കഥകൾ

Tuesday, September 20, 2016

അതിജീവനം

പൊൻകുന്നത്തൂന്നാണ്  ചേട്ടായീടെ കയ്യും പിടിച്ചു ഞാൻ കോഴിക്കോടേക്ക്‌ ബസ്സ് കയറിയത്. എളിയിലിരുന്ന ജോസൂട്ടി അപ്പളും കാറുന്നൊണ്ടായിരുന്നു. ജോസൂട്ടിടെ അപ്പന്റെ അനിയനാണെലും എന്റെ ചേട്ടായി സ്നേഹോള്ളാനാർന്നു.

അനിയൻ ചേച്ചിനേം കൊണ്ട് ഒളിച്ചോടി എന്ന മാനക്കേട് പൊറകേ വരാണ്ടിരിക്കാനാ  കോഴിക്കോടുന്ന്  ആ മാന്തോടി വണ്ടി കേറിയേ.   നാടും നാട്ടാരും മഷി ഇട്ടാപ്പോലും ഈ എടവകക്കുന്നിലെ ഓലപെര കണ്ടു പിടിക്കാൻ ഒക്കത്തില്ലല്ലോ.

പെരയ്ക്കാത്തും, വയറ്റിലും കാറ്റാർന്നേലും, കൊച്ചുഞെന്റെ വയറ്റിൽ കേറിയങ്ങു വീർക്കാൻ തുടങ്ങി.  അവൻ പുറത്തു ചാടാൻ തിടുക്കം കൂടുന്തോറും, ചേട്ടായിക്കു വീട്ടിൽ വരാൻ തിടുക്കം കുറഞ്ഞു.  കൊച്ചയ്യപ്പന്റെ ഷാപ്പിലും, പാറൂന്റെ  പൊരയ്ക്കലും ആയി ചേട്ടായി ആടി നടന്നു.  രാത്രി ചേട്ടായി ഇല്ലാതെ ജോസൂട്ടിയെയും അടുക്കി കിടക്കുമ്പോൾ, ഒത്തിരി കരഞ്ഞിട്ടുണ്ട്, ഓലക്കിടയിലൂടെ തുറിച്ചു നോക്കണ ആകാശം കണ്ടു പേടിച്ച്‌.

അങ്ങനെ കരഞ്ഞു വിളിച്ചോണ്ട് ഒരീസം  കെടക്കുമ്പളാ , ആ നിലാവിക്കൂടെ  നാട്ടുമാവിന്റെ മറേക്കൂടെ ഒരു കൈ എന്റടുത്തേക്കു വന്നത്. പറഞ്ഞാ നിങ്ങള് വിശ്വസിക്കൂല ..തലയും ഉടലും ഇല്ലാത്തൊരു കൈ.
ഞാൻ പേടിച്ചാലറിപ്പോയി കേട്ടോ ..പക്ഷെ ആ കൈക്കെന്നോട് സ്നേഹാർന്നു ... എന്റെ തലയിൽ തലോടി.. നിറഞ്ഞ വയറ്റിൽ തലോടി എന്നെ ഒറക്കാൻ   നോക്കിയിട്ടും ഞാൻ പേടിച്ചു വിറച്ചു പോയെട്ടോ.. ഇതൊന്നും എനിക്ക് ശീലോല്ലാത്തതല്ലേ. എന്റെ അലർച്ച കേട്ട്  കൊങ്ങിണിക്കാട്ടിൽ പതുങ്ങിയ കുറുക്കൻ ഓരിയിട്ടു..അത് കേട്ട് പേടിച്ചാ കൈ  വന്നത് പോലെ മാവിന്റെ മറവിലേക്കു പോയി.

പിന്നെ ഇതൊരു പതിവായി. രാത്രീന്നില്ല, പെലകാലെ മഞ്ഞിന്റെ മറ പറ്റി , നട്ടുച്ചക്ക്  മാവിന്റെ നിഴല് പറ്റി ... ഒച്ചയുണ്ടാക്കാതെ ആ കൈ ഇങ്ങനെ ഉയർന്ന് വന്നു. അത് വന്നപ്പോഴൊക്കെ ഞാൻ അലറി. അങ്ങനെ ഒരു രാത്രീലെ അലർച്ചയിലാണ് കൊച്ചൂഞ് ഞെട്ടി വയറ്റിന്നു പുറത്തേക്കു ചാടിയത്.

വെരതൂറി ജോസൂഞ്ഞു മരിച്ച അന്നും മൊടങ്ങാതെ അത് വന്നു .. തലയിൽ തലോടി കണ്ണീരു തൊടച്ചുതന്നു..അപ്പൊ എനിക്ക് ദേഷ്യാ വന്നേ .. ദേഷ്യത്തോടെ   ഞാൻ അലറിയപ്പോ,  ശവാടക്കിന്   വന്ന നാട്ടുകാര് പറഞ്ഞു  "  അവളുടെ എളക്കം ഇനി കൂടും.. നോക്കിക്കോ  ആദ്യോക്കെ രാത്രീലെ ഒള്ളായിരുന്നു ഇപ്പൊ നട്ടുച്ചക്ക് വരെ ' ചേട്ടായി വായോ ' എന്ന കരച്ചിലാ".

പിന്നത്തെ രണ്ടു കൊല്ലം അടുപ്പിച്ചു പാറു  പെറ്റപ്പഴാ പൊരയ്ക്കലെ  പണിയരെല്ലാം ചേർന്ന് ചേട്ടായിയെ പിടിച്ചോണ്ട് പോയി അവളെ കെട്ടിച്ചേ. സങ്കടം കൊണ്ട്   ഞാനും കൊച്ചൂഞ്ഞും ഒരുപാട് കരഞ്ഞു അന്ന് ഞങ്ങടെ സങ്കടം കണ്ടോണ്ട് കൊങ്ങിണിക്കാട്ടിലെ കുറുക്കനും ഓരിയിട്ടു. സമാനപെടുത്താൻ വേറെ ആരാ ഞങ്ങൾക്ക്...മുറ തെറ്റാതെ വരുന്ന കൈ അല്ലാതെ ?

