കഥകൾ

Monday, February 08, 2016

നിള


'സരോവിവ' യിലേക്കുള്ള  ഒതുക്കുകല്ലുകൾ  കയറുമ്പോൾ,  ഉമേഷിന്റെ കാലുകൾ  ഹൃദയത്തോടൊപ്പം വിറകൊണ്ടു. 

എല്ലാ മഴക്കാലത്തെയും പോലെ, പതിവ് തെറ്റാതെ മുറ്റം നിറയെ പെയ്ത 'ബോട്ടിൽ ബ്രഷി'ന്റെ ഇലകൾ...!
നൂലുമുറിയാതെ  പെയ്യുന്ന മഴയിൽ, മണ്ണിനെ പുണർന്നു  കിടക്കുന്ന ഇലകളെ അലട്ടകൊണ്ട് പടിയിറക്കുമ്പോൾ, അടിയിൽ പുളയുന്ന മണ്ണിരയെയും,  പാത്തും പതുങ്ങിയും ചോരയൂറ്റുന്ന 'പിറ്ക്ക്'കളെയും, തോട്ടപ്പുഴുക്കളെയും കുറിച്ച് എത്ര അതിഭാവുകത്വം  കലർത്തിയാണ് മണിക്കുട്ടി പറഞ്ഞിരുന്നത്.  

പെട്ടെന്ന്,  ഇടതു നെഞ്ചിൽ പതിച്ച ഒരു  മഴത്തുള്ളി ഉമേഷിനെ ഉണർത്തി.  കുടഞ്ഞു കളയാൻ  നീണ്ട വിരലിനെ, കീശയിൽ  പൊങ്ങി നിന്ന കത്ത് തടഞ്ഞു. ("പന്ത്രണ്ട് കൊല്ലം ഇപ്പുറം ടീച്ചറമ്മയിൽ നിന്ന് ഇങ്ങനെ ഒരു കത്ത് പ്രതീക്ഷിച്ചിരുന്നെയില്ലല്ലോ " ); അറച്ചറച്ച് ആ വിരൽ    കോളിംഗ് ബെല്ലിലേക്ക് നീങ്ങി.

മുകളിലെ കിടപ്പ് മുറിയോളം പൊങ്ങിയ മാവിൽ ഒട്ടി അലമുറയിടുന്ന ചീവീടും, " തറാം പിള്ളേരെ  ..തറാം പിള്ളേരെ" എന്ന് വെള്ള കീറുന്നതിനു മുന്നേ കച്ചേരി നടത്തുന്ന ആമ്പൽ കുളത്തിലെ തവളകളും, ആവിപാറുന്ന ഒരു  വെല്ലക്കാപ്പിയുടെ  മധുരം ഓർമ്മയിൽ പകരാൻ തുടങ്ങുമ്പോഴേക്കും, വാതിൽ  തുറക്കപ്പെട്ടു.

"കയറി ഇരിക്കൂ .. കുഞ്ഞിനെ ഉറക്കുകയാണ്, ഇപ്പൊ വരും". 
ഒരുപാട് തവണ തനിക്കും കൂട്ടുകാര്ക്കും വച്ച് വിളമ്പിയ, തന്റെ അടിവസ്ത്രം പോലും അലക്കിത്തന്നിരുന്ന, അമ്മയേക്കാൾ കരുതൽ  തന്നിരുന്ന, ' ആ സ്ത്രീ അടുക്കളയിലേക്കു പിൻവാങ്ങി. മുന്നിലെ ഷോ കേസിൽ  ഇരുന്ന്  മണിക്കുട്ടിയുടെ റാങ്കിന്റെ  പ്രശംസാപത്രം  'കൊല്ലാം  തോല്പ്പിക്കാൻ ആവില്ല' എന്ന്, അവനെ നോക്കി  ഊറിച്ചിരിച്ചു. 

കാലിപ്പാട്ടയിലെ എലിയെ പോലെ ഓടിക്കളിച്ചിരുന്ന, ഒരിക്കലും ചിരിമായാത്ത നീലിമ എല്ലാവരുടെയും മണിക്കുട്ടി ആയിരുന്നു. എവിടെയും 'റിബൽ' ആയി നടന്നിരുന്ന, ബന്ധങ്ങളിലും, പ്രണയങ്ങളിലും പരാജയം മാത്രമായിരുന്ന ഒരു കാലത്താണ്, ചേച്ചിയുടെ പ്രിയശിഷ്യ തന്റെ ജീവിത്തതിലും ഒരു മണി കിലുക്കമായത്. അവളിലൂടെ ആയിരുന്നല്ലോ നഷ്ടപ്പെട്ട ഓരോ ബന്ധങ്ങളിലെക്കും താൻ നടന്നു കയറിയതും. പലപ്പോഴും അവളറിയാതെ ചില ബന്ധങ്ങളിൽ വീണുമുറുകിയതും.

