കഥകൾ

Monday, April 30, 2012

ഒരു വിഷുക്കിനാവ് !!!

മാവിന്‍റെ പ്രണയത്തില്‍പൂത്തുലഞ്ഞ ആ കൊന്നമരം നീ ഓര്‍ക്കുന്നില്ലേ?
അടുത്ത വിഷുവിന്  നമുക്കതില്‍ ഒരൂഞ്ഞാല്‍ കെട്ടണം.
ഉന്നം തെറ്റാതെ എത്തുന്ന  അമ്പുകളെയെല്ലാം വിദഗ്ദ്ധമായി കബളിപ്പിക്കും വിധം ഒരദൃശ്യ  ഊഞ്ഞാല്‍!

തമാശക്കായിപ്പോലും എന്നോട്  കടുത്തുപറയാതെ, ശിരസ്സില്‍ തഴുകി , നെറ്റിയില്‍ ചുംബിച്ചു തന്നോട് ചേര്‍ത്തുപിടിച്ച്,
ഉയരുമ്പോള്‍ കാലുകൊണ്ട്‌ മഴവില്ലിനെ തൊട്ട്-
താഴുമ്പോള്‍ കൈക്കുടന്നയില്‍ അരുവിയെ കട്ടെടുത്ത്-
ആയത്തില്‍, ഉയരത്തില്‍, നീളത്തില്‍ എല്ലാ അതിരുകളും ഭേദിച്ച് ആടണം !!
-- -- --
എനിക്കുറപ്പുണ്ട് പിന്നീടൊരിക്കലും നീ എന്നെ  നിബന്ധനകളുടെ മുള്‍വേലിയില്‍ കൊരുത്തുവെച്ച്  ദൂരെ മാറി നില്‍ക്കില്ലെന്ന്!!!

Thursday, April 26, 2012

കൃതഘ്നത!വേണ്ടതെന്തെന്നറിഞ്ഞിട്ടും  തരാതെ,
കിട്ടാക്കനികളില്‍ ഹൃദയത്തെ
കൊരുത്തിടുന്ന ഈ ജീവിതത്തോട്
ഞാനെങ്ങനെ കൃതജ്ഞത കാട്ടാനാണ് ?!?  

Monday, April 23, 2012

അസൂയ

മരണം വരെ, പുല്‍നാമ്പിനോട് ചേര്‍ന്നിരിക്കുന്ന  മഞ്ഞുതുള്ളിയോട്;
തഴുകി ഒലിച്ചുപോകാന്‍ മാത്രം വിധിയുള്ള ഒരു മഴത്തുള്ളിക്ക്!NB : "നീയെന്‍ വേരുകളിലൂടെ എന്നില്‍ പടര്‍ന്നു  മഞ്ഞുതുള്ളിയെ താങ്ങാന്‍ കരുത്തേകൂ"എന്ന് എപ്പോഴോ ആ പുല്‍നാമ്പ്  മന്ത്രിച്ചതായി തോന്നി ആ പാവം മഴത്തുള്ളിക്ക് !!

Thursday, April 19, 2012

നിയതി .

ചില ഒഴുക്കുകളുടെ വിധിയാണിത് !

വരണ്ട മണ്ണിനെ എത്ര തന്നെ ആര്‍ദ്രമാക്കിയാലും
തടഞ്ഞു നിര്‍ത്തുന്നതെയില്ല അത്‌, ആ ഒഴുക്കിനെ.

തന്നില്‍ വീണ വിത്തുകള്‍ക്ക് ജീവന്‍റെ  തുടിപ്പ് പകര്‍ന്ന്,
(മടിച്ച്) ഒഴുകി അകലുന്ന ഒഴുക്കിനെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്,

നിലം അപ്പോഴും സ്ഥായിയായി...!!

********

എത്രയൊക്കെ ഗതിമാറി ഒഴുകിയാലും

ഒഴുക്കെപ്പോഴും...എങ്ങുമെത്താതെ  .... ഒരൊഴുക്കാണ്  !!!

Tuesday, April 10, 2012

എന്‍റെ ലോകം - നിന്‍റെതും .

നീയെന്നെ ഫ്രെയിം ചെയ്താ ചുമരില്‍ തൂക്കിയേക്കുക !!!

ഇടക്കിടെയുള്ള  ഇമ ചേരലുകളിലൂടെ, 
തെറ്റി വീഴുന്ന  പുഞ്ചിരികളിലൂടെ,
പൊടി  തട്ടുമ്പോളുള്ള വിരല്‍ സ്പര്‍ശനങ്ങളിലൂടെ 
നിന്നെ അറിയാന്‍ !!!

പിന്നെ
നീ എന്‍റെതുമാത്രം  എന്ന (വെറും) ഭാവത്തില്‍
നിങ്ങളുടേത്‌  മാത്രമായ ആ ലോകത്ത്
നമുക്കായി, നമ്മുടെ ഒരു ലോകം പണിയാന്‍ !!!