ചേട്ടായി പോയേപ്പിന്നെ ഈ കൈ കടത്തൽ കൂടിക്കൊണ്ട് വന്നു... എന്ത് ഏത്  എന്ന്  നോക്കാതെ. വാര്യമൂല ടീച്ചറുടെ കണ്ടത്തിൽ കൊയ്യാൻ പോകുമ്പോൾ, അരിവായ്ക്കും പുല്ലിനും ഇടയ്ക്കൂടെ,  മൂപ്പാട്ടിലെ ജോയാക്ക്  ചേട്ടന്റെ വീട്ടിൽ കാപ്പി പറിക്കാൻ പോയാൽ റക്കഎടുക്കാൻ  കാത്തു നിൽക്കണ കാപ്പി കൊമ്പുകൾക്കിടയിലൂടെ...

എനിക്ക് സഹിക്കാൻ മേല ഇങ്ങനെ... ഇരുട്ടിനെ പേടിച്ച്‌ , മഴയെയും ആകാശത്തെയും  പേടിച്ച്‌, നാട്ടിലെ പകലാങ്ങളമാരെ പേടിച്ച്‌...നേരോം നെറിയുമില്ലാതെ കേറിവരുന്ന ഈ കൈ പേടിച്ച്‌ ഇങ്ങനെ..

ഒടുക്കം സഹികെട്ടാ ഞാൻ ഇന്ന്പറഞ്ഞെ... എന്നാ പിന്നെ എന്നെ അങ്ങെടുത്തോളാൻ...കണ്ടോ നിങ്ങൾ അതെന്നെ എത്ര കരുതലോടെയാ എടുത്തു ഈ നാട്ടുമാവിന്റെ കൊമ്പിൽ തൂക്കിയിരിക്കണെന്ന്... കാറ്റിനൊപ്പം, തറ തൊടാതെ  എന്നെ ആട്ടണെന്ന്  .. കൊച്ചുഞ്ഞും കൂടെ വേണം എന്നത് എന്റെ വാശി തന്നെയായിരുന്നു..!


Thursday, September 15, 2016

രുഗ്മിണിമാർക്ക്ഒളിഞ്ഞു നോക്കിയാലും,
ഉടുതുണി ഉരിഞ്ഞാലും
പെണ്ണുടലിൻ വെണ്ണ ഊറ്റിയാലും,
ഉള്ളം തൊടാത്ത വാക്കിനെ
കവിതയാക്കി  വിൽക്കുന്ന കൃഷ്ണാ..
നിനക്കറിയാം നിന്നെയാരും
'തന്തയില്ലാത്തവൻ'
എന്ന് വിളിക്കില്ലെന്ന്...!!!

"അത്  കഴിവ്" ...അതെ സമ്മതിക്കുന്നു !
 എന്നാലും എനിക്ക് ചിലപ്പോൾ
 സഹതാപമാണ്, രുഗ്മിണിയോട്...

ഒരുപാടധരങ്ങൾ മുരളിയാക്കിയവനെ
എല്ലാമറിഞ്ഞും ഏറ്റി നടക്കേണ്ടുന്ന;
"കണ്ണൻ  ഗേഹത്തിന്റെ ഐശ്വര്യം"
എന്ന് നാലാളു കാണാൻ
താലി  തൂക്കേണ്ടുന്ന

അവളുടെ ഗതികേടോർത്ത്...!!!


Wednesday, September 14, 2016

പുതിയ അക്ക്വേറിയം

തീയും പുകയും കണ്ടു ഞെട്ടിയിട്ടല്ല;

നുണയുടെ ചെകിടിപ്പിക്കുന്നഉളുമ്പ്,
പൊലിപ്പിക്കുന്ന ആഴത്തിന്റെ  
ചെമ്പിച്ച നീലം,
വേരിറക്കാൻ മണ്ണില്ലാത്തൊരു പറ്റം
പുല്ലാനികൾ,

ഇതൊക്കെ കണ്ടു മടുത്താണ്
കാവേരിയെ ഒഴുക്കി വിട്ടു ഞാൻ 
ഒരുഅക്ക്വേറിയം വാങ്ങിയത്.

ഒച്ചയും ഒഴുക്കും ഇല്ലെങ്കിലെന്താ  
തുടക്കവും, ഒടുക്കവും 
ആഴവും, വ്യാപതിയും 
ഒന്നും അനിശ്ചിതമല്ലല്ലോ...!!!

Saturday, September 10, 2016

വേട്ടക്കാരൻ

അവന് കണ്ണന്റെ നിറം മാത്രമല്ല 
കാളകൂടത്തിനെ ഗുണവും...

അവൻ വല നെയ്യുകമാത്രമല്ല
കരളൊട്ടുന്ന വരികൾ കൊണ്ട് 
തക്കം പാർക്കുകയും...

അവൻ ആയിരം കൊളുത്തുള്ള ഒറ്റചൂണ്ടമാത്രമല്ല
നഞ്ചുപേറുന്ന നെഞ്ചിൻകൂടവും
എന്നാൽ
വലയിലാകുന്നതും, ചൂണ്ടയിൽ കുരുങ്ങുന്നതും
നെഞ്ച് പിടഞ്ഞു തെറിക്കുന്നതും
കവിതേ നിന്നോടൊപ്പം ഞാൻ കൂടിയാണല്ലോ...!

