കഥകൾ

Wednesday, October 30, 2013

അത്യാഗ്രഹംപകുതി ചുണ്ടോടു ചേർത്ത്
ബാക്കി വിരലിൽ തിരുകി വേറുതേയെരിച്ച്  
ഷൂവിന്നടിയിൽ  ചവിട്ടി അരയ്ക്കാനല്ല -
എന്നെ നിനക്ക് നീട്ടിയത്.!

അവസാനശ്വാസം വരെ എന്നെ മാത്രം നുകർന്ന്, 
'ഹോ തീർന്നോ'  എന്ന നിരാശയിൽ,
നഷ്ടബോധത്തിൽ, നീ തിളയ്ക്കുന്നത് കണ്ട് 
കണ്ണടയ്ക്കാനാണ്  !

Thursday, October 24, 2013

പ്യൂപ്പാദശ

 
തലയെ ബ്രായ്ക്കറ്റില്‍ ഇട്ടതുപോലെ കൈകള്‍  രണ്ടും മുകളിലേക്ക് വച്ച്
തലയല്പം ഇടത്തേക്ക് ചെരിച്ച്, 'തേന്‍' ഒലിപ്പിച്ചു കിടക്കുന്ന ചുണ്ടുകളില്‍,
ഞാന്‍ അമര്‍ത്തി  മുത്തി. പറിച്ചെടുക്കാന്‍ ആവാത്ത വിധം എന്റെ ചുണ്ടുകള്‍
ഒട്ടിപ്പോയപോലെ...! 

"ചുംബിച്ച ചുണ്ടുകള്‍ക്ക്  വിടതരിക " ഉള്ളിലിരുന്നു "ലോല" പറഞ്ഞു കൊണ്ടിരുന്നു.
അതിലും മേലെയായി  മുഴങ്ങി "ഏത്  നരകത്തിലെക്കെങ്കിലും പോയി തുലയ്‌ ,
പക്ഷെ എന്റെ മോള്‍ .. അവളെ ഞാന്‍ വിട്ടു തരില്ല ".

എടുത്താല്‍ പൊന്താത്ത ഡിഗ്രികളും, കഥാബീജങ്ങള്‍ പരക്കം പായുന്ന
എന്നിലെ എന്നെയും വാതിപ്പടിയില്‍ ഊരിയിട്ടു  ഞാന്‍ പുറത്തിറങ്ങി .
 
പാതിരാത്രിക്ക് അവന്  ഏതു രീതിയിലും വായിക്കേണ്ടുന്ന,
പകലില്‍ മൂലയ്ക്കലേക്ക് വലിച്ചെറിയെണ്ടുന്ന
പുസ്തകമായി മാറിയപ്പോഴാണ്
ഓരോരോ പേജുകളായി  ഞാന്‍ അടച്ചു തുടങ്ങിയത്.
ഇന്നത്തോടെ അത് പൂര്‍ണ്ണമാകുന്നു !

കടലാസ്സായിക്കഴിഞ്ഞാല്‍ നശിക്കാന്‍ ഒരു കോപ്പ വെള്ളമോ 
ഒരു പൊരി തീയോ മതിയെന്ന് വിത്തായിരിക്കുംമ്പോഴേ
ജീനില്‍ അടക്കം ചെയ്യുന്നു  അമ്മപ്രകൃതി !!!

Wednesday, October 09, 2013

പോച്ചക്കാരി രമണിയുടെ ആത്മഗതംമറ്റൊരു മടിചൂടിൽ, വേശ്യയെന്ന വിളിപ്പേരുചാർത്തി അവൻ ഓടി മറഞ്ഞിരുന്നില്ലെങ്കിൽ ,
പിഞ്ഞാണത്തിൽ വറ്റുതപ്പിയൊരു കുഞ്ഞുകൈ ഓടിയിരുന്നില്ലെങ്കിൽ,
ചൂട്ടു വെട്ടങ്ങൾ ഓരോന്നായി എന്റെ മേൽ അണഞ്ഞിരുന്നില്ലെങ്കിൽ,
മുഖം നോക്കാതെ, ഭാരം അളന്നുഞാൻ കണക്കുപറഞ്ഞിരുന്നില്ലെങ്കിൽ, 

പാതി വ്രത്യത്തെകുറിച്ചും, സംസ്കാരതെക്കുറിച്ചും ഞാൻ ഊററം കൊണ്ടേനെ...!

ഭോഗ,ഉപഭോഗ സംസ്ക്കാരത്തെ അടച്ചാക്ഷേപിച്ച്, 
ആത്മീയതയെയും, 'റൈറ്റ് '& 'റെസ്പോൻസിബിലിറ്റി ' യെയും കുറിച്ചൊരു 
കവലപ്രസംഗം നടത്തിയേനെ ..!

അറ്റകൈക്ക് .. FB വാളിൽ അതെഴുതി കുറെ ലൈക്കും കമന്റും വാങ്ങി 
എന്റെ ബൌദ്ധിക സീമ നാല്പേരെ അറിയിച്ചതിൽ ആത്മ നിർവൃതി അടഞ്ഞേനെ !

അതിനെങ്ങനെ .. ഒരു നേരമെങ്കിലും നേരെ കഴിച്ചില്ലെങ്കിൽ 
പണ്ടാരം ഈ വയറ് കേൾക്കില്ല,...കുഞ്ഞും !!!

Tuesday, September 03, 2013

സോപാധിക പ്രണയo


നമുക്ക്  പോകാം... ചെമ്മാനത്തേരേറിചക്രവാള സീമ മറികടന്ന് 
നമുക്ക് പോകാം ...!

