കഥകൾ

Tuesday, June 03, 2014

ഗലേഷ്യ

സ്നേഹം, പ്രണയം, രതി
അനുപാതം കൃത്യമായ ഒരു വാങ്മയീചിത്രമായി
നിന്നോട്   ചേർത്തെന്നെ  വരയ്ക്കുന്ന   കഥാകാരാ …
“അവസാനിച്ചു ” എന്നെഴുതും  മുന്നേ  പ്രവാചകനെ പോലെ 
എന്റെ  അന്ത്യമൊന്നു   പ്രവചിക്കു ...

നിന്റെതൂലികയിൽ  പിറന്ന
ഏതൊരു   സ്ത്രീയെയും  പോലെ
ദൂരങ്ങളോ, രോഗങ്ങളോ,
പുതുആകാശങ്ങളോ തീർത്ത്
മടക്കിയ  താളുകളിലേക്ക്
എന്നെ, നിന്നിൽ  നിന്നിണപിരിക്കുമോ ?

അതോ
'നിൻ മാറിൽ ചായാത്ത ഓരോ ഉറക്കവും,
മരണക്കിടക്കയിലാണ്'
എന്നെൻ  സിരകൾ  വരച്ച ;
എന്റെ അധരങ്ങൾക്ക് തുടിപ്പും
തോളുകൾക്ക് കുളിരും
എഴുതിചാർത്തി പെണ്ണാക്കിയ നീ;
ഗലെഷ്യയുടെ  പിഗ്മാലിയനെപോലെ
സമൂഹത്തിന്റെ മതിലുകളോടും,
മനസ്സിന്റെ അതിരുകളോടും പടവെട്ടി
എന്നെയും  സ്വന്തമാക്കുമോ ??

മഴക്കുളിരിൽ നീയില്ലാതെ
നനയില്ലെന്നു കയർത്തപ്പോൾ..
'ഞാൻ കൂടെയുണ്ടെ'ന്ന് ഉറപ്പുപറഞ്ഞ നീ
നക്ഷത്രകണ്ണുകളെ ഭയന്ന്
എന്നെ നീയില്ലാ തീരത്ത് അലയാൻ വിട്ട്,
അനുവാചകരെ രസിപ്പിക്കാനായി
അടുത്ത കഥാബീജം തേടുമോ ?

അതോ
എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട്,
കഥാന്ത്യത്തിൽ എന്നെയും ചേർത്തണച്ച്
പ്രണയത്തിന്റെ ചവിട്ടുപടികളിൽ ഇരുന്ന്
അരിനെല്ലിക്ക തിന്ന്
കൊത്തൻ കല്ല്‌ കളിക്കുമോ ??

പിറവി തന്ന അതേ  തൂലികയാൽ
സർപ്പമോ,  ഇടിത്തീയോ ആയി
മരണത്തിന്റെ മഴവിൽ കൂട്ടിൽ
എന്നെ ഒളിപ്പിക്കാനാണ് ഭാവമെങ്കിൽ,

വെയിൽചിക്കുന്ന ഒരു ഇടവപ്പാതി നേരം
നിന്റെ മടിയിൽ കിടന്ന്,
ചിതയായി ആളാതെ,
ഉപേക്ഷയിൽ എരിഞ്ഞൊരു ശുഭപര്യവസാനം ...
എനിക്ക് നീ തരണം.
വാക്കുകളിൽ  നിന്ന് ശാപമോക്ഷം  തന്നവനെ
പ്രണയിച്ചതിനുള്ള ശിക്ഷയായി
നിന്നിലടിഞ്ഞൊരു  മരണം
അതെങ്കിലും എനിക്ക്  തരണം.