കഥകൾ

Friday, December 19, 2014

പതംപറച്ചിലുകൾ...

ഒന്നുമില്ലായ്മയുടെ അടുക്കളയിൽ
മുഴങ്ങാറുണ്ട് ചില പതം പറച്ചിലുകൾ ..

നനയാകൊള്ളി ഒന്നുണ്ടെങ്കിൽ
പ്രണയംപോലെ ആളിഎരിയാമായിരുന്നു എന്ന് ;
മൂലയിലൊതുക്കിയ മണ്ണടുപ്പ് ..

കാൽഭാഗം എങ്കിലും നിറച്ചിരുന്നെങ്കിൽ
അല്പംകൂടി സ്നേഹം പകരാമായിരുന്നു എന്ന് ;
അടുപ്പിന്നരുകിൽ ഉരുകി ഞളുങ്ങിയ എണ്ണക്കുപ്പി ..

നാല് മണിയെങ്കിലും ബാക്കിയായെങ്കിൽ
പൊട്ടിത്തെറിച്ചു പഴയ നിന്നെ
ഒന്ന് പൊടിതട്ടാമായിരുന്നു എന്ന് ;
കല്ലും, കോലും അടിഞ്ഞ കടുക് പാത്രം ...

ഇളംതണുപ്പാർന്ന  മധുരം
മറന്നു നാവൊട്ടിയെങ്കിലും,
മൂർചയൊട്ടും കുറഞ്ഞിട്ടില്ലെന്ന്
ഇരിപ്പിടമായി ഒതുങ്ങിയ ചിരവ ...

ഒരുപിടിയെങ്കിലും പകരാതെ
ഓർമ്മയുടെ എച്ചിലിൽ നിന്ന്
വേവിച്ചു പൊലിപ്പിക്കാൻ
അക്ഷയ പാത്രമല്ലെന്ന് ;
തിളച്ചു മറിഞ്ഞ ഒരു കാലത്തിന്റെ
കഞ്ഞിവെള്ളപ്പാട് ബാക്കിയായ ചോറ്റുകലം..

തലച്ചോർ കഴുത്തിൽ കുരുക്കിട്ടവനും
ഹൃദയം നീരൂറ്റുന്ന മക്കള്ക്കും പകുത്ത്
ഉള്ളം പൊള്ളയായ  അവരെന്തു പറയാനെന്നു;
സ്വന്തം വാലറുത്തു തിന്ന്
വെണ്ണീർക്കൂടയിൽ  നിന്ന് പല്ലിളിക്കുന്ന പല്ലി.

ഉള്ളിൽ  നിന്ന് പുറത്തേക്ക് ചീറ്റുന്ന നാഗങ്ങളെ 
പിടിച്ചു കെട്ടാനാകാതെ 
സ്വയം കൊത്തി ,നാക്ക് വിഴുങ്ങി 
ഉറിയിൽ തൂങ്ങാൻ പഴുത് നോക്കിയൊരു പെണ്‍മൗനം.
....
അതെ 
ഇവിടെയെല്ലാം വെറും 
 പതം പറച്ചിലുകൾ മാത്രമാണ് 
എല്ലാം നാട്ടുനടപ്പിൻ പടി  
വളരെ കൃത്യമാണ്. 


31 comments:

 1. അതെ , ചില പതം പറച്ചിലുകള്‍ മനസ്സിന്റെ
  വിങ്ങലുകളേ പുറത്തേക്കൊഴുക്കുന്ന വേവുചാലുകളാണ് ..

  "ഒന്ന് പിന്‍ തിരിഞ്ഞ് നോക്കുമ്പൊള്‍ കാണാം
  അടുക്കളയുള്ളില്‍ , പിന്നാമ്പുറത്ത് ,ഇടനാഴികളില്‍
  അമ്മയും , അമ്മുമ്മയും സ്വയമിങ്ങനെ പിറു പിറുക്കുന്നത് ..
  കുറ്റവും കുറവും നടൊട്ടുക്ക് , എന്തിന് അരികില്‍ മേവുന്ന
  കാതില്‍ പൊലും എത്താതെ സ്വന്തം വിധിയേ പഴിച്ച്
  സ്വയമിങ്ങനെ പതം പറഞ്ഞ് തിരുന്ന ജീവിതകോലങ്ങള്‍ "

