കഥകൾ

Monday, June 26, 2017

ഇറങ്ങിപ്പോന്ന വീട്ടിലേക്ക്
വിരുന്നുകാരനായി ഒന്ന് കടന്നു ചെല്ലണം.

നല്ലെണ്ണ ഒട്ടുന്ന ഒറ്റത്തിരി വിളക്കിൽ
'അന്തിത്തിരി ദീപം' എന്ന്,
തൊട്ട്  തലയിൽ തുടയ്ക്കണം.

ഒരക്കൂട്ടിനുള്ളിൽ പൊടിയാൻ
കൂട്ടാക്കാതെ തെറിച്ച, നെല്ലും കാപ്പിയും
വെറുതെ കൊറിച്ചുതുപ്പണം.

വെളഞ്ഞീര് ഒട്ടിയ കഴുക്കോലിൽ
ഏന്തിതൂങ്ങി വേട്ടാളന്റെ കൂട്ടിലെ
പുഴുനെ കാണണം.

ഇറങ്ങിപ്പോന്ന വീട്ടിലേക്ക്
വിരുന്നുകാരനായി ഒന്ന് കടന്നു ചെല്ലണം.

നടന്നു നടകയറി  ചേതിയിൽ ഇരുന്നു
മുളകിന്റെ തിരികളയണം.

ഗാന്ധി ചെരുപ്പിൽ വെച്ച് പോകുന്ന
നടപ്പിന്റെ പുറകെ കൂടണം.
മൂന്നും കൂട്ടി ഒരു മുറുക്കൽ തരാക്കണം.

വാൽതെരുത്ത  കള്ളിമുണ്ടു
കണ്ണുരുട്ടും മുന്നേ
ചൊരുക്കിയ തലയുമായി
നടയിറങ്ങി വലയിൽ പതുങ്ങണം

ഇറങ്ങിപ്പോന്ന വീട്ടിലേക്ക്
വിരുന്നുകാരനായി ഒന്ന് കടന്നു ചെല്ലണം.

കണ്ണ് ചുരുക്കി, കൈകൊണ്ട് വെയിൽ തടുത്ത്
വീടെന്നിൽ അടയാളം നോക്കും.

വിടർന്ന കണ്ണില്ല
കണ്ണിലെ കുറുമ്പില്ല
ചക്കപ്പല്ലും, കൂക്കി വിളിയുമില്ല
'ഇതിപ്പോ ആരാ നിങ്ങക്ക് മനസ്സിലായോ? '
എന്നു വീടിനു ചോദിക്കാൻ
വളഞ്ഞോ, കുഴഞ്ഞോ അവിടാരുമില്ല...

'വെള്ളെഴുത്തിന്റെ കണ്ണട
ഒന്ന് വാങ്ങാതെ തരമില്ലെന്നു'
പരിതപിച്ച്,
"അങ്ങട്ടേലേക്കാല്ലേ?" എന്ന്
ഉത്തരത്തിന്  കാക്കാതെ വീട്
തിരിഞ്ഞു നടക്കും.

2 comments:

 1. ഇറങ്ങിപ്പോന്ന വീട്ടിലേക്ക്
  വിരുന്നുകാരനായി ഒന്ന് കടന്നു ചെല്ലണം...വരികളിൽ നോവിന്റെ പടർപ്പ്!

  ReplyDelete
  Replies
  1. ഓർമ്മകൾ മാത്രം അവശേഷിക്കുന്നവളുടെ ദീർഘനിശ്വാസങ്ങൾ.
   നന്ദി മുബീ..<3

   Delete