കഥകൾ

Tuesday, August 11, 2015

അസ്ഥിക്ക് പിടിച്ച പ്രണയം


1:
ഞാനും നീയും ഒരു കുഞ്ഞുകടലിന്റെ
ഇരുകരകളിൽ ഇരുന്ന് കഥ പറയുന്നു.

കാറ്റതിനെ മണലിൽ എഴുതി നോക്കുന്നു..
അക്ഷരത്തെറ്റെന്നു പുലമ്പി,
കാക്കത്തൊള്ളായിരം  ഞണ്ടിൻ കണ്ണുകൾ ചുളിയുന്നു,

അതുകണ്ട് വാശിയിൽ ചുംബനത്തിരയിൽ നാം പരസ്പരം നനയ്ക്കുന്നു ..
ആ നനവിൽ നിന്നൊരു ബീജം നാംബെടുക്കുന്നു,
അതിനെ നമ്മുടെ കഥയെന്നെഴുതി ആകാശത്തിലേക്ക് പടർത്തുന്നു.

അതിനെ നോക്കുന്ന കാക്കത്തൊള്ളായിരം കണ്ണുകൾ
സൂര്യ വെളിച്ചത്തിൽ പുളിക്കുന്നു,
നീ അടുത്ത കഥാബീജം എന്നിൽ നടുന്നു.
......
2:

സ്നേഹത്താൽ പൂത്തുലഞ്ഞു നീ
ഒരു തുള്ളി വസന്തമെന്റെ നാഭിയിൽ ഉറ്റിക്കും;
എന്റെ പ്രണയചൂടിൽ അടവിരിഞ്ഞതൊരു
കുഞ്ഞു താരകമാകും.
ഞാനതിനെ നിന്റെ നെഞ്ചിൽ ഉറക്കി
എന്റെ കൈക്കൂട്ടിൽ ഉണർത്തും.

രണ്ടും മൂന്നും നാലും  സമം ഒന്നെന്ന

ഒരു ഇമ്മിണി വല്യ കണക്ക്
ഓരോ അപ്പൂപ്പൻ താടിയിലും 
ഞാൻ  എഴുതിവയ്ക്കും.
എങ്ങോ പോയി വീണ് മുളച്ചവയൊക്കെ
ഇന്നുവരെയുള്ള എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കും.