കഥകൾ

Tuesday, September 20, 2016

അതിജീവനം

പൊൻകുന്നത്തൂന്നാണ്  ചേട്ടായീടെ കയ്യും പിടിച്ചു ഞാൻ കോഴിക്കോടേക്ക്‌ ബസ്സ് കയറിയത്. എളിയിലിരുന്ന ജോസൂട്ടി അപ്പളും കാറുന്നൊണ്ടായിരുന്നു. ജോസൂട്ടിടെ അപ്പന്റെ അനിയനാണെലും എന്റെ ചേട്ടായി സ്നേഹോള്ളാനാർന്നു.

അനിയൻ ചേച്ചിനേം കൊണ്ട് ഒളിച്ചോടി എന്ന മാനക്കേട് പൊറകേ വരാണ്ടിരിക്കാനാ  കോഴിക്കോടുന്ന്  ആ മാന്തോടി വണ്ടി കേറിയേ.   നാടും നാട്ടാരും മഷി ഇട്ടാപ്പോലും ഈ എടവകക്കുന്നിലെ ഓലപെര കണ്ടു പിടിക്കാൻ ഒക്കത്തില്ലല്ലോ.

പെരയ്ക്കാത്തും, വയറ്റിലും കാറ്റാർന്നേലും, കൊച്ചുഞെന്റെ വയറ്റിൽ കേറിയങ്ങു വീർക്കാൻ തുടങ്ങി.  അവൻ പുറത്തു ചാടാൻ തിടുക്കം കൂടുന്തോറും, ചേട്ടായിക്കു വീട്ടിൽ വരാൻ തിടുക്കം കുറഞ്ഞു.  കൊച്ചയ്യപ്പന്റെ ഷാപ്പിലും, പാറൂന്റെ  പൊരയ്ക്കലും ആയി ചേട്ടായി ആടി നടന്നു.  രാത്രി ചേട്ടായി ഇല്ലാതെ ജോസൂട്ടിയെയും അടുക്കി കിടക്കുമ്പോൾ, ഒത്തിരി കരഞ്ഞിട്ടുണ്ട്, ഓലക്കിടയിലൂടെ തുറിച്ചു നോക്കണ ആകാശം കണ്ടു പേടിച്ച്‌.

അങ്ങനെ കരഞ്ഞു വിളിച്ചോണ്ട് ഒരീസം  കെടക്കുമ്പളാ , ആ നിലാവിക്കൂടെ  നാട്ടുമാവിന്റെ മറേക്കൂടെ ഒരു കൈ എന്റടുത്തേക്കു വന്നത്. പറഞ്ഞാ നിങ്ങള് വിശ്വസിക്കൂല ..തലയും ഉടലും ഇല്ലാത്തൊരു കൈ.
ഞാൻ പേടിച്ചാലറിപ്പോയി കേട്ടോ ..പക്ഷെ ആ കൈക്കെന്നോട് സ്നേഹാർന്നു ... എന്റെ തലയിൽ തലോടി.. നിറഞ്ഞ വയറ്റിൽ തലോടി എന്നെ ഒറക്കാൻ   നോക്കിയിട്ടും ഞാൻ പേടിച്ചു വിറച്ചു പോയെട്ടോ.. ഇതൊന്നും എനിക്ക് ശീലോല്ലാത്തതല്ലേ. എന്റെ അലർച്ച കേട്ട്  കൊങ്ങിണിക്കാട്ടിൽ പതുങ്ങിയ കുറുക്കൻ ഓരിയിട്ടു..അത് കേട്ട് പേടിച്ചാ കൈ  വന്നത് പോലെ മാവിന്റെ മറവിലേക്കു പോയി.

പിന്നെ ഇതൊരു പതിവായി. രാത്രീന്നില്ല, പെലകാലെ മഞ്ഞിന്റെ മറ പറ്റി , നട്ടുച്ചക്ക്  മാവിന്റെ നിഴല് പറ്റി ... ഒച്ചയുണ്ടാക്കാതെ ആ കൈ ഇങ്ങനെ ഉയർന്ന് വന്നു. അത് വന്നപ്പോഴൊക്കെ ഞാൻ അലറി. അങ്ങനെ ഒരു രാത്രീലെ അലർച്ചയിലാണ് കൊച്ചൂഞ് ഞെട്ടി വയറ്റിന്നു പുറത്തേക്കു ചാടിയത്.