  ചില വരികള്‍ നമ്മുക്കുള്ളിലേ വെയിലുകളേ , പുറത്തേക്ക്
  വരുത്തുന്നത് , ഉരുക്കിയെടുത്ത് വിണ്ണിലേക്കുയര്‍ത്തുന്നത്
  മനസ്സിനുള്ളിലേ സ്നേഹകുളിരുകളേയാകും .. പിന്നെ
  കാത്തിരിപ്പാണ് മഴയൊന്ന് പൊട്ടും വരെ , ഉള്ളില്‍ മേവുന്ന
  സ്നേഹ ഉറവകളേ കാലത്തിന്റെ കൈയ്പ്പില്‍ വച്ച്
  നീറ്റാതെ , ഉരുക്കി വിണ്ണിലേക്കയക്കാതെ ഇന്നിലേക്ക് തന്നെ
  സ്വരു കൂട്ടി വയ്ക്കുക .. ഒരു വരി ഇന്നിന്റെ നിന്റെതായിട്ട് ,
  സ്നേഹ നിറവില്‍ പൊലിയുന്നത് കാണാനൊരു മോഹം ........

  നിന്റെ കരയിടിഞ്ഞ അതിരുകളേ ചേര്‍ത്ത് വയ്ക്കാന്‍
  ദൃഡമായ കാലത്തിന്റെ കരങ്ങള്‍ക്കാകട്ടെ ..
  വരികള്‍ ഇഷ്ടമായ് , നിന്നിലേക്കവയെത്തുമ്പൊള്‍
  ഒരുതരം പൊള്ളല്‍ ഉണ്ട് .. ഇനി മഴയാകാം ,
  ഇടക്കെങ്കിലും നിന്നിലേക്ക് പൊഴിയുന്ന മഴയുടെ
  വരികള്‍ രൂപാന്തരണത്തിന്റെ പൊള്ളല്‍ മായ്ക്കട്ടെ ...!

  സ്നേഹം .. കീയൂസേ ..

  ReplyDelete
  Replies
  1. ഇടിഞ്ഞ അതിരുകൾ ചേർത്ത് കെട്ടി ഉഷമലരികൾ പൂവിട്ട അന്ന് രൂപാന്തരം നേടിയവൾക്ക് ഓര്മ്മകളാണ് ഊര്ജ്ജം.

   ഇന്നിന്റെ പിണക്കത്തിൽ വാടിയ പൂക്കളോ, പരിഭവത്തിൽ കൊഴിഞ്ഞ ഇതളുകളോ , വരികളില അടുക്കാൻ കഴിയാറില്ല...
   സ്നേഹത്തിന്റെ ഊഷ്മളതയിൽ അടവിരിയുന്ന , പ്രണയചൂടിൽ അതിരുകളില്ലാതെ പാറുന്നവൾ പക്ഷെ കുറിച്ച് കാണിക്കുവാൻ പരാജയപ്പെടുന്നുണ്ട്.

   നന്ദി റിനി .. എന്റെ പതംപറച്ചിലുകൾ ചിലപ്പോഴെങ്കിലും (:P) നെഞ്ജെറ്റുന്നതിന്.
   നോക്കട്ടെ ആ മഴക്കുളിർ വരയ്ക്കാൻ പറ്റുമോന്ന്..
   ഒരുപാട്സ്നേഹം പകരം . <3

   Delete
 2. Your poem and Rinee's comment!
  I like both.

  (And I like both of you too)

  ReplyDelete
  Replies
  1. ഉമ്മ .. അജിത്തേട്ടാ ..
   ഒരുപാട് സ്നേഹം ...
   അജിത്തേട്ടനേയും ഒരുപാടിഷ്ടം

   Delete
  2. Ente vaka oru chakkarayumma..Ajithetta.. Anuchechikkum orennam...Paavalle.
   You know etta.. u made our day. (And I like both of you too)....is like a rain.... Thanks etta...Love u.
   Oru pakshe ettan udheshichathilathikam aazhnnirikkunnu aa vaakkukal...thanks.....<3

   Delete
 3. വെളിപാടായി മുഴങ്ങുന്ന അകംപൊള്ളിക്കുന്ന വരികള്‍
  മികവുറ്റ കവിത
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പേട്ടാ ഒരുപാട് നന്ദിയും സ്നേഹവും ഈ വരവിനും വാക്കുകള്ക്കും

   Delete
 4. അടുക്കളയില്‍ നിന്നു അരങ്ങത്തേക്കണല്ലോ കീയേ......

