കഥകൾ

Monday, January 24, 2011

തോല്‍വി

ഞാനും ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട്,
ഒരു വാക്കാലോ നോക്കാലോ നിന്‍റെ ലോകത്തേക്ക് കടന്നു വരാതിരിക്കാന്‍,
ഒരു നോക്കുകുത്തിയായി എന്നെ അകറ്റി നിര്‍ത്തുന്ന നിന്നെ വെറുക്കാന്‍,
നിന്നെ ഓര്‍മകളില്‍ നിന്നുപോലും ഇറക്കിവിടാന്‍ .

എന്നാല്‍ ഓരോ നിലാവിലും ഞാന്‍ കൂടുതല്‍ ഒറ്റപ്പെടവേ,
ഓരോ കാലിടര്‍ച്ചയിലും നിന്‍റെ കൈക്കായി പരതവേ,
ഓരോശ്വാസത്തിലും നിന്നെ നഷ്ട്ടപ്പെടവേ,
ഞാനെന്‍റെ പരാജയം സമ്മതിക്കുന്നു.
എനിക്ക് കഴിയില്ല ഒരു നിമിഷത്തേക്ക് പോലും നിന്നെ എന്നില്‍നിന്നും പറിച്ചെറിയാന്‍!!!

Sunday, January 23, 2011

പക

നീ എന്‍റെ ശിഖരങ്ങള്‍ ഓരോന്നായി അറുത്തെരിയുമ്പോള്‍
വേരുകള്‍ ഓരോന്നായി ഞാനും പിന്‍‌വലിക്കുന്നു ...നിന്നില്‍ നിന്നും.

Friday, January 14, 2011

തിരസ്കൃത

നിനക്കും അധികാരമുണ്ട്‌ (പലരെയും പോലെ ) എന്നെ തിരസ്ക്കരിക്കാന്‍ .
പക്ഷെ ഒന്നുറക്കെ പറയു - പടി ഇറങ്ങിപ്പോകാന്‍ ...
നീ എന്നെ ഭയക്കുന്നുവെന്ന് ...വെറുക്കുന്നുവെന്ന്...
എങ്കില്‍ ഈ പുല്‍തുരുമ്പില്‍ നിന്ന് കൈ അഴച്ചു ഞാന്‍
നിരാശയുടെ ആഴക്കയങ്ങളിലേക്ക് ഊളിയിട്ടോളം ..
ഒരു വാക്കാലോ, നോക്കാലോ കടന്നുവരാതെ ...

ഒരു സങ്കടം മാത്രം ...
വെറുതെയെങ്കിലും(?) പങ്കിട്ട നല്ല സമയത്തിനോടുള്ള നന്ദി സൂചകമായി എങ്കിലും....
പറഞ്ഞിട്ടോടി പോകാമായിരുന്നില്ലേ, എന്‍റെ സ്വപ്നങ്ങളില്‍ നിന്നും !!!

Tuesday, January 11, 2011

സമാന്തരത

ഞാന്‍, നീ
വികാരം, വിചാരം
ജീവിതം ,മരണം
ഈ സമാന്തരതകളില്‍ ഏതിനോട് ഞാന്‍ നീതി പുലര്‍ത്തും ???

നീ

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ,ക്ഷണിച്ചിരുന്നില്ല ,ഈ ജീവിതത്തിലേക്ക്.
ആഗ്രഹിച്ചതിലും കൂടുതല്‍ എന്തൊക്കെയോ ആയി, അറ്റ ചിറക് കൂട്ടിതുന്നുവാന്‍ മഴവില്‍ നൂലുമായി നീ..

ഇന്ന് നീ ദൂരെയേതോ കോണില്‍ ,
ഒരു ഭംഗിവാക്കുപോലും ചൊല്ലാതെ, ഞാന്‍ അവശേഷിക്കുന്നു എന്നറിഞ്ഞും അറിയാതെ...

എന്നില്‍, വെറും അടയാളം മാത്രമാവാന്‍ കഴിയാതെ
നീ ശേഷിപ്പിച്ച മുറിവ് ഇപ്പോഴും തേങ്ങിക്കൊണ്ടേയിരിക്കുന്നു...