വെരതൂറി ജോസൂഞ്ഞു മരിച്ച അന്നും മൊടങ്ങാതെ അത് വന്നു .. തലയിൽ തലോടി കണ്ണീരു തൊടച്ചുതന്നു..അപ്പൊ എനിക്ക് ദേഷ്യാ വന്നേ .. ദേഷ്യത്തോടെ   ഞാൻ അലറിയപ്പോ,  ശവാടക്കിന്   വന്ന നാട്ടുകാര് പറഞ്ഞു  "  അവളുടെ എളക്കം ഇനി കൂടും.. നോക്കിക്കോ  ആദ്യോക്കെ രാത്രീലെ ഒള്ളായിരുന്നു ഇപ്പൊ നട്ടുച്ചക്ക് വരെ ' ചേട്ടായി വായോ ' എന്ന കരച്ചിലാ".

പിന്നത്തെ രണ്ടു കൊല്ലം അടുപ്പിച്ചു പാറു  പെറ്റപ്പഴാ പൊരയ്ക്കലെ  പണിയരെല്ലാം ചേർന്ന് ചേട്ടായിയെ പിടിച്ചോണ്ട് പോയി അവളെ കെട്ടിച്ചേ. സങ്കടം കൊണ്ട്   ഞാനും കൊച്ചൂഞ്ഞും ഒരുപാട് കരഞ്ഞു അന്ന് ഞങ്ങടെ സങ്കടം കണ്ടോണ്ട് കൊങ്ങിണിക്കാട്ടിലെ കുറുക്കനും ഓരിയിട്ടു. സമാനപെടുത്താൻ വേറെ ആരാ ഞങ്ങൾക്ക്...മുറ തെറ്റാതെ വരുന്ന കൈ അല്ലാതെ ?

ചേട്ടായി പോയേപ്പിന്നെ ഈ കൈ കടത്തൽ കൂടിക്കൊണ്ട് വന്നു... എന്ത് ഏത്  എന്ന്  നോക്കാതെ. വാര്യമൂല ടീച്ചറുടെ കണ്ടത്തിൽ കൊയ്യാൻ പോകുമ്പോൾ, അരിവായ്ക്കും പുല്ലിനും ഇടയ്ക്കൂടെ,  മൂപ്പാട്ടിലെ ജോയാക്ക്  ചേട്ടന്റെ വീട്ടിൽ കാപ്പി പറിക്കാൻ പോയാൽ റക്കഎടുക്കാൻ  കാത്തു നിൽക്കണ കാപ്പി കൊമ്പുകൾക്കിടയിലൂടെ...

എനിക്ക് സഹിക്കാൻ മേല ഇങ്ങനെ... ഇരുട്ടിനെ പേടിച്ച്‌ , മഴയെയും ആകാശത്തെയും  പേടിച്ച്‌, നാട്ടിലെ പകലാങ്ങളമാരെ പേടിച്ച്‌...നേരോം നെറിയുമില്ലാതെ കേറിവരുന്ന ഈ കൈ പേടിച്ച്‌ ഇങ്ങനെ..

ഒടുക്കം സഹികെട്ടാ ഞാൻ ഇന്ന്പറഞ്ഞെ... എന്നാ പിന്നെ എന്നെ അങ്ങെടുത്തോളാൻ...കണ്ടോ നിങ്ങൾ അതെന്നെ എത്ര കരുതലോടെയാ എടുത്തു ഈ നാട്ടുമാവിന്റെ കൊമ്പിൽ തൂക്കിയിരിക്കണെന്ന്... കാറ്റിനൊപ്പം, തറ തൊടാതെ  എന്നെ ആട്ടണെന്ന്  .. കൊച്ചുഞ്ഞും കൂടെ വേണം എന്നത് എന്റെ വാശി തന്നെയായിരുന്നു..!


Thursday, September 15, 2016

രുഗ്മിണിമാർക്ക്ഒളിഞ്ഞു നോക്കിയാലും,
ഉടുതുണി ഉരിഞ്ഞാലും
പെണ്ണുടലിൻ വെണ്ണ ഊറ്റിയാലും,
ഉള്ളം തൊടാത്ത വാക്കിനെ
കവിതയാക്കി  വിൽക്കുന്ന കൃഷ്ണാ..
നിനക്കറിയാം നിന്നെയാരും
'തന്തയില്ലാത്തവൻ'
എന്ന് വിളിക്കില്ലെന്ന്...!!!