അലക്‌സാ

നിങ്ങൾ അവനെ ഗ്രീൻഫിഞ്ച് എന്ന് വിളിച്ചോളു
പക്ഷെ ഞാൻ അലക്‌സാ എന്ന് വിളിക്കും.

ചെമ്മരിയാടുകൾ മേയുന്ന കുന്നിൻ ചരുവിൽ
മഞ്ഞും മഴയും ഇണചേർന്ന് പൊഴിയുമ്പോൾ,
അലക്‌സാ പിയാനോയിൽ അതിമൃദുലമായി
എന്നെ വായിക്കുന്നു .

നിങ്ങൾക്കെന്നെ  ജി മേജർ എന്നോ, പ്രണയം എന്നോ
ഇനി അതല്ല പേര് തന്നെയോ  വിളിക്കാം.

അതിശക്തം ചൂളം കുത്തുന്ന കാറ്റിൽ,
തൊലി കരിക്കുന്ന വെയിലിൽ
അവൻ വാക്കുകൾക്കു ദാഹിക്കുമ്പോൾ
ഞാൻ അവന്റെ വിരലിൽ മുത്തി
ചുണ്ടിൽ പെയ്യുന്നു.

പുഴയൊഴുകും വഴികളിൽ
കാറ്റാടിപ്പാടത്തിൻ കുളിരിൽ
മുന്തിരി പെയ്യും മലമടക്കിൽ
നനുത്ത കരിമ്പടം പുതച്ചു
ഞങ്ങൾ ഒളിച്ചു കളിക്കുന്നു..

ചിറകു വിടർത്തി അലക്‌സാ പറക്കുമെന്നും,
സ്വനതന്ത്രികളിൽ അവനെന്നെ
കുടിവയ്ക്കുമെന്നും
അശരീരി കേൾക്കുമ്പോഴും
ഞങ്ങൾ ഒളിച്ചുകളി തുടരുന്നു...!

Thursday, September 08, 2016

തുന്നൽക്കാരൻ

നീ അപ്പോഴും തുന്നുകയായിരുന്നു,
ഞാനത് ശ്രദ്ധിച്ചതേയില്ല,
നീ ചൂണ്ടിയ ഇടങ്ങളിലേക്ക്
മിഴിച്ചു നോക്കിയതല്ലാതെ.

ആദ്യം കൈചൂണ്ടിയ കോണിൽ ഒരു കവയിത്രി-
കണ്ണിൽ കരി നിറച്ചു, വാക്കിൽ തീയും പുകയും ചീറ്റി
നിന്നെ നഷ്ടപ്പെട്ടതിൽ എഴുതിക്കൊണ്ടേയിരിക്കുകയായിരുന്നു..
അവളിപ്പോൾ മറ്റാരുടെയോ വെപ്പാട്ടിയെന്നു നീ
തറപ്പിച്ചു പറയുന്നുണ്ടായിരുന്നു;
സത്യം തന്നെ ആയിരിക്കണം...!
വടക്കോട്ടു ചൂണ്ടിയിടത്തൊരു ഒരു പെണ്ണ്
വിമാനം ഇറങ്ങി,
നിന്നെയും കാത്തുനിൽക്കുകയായിരുന്നു.
"അവൾ ഭർത്താവിനെയും മക്കളെയും
പുറംരാജ്യത്തുവിട്ട് ആടിക്കുഴയാൻ വന്നിരിക്കുന്നു"
എന്ന് നീ പറഞ്ഞതും
നേര് തന്നെ ആയിരിക്കണം..!

എന്റെ കണ്ണിൽ നോക്കാതെ തുന്നുന്ന നീ,
കഴുത്തു കൊണ്ട് ചൂണ്ടിയ ഇടത്ത്
സർവ്വാഭരണ ഭൂഷിതയായ നിന്റെ ഭാര്യആയിരുന്നു,
കുടുംബം നോക്കാതെ ബ്യൂട്ടി പാർലറിൽ
പോകുന്ന, സ്നേഹിക്കാനും പ്രണയിക്കാനും അറിയാത്ത
അവളൊരു അപശകുനം തന്നെ ആയിരുന്നു
"അയ്യോ പാവം നീ"യെന്നു ഞാൻ
മനസ്സിൽ എത്ര വിലപിച്ചു...!

കാലുയർത്തി നീ ചൂണ്ടിയിടത്തു, മറ്റൊരു പെണ്ണ്,
"പൊട്ടത്തിയാ എല്ലാം കണ്ണടച്ച് വിശ്വസിക്കും,
അനുഭവിക്കാൻ കൊള്ളാം,
പണച്ചിലവില്ല, മുത്തേ പോന്നെന്നു
അല്പം നീട്ടിവിളിച്ചാൽ മതി"
അത് കേട്ട്, നിന്റെ ബുദ്ധിയോർത്ത്,
പൊട്ടത്തിയെ ഓർത്ത്
പൊട്ടിചിരിച്ച ഞാൻ ഞെട്ടിത്തരിച്ചു ...
ചിരി എന്തെ അവളിൽ നിന്നുയരുന്നു?
ൻഹേ...! അതിനിടയിലെപ്പോഴാണ്,
നീ തുന്നൽ മതിയാക്കി,
കുപ്പായം എന്നെ ഇടുവിച്ചാ,
കഥകേൾക്കുന്നിടത്തൊരു മഴത്തോഴിയെ
കുടിവച്ചത്?

ചൂണ്ടിയയിടങ്ങളിൽ നോക്കി ചിരിച്ച ചിരിയുടെ
കുറ്റബോധം വേട്ടയാടുമ്പോഴും,
ഇരയുടെ ഭാവം മാറ്റി ഞാൻ ഒതുങ്ങിയിരിക്കട്ടെ,
ഇനിയും വന്നു ചേരാൻ ഉള്ളവർക്കായി
ഒരു കരുതി വയ്പ്പ്...!!

