കഥകൾ

Tuesday, August 11, 2015

അസ്ഥിക്ക് പിടിച്ച പ്രണയം


1:
ഞാനും നീയും ഒരു കുഞ്ഞുകടലിന്റെ
ഇരുകരകളിൽ ഇരുന്ന് കഥ പറയുന്നു.

കാറ്റതിനെ മണലിൽ എഴുതി നോക്കുന്നു..
അക്ഷരത്തെറ്റെന്നു പുലമ്പി,
കാക്കത്തൊള്ളായിരം  ഞണ്ടിൻ കണ്ണുകൾ ചുളിയുന്നു,

അതുകണ്ട് വാശിയിൽ ചുംബനത്തിരയിൽ നാം പരസ്പരം നനയ്ക്കുന്നു ..
ആ നനവിൽ നിന്നൊരു ബീജം നാംബെടുക്കുന്നു,
അതിനെ നമ്മുടെ കഥയെന്നെഴുതി ആകാശത്തിലേക്ക് പടർത്തുന്നു.

അതിനെ നോക്കുന്ന കാക്കത്തൊള്ളായിരം കണ്ണുകൾ
സൂര്യ വെളിച്ചത്തിൽ പുളിക്കുന്നു,
നീ അടുത്ത കഥാബീജം എന്നിൽ നടുന്നു.
......
2:

സ്നേഹത്താൽ പൂത്തുലഞ്ഞു നീ
ഒരു തുള്ളി വസന്തമെന്റെ നാഭിയിൽ ഉറ്റിക്കും;
എന്റെ പ്രണയചൂടിൽ അടവിരിഞ്ഞതൊരു
കുഞ്ഞു താരകമാകും.
ഞാനതിനെ നിന്റെ നെഞ്ചിൽ ഉറക്കി
എന്റെ കൈക്കൂട്ടിൽ ഉണർത്തും.

രണ്ടും മൂന്നും നാലും  സമം ഒന്നെന്ന

ഒരു ഇമ്മിണി വല്യ കണക്ക്
ഓരോ അപ്പൂപ്പൻ താടിയിലും 
ഞാൻ  എഴുതിവയ്ക്കും.
എങ്ങോ പോയി വീണ് മുളച്ചവയൊക്കെ
ഇന്നുവരെയുള്ള എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കും.

Tuesday, July 21, 2015

എന്റെ പ്രണയംകണ്ട, കേട്ട, കൊണ്ട, പ്രണയങ്ങൾ
ഓരോ തിരയിലും തികട്ടും;
ഇടിത്തീപോലെ നിന്റെ ഇല്ലായ്മ
അസ്ഥിത്വത്തെ കരിയ്ക്കും;
എങ്കിലും വാശിയോടെ, 
വാശിയോടെ ഞാൻ -
കണ്ണിറുത്തു അനന്തതയിലെക്കെറിയും.

തേച്ചണച്ച കത്തിയെങ്കിലും 
അറുത്തുമുറിക്കാൻ പറയാതിരിക്കുക;
നിസ്സഹായതയുടെ നാല് -
മുയൽകണ്ണുകൾ എന്നിലേക്ക്‌... !

ചർദിച്ച മഴവില്ലുകളിൽ എതൊന്നിനെയും പോലെ 
എന്നെയും തിരസ്ക്കരിക്കുക.

 നിസ്വാർഥതയുടെ പര്യായപട്ടികയിൽ 
എന്റെ നാമം എഴുതപ്പെടുന്നു;
പ്രണയത്തിന്റെ ഉത്തുംഗതയിൽ,
വെറും ചോദ്യചിഹ്നമായി ഞാൻ വളഞ്ഞൊടിയുന്നു !!!Monday, April 27, 2015

ഒഴിഞ്ഞുപോക്ക്

ഒഴുക്കു നിർത്തി  പുഴ 
പുറംതിരിഞ്ഞു കുന്നു കയറി,

ഓളങ്ങൾ മഴവില്ല് പൊട്ടിച്ചെടുത്ത് 
സെറ്റ് ഒപ്പിച്ചു, 

പള്ളത്തിയും കുട്ട്യോളും പായാരം നിർത്തി 
 മാനത്തേക്ക് പാറി,

ഇഴഞ്ഞു മടുത്ത ആമക്കാലുകൽ   മുയൽമാളം തേടി 
കുന്നിറങ്ങി,

ആമ്പൽ, വാതം വന്ന കാൽ പാറപ്പുറത്ത്നീർത്തി 
വെയിൽ കൊണ്ടു, 

കുന്നിറങ്ങാൻ കൂടെ ആരുമില്ലെന്ന്
പുഴ മരത്തോടും, മരം മഴയോടും പരിഭവം പറഞ്ഞു.

വഴിയേതെന്ന അറിവില്ലായ്മയും,
പെരുവഴിയെന്ന അറിവും വച്ച് -
പുഴ, മഴ, മാമരങ്ങൾ കൂട്ടത്തോടെ 
പാതാളത്തിലേക്ക്  പലായനം ചെയ്തു.

പുഴയാഴങ്ങൾ ഭ്രമിച്ച ഞാൻ 
വറ്റിവരണ്ട ചാലിൽ നിവർന്നു കിടന്നൊരു 
തീവണ്ടിക്ക് കാതോർത്തു.