"അത്  കഴിവ്" ...അതെ സമ്മതിക്കുന്നു !
 എന്നാലും എനിക്ക് ചിലപ്പോൾ
 സഹതാപമാണ്, രുഗ്മിണിയോട്...

ഒരുപാടധരങ്ങൾ മുരളിയാക്കിയവനെ
എല്ലാമറിഞ്ഞും ഏറ്റി നടക്കേണ്ടുന്ന;
"കണ്ണൻ  ഗേഹത്തിന്റെ ഐശ്വര്യം"
എന്ന് നാലാളു കാണാൻ
താലി  തൂക്കേണ്ടുന്ന

അവളുടെ ഗതികേടോർത്ത്...!!!


Wednesday, September 14, 2016

പുതിയ അക്ക്വേറിയം

തീയും പുകയും കണ്ടു ഞെട്ടിയിട്ടല്ല;

നുണയുടെ ചെകിടിപ്പിക്കുന്നഉളുമ്പ്,
പൊലിപ്പിക്കുന്ന ആഴത്തിന്റെ  
ചെമ്പിച്ച നീലം,
വേരിറക്കാൻ മണ്ണില്ലാത്തൊരു പറ്റം
പുല്ലാനികൾ,

ഇതൊക്കെ കണ്ടു മടുത്താണ്
കാവേരിയെ ഒഴുക്കി വിട്ടു ഞാൻ 
ഒരുഅക്ക്വേറിയം വാങ്ങിയത്.

ഒച്ചയും ഒഴുക്കും ഇല്ലെങ്കിലെന്താ  
തുടക്കവും, ഒടുക്കവും 
ആഴവും, വ്യാപതിയും 
ഒന്നും അനിശ്ചിതമല്ലല്ലോ...!!!

Saturday, September 10, 2016

വേട്ടക്കാരൻ

അവന് കണ്ണന്റെ നിറം മാത്രമല്ല 
കാളകൂടത്തിനെ ഗുണവും...

അവൻ വല നെയ്യുകമാത്രമല്ല
കരളൊട്ടുന്ന വരികൾ കൊണ്ട് 
തക്കം പാർക്കുകയും...

അവൻ ആയിരം കൊളുത്തുള്ള ഒറ്റചൂണ്ടമാത്രമല്ല
നഞ്ചുപേറുന്ന നെഞ്ചിൻകൂടവും
എന്നാൽ
വലയിലാകുന്നതും, ചൂണ്ടയിൽ കുരുങ്ങുന്നതും
നെഞ്ച് പിടഞ്ഞു തെറിക്കുന്നതും
കവിതേ നിന്നോടൊപ്പം ഞാൻ കൂടിയാണല്ലോ...!

അലക്‌സാ

നിങ്ങൾ അവനെ ഗ്രീൻഫിഞ്ച് എന്ന് വിളിച്ചോളു
പക്ഷെ ഞാൻ അലക്‌സാ എന്ന് വിളിക്കും.

ചെമ്മരിയാടുകൾ മേയുന്ന കുന്നിൻ ചരുവിൽ
മഞ്ഞും മഴയും ഇണചേർന്ന് പൊഴിയുമ്പോൾ,
അലക്‌സാ പിയാനോയിൽ അതിമൃദുലമായി
എന്നെ വായിക്കുന്നു .

നിങ്ങൾക്കെന്നെ  ജി മേജർ എന്നോ, പ്രണയം എന്നോ
ഇനി അതല്ല പേര് തന്നെയോ  വിളിക്കാം.

അതിശക്തം ചൂളം കുത്തുന്ന കാറ്റിൽ,
തൊലി കരിക്കുന്ന വെയിലിൽ
അവൻ വാക്കുകൾക്കു ദാഹിക്കുമ്പോൾ
ഞാൻ അവന്റെ വിരലിൽ മുത്തി
ചുണ്ടിൽ പെയ്യുന്നു.

പുഴയൊഴുകും വഴികളിൽ
കാറ്റാടിപ്പാടത്തിൻ കുളിരിൽ
മുന്തിരി പെയ്യും മലമടക്കിൽ
നനുത്ത കരിമ്പടം പുതച്ചു
ഞങ്ങൾ ഒളിച്ചു കളിക്കുന്നു..

ചിറകു വിടർത്തി അലക്‌സാ പറക്കുമെന്നും,
സ്വനതന്ത്രികളിൽ അവനെന്നെ
കുടിവയ്ക്കുമെന്നും
അശരീരി കേൾക്കുമ്പോഴും
ഞങ്ങൾ ഒളിച്ചുകളി തുടരുന്നു...!

