോള്‍...
 ഒട്ടും ഗൌനിക്കാതെ ഞാന്‍ വീണ്ടും വീണ്ടും എന്നോട് ചേര്‍ത്തമര്‍ത്തുകയായിരുന്നു ..

 "ഒട്ടും അകലാതെ, ശ്വാസംമുട്ടി മരിച്ചോളൂ എന്നില്‍" -
എന്ന വാശിയില്‍...
പക്ഷേ സത്യം, മരണം പ്രതീക്ഷിച്ചതെ ഇല്ല ഞാന്‍ !!!

 മരിച്ചു എന്നുറപ്പായപ്പോള്‍...
ഒരു  മഴയിലും  മഞ്ഞിലും തെളിവുകള്‍ തേടി എത്താതിരിക്കാന്‍
ചേര്‍ത്തണച്ച    മാറും മനസ്സും  കത്തിച്ച്
'മൃതദേഹി'യൊപ്പം മറവിയുടെ ഗര്‍ഭത്തില്‍ കുഴിച്ചു  മൂടേണ്ടി വന്നു എനിക്ക്

ഓര്‍മ്മ  തീണ്ടാതെ ..ആരോരും അറിയാതെ .. !!!

Thursday, July 26, 2012

മാര്‍ഗ്ഗ രേഖ !!!

മധുരയിലേക്കുള്ള നിന്‍റെ  പോക്കില്‍ മനം നൊന്ത്- 
രഥചക്രപ്പാടില്‍ വീണുരുണ്ട് ഞാന്‍ കരയും
എന്ന് നിനച്ചെങ്കില്‍,  നിനക്കു തെറ്റി  കണ്ണാ..

ഒരിറ്റു കണ്ണീര്‍ വീഴ്ത്താതെ ഞാനെന്‍റെ ഹൃദയം അറുത്തെടുത്തിരിക്കുന്നു !
   
ഒന്നിറങ്ങി നോക്കു..ആണിയുടെ  സ്ഥാനത്ത്
കൊരുത്തിരിക്കുന്ന എന്‍റെ ഹൃദയമൊന്നു കാണൂ...
ഓരോ ഉരുളലിലും നീ അകലുമ്പോള്‍ രക്തം ചിന്തുന്ന-
സംശയത്തിന്‍റെ നിഴലില്‍ നീ നിര്‍ത്തുന്ന എന്‍റെ ഹൃദയം !!

എന്നെങ്കിലും മടങ്ങണമെന്ന് തോന്നിയാല്‍...വഴിതെറ്റി  ഉഴറിയാല്‍..

നിനക്ക്  എന്നിലേക്കൊരു വഴികാട്ടി ...
എന്‍റെ പ്രണയത്തിന്‍റെ അടയാളങ്ങള്‍..
ഈ രക്തക്കറകള്‍ !!!

Tuesday, July 24, 2012

ഉത്തരം.

എന്‍റെ ഉയര്‍പ്പ് ദിനം, നിന്‍റെ മരണദിനവും
നിന്‍റെ മരണം, എന്‍റെ മരണവും ആകുന്നിടത്താണ്
എന്‍റെ ചോദ്യങ്ങള്‍ ജനിക്കുന്നത് !!!

Friday, July 20, 2012

മാനഭംഗം


നീ വരയ്ക്കുന്ന-
നിന്‍റെ ശരിക്കും എന്‍റെ തെറ്റിനും  ഇടയില്‍
മാനഭംഗപ്പെടുന്നത്, എന്‍റെ   ആത്മാഭിമാനമാണ് !!!

Thursday, July 19, 2012

വിഷമവൃത്തം

കാലില്‍ത്തറച്ച  മുള്ളെന്ന്  കരുതി
കാട്ടുപൊന്തയില്‍ വലിച്ചെറിയുവതെങ്ങനെ
- തറച്ച വേദന കരളിലെന്നിരിക്കെ??

Wednesday, July 18, 2012

എന്‍റെ ജനനം

നീയാണെന്നെ എഴുത്തുകാരിയായി ജനിപ്പിച്ചത് !!!

വിരഹത്തിന്‍റെയും  നിരാശയുടെയും  ചുഴികളില്‍  നിന്നാണ്  ഞാന്‍
വാക്കുകള്‍ കോരിയെടുക്കുന്നതെന്നറിഞ്ഞ്,

പ്രണയത്തില്‍ ഞാന്‍ ഷണ്‌ഡത്വപ്പെടുമെന്ന് ഭയന്ന്, പാവം നീ
ദയാപൂര്‍വ്വം  എത്ര വലിയ ആഴങ്ങളാണ്  സമ്മാനിച്ചത്‌ ..

അതെ, എന്‍റെ വളര്‍ച്ച - അതുമാത്രമാണ് നീ ആഗ്രഹിച്ചത്‌ !!!

മുക്തി

ഗൂഢ ( ഗാഢ?)  പ്രണയത്തിന്‍റെ പേരില്‍ എന്നെ സൂക്ഷിക്കുന്ന,
നിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും
എന്നെ ഇടയ്ക്കിടെ പുറത്തെടുത്ത് മാറോടടുക്കുക !

ഇളവെയിലേല്‍ക്കാതെ മഞ്ഞളിച്ച എന്‍റെ തൊലിയും
സ്നേഹം പുരളാതെ പറന്ന എന്‍റെ മുടിയും ...
നീ കാണുന്നില്ലേ ?