നിള  എന്ന പേരുള്ള ഒരു ഉണ്ണിക്കനി ആയിരുന്നു അവളുടെ കനവിലും നിനവിലും. പക്ഷെ   അവളുടെ അടുത്തെത്തുമ്പോഴൊക്കെയും, 'ആർട്ട്‌സിലെ ആദ്യ പ്രണയവും, പിന്നീട് കൂടെ ചേർന്ന വിപ്ലവം നിറഞ്ഞ പെൺ സൌഹൃദങ്ങളും, ഉണരാൻ മടിക്കുന്ന  പൌരുഷവും (ഇതിൽ ഏതെന്നു ഇപ്പോഴും അറിയില്ല) എന്നും തന്നെ  കിടത്തി ഉറക്കിക്കളഞ്ഞു.   

മച്ചി എന്ന് തന്റെ  അമ്മ ആക്ഷേപിച്ചപ്പോൾ  അവൾ ഒരക്ഷരം പറയാതെ കവിതകളെഴുതി. അവളെന്ന മണ്ണിനേക്കാൾ തനിക്കേറെ പ്രിയമുള്ള നിലങ്ങളിൽ മേഞ്ഞു നടന്നപ്പോൾ, തന്റെ കുറവുകൾ മറയ്ക്കാൻ അവളെ സംശയത്തിന്റെ മറയിൽ നിർത്തിയപ്പോൾ, കണ്ണ് നിറച്ചവൾ  'ഇനിയും പഠിക്കാൻ പോണം' എന്ന് മാത്രം ആവശ്യപ്പെട്ടു.  

പക്ഷെ, 'എല്ലാവരുടെയും വേദനയ്ക്കും, കണ്ണീരിനും ഒരേ നിറമെന്ന്  നിങ്ങൾ ഇനി അറിയും, ഒപ്പം നിങ്ങളുടെ അമ്മയും' എന്ന കുറിപ്പും, വീട്ടുകാരിലും നാട്ടുകാരിലും ഒരു ചോദ്യചിഹ്നവും ബാക്കിയാക്കി, പഠനം കഴിഞ്ഞ്, അവൾ തന്നിൽ നിന്നും ഇറങ്ങി നടന്നു.

കാലം ഒഴിച്ചിട്ട തന്റെ സൌഹൃദ, പ്രണയ ബന്ധങ്ങളുടെ ഒഴിഞ്ഞ ബഞ്ചുകൾക്കൊക്കെ ഇന്ന് വയലറ്റ് ബാധിച്ചിരിക്കുന്നു ... ഓഫീസിനോടു ചേർന്ന ഒരൊറ്റ മുറിയിൽ ഞാൻ ജീവിതം ആഘോഷിക്കുന്നു എന്ന് തന്റെ ഈഗോയെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. പക്ഷെ അപ്പോഴും താൻ തന്നെയാണ് ഏറ്റവും വല്യ പ്രഹസനം എന്ന് കടന്നു പോകുന്ന ഓരോ നിമിഷവും തന്നെ പരിഹസിച്ചു കൊണ്ടേയിരിക്കുന്നു.

  "മോൾ ഉറങ്ങുന്നെയില്ല. അമ്മയോട് പറഞ്ഞിരുന്നു അറിയിക്കേണ്ട എന്ന്. കേട്ടില്ല. " 

ചിന്തകളിൽ നിന്നു തിരിച്ചു കയറിയിട്ടും, അവളെ നോക്കാനുള്ള വിഷമത്തിൽ ഉമേഷ്‌  കാപ്പിയിലേക്ക് മുഖം പൂഴ്ത്തി ചോദിച്ചു,  " മോളുടെ പേര്"?

"നിള,... പിന്നെ മൂപ്പർക്ക് ഇത്തിരി എഴുത്തിന്റെയും വായനയുടെയും അസുഖമുണ്ട്; മധവിക്കുട്ട്യെ വല്യ ഇഷ്ടാ. അതോണ്ട്  ആമിന്ന്  വീട്ടില് വിളിക്കും".