  ReplyDelete
  Replies
  1. എന്നാ വേണ്ടാ ഞാൻ മടങ്ങിപ്പോയേക്കാം :(

   Delete
 5. പെണ്ണിൻറെ വേദനകൾ എന്നും അടുക്കളയുടെ രോദനങ്ങളും ആത്മഗതങ്ങളും ആയി പരിണമിച്ചു. പെണ്ണും അതുമായി താദാത്മ്യം പ്രാപിച്ചു. പെണ്ണിന്റെ മൌനം. പ്രതികരണ ശേഷി ഉപയോഗിയ്ക്കാതിരിയ്ക്കാമെന്ന മെച്ചം.

  അടുക്കളയുടെ പശ്ചാത്തലം ഭംഗിയായി ഉപയോഗിച്ചു. പ്രണയവും, സ്നേഹവും,പൊട്ടിത്തെറിയും ഉപമകളിലൂടെ മനോഹരമായി. പൊള്ളയായ ഉള്ളവും. പല്ലി മാത്രം ഒരു നോക്കു കുത്തി.

  എല്ലാം വെറും പതം പറച്ചിലുകൾ ആക്കി വീണ്ടും അടുക്കളയിലെ പുകയുന്ന ഇരുട്ടിലേയ്ക്ക്‌. സ്വാഭാവികം.

  കവിത നന്നായി.

  ReplyDelete
  Replies
  1. പതം പറച്ചിലാക്കാതെ വാളെടുത്താൽ പട്ടിണിയാകുമേ സൂക്ഷിച്ചോ ;)

   Delete
 6. പതം പറയുന്ന പെണ്മനം,,,നന്നായി ...!

  ReplyDelete
 7. ethan vaiki poyi...ethra rasamaayanu pen manassine varnichirikkunnathu keeya ...oru padishtam aayittoo..

  ReplyDelete
 8. ഒരേ കുടക്കീഴിലല്ലേ ഓരോ പെണ്ണും ചേച്ചി ...
  ലേറ്റ് ആയാലും കുഴപ്പമില്ല ചേച്ചി വന്നല്ലോ അത് മതി <3 :*

  ReplyDelete
 9. ഇല്ലായ്മയുടെ വല്ലായ്മയും, വല്ലാത്തൊരു പങ്കുവെയ്ക്കലും ..
  നന്നായിട്ടുണ്ട്....ആശംസകൾ

  ReplyDelete
 10. ഉള്ളിൽ നിന്ന് പുറത്തേക്ക് ചീറ്റുന്ന നാഗങ്ങളെ
  പിടിച്ചു കെട്ടാനാകാതെ
  സ്വയം കൊത്തി ,നാക്ക് വിഴുങ്ങി
  ഉറിയിൽ തൂങ്ങാൻ പഴുത് നോക്കിയൊരു പെണ്‍മൗനം.

  vayya nikheese vedanichu vedanichu nishabdanavaaaaaaaaaaaaan sneham mathram varikalile chadulathykku snehavum koode prarthanayum shamsu

  ReplyDelete
 11. നൊസ്റ്റാൾജിയ!!! :p

  ReplyDelete
 12. ഇല്ലായ്മയുടെ പതമ്പറച്ചിലുകൾ.
  ആദ്യ കമന്റ്‌ ഗംഭീരം.

  തലച്ചോർ കഴുത്തിൽ കുരുക്കിട്ടവനഽ/നല്ല പ്രയോഗം.ഇഷ്ടായി.

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. എന്താ പറയാ,
  ആ ചിരവയുടെ
  വേദന, അത് മനസ്സില്‍ കൊണ്ടു..
  ഇളം മധുരം തേടി, വരണ്ടുണങ്ങിയ..

  നന്നായി എഴുതി..

  ReplyDelete