കഥകൾ

Tuesday, September 20, 2016

അതിജീവനം

പൊൻകുന്നത്തൂന്നാണ്  ചേട്ടായീടെ കയ്യും പിടിച്ചു ഞാൻ കോഴിക്കോടേക്ക്‌ ബസ്സ് കയറിയത്. എളിയിലിരുന്ന ജോസൂട്ടി അപ്പളും കാറുന്നൊണ്ടായിരുന്നു. ജോസൂട്ടിടെ അപ്പന്റെ അനിയനാണെലും എന്റെ ചേട്ടായി സ്നേഹോള്ളാനാർന്നു.

അനിയൻ ചേച്ചിനേം കൊണ്ട് ഒളിച്ചോടി എന്ന മാനക്കേട് പൊറകേ വരാണ്ടിരിക്കാനാ  കോഴിക്കോടുന്ന്  ആ മാന്തോടി വണ്ടി കേറിയേ.   നാടും നാട്ടാരും മഷി ഇട്ടാപ്പോലും ഈ എടവകക്കുന്നിലെ ഓലപെര കണ്ടു പിടിക്കാൻ ഒക്കത്തില്ലല്ലോ.

പെരയ്ക്കാത്തും, വയറ്റിലും കാറ്റാർന്നേലും, കൊച്ചുഞെന്റെ വയറ്റിൽ കേറിയങ്ങു വീർക്കാൻ തുടങ്ങി.  അവൻ പുറത്തു ചാടാൻ തിടുക്കം കൂടുന്തോറും, ചേട്ടായിക്കു വീട്ടിൽ വരാൻ തിടുക്കം കുറഞ്ഞു.  കൊച്ചയ്യപ്പന്റെ ഷാപ്പിലും, പാറൂന്റെ  പൊരയ്ക്കലും ആയി ചേട്ടായി ആടി നടന്നു.  രാത്രി ചേട്ടായി ഇല്ലാതെ ജോസൂട്ടിയെയും അടുക്കി കിടക്കുമ്പോൾ, ഒത്തിരി കരഞ്ഞിട്ടുണ്ട്, ഓലക്കിടയിലൂടെ തുറിച്ചു നോക്കണ ആകാശം കണ്ടു പേടിച്ച്‌.

അങ്ങനെ കരഞ്ഞു വിളിച്ചോണ്ട് ഒരീസം  കെടക്കുമ്പളാ , ആ നിലാവിക്കൂടെ  നാട്ടുമാവിന്റെ മറേക്കൂടെ ഒരു കൈ എന്റടുത്തേക്കു വന്നത്. പറഞ്ഞാ നിങ്ങള് വിശ്വസിക്കൂല ..തലയും ഉടലും ഇല്ലാത്തൊരു കൈ.
ഞാൻ പേടിച്ചാലറിപ്പോയി കേട്ടോ ..പക്ഷെ ആ കൈക്കെന്നോട് സ്നേഹാർന്നു ... എന്റെ തലയിൽ തലോടി.. നിറഞ്ഞ വയറ്റിൽ തലോടി എന്നെ ഒറക്കാൻ   നോക്കിയിട്ടും ഞാൻ പേടിച്ചു വിറച്ചു പോയെട്ടോ.. ഇതൊന്നും എനിക്ക് ശീലോല്ലാത്തതല്ലേ. എന്റെ അലർച്ച കേട്ട്  കൊങ്ങിണിക്കാട്ടിൽ പതുങ്ങിയ കുറുക്കൻ ഓരിയിട്ടു..അത് കേട്ട് പേടിച്ചാ കൈ  വന്നത് പോലെ മാവിന്റെ മറവിലേക്കു പോയി.

പിന്നെ ഇതൊരു പതിവായി. രാത്രീന്നില്ല, പെലകാലെ മഞ്ഞിന്റെ മറ പറ്റി , നട്ടുച്ചക്ക്  മാവിന്റെ നിഴല് പറ്റി ... ഒച്ചയുണ്ടാക്കാതെ ആ കൈ ഇങ്ങനെ ഉയർന്ന് വന്നു. അത് വന്നപ്പോഴൊക്കെ ഞാൻ അലറി. അങ്ങനെ ഒരു രാത്രീലെ അലർച്ചയിലാണ് കൊച്ചൂഞ് ഞെട്ടി വയറ്റിന്നു പുറത്തേക്കു ചാടിയത്.

വെരതൂറി ജോസൂഞ്ഞു മരിച്ച അന്നും മൊടങ്ങാതെ അത് വന്നു .. തലയിൽ തലോടി കണ്ണീരു തൊടച്ചുതന്നു..അപ്പൊ എനിക്ക് ദേഷ്യാ വന്നേ .. ദേഷ്യത്തോടെ   ഞാൻ അലറിയപ്പോ,  ശവാടക്കിന്   വന്ന നാട്ടുകാര് പറഞ്ഞു  "  അവളുടെ എളക്കം ഇനി കൂടും.. നോക്കിക്കോ  ആദ്യോക്കെ രാത്രീലെ ഒള്ളായിരുന്നു ഇപ്പൊ നട്ടുച്ചക്ക് വരെ ' ചേട്ടായി വായോ ' എന്ന കരച്ചിലാ".