പക്ഷെ , നീ ചാർത്തിയ കുപ്പായത്തിനുള്ളിൽ
ഇപ്പോഴും, നിന്റെ സ്നേഹത്തിന്റെയും,
കരുണയുടെയും, നന്മയുടെയും
ലേലം വിളികൾ...!!!

Tuesday, August 09, 2016

നിഹ്‌ല

ഈ കഥയിലെങ്കിലും അവനെയും അവളെയും വിന്യസിക്കുമ്പോൾ ഒരുപോലെ ന്യയീകരിക്കുന്ന  നിലപാടെടുക്കണം എന്നവൾ ആദ്യമേ തീരുമാനിച്ചിരുന്നു. വ്യക്തമായ പ്ലോട്ടും രണ്ടുപേരുടെയും രൂപഭാവങ്ങളും എന്തിന്,  ചലനങ്ങൾ പോലും അവളിൽ  ഭദ്രമായിരുന്നു.

20 വർഷങ്ങൾക്കുശേഷം ഒരു കെ എസ്‌ ആർ ടി സി  ബസ്സിൽ നന്ദ റഫീക്കിനെ കാണാൻ പോകുന്നു; ഒരു ബുക്കും, കുറെ ഓർമ്മകളും, പറയാതെ ഒഴുക്കിയ ജീവിതവും ചേർത്ത് പിടിച്ച്.  ഒറ്റയ്ക്ക് ജീവിതം നേരിടുന്ന തന്റെടിയായ അവളെ കാത്ത് അവൻ ബസ്‌ സ്റ്റോപ്പിൽ നില്ക്കുന്നു. ഒരു ലൈബ്രറിയുടെയോ കോഫി ഷോപ്പിന്റെയോ സ്വകാര്യതയിൽ അവൾ പണ്ട് പറയാൻ ആഗ്രഹിച്ചതൊക്കെയും  ഒരു സങ്കോചവും കൂടാതെ പറയുന്നു. പറയാതെ എല്ലാം അറിഞ്ഞിരുന്ന അവൻ അവളുടെ കൈ ചേർത്തമർത്തി കണ്ണിൽ നോക്കുമ്പോൾ അവൾ ആ ബുക്ക്‌ കൈമാറുന്നു. എഴുത്തുകാരിയുടെ സ്ഥാനത്ത് 'നിഹ് ല' -   ഏതോ ഒരു കത്തിൽ അവൻ അവളെ സ്നേഹപൂര്വ്വം വിളിച്ച ഒരു പേര്. ഞെട്ടിയിരിക്കുന്ന അവന്റെ മുഖത്ത് നോക്കി  നിറഞ്ഞ ചിരിയോടെ അവൾ റോഡിലേക്ക് ഇറങ്ങുന്നു. 

എല്ലാം ഉറപ്പിച്ചവൾ എഴുതിത്തുടങ്ങി.

കഥാകാരി   ആഗ്രഹിച്ചപോലെ നന്ദ ബസ്സിൽ കയറി, എന്നാൽ ബസ്സിൽ കയറിയ നന്ദ  തന്നിഷ്ട പ്രകാരം (കഥാകാരിയെ ധിക്കരിച്ച് ) ബുക്കിൽ ഇങ്ങനെ എഴുതാൻ തീരുമാനിച്ചു .

"അടയാളപ്പെടാതെ പോയതിനും അടയാളപ്പെടുത്താതെ പോയതിനും, അവശേഷിപ്പുകൾക്കും " -  സസ്നേഹം നന്ദ.  

എന്നാൽ കഥാകാരിയുടെ അവസരോചിതമായ  ചില ഇടപെടലുകളിൽ അവൾ മനസ്സ് കൈവിട്ട സീമകളെ തിരികെ ചേർത്ത് 

"വേണ്ട  നീണ്ട മൌനങ്ങളും പൂരിപ്പിക്കപ്പെടാത്ത വരികളും പഴയ പോലെ തന്നെ ഇരിക്കട്ടെ" എന്ന്  തീരുമാനിച്ച്  ഒന്നും എഴുതാതെ ബുക്ക്‌ അടച്ച്  നിഹ് ല  എന്ന പേരിനെ ചൂണ്ടു വിരലിനാൽ തലോടി, കണ്ണുകളടച്ച്‌ സീറ്റിലെക്കു ചാഞ്ഞു. 

കഥാകാരി ആവശ്യപ്പെട്ടത് പ്രകാരം, ബസ്‌ നിന്നപ്പോൾ മനസ്സിനെ ബലപ്പെടുത്തി നന്ദ ഇറങ്ങി. നരകയറിയ മുടി ഒതുക്കി അവന്റെ അടുത്തേക്ക്‌ നടക്കവെ, കഥാകാരിക്ക് പിടികൊടുക്കാതെ,  നന്ദയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ "അവനിലെങ്ങും അവനില്ലെ'"ന്ന പരാതിയിൽ, 
'നിഹ് ലയുടെ പുസ്തകം ' നന്ദയുടെ കയ്യിൽ നിന്നും നിലത്തേക്കെടുത്തുചാടി അലമുറയിട്ടു. 

പകച്ചുപോയ നന്ദ, നിഹ് ലയെ ഓർത്ത്, ഉറക്കെ കരയാൻ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ റഫീഖ്  കഥാകാരിയെ ഉറ്റു നോക്കി. 

