കഥകൾ

Thursday, June 28, 2012

ഒരു ഉറങ്ങാക്കഥ!!!

"ഉറക്കിത്താ" എന്ന എന്‍റെ    ചിണുങ്ങല്‍ കേട്ട് ..
നെഞ്ചിലെന്നെ  ഉറക്കാന്‍ ചേര്‍ത്തവന്‍  കഥപറയാന്‍ തുടങ്ങി ..

" പണ്ട് പണ്ട് പ്രാവുകള്‍ ദൂത്പോകുന്ന കാലത്തിനും മുന്‍പ്,
ഒരു നനുത്ത പുലരിയില്‍ അവര്‍ കണ്ടുമുട്ടി..

ഒരുനോക്കില്‍ പലവാക്കില്‍ ഹൃദയംകൊരുത്തവര്‍
അറിഞ്ഞ്..അകലേക്ക്‌ ...കണ്ണികള്‍ മുറിക്കാതെ - അകന്നുപോയി...
കാണാതെ, അറിയാതെ ... അവര്‍ പ്രണയിച്ചുകൊണ്ടേയിരുന്നു ..."

"എന്നിട്ടവരെപ്പോഴേലും ഒന്നായോ " ഇടയ്ക്ക് കയറിയുള്ള  എന്‍റെ പൊട്ടചോദ്യത്തില്‍

"നിന്‍റെ ചോദ്യങ്ങള്‍, ഇതാ നിന്‍റെ കുഴപ്പം " എന്ന് ചൊടിച്ചവന്‍
എന്നില്‍ ചേര്‍ത്ത കരങ്ങള്‍ വലിച്ചുമാറ്റി .
                                       ----------
ഞെട്ടിയുണര്‍ന്ന ഞാന്‍ അവനായിപ്പരതവേ...

കരവലയതിനുള്ളി നിന്നും തെറിച്ചുവീണവേദനയില്‍
നനുത്ത രോമങ്ങളുള്ള  എന്‍റെ റ്റെഢിബെയര്‍  അലറിക്കരഞ്ഞു ..

വഴുതിപ്പോയ പുലരികളെയോര്‍ത്തു  ഞാനും...!!!

Tuesday, June 26, 2012

മഷിക്കറ

നിന്നില്‍ പടര്‍ന്ന മഷിയാണ് ഞാന്‍..

കറയെന്നു മറ്റുള്ളവര്‍ മുഖം ചുളിക്കുമ്പോഴും,

ഞാന്‍ നിന്നില്‍ നിറഞ്ഞുവറ്റുകയും
തൂവിഒഴുകാതെ  നീയെന്നെ ചേര്‍ത്ത് നിര്‍ത്തുകയും
നമ്മള്‍ മായച്ചിത്രങ്ങള്‍ രചിക്കുകയും ചെയ്യുന്നു  !!!  

Monday, June 18, 2012

രുഗ്മിണീ ...മാപ്പ്.

മോതിരവിരലില്‍ ആവഹിക്കപ്പെടാതെ, കൃഷ്ണഹൃദയം  അടര്‍ത്തിയെടുത്തതിന്... 
നീയറിയാതെ   ഓരോ  ശ്വാസത്തിലും അവനെ കവരുന്നതിന്..
 
പ്രണയിനി  രാധയാവുന്നതിന് ! 

ശരിയുടെ  ചത്വരത്തില്‍ അനുരാഗവിവശയായി 
നീലക്കടമ്പിനെ പുല്‍കുന്നതിന്...
തെറ്റിന്‍റെ  ചിമിഴിനുള്ളില്‍ നിന്നെയോര്‍ത്തു  കണ്ണീര്‍ തൂവുന്നതിന് ..
 
 ശരിതെറ്റിന് പുറത്ത്  ഞങ്ങളെ കാണുന്നതിന് !  

ഓരോതവണ  നിന്നെയോര്‍ത്തു  മടങ്ങുമ്പോഴും, മുരളീമൌനം പിന്‍വിളിയാവുന്നതിന്...
അതുകേട്ട്  പ്രണയാര്‍ദ്രയായി  വീണ്ടും തിരികെ അലിയുന്നതിന്...

എന്‍റെ പ്രണയത്തില്‍ സ്വയം തോല്‍ക്കുന്നതിന്  !

 സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും  സമൂഹത്തിന്‍റെ,
ഉടമ്പടികളുടെ, ബലംവേണമെന്ന്  വിശ്വസിക്കാത്തതിന് !!!

 ...മാപ്പ്....
നിനക്ക്  മുന്‍പേ  അറിഞ്ഞെങ്കിലും,  എനിക്കുമുന്‍പേഅവന്‍റെ 
വാമഭാഗം കവര്‍ന്ന  നിന്നോട് അല്പം അസൂയപുരണ്ട മാപ്പ് ... !!!   (നന്ദി: നിന്നെ ഓര്‍മിപ്പിച്ച  ആ സിനിമക്ക്... സ്വയം കുറ്റപ്പെടുത്താന്‍ ആര്‍ജ്ജവമുള്ള മനസ്സിന്,  കനലിനെ തണുപ്പിച്ച മാഷിന്... എന്നെ ജീവിപ്പിക്കുന്ന, ശബ്ദത്തിന്‍റെ  ഇടര്‍ച്ചയില്‍ പോലും പതറുന്ന  എന്‍റെ "Niii" ക്ക്, പിന്നെ ഉരുക്കം അറിയുന്നില്ലെന്ന് പരാതിപ്പെടുന്ന കണ്ണാ..നിനക്കും)


Friday, June 15, 2012

സ്വാര്‍ത്ഥത !!!

വേലിയേറ്റങ്ങള്‍ക്കും,ഇറക്കങ്ങള്‍ക്കും ഇടയില്‍
നിലതെറ്റിയ, നീലോല്‍പ്പലം തേടിയത്-
നീര് കുറവെങ്കിലും-ഉണങ്ങാത്ത,
ആഴത്തില്‍ വേരിറക്കാവുന്ന 
ഒരു ചതുപ്പായിരുന്നു... 

തന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങുമ്പോളുള്ള
 വേദന, വരിഞ്ഞു മുറുക്കങ്ങള്‍
എല്ലാം വിസ്മരിച്ചുകൊണ്ട്‌ ..
അവള്‍ സ്വയമറിയാതെ സ്വാര്‍ത്ഥയായി.. 

ഞാന്‍ കരയുകയാണ്..

എന്‍റെ കണ്ണുനീരില്‍ നിന്‍റെ വേദനഎരിഞ്ഞടങ്ങും വരെ...
എന്‍റെ കറകള്‍ ഒലിച്ചുപോകും വരെ... മാത്രം
ഞാന്‍ കരയുകയാണ്..!!!

Wednesday, June 13, 2012

ഒരു കിടക്കയുടെ ( വെറും) വിലാപം


(നിനക്കറിയാമോ ? )

ഞാന്‍, ഒരു വെറും തല്പം മാത്രമായത്തില്‍ സങ്കടപ്പെടാറുണ്ട് -

കണ്ണീരിലെന്നെ കുതിരാന്‍ വിട്ട്
പുഞ്ചിരി വില്‍ക്കാന്‍
അവന്‍ പോകുമ്പോള്‍.. 

പ്രിയയുടെ
  അകലങ്ങളില്‍ മാത്രം
എന്നോട് കൂടുതല്‍ അമരുമ്പോള്‍..

ആരോടൊ ഉള്ള അമര്‍ഷങ്ങള്‍ 

നഖങ്ങളായി എന്നില്‍ ആഴുമ്പോള്‍.
..

ഒന്ന് പതംവരട്ടെ എന്ന് കരുതി

ഉച്ചവെയിലില്‍ എന്നെ ഉപേക്ഷിക്കുമ്പോള്‍..

വിയര്‍പ്പും ചൂരും ബാക്കിയാക്കി

തിരിഞ്ഞു നോക്കാതെ ദിനത്തിലേക്ക് അവന്‍ നടന്നകലുമ്പോള്‍
...

രാവേറുമ്പോള്‍
മാത്രം തലചായ്ക്കാന്‍
 
എന്നിലേക്ക്‌  അവന്‍ മടങ്ങുമ്പോള്‍ -

ഞാന്‍ ഒരു വെറും ശയ്യമാത്രമെന്ന സത്യത്തില്‍- വിങ്ങാറുണ്ട്.

