കഥകൾ

Wednesday, May 30, 2012

അവിശ്വസനീയം...

നിന്‍റെ  മൌനം..
എന്‍റെ വാചാലത..
നമ്മുടെ പ്രണയം..
ഈ ജീവിതം !!!

Tuesday, May 22, 2012

നീ ഓര്‍മ്മിപ്പിക്കുന്നത് !


അകത്തേക്കുള്ള വഴി തേടി,
എന്‍റെ അടച്ചിട്ട ചില്ല്ജനാലയില്‍ തലതല്ലി മരിച്ച ഒരു കുഞ്ഞുപക്ഷിയെ .

ഇരുട്ടിനെ ഭയന്ന്,
എന്‍റെ മണ്ണെണ്ണ വിളക്കിന്‍റെ തിരിയില്‍ വെന്തുമരിച്ച ഒരു നിശാശലഭത്തെ.

വേദന സഹിക്കാതെ,
എന്‍റെ ചെരിപ്പിനടിയില്‍ ഹോമിക്കപ്പെട്ട  ഒരു പാവം കട്ടുറുമ്പിന്‍റെ ജീവനെ.

ഒരു ദുസ്വപ്നം പോലെ,
ഏതുനിമിഷവും പിഴുതെറിയപ്പെടാം എന്ന ഭയത്തോടെ നിന്നിലേക്ക്‌ നീളുന്ന ഈ എന്നെ !!!

Saturday, May 19, 2012

പരാ"ജയം" !!

എനിക്കോ നിനക്കോ മാറ്റാന്‍ കഴിയാത്ത വിധികളില്‍ ...
പരസ്പരം നഷ്ടപ്പെട്ട്, നാം ഒരുമിക്കുമ്പോള്‍
നാം വിധിയെ തോല്‍പ്പിച്ചെന്നോ, അതോ ഇതായിരുന്നു നമ്മുടെ വിധിയെന്നോ?!?!

Wednesday, May 16, 2012

ആരണ്യ കാണ്ഡത്തിനൊടുവില്‍..

വ്യാഴവട്ടം കഴിഞ്ഞു മടിച്ചു മടിച്ചു പൂത്ത മുളയും
വനവാസ്സത്താല്‍ പൂക്കാന്‍ വെമ്പിയകുറിഞ്ഞിയും
പ്രണയിച്ചു പോയത്രേ !!
                                        *
കാറ്റിലാടി കുറിഞ്ഞിയെ തലോടി മുളമൊഴിഞ്ഞു പോല്‍ ഇങ്ങനെ;
"എന്നിലെക്കെത്തിയ നിന്നെ പിരിയാനോമുളങ്കാട്‌ വിട്ട് നിന്നിലേക്കണയാനോ വയ്യാതെ കെട്ടിയിടപ്പെട്ടവന്‍ ഈ ഞാന്‍.
പക്ഷേ..
ഈ കാറ്റില്‍ സ്വയം മറക്കുമ്പോഴൊക്കെയും 
ശരിതെറ്റുകള്‍ മറന്ന് ഞാന്‍ നിന്നിലേക്ക്‌ ചാഞ്ഞുപോകുന്നു


തലതാഴ്ത്തി, പുഞ്ചിരി വരുത്തി കുറിഞ്ഞി പറഞ്ഞിങ്ങനെ;
 "പൂത്തുലഞ്ഞ നാം ആയുസ്സറ്റവര്‍,
എങ്കിലും..
അവസാന ഇലയും പൊഴിഞ്ഞ്മണ്ണടിയും മുന്‍പേ..
എനിക്ക് കല്‍പ്പിച്ചിരിക്കുന്ന സീമക്ക് പുറത്തുനിന്ന്
ഒരിക്കലെങ്കിലും പറഞ്ഞോട്ടെ...ഞാനുറക്കെ...

നീയെന്‍റെതെന്ന്...നീയെനിക്കെല്ലാമെന്ന് ?! "

ആര്‍ക്കറിയാം ശരിതെറ്റുകളുടെ അളവുകോല്‍ കള്ളമല്ലെന്ന്?
പുനര്‍ജ്ജനി എന്നത് വെറും കാല്പനികത മാത്രമല്ലെന്ന്??”
                                         *
ഉത്തരമറിയാത്ത  ചോദ്യങ്ങളുമായി,
പൂക്കള്‍ കൊഴിയുന്നതും, ഇലകളൊന്നൊന്നായി അടരുന്നതും അറിയാതെ 
അവര്‍ കാത്തിരുന്നു..
അവര്‍ക്കായി, വഴിതെറ്റി വന്നേക്കാവുന്ന ഒരു വസന്തത്തിനായി !!