പറയാതെ അറിഞ്ഞതും, അറിയാതെ പറഞ്ഞതും പരസ്പരപൂരകമായിരുന്നു,  എന്നിട്ടും എന്നും തനിക്കവൾ അന്യം,  എന്ന സത്യം മറന്നവൻ, കഥാകാരിക്ക്  നിയന്ത്രണാതീതനായി നന്ദയെ നെഞ്ചോടു ചേർത്തമർത്തി. 

കൈവിട്ട കഥയുടെ ഗതിയറിയാതെ എഴുത്തുകാരി, തന്റെ കഴിവുകേടിൽ നിസ്സഹായായി എഴുത്ത് മേശയിൽ തലചായ്ച്ച്  വിതുമ്പി .Friday, July 08, 2016

RIP

പിറക്കാനിരിക്കുന്ന വരികളിലൊക്കെയും
ഞാൻ എന്നെ,  നീ  നിന്നെ,  പേറും. 
കണ്ണു പെയ്താലും, കരൾ ഇടറിയാലും
നമുക്കിടയിലൊരു ചങ്ങാടം പോലുമില്ല
അങ്ങോ ഇങ്ങോ കരയേറാൻ...!

വിഭ്രമത്തിൽ
ഓരോ  വരി  കുറിക്കുമ്പോഴും
പ്രണയമോ  വെറുപ്പോ  നുരപൊന്തും ;
ലഹരിയിൽ നാം വീണ്ടും വീണ്ടും
എഴുതിക്കൊണ്ടേയിരിക്കും
എന്റെയും നിന്റെയും മരണം വരെയും…!

പക്ഷേ...
മഞ്ഞുപെയ്യുന്ന പുലരിയിൽ,
ചാഞ്ഞും ചരിഞ്ഞും ചാറുന്ന മഴയിൽ,
വെറുതെ കടൽ കൊണ്ടിരിക്കുമ്പോൾ,
എന്നെ പാടി ഉറക്കിയിരുന്ന പാട്ടൊന്നു
ചുണ്ടിൽ ചുംബിക്കുമ്പോൾ,
എന്നെപ്പോലെ,  നിനക്കും നഷ്ടം തോന്നും
ഭാഗ്യം കെട്ടവർ എന്നു വെറുതെ പരിതപിക്കും.

അതു കേട്ടു നമ്മെ നോക്കി പരിഹസിക്കും-
നദിക്കരയിൽ ചിതറിയൊരു സിന്ദൂരം,
അസ്തമയ ചുവപ്പുള്ളോരു വെറും ചരട്,
ആനന്ദനഗരിയിലെ കടുകിൻ പൂക്കൾ,
ചുംബിച്ചുറങ്ങിയൊരു രാവുകൾ,
നമ്മുടെ മഴ നനഞ്ഞൊരു ഇരിപ്പിടം,
ചഷകം പകുത്തോരു ചിരികൾ,
കണ്ണിറുക്കി നാമം ജപിച്ച നെയ്വിളക്ക്,
ആറ്റുവഞ്ചിയിലെ തോണിക്കാരൻ,
വഴിവക്കിലെ  ചിതറിക്കിടക്കുന്ന പുളിങ്കുരുക്കൾ,
ഉണ്ടെന്നു നീ പേർത്ത ദൈവനാമങ്ങൾ.

കണ്ണുതുടച്ച്  അപ്പോഴും പറയും നമ്മൾ, 
പഴയപടി ...
"സ്വന്തമാക്കലല്ല പ്രണയം" - നീ
"വിട്ടു കൊടുക്കലല്ല പ്രണയം"- ഞാൻ.
ഒടുക്കം...
സിരവറ്റി പിടഞ്ഞുവീഴുന്ന നമ്മളെന്ന പഞ്ജരത്തിൽ      
കൈകോർത്തു  കൊത്തിവയ്ക്കും നമ്മൾ

" അനശ്വര പ്രണയമേ  RIP"

Friday, July 01, 2016

കാറ്റിന്റെ ഭാഷ - നിന്റെയും !

കാറ്റിന്റെ ഭാഷ മരത്തിനുപോലും വശമില്ലെന്നിരിക്കെ 
ഇലകൾ എങ്ങനെയാണാവോ അതു സ്വായത്തമാക്കിയത്? 

അതുപോലെ തന്നെയായാവണം,
എനിക്കജ്ഞാതമായ നിന്റെ ഭാഷ -
അതുകേട്ടൊരു കുയിൽ പാടുന്നത്,
പൂവിരിയുന്നത്, 
മഞ്ഞുതുള്ളിയിലൊരു പുലരി
ഉമ്മവയ്ക്കുന്നത്.

അതിന്റെ തീവ്രതയിൽ തന്നെയാവണം 
ഞാൻ നിന്നിൽ കൊരുത്തുരുകുന്നത്...

ഇനിയില്ല, ഇനിയില്ലൊരു കടംപറച്ചിൽ 
വാക്കിന്റെ, നോക്കിന്റെ, 
എന്തിനു ഒരു തുള്ളി നോവിന്റെ പോലും; 
എന്നിട്ടും,
തരാതെ പോയതെന്തേ- 
ചില്ലിട്ടുവയ്‌ക്കാനായെങ്കിലും 
നിന്റെയാഭാഷാനിഘണ്ടു ??Sunday, June 26, 2016

മടക്കം


കണക്കിൽ നിന്നും
കണക്കുകൂട്ടലിൽ നിന്നും
കണ്ണും മനസ്സും അടർത്തി ഞാൻ
ജനലിലൂടെ പുറത്തേക്കു നോക്കുന്നു,
ആഞ്ഞടിക്കുന്ന കാറ്റിനെന്റെ മനസ്സുകൈമാറുന്നു;
ഒന്നു വെളുപ്പിച്ചെടുക്കാൻ അപേക്ഷിക്കുന്നു.

