കഥകൾ

Tuesday, September 03, 2013

സോപാധിക പ്രണയo


നമുക്ക്  പോകാം... ചെമ്മാനത്തേരേറിചക്രവാള സീമ മറികടന്ന് 
നമുക്ക് പോകാം ...!

രാവെട്ട നുറുങ്ങിൽ, നനുത്ത നിശാവസ്ത്രം കാറ്റിൽ പറക്കുന്നതറിയാതെ,
വെണ്മേഘപ്പടവുകളിറങ്ങി, ആകാശഗംഗക്കരയിൽ  വെണ്‍താരകം പൂത്തുനിൽക്കുന്ന പാരിജാത ചോട്ടിൽകണ്ണുകളിൽ  ആഴ്ന്നിരിക്കാം !

അവിടെ വച്ച് നീ എനിക്കായി കാത്തുവച്ച സമ്മാനം ... പകരം 
ചഷക വിയർപ്പിനാൽ ഈറനായ എന്റെ  അധരങ്ങളാൽ 
ഞാൻ നിന്റെ കണ്ണുകളെ മൂടും.....
അപ്പോൾ നെഞ്ഞോടമർത്തി  നീയാ ഈണം മൂളണം
ഉറക്കമില്ലാതെ  ചിണുങ്ങുന്ന രാവുകളിൽ 
എന്നെ തഴുകി ഉറക്കാറുള്ള ഗാനം...!

നമ്മുടെ പ്രണയത്തിൽ നാണംപൂണ്ടമ്പിളി  തിരി താഴ്ത്തുമ്പോൾ,
എനിക്കാമണലിൽ നിന്നിൽ പുതഞ്ഞു കിടക്കണം!
തെന്നലിൻ തലോടലിൽ നമ്മിലേക്ക്പൊഴിയുന്ന പാരിജാതത്തിന്റെ വശ്യഗന്ധത്തിൽ , നിന്റെ ഓരോ ഉച്ച്വാസവും എനിക്കെന്റെ ശ്വാസമാക്കണം!
ഏത് കുളിരിലും ഉറവയെടുക്കുന്ന നിന്റെ സ്വേദത്തിൽ  നനഞ്ഞു വിറയ്ക്കണം!
മിന്നാമിനുങ്ങുകൾ ഇത്തിരി വെളിച്ചം വീശി ഒളിച്ചു നോക്കുമ്പോൾ,
നാണിച്ചു ചുവക്കുന്ന എന്റെ മുഖം കാണാൻ,
നിന്റെ കണ്ണെനിക്ക് കണ്ണാടിയാവണം!

അസൂയ പൂണ്ടു സൂര്യൻ മറനീക്കും മുൻപേ
നിന്നിൽ പടർന്ന മുടികോതികണ്ണിൽ വിടർന്ന  പ്രണയാലസ്യം കഴുകി
ഇമതുറക്കലിൽ ഇടറി വീഴേണ്ടുന്ന  ജന്മത്തിലേക്ക് ...നമുക്ക് ...തിരികെ..
'വെറും' പരിജിതരായി !

എങ്കിലും,  നോട്ടങ്ങൾ ഇടയുമ്പോൾ പോലും ഒന്നായി ..ഓരോ കടന്നുപോക്കിലും അറിയാതെ ഒന്ന് മുട്ടിയുരുമ്മി ..

മറ്റൊരു രാവുറക്കത്തിനുകൊതിപൂണ്ട്‌ ...  'ഒരുവഴി'ക്കായി നമുക്ക് ഇരുവഴിയാവാം...