"ഉമേ അങ്ങനെ മച്ചിയിലും നിള ഉറവായി" ടീച്ചറമ്മയുടെ ഉയർന്ന 'ആത്മഗതം' കേട്ട്, ഇറങ്ങാൻ വഴികിട്ടാതെ കാപ്പി ഉമേഷിന്റെ തൊണ്ടയിൽ കിടന്നു തിളച്ചു.

ടീച്ചറമ്മയുടെ  തറഞ്ഞ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ വാതിപ്പാളിയുടെ വിടവിലൂടെ അവൻ പുറത്തു ചാടവെ,  കുഞ്ഞുനിളയുടെ കരച്ചിൽ, പൊട്ടിച്ചിരിയായി അവന്റെ ചെവിയിൽ  മുഴങ്ങി...
അവനിലെ ഷൺഡത്വം മരുഭൂവിലൊരു നിളക്കായി  ദാഹിച്ചു.
22 comments:

 1. Replies
  1. ചിരീടെ അർഥം മനസ്സിലായിട്ടോ... പേരുകളുടെ സാമ്യം...എനിക്കും ചിരി സഹിക്കാൻ വയ്യ.

   Delete
 2. കൊള്ളാട്ടോ ,,,,,, നന്നായിട്ടുണ്ട് ,,,
  ആശംസകൾ

  ReplyDelete
  Replies
  1. സത്യത്തിൽ കയ്യൊതുക്കം ഇല്ല എന്നൊക്കെ അറിയാം...
   എന്നാലും സ്നേഹപൂർവ്വമുള്ള വാക്കിനു നന്ദി, സ്നേഹം

   Delete
 3. കഥ കൊള്ളാം. പലതും ദുരൂഹം. എങ്ങിനെ ഒഴിവായി എന്നതിന് വിസ്വസനീയമായൊരു വിവരണം ഇല്ല. കത്തെഴുതുക, കാണുമ്പോൾ ഇരിയ്ക്കൂ എന്ന് പറഞ്ഞു മാറുക, ആത്മഗതതിലൂടെ കുത്ത് വാക്ക് പറയുക എന്ന ടീച്ചറമ്മയുടെ സ്വഭാവം. എവിടെ പിഴച്ചു എവിടെയാണ് തെറ്റ് എന്ന് ശക്തമായി പ്രതിപാദിച്ചു കണ്ടില്ല. എഴുത്ത് നന്നായി.

  ReplyDelete
  Replies
  1. ദുരൂഹമല്ലേ ജീവിതം പോലും, പിന്നെ കഥ അങ്ങനെ ആകാതെ തരമുണ്ടോ ;പ
   മകളെ വഴിക്കാക്കിയവനോടുള്ള വെറുപ്പ്‌ പ്രതികാരം. ഒരുപാട് നന്ദി വിപിൻ ഓരോ വരവിനും പങ്കിടുന്ന സമയത്തിനും

   Delete
 4. നന്നായിട്ടുണ്ട് ,,,
  ആശംസകൾ Dear keyooooooooooooose

  ReplyDelete
  Replies
  1. കമന്റ്‌ഉം കോപ്പി പേസ്റ്റ് ആണല്ലോ ഷംസുവെ

   Delete
 5. പ്രകൃതി കൊണ്ട് ഓരോ വരിയും മനുഷ്യനെയും സന്നിവേശിപ്പിച്ച രീതി ഇഷ്ടായി കഥയിലെ
  അതിലും ടീച്ചറമ്മ എന്നാ കഥാപാത്രത്തിന് നായികയെക്കാൾ അടുപ്പം തോന്നി
  കഥ ഗംഭീരം

  ReplyDelete
  Replies
  1. ബൈജു ഇങ്ങനെ പറയുമ്പോൾ കളിയാക്കുകയാണോ എന്ന് സംശയം. നിങ്ങളുടെ ഉപമകളും ഉത്പ്രേക്ഷകളും കണ്ടു ഞെട്ടിയിട്ടുള്ള ആളാണ്‌ ഞാൻ.
   ചിലപ്പോൾ പ്രകൃതിയാണ് ഒരു കഥ ഇട്ടു തരിക. രാവിലെ ഒരു ദിനം മുറ്റം അടിച്ചപ്പോൾ പിറന്ന ചിന്തതന്നെ. രാത്രി മുഴുവൻ മഴ പെയ്തിരുന്നു....
   അല്ലെങ്കിലും ടീച്ചർഅമ്മയോളം കരുത്ത് മണിക്കുട്ടിക്ക് ഇല്ലല്ലോ ബൈജു..