കാറ്റൊന്നു കശക്കുന്നു, എത്താക്കൊമ്പൊന്നിൽ തൂക്കി
അതിശക്തം ഒന്നാഞ്ഞൂതുന്നു,
പതിഞ്ഞുപോയ ഓർമ്മകളെ;
ഫലം കാണാതെ, അരിശപ്പെട്ടു ആറ്റിൽ മുക്കി നീർത്തുന്നു
പാറപ്പുറത്തൊന്നടിച്ചു നോക്കുന്നു,
വാക്കിൻ വടുക്കളെ;

"ഇനിയെങ്ങനെ?, ഇതിൽ കൂടുതൽ എങ്ങനെ ???"
കാറ്റലറുന്നു ...

വെള്ളാരം കണ്ണുള്ള മീനൊന്ന്
എത്തി നോക്കി കണ്ണിറുക്കി ചിരിക്കുന്നു
കിന്നാരം കാറ്റിൻ കാതിലോതുന്നു...
കാറ്ററിയാ ചില വാക്കുകളെ
ചിത്രത്തുന്നലാക്കി വെള്ളാരം കണ്ണൻ
മനസ്സിൽ പതിപ്പിക്കുന്നു ...
കാറ്റെനിക്കെന്റെ മനസ്സു മടക്കുന്നു

മനംപുരട്ടുന്ന വാക്കുകളെ ഞാൻ ഇങ്ങനെ
വായിക്കുന്നു
'ഒരു വീട്,
അമ്മ,
കുട്ടികൾ,
പട്ടി, വേലി,
വേലിപ്പുറകിൽ നാലു
നിസ്സഹായതമുറ്റിയ കണ്ണുകൾ,'
പിന്നെയും എന്തൊക്കയോ

ചിത്രങ്ങൾക്കൊക്കെ ഞാൻ
ഓർമ്മകളേക്കാൾ കടുപ്പമുള്ള
ചതിയുടെ ചെഞ്ചുവപ്പു പൂശുന്നു,
മനസ്സിനെ പിടിച്ചു ഞാൻ വീണ്ടും
എന്നിലടയ്ക്കുന്നു;
എന്നിട്ട്
കണക്കുകൂട്ടലുകൾ ഇല്ലാതെ
വെറും കണക്കിലേക്കു
ഞാൻ മുഖം പൂഴ്ത്തുന്നു;

ഓർമ്മകളിൽ നിന്നു പോലും
എന്നെന്നേക്കുമായി...!!!

Wednesday, February 17, 2016

എഴുത്തുകാരുടെ പ്രണയം


എഴുതുന്നത്‌ പോലെ ആണോ പ്രണയം എന്നറിയാൻ 
അവർ പ്രണയം കളിച്ചു നോക്കുന്നു.

എപ്പോഴോക്കയോ എഴുതിയതിനേക്കാൾ 
മനോഹരമായി, 
പ്രണയിക്കുന്നു; ഇണചേരുന്നു.
മറ്റു ചിലപ്പോൾ എഴുതിയതിനേക്കാൾ 
വികൃതമായി 
കലഹിക്കുന്നു; ഇണചേരുന്നു.

ഉറങ്ങിക്കിടക്കുന്നവനെ 
അവൾ കബളിപ്പിക്കുന്നു;
മഴ വെയിൽ മായ്ക്കാത്ത വിധം 
അവളെ, അവന്റെ നെഞ്ചിൽ പച്ച കുത്തുന്നു.

കരാറിൽ ഇല്ലാത്ത ഒന്നെന്നു
ചൊല്ലി അവൻ പിണങ്ങുന്നു

എഴുത്താണെളുപ്പം എന്നറിഞ്ഞവൻ സുല്ലിടുന്നു,
പ്രണയക്കളി നിർത്തി ജീവിതത്തിലേക്ക് 
മടങ്ങാൻ നോക്കാതെ, അവൾ കളി കാര്യമാക്കുന്നു
ഈ കളിക്ക് സുല്ലില്ലെന്നു വാശിപിടിക്കുന്നു.

ഗതി കെട്ട അവൻ, നാല് വരെ എണ്ണാൻ പറയുന്നു 
രസമുള്ള കളിയെന്നു ചൊല്ലി, ചുണ്ട് നുകർന്നവൾ
കണ്ണ് പൂട്ടുന്നു...

നാലെണ്ണി കണ്ണ് തുറന്നവൾ അവനെ പരതുന്നു. 
നാളെണ്ണി, നിറം മങ്ങിയ വാക്കുകൾ കൂട്ടി ഇന്നും 
എഴുത്തിൽ പരതിക്കൊണ്ടെ ഇരിക്കുന്നു...

അവളെ പേടിച്ചവൻ  ഏതോ കോട്ടയിൽ തളച്ചിട്ട് 
കവിതകളെ  നാംബിടും മുന്നേ കശക്കിയെറിയുന്നു...
തന്നോട് തന്നെ കണ്ണ് പൊത്തിക്കളിക്കുന്നു.


Monday, February 08, 2016

നിള


'സരോവിവ' യിലേക്കുള്ള  ഒതുക്കുകല്ലുകൾ  കയറുമ്പോൾ,  ഉമേഷിന്റെ കാലുകൾ  ഹൃദയത്തോടൊപ്പം വിറകൊണ്ടു. 