തടയാറുണ്ട് സ്വയം -
അറിയാതെ പോലും,ഹൃദയത്തിന്‍റെ  പൊള്ളല്‍ തട്ടി
അവന്‍റെ  ഉറക്കം കെടാതിരിക്കാന്‍...

അവഗണനയില്‍ വിങ്ങി
ശരശയ്യയായി പുലമ്പാതിരിക്കാന്‍...


Tuesday, June 12, 2012

ആ മരം സചേതനമാണ് ...

പടര്‍ന്നു പന്തലിച്ച ഇത്തിള്‍ക്കണ്ണിയെ ധ്വംസിക്കനായിപ്പോലും
സ്വയം ഉണങ്ങാതെ ...

പഥികരുടെ വിയര്‍പ്പേറ്റും, വിയര്‍പ്പാറ്റിയും,
 കണ്ണീര്‍പ്പൂക്കള്‍ ചൂടി ,
ചിരി ഇലയായി കൊഴിച്ച്,  
 
ഉയിരുണക്കാതെ - സപ്താബ്ദങ്ങളായി ആ മരം !പൌര്‍ണമിയും, പുലര്‍മഞ്ഞും അണിഞ്ഞ്
പോക്കുവെയിലും, ഇടവപ്പാതിയും  അറിഞ്ഞ് 
 ചിരിപ്പൂ വിരിയുന്നതും, 
കണ്ണീരില പൊഴിയുന്നതും മോഹിച്ച്,

ആത്മശിഖ ഉലയാതെ - കല്ലായി ആ മരം !!

Thursday, June 07, 2012

ഞാനറിഞ്ഞ നീ .

മഴയില്‍ കുതിര്‍ന്ന്, മുള പൊട്ടാന്‍ വെമ്പി
മണ്ണില്‍ അടര്‍ന്നുവീഴാന്‍ മോഹിച്ചവന്‍...

ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍, ഒഴിഞ്ഞുമാറാതെ
മുള്‍പ്പടര്‍പ്പില്‍ സ്വയം രക്തംവാര്‍ക്കാനിട്ടവന്‍...

കാലംതെറ്റിത്തഴുകുന്ന വസന്തദ്യുതിക്ക്  മുന്നില്‍ തടയാനാവാതെ
ശരിതെറ്റുകളുടെ തുലാസില്‍ സ്വയമേറി നീറുന്നവന്‍ !!!

Wednesday, June 06, 2012

നീ പറയുന്നു നിന്നെ വെറുക്കാന്‍...


മിഴികളും മൊഴികളും ഒന്നാവുമ്പോഴോക്കെയും
നീ പറയുന്നു നിന്നെ വെറുക്കാന്‍.

കണ്ണില്‍ ചിരിയും, കരളില്‍ കനിവും തന്ന് ,
വാക്കില്‍ കുസൃതിയും, നോക്കില്‍ കുറുമ്പും നല്‍കി,
ഉണര്‍വില്‍  ആകാശവും, നിദ്രയില്‍ കടലും സമ്മാനിച്ച്...

ഹൃദയത്തിന്‍ ചൂടും,  കയ്യിന്‍ കുളിരും ചേര്‍ത്ത്  
ഉരുക്കി ഉയിരേകി  എന്നെ വാര്‍ത്തെടുത്ത നിന്നെ-
എന്ത്  ഇല്ലാകാരണങ്ങളില്‍ അറുത്തെറിയാനാണ് നീ ആവശ്യപ്പെടുന്നത്??? 

Monday, June 04, 2012

നിസ്സഹായത!!

മിന്നല്‍പിണറായി പടര്‍ന്ന്, കാര്‍മേഘമായി നീറുന്ന 
നിന്‍റെ നഖക്ഷതങ്ങള്‍ ഓരോന്നും
ഊതി ഉണക്കുന്നത് എന്‍റെ ഹൃദയവടുക്കളെയാണ്..
ഊതി ജ്വലിപ്പിക്കുന്നത് എന്‍റെ പൂര്‍ണ്ണതയേയും ...

പക്ഷേ...
നിന്‍റെ വിങ്ങല്‍ എന്നെ കൂടുതല്‍ നിസ്സഹായയാക്കുന്നു  ..
ഉത്തരമറിയാതെ  ഇവിടെയും ഞാന്‍ പകച്ചു മാറിനില്‍ക്കുന്നു.