   ഒരു പാട് നന്ദി ... വായനക്ക്, നല്ല വാക്കുകൾക്ക്

   Delete
 6. അനിവാര്യമായ പ്രതികാരം.അതങ്ങനെ തന്നെ ആകുകയും വേണം.

  നന്നായിട്ടുണ്ട്‌.


  പിന്നെ 'അലട്ട കൊണ്ട്‌'/'പിര്ർക്ക്‌' .ഇതൊക്കെ എന്നാതാന്ന് മനസ്സിലായില്ല
  .

  ReplyDelete
  Replies
  1. സുധി... കുറുന്തോട്ടി കൊണ്ട് ചൂലുണ്ടാക്കും, മുറ്റം അടിക്കാൻ, അതിനെ അലട്ട എന്നും പറയും . പിന്നെ മഴക്കാലത്ത് കൂടുതൽ ഉണ്ടാകുന്ന കുഞ്ഞിക്കുഞ്ഞി കൊതുകുകള ഉണ്ട്.. പിറ്ക്ക് എന്ന് വല്യമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.

   ഒരു പാടിഷ്ടം ഈ പ്രതികാരം നന്നെന്നു പറഞ്ഞതിന്

   Delete
 7. ആമി എന്ന പേര് ഇഷ്ടമില്ലാത്ത എഴുത്തുകാരുണ്ടോന്നാഎന്‍റെ സംശയം !!

  എവിടെയും ആരും കുടുങ്ങിക്കിടക്കേണ്ടതില്ലല്ലോ... കഥ ഇഷ്ടായി.. അങ്ങനെ തന്നെ വേണം.!!
  പിന്നെ പ്രതികാരം തീര്‍ക്കാന്‍ വേണ്ടി മാത്രമാണോ വിളിച്ചു വരുത്തിയത്?
  അങ്ങനെയെങ്കിൽ വന്നു തലവച്ചുകൊടുത്തതെന്തിന്? എന്നെല്ലാം ചില സംശയങ്ങൾ..

  ReplyDelete
  Replies
  1. തീര്ച്ചയായും പ്രതികാരം തന്നെയാകും അല്ലാതെ അവരുടെ ഉള്ളിൽ ഒരു തരി സ്നേഹം ഉണ്ടാകുമോ സ്വന്തം മകളെ വിഷമിപ്പിച്ച ആളോട്? എവിടെയും സ്ഥാനം നഷ്ടപ്പെട്ട ഒരാൾക്ക്‌, ഒരാൾ എങ്കിലും കാണണം എന്ന് പറയുമ്പോൾ അടിപ്പെട്ടു പോയതാകാം, വികാരത്തിന്.

   Delete
 8. സുധി പറഞ്ഞ പോലെ എനിക്കും ചിലതൊന്നും മനസ്സിലായില.

  ReplyDelete
  Replies
  1. എനിക്കും അങ്ങനെത്തന്നെ അരീക്കോടാ ;P

   Delete
 9. അവ്യക്തമായതെന്തോ വ്യെക്തമാകുന്നു .....

  ReplyDelete
  Replies
  1. വ്യക്തമെന്നു തോന്നുന്നതും ചിലപ്പോൾ മായയാകാം ;P

   Delete
 10. രണ്ടാംവായനയിലാണ് കാര്യങ്ങള്‍ വ്യക്തമാവുന്നത്...
  മരുഭൂവിലൊരു നിളയ്ക്കായുള്ള ദാഹാര്‍ത്തമായ പോക്ക്......
  നല്ല രചന
  ആശംസകള്‍

  ReplyDelete
  Replies
  1. ചിന്തപോലെ തന്നെ ക്ലാരിറ്റി ഇല്ലായ്മ എഴുത്തിലും, ആകെയൊരു കുഴഞ്ഞു മറിയൽ അല്ലെ ;)
   എന്നാലും രണ്ടു പ്രാവശ്യമൊക്കെ വായിക്കാൻ കാണിക്കുന്ന മനസ്സിന് ഒരുപാട് സ്നേഹം.

   Delete
 11. "നിള,... പിന്നെ മൂപ്പർക്ക് ഇത്തിരി എഴുത്തിന്റെയും വായനയുടെയും അസുഖമുണ്ട്; മധവിക്കുട്ട്യെ വല്യ ഇഷ്ടാ. അതോണ്ട് ആമിന്ന് വീട്ടില് വിളിക്കും".

  :)

  ReplyDelete