എല്ലാ മഴക്കാലത്തെയും പോലെ, പതിവ് തെറ്റാതെ മുറ്റം നിറയെ പെയ്ത 'ബോട്ടിൽ ബ്രഷി'ന്റെ ഇലകൾ...!
നൂലുമുറിയാതെ  പെയ്യുന്ന മഴയിൽ, മണ്ണിനെ പുണർന്നു  കിടക്കുന്ന ഇലകളെ അലട്ടകൊണ്ട് പടിയിറക്കുമ്പോൾ, അടിയിൽ പുളയുന്ന മണ്ണിരയെയും,  പാത്തും പതുങ്ങിയും ചോരയൂറ്റുന്ന 'പിറ്ക്ക്'കളെയും, തോട്ടപ്പുഴുക്കളെയും കുറിച്ച് എത്ര അതിഭാവുകത്വം  കലർത്തിയാണ് മണിക്കുട്ടി പറഞ്ഞിരുന്നത്.  

പെട്ടെന്ന്,  ഇടതു നെഞ്ചിൽ പതിച്ച ഒരു  മഴത്തുള്ളി ഉമേഷിനെ ഉണർത്തി.  കുടഞ്ഞു കളയാൻ  നീണ്ട വിരലിനെ, കീശയിൽ  പൊങ്ങി നിന്ന കത്ത് തടഞ്ഞു. ("പന്ത്രണ്ട് കൊല്ലം ഇപ്പുറം ടീച്ചറമ്മയിൽ നിന്ന് ഇങ്ങനെ ഒരു കത്ത് പ്രതീക്ഷിച്ചിരുന്നെയില്ലല്ലോ " ); അറച്ചറച്ച് ആ വിരൽ    കോളിംഗ് ബെല്ലിലേക്ക് നീങ്ങി.

മുകളിലെ കിടപ്പ് മുറിയോളം പൊങ്ങിയ മാവിൽ ഒട്ടി അലമുറയിടുന്ന ചീവീടും, " തറാം പിള്ളേരെ  ..തറാം പിള്ളേരെ" എന്ന് വെള്ള കീറുന്നതിനു മുന്നേ കച്ചേരി നടത്തുന്ന ആമ്പൽ കുളത്തിലെ തവളകളും, ആവിപാറുന്ന ഒരു  വെല്ലക്കാപ്പിയുടെ  മധുരം ഓർമ്മയിൽ പകരാൻ തുടങ്ങുമ്പോഴേക്കും, വാതിൽ  തുറക്കപ്പെട്ടു.

"കയറി ഇരിക്കൂ .. കുഞ്ഞിനെ ഉറക്കുകയാണ്, ഇപ്പൊ വരും". 
ഒരുപാട് തവണ തനിക്കും കൂട്ടുകാര്ക്കും വച്ച് വിളമ്പിയ, തന്റെ അടിവസ്ത്രം പോലും അലക്കിത്തന്നിരുന്ന, അമ്മയേക്കാൾ കരുതൽ  തന്നിരുന്ന, ' ആ സ്ത്രീ അടുക്കളയിലേക്കു പിൻവാങ്ങി. മുന്നിലെ ഷോ കേസിൽ  ഇരുന്ന്  മണിക്കുട്ടിയുടെ റാങ്കിന്റെ  പ്രശംസാപത്രം  'കൊല്ലാം  തോല്പ്പിക്കാൻ ആവില്ല' എന്ന്, അവനെ നോക്കി  ഊറിച്ചിരിച്ചു. 

കാലിപ്പാട്ടയിലെ എലിയെ പോലെ ഓടിക്കളിച്ചിരുന്ന, ഒരിക്കലും ചിരിമായാത്ത നീലിമ എല്ലാവരുടെയും മണിക്കുട്ടി ആയിരുന്നു. എവിടെയും 'റിബൽ' ആയി നടന്നിരുന്ന, ബന്ധങ്ങളിലും, പ്രണയങ്ങളിലും പരാജയം മാത്രമായിരുന്ന ഒരു കാലത്താണ്, ചേച്ചിയുടെ പ്രിയശിഷ്യ തന്റെ ജീവിത്തതിലും ഒരു മണി കിലുക്കമായത്. അവളിലൂടെ ആയിരുന്നല്ലോ നഷ്ടപ്പെട്ട ഓരോ ബന്ധങ്ങളിലെക്കും താൻ നടന്നു കയറിയതും. പലപ്പോഴും അവളറിയാതെ ചില ബന്ധങ്ങളിൽ വീണുമുറുകിയതും.

നിള  എന്ന പേരുള്ള ഒരു ഉണ്ണിക്കനി ആയിരുന്നു അവളുടെ കനവിലും നിനവിലും. പക്ഷെ   അവളുടെ അടുത്തെത്തുമ്പോഴൊക്കെയും, 'ആർട്ട്‌സിലെ ആദ്യ പ്രണയവും, പിന്നീട് കൂടെ ചേർന്ന വിപ്ലവം നിറഞ്ഞ പെൺ സൌഹൃദങ്ങളും, ഉണരാൻ മടിക്കുന്ന  പൌരുഷവും (ഇതിൽ ഏതെന്നു ഇപ്പോഴും അറിയില്ല) എന്നും തന്നെ  കിടത്തി ഉറക്കിക്കളഞ്ഞു.   

മച്ചി എന്ന് തന്റെ  അമ്മ ആക്ഷേപിച്ചപ്പോൾ  അവൾ ഒരക്ഷരം പറയാതെ കവിതകളെഴുതി. അവളെന്ന മണ്ണിനേക്കാൾ തനിക്കേറെ പ്രിയമുള്ള നിലങ്ങളിൽ മേഞ്ഞു നടന്നപ്പോൾ, തന്റെ കുറവുകൾ മറയ്ക്കാൻ അവളെ സംശയത്തിന്റെ മറയിൽ നിർത്തിയപ്പോൾ, കണ്ണ് നിറച്ചവൾ  'ഇനിയും പഠിക്കാൻ പോണം' എന്ന് മാത്രം ആവശ്യപ്പെട്ടു.  