പിന്നത്തെ രണ്ടു കൊല്ലം അടുപ്പിച്ചു പാറു  പെറ്റപ്പഴാ പൊരയ്ക്കലെ  പണിയരെല്ലാം ചേർന്ന് ചേട്ടായിയെ പിടിച്ചോണ്ട് പോയി അവളെ കെട്ടിച്ചേ. സങ്കടം കൊണ്ട്   ഞാനും കൊച്ചൂഞ്ഞും ഒരുപാട് കരഞ്ഞു അന്ന് ഞങ്ങടെ സങ്കടം കണ്ടോണ്ട് കൊങ്ങിണിക്കാട്ടിലെ കുറുക്കനും ഓരിയിട്ടു. സമാനപെടുത്താൻ വേറെ ആരാ ഞങ്ങൾക്ക്...മുറ തെറ്റാതെ വരുന്ന കൈ അല്ലാതെ ?

ചേട്ടായി പോയേപ്പിന്നെ ഈ കൈ കടത്തൽ കൂടിക്കൊണ്ട് വന്നു... എന്ത് ഏത്  എന്ന്  നോക്കാതെ. വാര്യമൂല ടീച്ചറുടെ കണ്ടത്തിൽ കൊയ്യാൻ പോകുമ്പോൾ, അരിവായ്ക്കും പുല്ലിനും ഇടയ്ക്കൂടെ,  മൂപ്പാട്ടിലെ ജോയാക്ക്  ചേട്ടന്റെ വീട്ടിൽ കാപ്പി പറിക്കാൻ പോയാൽ റക്കഎടുക്കാൻ  കാത്തു നിൽക്കണ കാപ്പി കൊമ്പുകൾക്കിടയിലൂടെ...

എനിക്ക് സഹിക്കാൻ മേല ഇങ്ങനെ... ഇരുട്ടിനെ പേടിച്ച്‌ , മഴയെയും ആകാശത്തെയും  പേടിച്ച്‌, നാട്ടിലെ പകലാങ്ങളമാരെ പേടിച്ച്‌...നേരോം നെറിയുമില്ലാതെ കേറിവരുന്ന ഈ കൈ പേടിച്ച്‌ ഇങ്ങനെ..

ഒടുക്കം സഹികെട്ടാ ഞാൻ ഇന്ന്പറഞ്ഞെ... എന്നാ പിന്നെ എന്നെ അങ്ങെടുത്തോളാൻ...കണ്ടോ നിങ്ങൾ അതെന്നെ എത്ര കരുതലോടെയാ എടുത്തു ഈ നാട്ടുമാവിന്റെ കൊമ്പിൽ തൂക്കിയിരിക്കണെന്ന്... കാറ്റിനൊപ്പം, തറ തൊടാതെ  എന്നെ ആട്ടണെന്ന്  .. കൊച്ചുഞ്ഞും കൂടെ വേണം എന്നത് എന്റെ വാശി തന്നെയായിരുന്നു..!


12 comments:

 1. കീയകുട്ട്യെ തകര്‍പ്പാണല്ലോ........ ഒരു ചുരം കയറിയിറങ്ങി നനഞ്ഞ കാറ്റ് വീശുന്നു....

  ReplyDelete
 2. എന്റെ കണ്മഷി സാറേ .. വെറുതെ.. ചെറുപ്പത്തിലേ ചില ഓർമ്മകളെ ഒന്ന് വളച്ചൊടിച്ചു നോക്കിയതാ ..:)

  ReplyDelete
 3. പീഡനപര്‍വ്വം ഹൃദയസ്പര്‍ശിയായിഅവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 4. കീയക്കുട്ടി, ഒരു വേദന നെഞ്ചില്‍ കിടന്നു പിടയുന്നു വായിച്ചപ്പോള്‍...

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. Your name and write ups don't match at all... every post, every line is intense, brimming with emotions...

  have changed the background, hope it s fine now.. thanks

  ReplyDelete
 7. ഒടുക്കം സഹികെട്ടാ ഞാൻ ഇന്ന്പറഞ്ഞെ... എന്നാ പിന്നെ എന്നെ അങ്ങെടുത്തോളാൻ...കണ്ടോ നിങ്ങൾ അതെന്നെ എത്ര കരുതലോടെയാ എടുത്തു ഈ നാട്ടുമാവിന്റെ കൊമ്പിൽ തൂക്കിയിരിക്കണെന്ന്... കാറ്റിനൊപ്പം, തറ തൊടാതെ എന്നെ ആട്ടണെന്ന്...
  വല്ലാത്ത ഒരു എഴുത്തായി പോയി.. വാക്കുകൾക്ക് എന്ത് മൂർച്ച...ആശംസകൾ

  ReplyDelete