നിന്‍റെ ഉച്വാസം ശ്വസിക്കാതെ, മരണ വെപ്രാളം കൊള്ളുന്ന
ഈ മനസ്സ് നീ അറിയുന്നില്ലേ??


അതോ ഇങ്ങനെ,  നിന്‍റെ പ്രണയത്തില്‍ ഞാന്‍ മുക്തി നേടണമെന്ന് നീ കാംക്ഷിക്കുന്നുവോ ???

Monday, July 16, 2012

അന്തരം !!!

വേണ്ടതൊക്കെ അറിഞ്ഞിട്ടും ചോദിച്ചിട്ടും
 തരാതെ കൈകെട്ടി നില്‍ക്കുന്ന
നിന്നില്‍ നിന്നും..

ചോദിക്കാതെ പൊഴിയുന്ന നിന്നിലേക്കുള്ള
എന്‍റെ ദൂരം എത്രയാണ് ?

ആത്മഹത്യ !!

എനിക്കൊന്നലറിക്കരയണം
ദിക്കെട്ടും പൊട്ടുമാറുറക്കെ !

അതിലെന്‍റെ മനസ്സാക്ഷി
വലിഞ്ഞു ശ്വാസംമുട്ടി
പൊട്ടിച്ചിതറണം!! 

ഘനഹീനയായി  എല്ലാമഴകള്‍ക്കുംമീതെ-
ഒരു വെറുംകണ്ണീര്‍ മഴയായി
പെയ്തില്ലാതാവണം!!!

Friday, July 13, 2012

എന്‍റെ മടക്കം!!!

എനിക്കായി നീട്ടിയ നിന്‍റെ കരങ്ങള്‍
ബാലിശമായി തട്ടിമാറ്റി ഓടിയപ്പോള്‍,
സ്വപ്നേപി  നിനച്ചില്ല ഞാന്‍....

തളര്‍ന്നോടി ഒടുക്കം, നിന്നിലേക്ക്‌ മാത്രമായി മടങ്ങുമെന്ന് !!!

Wednesday, July 11, 2012

അതീന്ദ്രിയപ്രണയം !!!

പഞ്ചേന്ദ്രിയങ്ങളുടെ രതിമൂര്‍ച്ചയില്‍ ഞാനെന്നും ചേര്‍ത്തണച്ചത്
നിന്നെയായിരുന്നു...പക്ഷെ നീ...

കല്‍പ്പിച്ചു കൊടുത്ത വിശുദ്ധിയുടെ പേരില്‍,
അതീന്ദ്രിയതയുടെ കരിമ്പടം പുതപ്പിച്ച്‌,

നമ്മെ, നമ്മുടെ പ്രണയത്തെ, അമാനുഷമാക്കുമ്പോള്‍...
ഏത് 'ഇസ'ത്തിന്‍റെ വര്‍ണ്ണത്തില്‍ തളയ്ക്കേണം നമ്മളെ,

ആത്മാവ് ഇല്ലാത്ത ആദ്ധ്യാത്മികത, ആത്മഹത്യയെന്ന്
സ്വയം പഠിപ്പിക്കാന്‍ ???

Monday, July 09, 2012

തീര്‍ത്ഥാടനം !

വൈകാരിക വന്ധ്യതയുടെ മണലാരണ്യത്തില്‍ നിന്നും
നീയാം വിദൂരമരീചികയിലേക്കുള്ള എന്‍റെയീ പ്രയാണം..!!!

Thursday, July 05, 2012

ഒഴുകാതെ ..

ഞാന്‍ കെട്ടിനില്‍ക്കുന്നു,
നിന്‍റെ ചിന്തകളിലും ഓര്‍മ്മകളിലും മാത്രമായി - ഒഴുകാതെ...
 
എന്‍റെ കെട്ടിക്കിടക്കലില്‍
വമിക്കുന്നതു നിന്‍റെ മാസ്മരിക ഗന്ധമാണെന്നതും,   
ചൂടുപിടിക്കുന്നത്‌ നിന്‍റെ ലഹരിയാലെന്നതും, 
കലങ്ങിക്കിടക്കുന്നത് നിന്‍റെ പ്രണയമാണെന്നതും,
എന്നെക്കൂടുതല്‍ ഉന്മത്തയാക്കുന്നു !!

Wednesday, July 04, 2012

ഋതുഭേദങ്ങള്‍..

കാലവും ദൈര്‍ഘ്യവും തെറ്റി, എന്നെത്തേടി എത്തുന്ന ഋതുവാണ്‌  നീ ...

വസന്തം വിരിക്കാത്ത
മഴയായി പൊഴിയാത്ത 
നിന്‍റെ വനപര്‍വ്വവേനലില്‍ ഞാന്‍
ഊഷരയായി  കത്തിക്കരിയുന്നു !


ആകസ്മികമായി നീ വീണ്ടും സ്നേഹശിശിരമാവുന്നു 
കരയാതിരിക്കാന്‍.. മഞ്ഞായിപ്പൊതിഞ്ഞ്,
കരിയാതിരിക്കാന്‍...മഴയായിപ്പെയ്ത്..
കുളിര്‍വാരിച്ചൊരിഞ്ഞെന്നെ വിസ്മയപ്പെടുത്തുന്നു !
 

അപ്പോഴും... ഓര്‍ക്കാപ്പുറത്തെത്തിയേക്കാവുന്ന
നിന്‍നിഴലില്ലാ വേനല്‍ എന്നെ ആശങ്കപ്പെടുത്തുന്നു !!!