Thursday, September 08, 2016

തുന്നൽക്കാരൻ

നീ അപ്പോഴും തുന്നുകയായിരുന്നു,
ഞാനത് ശ്രദ്ധിച്ചതേയില്ല,
നീ ചൂണ്ടിയ ഇടങ്ങളിലേക്ക്
മിഴിച്ചു നോക്കിയതല്ലാതെ.

ആദ്യം കൈചൂണ്ടിയ കോണിൽ ഒരു കവയിത്രി-
കണ്ണിൽ കരി നിറച്ചു, വാക്കിൽ തീയും പുകയും ചീറ്റി
നിന്നെ നഷ്ടപ്പെട്ടതിൽ എഴുതിക്കൊണ്ടേയിരിക്കുകയായിരുന്നു..
അവളിപ്പോൾ മറ്റാരുടെയോ വെപ്പാട്ടിയെന്നു നീ
തറപ്പിച്ചു പറയുന്നുണ്ടായിരുന്നു;
സത്യം തന്നെ ആയിരിക്കണം...!
വടക്കോട്ടു ചൂണ്ടിയിടത്തൊരു ഒരു പെണ്ണ്
വിമാനം ഇറങ്ങി,
നിന്നെയും കാത്തുനിൽക്കുകയായിരുന്നു.
"അവൾ ഭർത്താവിനെയും മക്കളെയും
പുറംരാജ്യത്തുവിട്ട് ആടിക്കുഴയാൻ വന്നിരിക്കുന്നു"
എന്ന് നീ പറഞ്ഞതും
നേര് തന്നെ ആയിരിക്കണം..!

എന്റെ കണ്ണിൽ നോക്കാതെ തുന്നുന്ന നീ,
കഴുത്തു കൊണ്ട് ചൂണ്ടിയ ഇടത്ത്
സർവ്വാഭരണ ഭൂഷിതയായ നിന്റെ ഭാര്യആയിരുന്നു,
കുടുംബം നോക്കാതെ ബ്യൂട്ടി പാർലറിൽ
പോകുന്ന, സ്നേഹിക്കാനും പ്രണയിക്കാനും അറിയാത്ത
അവളൊരു അപശകുനം തന്നെ ആയിരുന്നു
"അയ്യോ പാവം നീ"യെന്നു ഞാൻ
മനസ്സിൽ എത്ര വിലപിച്ചു...!

കാലുയർത്തി നീ ചൂണ്ടിയിടത്തു, മറ്റൊരു പെണ്ണ്,
"പൊട്ടത്തിയാ എല്ലാം കണ്ണടച്ച് വിശ്വസിക്കും,
അനുഭവിക്കാൻ കൊള്ളാം,
പണച്ചിലവില്ല, മുത്തേ പോന്നെന്നു
അല്പം നീട്ടിവിളിച്ചാൽ മതി"
അത് കേട്ട്, നിന്റെ ബുദ്ധിയോർത്ത്,
പൊട്ടത്തിയെ ഓർത്ത്
പൊട്ടിചിരിച്ച ഞാൻ ഞെട്ടിത്തരിച്ചു ...
ചിരി എന്തെ അവളിൽ നിന്നുയരുന്നു?
ൻഹേ...! അതിനിടയിലെപ്പോഴാണ്,
നീ തുന്നൽ മതിയാക്കി,
കുപ്പായം എന്നെ ഇടുവിച്ചാ,
കഥകേൾക്കുന്നിടത്തൊരു മഴത്തോഴിയെ
കുടിവച്ചത്?

ചൂണ്ടിയയിടങ്ങളിൽ നോക്കി ചിരിച്ച ചിരിയുടെ
കുറ്റബോധം വേട്ടയാടുമ്പോഴും,
ഇരയുടെ ഭാവം മാറ്റി ഞാൻ ഒതുങ്ങിയിരിക്കട്ടെ,
ഇനിയും വന്നു ചേരാൻ ഉള്ളവർക്കായി
ഒരു കരുതി വയ്പ്പ്...!!

പക്ഷെ , നീ ചാർത്തിയ കുപ്പായത്തിനുള്ളിൽ
ഇപ്പോഴും, നിന്റെ സ്നേഹത്തിന്റെയും,
കരുണയുടെയും, നന്മയുടെയും
ലേലം വിളികൾ...!!!