Monday, May 14, 2012

"അവന്‍..


എത്ര വെമ്പിയാലും പെയ്യാത്ത, ഘനീഭവിച്ച തുലാമേഘക്കീറ് ...  
എല്ലാ നനവുകളും ഉള്ളിലൊളിപ്പിച്ച കള്ളിമുള്‍ച്ചെടി...
ഒഴുകിയകലാന്‍ അനുവദിക്കാതെ, എന്നെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന  ഒരദ്രിശ്യ കാന്തം !!!"...അവള്‍ അടക്കം പറഞ്ഞു .

Friday, May 11, 2012

"അവള്‍...

എത്രപെയ്താലും മതിവരാത്ത വര്‍ഷകാലം..
എത്ര നനഞ്ഞാലും ദാഹം തീരാത്ത മണല്‍ക്കാട്...
എത്ര നിനച്ചാലും ഒഴുകി അകലാതെ, എന്നില്‍ തളംകെട്ടിയ കണ്ണീര്‍
ക്കനം."  ....അവന്‍ പിറുപിറുത്തു.
  

Wednesday, May 09, 2012

അനാമിക !
ഹൃദയത്തെ, വാക്കിലും വരികളിലും ചാലിച്ച്
കനവിലും, നിനവിലും നിന്നിലേക്ക്‌ മാത്രം വളരുന്ന ഞാന്‍...

ചിന്തകള്‍ക്കുപോലുംപരിമിതികളാല്‍ പരിധി കല്‍പ്പിക്കുന്ന,
അതോര്‍ത്തു വിങ്ങുന്ന, 

ചുടുകണ്ണീര്‍ പകര്‍ന്നെന്നെ വളര്‍ത്തുന്ന നീ

  

 ഞാന്‍, നീ എന്ന ധ്രുവങ്ങളെ 'നമ്മളാ'ക്കുന്ന    ഒരു മഴനൂല്‍പ്പാലം--അനാമിക...ഈ ബന്ധനം!!!

Tuesday, May 08, 2012

പ്രിയ സുഹൃത്തിന് !!!

ഞാന്‍ അപകടകരമാം വിധം നിര്‍വികാരയെന്നു  നീ....
....
നിസ്വനയെന്ന അറിവ് കല്ലുപോലുറഞ്ഞു കനം വയ്ക്കുമ്പോള്‍,
നെടുവീര്‍പ്പുകള്‍ പുറത്തേക്കുള്ള വഴിതിരഞ്ഞു പരക്കം പായുമ്പോള്‍..
മറ്റെന്തു വികാരത്തിന്‍റെ  മേലങ്കിയാല്‍ മറയ്ക്കാനാണ് ഞാന്‍, ഈ എന്നെ ?!

Friday, May 04, 2012

ഒരു മഴക്കാലം തന്നത് !!!


ആദ്യനീര്‍ത്തുള്ളിയില്‍ പുതുമണ്ണിന്‍റെ  മണം - നീ !!!


ഇടിമിന്നലിന്‍റെ   തീവ്രതയുള്ള ആലിംഗനങ്ങള്‍!
ആലിപ്പഴത്തിന്‍റെ ആര്‍ദ്രതയുള്ള ചുംബനങ്ങള്‍!  
മഴവില്‍ നിറമുള്ള (വെയിലും,മഴയും ഇഴുകിയ)  മോഹങ്ങള്‍ !

ആരും കണ്ണുവയ്ക്കാതെ കാക്കെണ്ടുന്ന
ഒരു മഴത്തുള്ളി, ഒരുപിടി കൊന്നപ്പൂവ്.

പിന്നെ അടുത്ത വര്‍ഷകാലം വരെ  ഒരു വേഴാമ്പല്‍ക്കൂട്ട് - എന്‍റെയീ കാത്തിരിപ്പ്‌!!! .