പക്ഷെ, 'എല്ലാവരുടെയും വേദനയ്ക്കും, കണ്ണീരിനും ഒരേ നിറമെന്ന്  നിങ്ങൾ ഇനി അറിയും, ഒപ്പം നിങ്ങളുടെ അമ്മയും' എന്ന കുറിപ്പും, വീട്ടുകാരിലും നാട്ടുകാരിലും ഒരു ചോദ്യചിഹ്നവും ബാക്കിയാക്കി, പഠനം കഴിഞ്ഞ്, അവൾ തന്നിൽ നിന്നും ഇറങ്ങി നടന്നു.

കാലം ഒഴിച്ചിട്ട തന്റെ സൌഹൃദ, പ്രണയ ബന്ധങ്ങളുടെ ഒഴിഞ്ഞ ബഞ്ചുകൾക്കൊക്കെ ഇന്ന് വയലറ്റ് ബാധിച്ചിരിക്കുന്നു ... ഓഫീസിനോടു ചേർന്ന ഒരൊറ്റ മുറിയിൽ ഞാൻ ജീവിതം ആഘോഷിക്കുന്നു എന്ന് തന്റെ ഈഗോയെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. പക്ഷെ അപ്പോഴും താൻ തന്നെയാണ് ഏറ്റവും വല്യ പ്രഹസനം എന്ന് കടന്നു പോകുന്ന ഓരോ നിമിഷവും തന്നെ പരിഹസിച്ചു കൊണ്ടേയിരിക്കുന്നു.

  "മോൾ ഉറങ്ങുന്നെയില്ല. അമ്മയോട് പറഞ്ഞിരുന്നു അറിയിക്കേണ്ട എന്ന്. കേട്ടില്ല. " 

ചിന്തകളിൽ നിന്നു തിരിച്ചു കയറിയിട്ടും, അവളെ നോക്കാനുള്ള വിഷമത്തിൽ ഉമേഷ്‌  കാപ്പിയിലേക്ക് മുഖം പൂഴ്ത്തി ചോദിച്ചു,  " മോളുടെ പേര്"?

"നിള,... പിന്നെ മൂപ്പർക്ക് ഇത്തിരി എഴുത്തിന്റെയും വായനയുടെയും അസുഖമുണ്ട്; മധവിക്കുട്ട്യെ വല്യ ഇഷ്ടാ. അതോണ്ട്  ആമിന്ന്  വീട്ടില് വിളിക്കും".

"ഉമേ അങ്ങനെ മച്ചിയിലും നിള ഉറവായി" ടീച്ചറമ്മയുടെ ഉയർന്ന 'ആത്മഗതം' കേട്ട്, ഇറങ്ങാൻ വഴികിട്ടാതെ കാപ്പി ഉമേഷിന്റെ തൊണ്ടയിൽ കിടന്നു തിളച്ചു.

ടീച്ചറമ്മയുടെ  തറഞ്ഞ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ വാതിപ്പാളിയുടെ വിടവിലൂടെ അവൻ പുറത്തു ചാടവെ,  കുഞ്ഞുനിളയുടെ കരച്ചിൽ, പൊട്ടിച്ചിരിയായി അവന്റെ ചെവിയിൽ  മുഴങ്ങി...
അവനിലെ ഷൺഡത്വം മരുഭൂവിലൊരു നിളക്കായി  ദാഹിച്ചു.
Wednesday, January 27, 2016

അപൂർ(ണ്ണo)വ്വo.


മരവിച്ച് മരവിച്ച് മറക്കണം എന്ന്
തീരുമാനിക്കുന്നതിന് മുന്നേ
വാക്കിൻറെ  വഴികളിലേക്കൊന്നു
തിരിഞ്ഞു പോകണം.

പണം കായ്പ്പിച്ച്
ഇല വിളർത്തുപോയ
പാതി വഴികളിൽ ഒരിക്കലും
പൂക്കാത്തൊരു കൊന്ന;

ഇരുളുപടരുമ്പോൾ നിൻറെ
തിടുക്കങ്ങളെ തടഞ്ഞു വച്ച്
സ്വയം തടവിലായ
അന്തിമുല്ല;

റാണി  എന്നെഴുതിയ
ഇലകൾക്കൊക്കെ
രാധ എന്ന
മൊഴി മാറ്റപ്പുകച്ചിൽ.

ഉറവയുടെ ആഴം കടൽ തിന്നു;
നക്ഷത്രങ്ങൾക്ക്  കനം തൂങ്ങി ;

വാക്കിനെ ഒറ്റാൻ -
- അമ്മയുടെ
നെഞ്ചിലെ കനം,
- അച്ഛന്റെ
തറഞ്ഞ മൌനം;
- പുഴയുടെ
കണ്ണീർ ചാലുകൾ,
മലക്കം മറിച്ചിലുകൾ;

'നാം..നാം' എന്ന് പേർത്ത
മുഖപടത്തിൽ
കാലം, കോലം, കുലം
അന്ത്യവിധി
കോറി ഇടുന്നു.
ഒപ്പം,
കഴുമരം മറന്നാലും
അന്ത്യ ശ്വാസത്തിൽ
എന്നെ പേറാൻ
നിന്നിലൊരു ഗർഭപാത്രം
ഉരുക്കൊള്ളുന്നു.

നിറുകിലെ ചുംബനം
പറിച്ചെടുത്തെതോ
സിന്ധൂരത്തിനടിയിൽ
നീ അടവയ്ക്കുമ്പോൾ ;
ഇനിയും നാം
എഴുതുമോ
'നമ്മൾ' എന്ന
അർത്ഥം തികഞ്ഞ
ഒരു പുതുകവിത ?