കഥകൾ

Tuesday, August 09, 2016

നിഹ്‌ല

ഈ കഥയിലെങ്കിലും അവനെയും അവളെയും വിന്യസിക്കുമ്പോൾ ഒരുപോലെ ന്യയീകരിക്കുന്ന  നിലപാടെടുക്കണം എന്നവൾ ആദ്യമേ തീരുമാനിച്ചിരുന്നു. വ്യക്തമായ പ്ലോട്ടും രണ്ടുപേരുടെയും രൂപഭാവങ്ങളും എന്തിന്,  ചലനങ്ങൾ പോലും അവളിൽ  ഭദ്രമായിരുന്നു.

20 വർഷങ്ങൾക്കുശേഷം ഒരു കെ എസ്‌ ആർ ടി സി  ബസ്സിൽ നന്ദ റഫീക്കിനെ കാണാൻ പോകുന്നു; ഒരു ബുക്കും, കുറെ ഓർമ്മകളും, പറയാതെ ഒഴുക്കിയ ജീവിതവും ചേർത്ത് പിടിച്ച്.  ഒറ്റയ്ക്ക് ജീവിതം നേരിടുന്ന തന്റെടിയായ അവളെ കാത്ത് അവൻ ബസ്‌ സ്റ്റോപ്പിൽ നില്ക്കുന്നു. ഒരു ലൈബ്രറിയുടെയോ കോഫി ഷോപ്പിന്റെയോ സ്വകാര്യതയിൽ അവൾ പണ്ട് പറയാൻ ആഗ്രഹിച്ചതൊക്കെയും  ഒരു സങ്കോചവും കൂടാതെ പറയുന്നു. പറയാതെ എല്ലാം അറിഞ്ഞിരുന്ന അവൻ അവളുടെ കൈ ചേർത്തമർത്തി കണ്ണിൽ നോക്കുമ്പോൾ അവൾ ആ ബുക്ക്‌ കൈമാറുന്നു. എഴുത്തുകാരിയുടെ സ്ഥാനത്ത് 'നിഹ് ല' -   ഏതോ ഒരു കത്തിൽ അവൻ അവളെ സ്നേഹപൂര്വ്വം വിളിച്ച ഒരു പേര്. ഞെട്ടിയിരിക്കുന്ന അവന്റെ മുഖത്ത് നോക്കി  നിറഞ്ഞ ചിരിയോടെ അവൾ റോഡിലേക്ക് ഇറങ്ങുന്നു. 

എല്ലാം ഉറപ്പിച്ചവൾ എഴുതിത്തുടങ്ങി.

കഥാകാരി   ആഗ്രഹിച്ചപോലെ നന്ദ ബസ്സിൽ കയറി, എന്നാൽ ബസ്സിൽ കയറിയ നന്ദ  തന്നിഷ്ട പ്രകാരം (കഥാകാരിയെ ധിക്കരിച്ച് ) ബുക്കിൽ ഇങ്ങനെ എഴുതാൻ തീരുമാനിച്ചു .

"അടയാളപ്പെടാതെ പോയതിനും അടയാളപ്പെടുത്താതെ പോയതിനും, അവശേഷിപ്പുകൾക്കും " -  സസ്നേഹം നന്ദ.  

എന്നാൽ കഥാകാരിയുടെ അവസരോചിതമായ  ചില ഇടപെടലുകളിൽ അവൾ മനസ്സ് കൈവിട്ട സീമകളെ തിരികെ ചേർത്ത് 

"വേണ്ട  നീണ്ട മൌനങ്ങളും പൂരിപ്പിക്കപ്പെടാത്ത വരികളും പഴയ പോലെ തന്നെ ഇരിക്കട്ടെ" എന്ന്  തീരുമാനിച്ച്  ഒന്നും എഴുതാതെ ബുക്ക്‌ അടച്ച്  നിഹ് ല  എന്ന പേരിനെ ചൂണ്ടു വിരലിനാൽ തലോടി, കണ്ണുകളടച്ച്‌ സീറ്റിലെക്കു ചാഞ്ഞു. 

കഥാകാരി ആവശ്യപ്പെട്ടത് പ്രകാരം, ബസ്‌ നിന്നപ്പോൾ മനസ്സിനെ ബലപ്പെടുത്തി നന്ദ ഇറങ്ങി. നരകയറിയ മുടി ഒതുക്കി അവന്റെ അടുത്തേക്ക്‌ നടക്കവെ, കഥാകാരിക്ക് പിടികൊടുക്കാതെ,  നന്ദയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ "അവനിലെങ്ങും അവനില്ലെ'"ന്ന പരാതിയിൽ, 
'നിഹ് ലയുടെ പുസ്തകം ' നന്ദയുടെ കയ്യിൽ നിന്നും നിലത്തേക്കെടുത്തുചാടി അലമുറയിട്ടു. 

പകച്ചുപോയ നന്ദ, നിഹ് ലയെ ഓർത്ത്, ഉറക്കെ കരയാൻ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ റഫീഖ്  കഥാകാരിയെ ഉറ്റു നോക്കി. 

പറയാതെ അറിഞ്ഞതും, അറിയാതെ പറഞ്ഞതും പരസ്പരപൂരകമായിരുന്നു,  എന്നിട്ടും എന്നും തനിക്കവൾ അന്യം,  എന്ന സത്യം മറന്നവൻ, കഥാകാരിക്ക്  നിയന്ത്രണാതീതനായി നന്ദയെ നെഞ്ചോടു ചേർത്തമർത്തി. 

കൈവിട്ട കഥയുടെ ഗതിയറിയാതെ എഴുത്തുകാരി, തന്റെ കഴിവുകേടിൽ നിസ്സഹായായി എഴുത്ത് മേശയിൽ തലചായ്ച്ച്  വിതുമ്പി .7 comments:

 1. നമ്മള്‍ നമ്മളില്‍തന്നെ അസംതൃപ്തരും,അസ്വസ്ഥരും ആകുമ്പോള്‍ ഉണ്ടാകുന്ന മുഹൂര്‍ത്തങ്ങള്‍.....
  ആശംസകള്‍

  ReplyDelete
 2. എഴുത്തുകാരി ഇച്ചിരൂടെ തന്റേടപ്പെടട്ടെ.

  ReplyDelete
 3. keyooooooooooooooooooooseeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

  ReplyDelete
 4. അടയാളപ്പെടാതെ പോയതിനും അടയാളപ്പെടുത്താതെ പോയതിനും, അവശേഷിപ്പുകൾക്കും.....

  ആശംസകള്‍

  ReplyDelete