കഥകൾ

Wednesday, March 30, 2011

എന്‍റെ മുറി

നാല് ചുമരുകള്‍ക്കും ചെവികള്‍ മുളച്ചിരിക്കുന്നു, മൂലോടുകള്‍ക്ക് കണ്ണുകളും ...

ഇനി ഞാനെങ്ങനെ രാത്രിയുടെ മറപറ്റി നമ്മുടെ സ്വപ്നലോകത്തിലേക്ക് ഒളിച്ചുകടക്കും?
നിന്‍റെ ചെവികളില്‍ ആര്‍ദ്രമായി ചുംബിക്കും ?
നീപോലുമറിയാതെ കണ്ണുകളില്‍ മന്ത്രിക്കും, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന്?

Friday, March 18, 2011

ട്രെഡ്മില്‍

ട്രെഡ്മില്ലിലെ ഓട്ടം ഒരു അത്ഭുതമാണ് ..നിന്നിലേക്കുള്ള എന്‍റെ യാത്രപോലെ !

ശരീരം തളരുന്നതുവരെ, മനസ്സ് മരവിക്കുന്നത് വരെ,
എങ്ങുമെത്താത്ത, തുടങ്ങിയ സ്ഥലത്ത് തന്നെ അവസാനിക്കുന്ന ഓട്ടം.

എന്നാലും ,
ഓടി നിന്നിലേക്കെത്തി "നീ" അവശേഷിക്കുന്നില്ലെന്നറിഞ്ഞു നടുങ്ങുന്നതിലും നല്ലത് (ഒരുപക്ഷെ),
ഒഴുകുന്ന കണ്ണുനീര്‍ വിയര്‍പ്പാല്‍ മറച്ചുകൊണ്ടുള്ള ഈ ട്രെഡ്മില്ലിലെ ഓട്ടമായിരിക്കാം !!!

Saturday, March 12, 2011

മഞ്ഞുതുള്ളി

മഞ്ഞുതുള്ളി __ നിന്റെ സ്നേഹത്തില്‍ ഘനീഭവിച്ച പുഞ്ചിരി .. തിരസ്ക്കരണത്തില്‍ ഉരുകിയ കണ്ണുനീര്‍ !

നിശാഗന്ധി __ നിറനിലാവില്‍ സൌഗന്ധികവുമായി കാത്തിരിപ്പ്‌...ജ്വലിക്കുന്ന സൂര്യനെ ഭയന്ന് ആത്മഹത്യ !

മയില്‍‌പ്പീലി __ പേറ്റും പേറ്റും നീളുന്ന വഴിക്കണ്ണ്.....ആകാശം കാണാതെ കാത്ത നിരാശകളുടെ പെറ്റുപെരുകല്‍!

കുങ്കുമം __ അടക്കിയ തേങ്ങലുകള്‍ക്ക് രക്തപുഷ്പാഞ്ജലി....ഇലപൊഴിച്ച സൗഹൃദത്തിനു ഹൃദയ രക്തം!

Friday, March 04, 2011

പാഞ്ചാലി

ഒരു ബാണക്കുരുക്കില്‍ എന്‍റെ സ്വപ്നങ്ങള്‍ ചോര വാര്‍ത്തപ്പോഴും,
ഒറ്റ വാക്കിനാല്‍ ദ്രൌപദിയില്‍ നിന്നും പാഞ്ചാലി ആക്കപ്പെട്ടപ്പോഴും,
സാലഭന്ജികപോല്‍ അഞ്ചു കിടപ്പറകളിലായി ശരീരം പകുത്തപ്പോഴും,
മനസ്സ് പകുക്കാതെ ഒഴുകുന്ന കണ്ണുമായി ഞാന്‍ ഒരു മുരളീനാദത്തിനായി കാതോര്‍ത്തു.

പണയപ്പണ്ടമായി തരം താഴ്ത്തിയപ്പോഴും
അഴിഞ്ഞ മുടിയുമായി ഞാന്‍ ഉറഞ്ഞപ്പോഴും
ഷന്‍ണ്ടന്‍മാരായ ഭര്‍ത്താക്കന്‍മാര്‍ നോക്കി നില്‍കെ 
വസ്ത്രാക്ഷേപിതയാക്കപ്പെട്ടപ്പോഴും
നെഞ്ജോടു ചേര്‍ക്കുന്ന ബംസുരിയാല്‍ തഴമ്പിച്ച ഒരു കരത്തിനായി എന്‍ മിഴിനീണ്ടു.
..........................................................................................................
മോഹനരാഗം കൊണ്ടും, വാക്ച്ചതുരി കൊണ്ടും, ഒരു മുഴം പുടവകൊണ്ടും എന്നെ കൂടുതല്‍ കടക്കാരിയാക്കിക്കൊണ്ട്
നിന്‍റെ മടക്കം ... എന്‍റെ ഒടുക്കം!!!

Tuesday, March 01, 2011

ലക്ഷ്മണ രേഖ

ലക്ഷ്മണ രേഖ
ചിന്തകള്‍ക്ക്
കാഴ്ചകള്‍ക്ക്
കാഴ്ച്ചപ്പാടുകള്‍ക്ക്.

പുറത്തുനിന്ന് നോക്കുന്നവന് സ്നേഹാധിക്യത്താലുള്ള ഉത്കണ്ട
അകത്തു കിടന്നു പൊറുതികെട്ടവന് പത്മവ്യൂഹത്തിലകപ്പെട്ട നിസ്സഹായത..
വെറും ലക്ഷ്മ(ര)ണ രേഖ !!!

സ്വപ്‌നങ്ങള്‍

മച്ചിന്‍ മുകളിലെ കൂറമണമുള അരിപെട്ടിയില്‍ ആരും കാണാതെ ഞാന്‍ കൂന കൂട്ടിയിട്ടിട്ടുണ്ട്
നെല്‍പാറ്റ കുത്തിതുടങ്ങിയ കുറെ സ്വപ്‌നങ്ങള്‍.

എല്ലാം ഇന്ന് എടുത്തു കൊടുക്കണം ആ മലയി ജാനുന്റെ കയ്യില്‍ ..
നന്നായി അലക്കിതേച്ചു മടക്കിത്തരും... കൊണ്ട്വന്നു എടുത്തു വച്ചാല്‍ മാത്രം മതി..
പക്ഷെ കൈമാറിപ്പോകാതിരിക്കാന്‍ അടയാളം ഇടണംന്ന് മാത്രം.

തീരെ അരിപ്പ പോലെ ആയത് ഉണ്ടെങ്കില്‍ കത്തിച്ചു കളയാന്‍ പറയണം...

നല്ലതിനെ വീണ്ടും ആരും കാണാതെ അരിപ്പെട്ടിയില്‍ അടക്കണം...
അടുത്തകൊല്ലം കുറെ എണ്ണത്തിനെ വീണ്ടും ജാനൂനെ കൊണ്ട് കുളിപ്പിച്ച് ഭാസ്മീകരിപ്പിക്കാം ..

നോക്കാലോ ഇങ്ങനെ പോയാല്‍ ജാനുവോ എന്‍റെ സ്വപ്നങ്ങളോ ആദ്യം തീരുകയെന്ന്.