കഥകൾ

Monday, January 30, 2023

ദേശാടനക്കിളി കരയാറില്ല  












മുറ്റത്തെ നടയിറങ്ങുന്ന  ഇടവഴി

കറുത്തതായിരുന്നു.

വാളുപോലെ മൂർച്ചയുള്ള കല്ലുകളെ 

അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നു.


അതറിയാതെ, 

വെളിവും, വെളിച്ചവും നഷ്ടപ്പെട്ട്  

വീട് വിട്ടിറങ്ങിയവളുടെ

-പ്രതീക്ഷപോലും നുറുങ്ങുവെട്ടമാവാതെ- 

കാൽനഖം കല്ലുകാച്ചി, പൊട്ടിയടർന്നു പോയി.


"ദിക്കറിയില്ലെങ്കിലും നടയല്ലാതെ വേറെന്തു വഴി?"

കൂമൻ മൂളുന്ന കരിമുരിക്കിനടിയിലെ പൊന്തയിൽ നിന്ന് 

അന്തിമുല്ല.

"നാശം പിടിക്കാൻ... ഓർമ്മയുടെ കുന്തിരിക്കമണമാണ്‌

അസത്തെ നിനക്ക്"  എന്ന് പ്രാകി, മുന്നോട്ടാഞ്ഞപ്പോഴേക്കും 

"ഓർമ്മകളെ എന്തിനാടോ ശവമഞ്ചമേറ്റുന്നത് 

പ്രാണവായുവായിരുന്നില്ലെ?" എന്നൊരു പുള്ളോർക്കുടം 

അടക്കം പറഞ്ഞതുപോലെ. 


പെട്ടെന്നടർന്നു തൂങ്ങിയ പെരുവിരലുമായി 

ഞാനോടി ശംഖുമുഖത്തെ ബെഞ്ചിലിരുന്നു. 

ഉപ്പിച്ചു കയ്ക്കുന്ന കടൽ വെള്ളത്താൽ 

കാലും, 

ചാറ്റല്മഴയാൽ നെഞ്ചും മുറികൂട്ടി, 

കൊക്കൂണടർത്താൻ ഇളംചിറകു മൂർച്ചയാക്കി.


മുത്തിചുവപ്പിക്കട്ടെ നിന്നെയെൻ്റെ പെണ്ണേ  

പുറംചെവിയിൽ ഒരു തിരയനക്കം. 

"പുന്നാരം നിർത്തൂ നീ,

കേട്ടുതഴം വന്ന ശീലുമാറ്റി ഇത് പറയൂ...

നിന്റെ ആഴങ്ങളിൽ ഞാൻ കണ്ട വർണ്ണമീനുകൾ 
മാത്രമാണോ നീ ഒളിപ്പിക്കുന്നത്? 
അതോ പവിഴപ്പുറ്റുകൾക്കിടയിൽ 
ഒരു തിരണ്ടിവാൽ നീ കരുതിയിട്ടുണ്ടോ ?

മൂന്നു നക്ഷത്രങ്ങൾക്കപ്പുറം സർവ്വം വിഴുങ്ങിയായ 

ഒരു ഇരുണ്ട ഗർത്തം നീ പേറുന്നുണ്ടോ?

'നിന്നോളം നിറഞ്ഞീയെന്നിൽ ആരെന്നു' 

നീ പാട്ടുപെട്ടിയിൽ പലരോടായി ഘോഷിക്കുന്നുണ്ടോ?"


അറിയില്ല, അറിയേണ്ടതുമില്ലെനിക്ക് 

നിൻ്റെ പറുദീസകളെ വിട്ടുഞാൻ 

പൂമ്പാറ്റച്ചിറകിൽ ഒരു കടുകുപാടം നീന്തുകയാണ് 

കാടും, കാറ്റാടിയും, ചെമ്മരിയാടുകളും,

ആർക്കും പകുക്കാതെ എനിക്ക് മാത്രം

നീന്തിത്തുടിക്കാൻ ഉറവകൊണ്ട ചുടുനീരുറവയും

ഉള്ളൊരു ദേശം ലാക്കാക്കി.  


"അത്രമേൽ ദൂരത്തായാൽ  

എൻ്റെ പൊന്നേ നിനക്ക്  നീറില്ലേ, നോവില്ലേ "

എന്ന നിൻ്റെ പായാരം വേണ്ട.

'നീറ്റാതെ, നോവിക്കാതെ കാത്തോളാം കണ്ണേ '  

എന്ന ചൂണ്ടയിൽ എന്നെ കൊരുത്തു 

പൊരിമണലിൽ ഉറുമ്പരിക്കാൻ ഇട്ടവനേ;  

ദേശാടനക്കിളി കരയാറില്ലത്രേ 

അല്ലെങ്കിലാ വിലാപമാരും  കേൾക്കാറില്ലത്രേ.