കഥകൾ

Monday, April 27, 2015

ഒഴിഞ്ഞുപോക്ക്

ഒഴുക്കു നിർത്തി  പുഴ 
പുറംതിരിഞ്ഞു കുന്നു കയറി,

ഓളങ്ങൾ മഴവില്ല് പൊട്ടിച്ചെടുത്ത് 
സെറ്റ് ഒപ്പിച്ചു, 

പള്ളത്തിയും കുട്ട്യോളും പായാരം നിർത്തി 
 മാനത്തേക്ക് പാറി,

ഇഴഞ്ഞു മടുത്ത ആമക്കാലുകൽ   മുയൽമാളം തേടി 
കുന്നിറങ്ങി,

ആമ്പൽ, വാതം വന്ന കാൽ പാറപ്പുറത്ത്നീർത്തി 
വെയിൽ കൊണ്ടു, 

കുന്നിറങ്ങാൻ കൂടെ ആരുമില്ലെന്ന്
പുഴ മരത്തോടും, മരം മഴയോടും പരിഭവം പറഞ്ഞു.

വഴിയേതെന്ന അറിവില്ലായ്മയും,
പെരുവഴിയെന്ന അറിവും വച്ച് -
പുഴ, മഴ, മാമരങ്ങൾ കൂട്ടത്തോടെ 
പാതാളത്തിലേക്ക്  പലായനം ചെയ്തു.

പുഴയാഴങ്ങൾ ഭ്രമിച്ച ഞാൻ 
വറ്റിവരണ്ട ചാലിൽ നിവർന്നു കിടന്നൊരു 
തീവണ്ടിക്ക് കാതോർത്തു.