Sunday, January 09, 2011

ജ്യോതിഷികള്‍

വരയ്ക്കപ്പെട്ട കൈ രേഖകള്‍ മായ്ക്കാനോ
ഹൃദയ രേഖകള്‍ വായിക്കാനോ അറിയാത്ത ഹൃദയശൂന്യര്‍ !!!

മാപ്പ്


സദയം ക്ഷമിക്ക,
അനുവാദമില്ലാതെ സിരകളില്‍ നിന്നെ നിറയ്ക്കുന്നതിന്,
സ്വപ്നത്തില്‍പോലും അകലാത്തതിന്,
സ്നേഹിക്കുന്നതിന്,
പ്രണയിക്കുന്നതിന്,
ജീവിക്കുന്നതിന്‌.

എന്നെ , നീ കരളില്‍ നിന്നും പറിച്ച് എറിഞ്ഞെങ്കിലും
നിന്‍റെ ഓര്‍മ്മകള്‍ക്ക് നനവ്‌ നല്‍കാതിരിക്കാന്‍ എനിക്ക് വയ്യ ..
കാരണം
നിന്‍ വേരിലൂടെയാണ് ഞാന്‍ എന്നസ്ഥിത്വം തിരിച്ചറിയുന്നത്‌..
നിന്‍റെ വാക്കുകള്‍ ചാലിച്ചാണ് ജീവന് വര്‍ണ്ണം ചാര്‍ത്തുന്നത്..
നിന്നിലേക്കുള്ള ദൂരമാണ് എന്നെ മരണവുമായി പ്രണയത്തിലാക്കുന്നത്..

Saturday, January 08, 2011

പലര്‍ക്കുള്ള കത്തുകള്‍

കത്ത് 1
തിരിഞ്ഞു നടക്കാന്‍ കഴിയാത്ത യാത്ര തുടരുമ്പോള്‍
എന്‍റെ ശബ്ദത്തിനു നിന്‍റെ പ്രതിധ്വനി ഇല്ലാതെ വരുമ്പോള്‍
നിന്‍റെ സൌരഭ്യം ഇല്ലാതെ, ഈ ജീവിതം ജീവിക്കേണ്ടി വരുമ്പോള്‍
മരണത്തെക്കാള്‍ ക്രൂരമായി നീ അകലെ മാറി നില്‍ക്കുമ്പോള്‍
ഞാന്‍ വിശ്വസിക്കണമോ " നീ ഒരിക്കലും ഒറ്റയ്ക്കല്ല" എന്ന നിന്‍റെ വാക്ക്?

കത്ത് 2
നിന്‍റെ കരലാളനകളുടെ വടുക്കള്‍ ശരീരത്തിലവശേഷിക്കെ,
നിന്‍റെ പദമാധുരികളുടെ വൃണങ്ങള്‍ ഹൃദയത്തില്‍ മായാതെ കിടക്കെ
മറക്കേണ്ടുന്നതെല്ലാം,തെളിഞ്ഞ ഓര്‍മ്മകള്‍ ആകവേ
നഷ്ട ഭാണ്ടത്തിന്‍റെ കനം ഏറുന്നതായി തോന്നവേ
ഞാന്‍ എങ്ങനെ സ്നേഹിക്കനാണ് നിന്നെ,പിന്നെ എന്നെ?

കത്ത് 3
"ഇനി നീ പ്രണയം തുളുമ്പുന്ന വരികള്‍ കുറിക്കൂ..
...ഇത്രയം ലഹരിയുള്ള നിന്‍റെ ജീവിതം കൊണ്ടെങ്ങനെ ഇത്രയും
നിറം മങ്ങിയ വരികള്‍..? "

പ്രിയ സഖേ,
നീ എങ്ങനെ കാണാനാണ് ചിരി മറയ്ക്കുള്ളിലെ വിതുമ്പുന്ന ഈ ഹൃദയം ?
നീ എങ്ങനെ അറിയാനാണ് പുനര്‍ജ്ജനി കൊതിയ്ക്കുന്നോരീ അഹല്യയെ ?