രാവെട്ട നുറുങ്ങിൽ, നനുത്ത നിശാവസ്ത്രം കാറ്റിൽ പറക്കുന്നതറിയാതെ,
വെണ്മേഘപ്പടവുകളിറങ്ങി, ആകാശഗംഗക്കരയിൽ  വെണ്‍താരകം പൂത്തുനിൽക്കുന്ന പാരിജാത ചോട്ടിൽകണ്ണുകളിൽ  ആഴ്ന്നിരിക്കാം !

അവിടെ വച്ച് നീ എനിക്കായി കാത്തുവച്ച സമ്മാനം ... പകരം 
ചഷക വിയർപ്പിനാൽ ഈറനായ എന്റെ  അധരങ്ങളാൽ 
ഞാൻ നിന്റെ കണ്ണുകളെ മൂടും.....
അപ്പോൾ നെഞ്ഞോടമർത്തി  നീയാ ഈണം മൂളണം
ഉറക്കമില്ലാതെ  ചിണുങ്ങുന്ന രാവുകളിൽ 
എന്നെ തഴുകി ഉറക്കാറുള്ള ഗാനം...!

നമ്മുടെ പ്രണയത്തിൽ നാണംപൂണ്ടമ്പിളി  തിരി താഴ്ത്തുമ്പോൾ,
എനിക്കാമണലിൽ നിന്നിൽ പുതഞ്ഞു കിടക്കണം!
തെന്നലിൻ തലോടലിൽ നമ്മിലേക്ക്പൊഴിയുന്ന പാരിജാതത്തിന്റെ വശ്യഗന്ധത്തിൽ , നിന്റെ ഓരോ ഉച്ച്വാസവും എനിക്കെന്റെ ശ്വാസമാക്കണം!
ഏത് കുളിരിലും ഉറവയെടുക്കുന്ന നിന്റെ സ്വേദത്തിൽ  നനഞ്ഞു വിറയ്ക്കണം!
മിന്നാമിനുങ്ങുകൾ ഇത്തിരി വെളിച്ചം വീശി ഒളിച്ചു നോക്കുമ്പോൾ,
നാണിച്ചു ചുവക്കുന്ന എന്റെ മുഖം കാണാൻ,
നിന്റെ കണ്ണെനിക്ക് കണ്ണാടിയാവണം!

അസൂയ പൂണ്ടു സൂര്യൻ മറനീക്കും മുൻപേ
നിന്നിൽ പടർന്ന മുടികോതികണ്ണിൽ വിടർന്ന  പ്രണയാലസ്യം കഴുകി
ഇമതുറക്കലിൽ ഇടറി വീഴേണ്ടുന്ന  ജന്മത്തിലേക്ക് ...നമുക്ക് ...തിരികെ..
'വെറും' പരിജിതരായി !

എങ്കിലും,  നോട്ടങ്ങൾ ഇടയുമ്പോൾ പോലും ഒന്നായി ..ഓരോ കടന്നുപോക്കിലും അറിയാതെ ഒന്ന് മുട്ടിയുരുമ്മി ..

മറ്റൊരു രാവുറക്കത്തിനുകൊതിപൂണ്ട്‌ ...  'ഒരുവഴി'ക്കായി നമുക്ക് ഇരുവഴിയാവാം...

Friday, June 28, 2013

ആരാച്ചാർ
കീഴടക്കപ്പെടുന്നതിനു മുന്നേ
 നിറഞ്ഞ ചിരിയോടെ, കണ്ണിൽ  നോക്കി ,
ചെന്നു പ്രാപിക്കണം കണ്ണിൽ കാമമുള്ള കരിമൂർഖനെ !

എന്നിൽ പടർന്നേറുമ്പോൾ  ശൽക്കങ്ങൾ ഉരഞ്ഞു കീറണം ...!
അരിച്ചരിച്ചു കയറുന്ന  വിഷത്തിൽ നീലിച്ചു നീലിച്ച്-
ചുറ്റിപ്പിണയലിൽ,  കീഴടക്കപ്പെടുന്ന ഉന്മത്തതയിൽ.. ശ്വാസം കിട്ടാതെ,
സ്വയംമറന്നെൻ അരഞ്ഞാണച്ചരടിൽ  ലക്ഷണമൊത്തൊരു  കുരുക്കു തീർക്കണം...!

കെട്ട് മുറുക്കി ഉദ്ധരിപ്പിക്കാതെ, ഉദ്ധരിച്ചു നിൽക്കുമ്പോൾ-
കഴുത്തിലെ രണ്ടും മൂന്നും കശേരുവിനിടയിൽ ...കൃത്യമായി...!!
ഇരുപത് സെക്കൻഡിൽ... !!

നവദ്വാരങ്ങളിലൂടെയും വിസ്സർജ്ജിക്കണം...
കണ്ണിലെ കാമവും, നെഞ്ചിലെ പകയും, കേട്ടലറയ്ക്കുന്ന തത്വജ്ഞാനവും !!!
(മീരയുടെ ആരാച്ചാർ വായിച്ചതിനുശേഷം  'ചേതന' 'മാനസ' എന്ന രണ്ടാത്മാക്കൾ എന്നിൽ കേറിക്കൂടി ഇരിക്കുന്നു .. അവയെ ആവാഹിക്കാതെ ചിരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.)

Saturday, June 22, 2013


കത്തിതീരുന്ന ജീവിതമോ ഉരുകി ഒലിച്ചുപോയ സ്വപ്നങ്ങളോ , മരണമധുരമോ  അല്ല, എന്റെ  നിസ്സാരത ...അപ്രധാനത... അതാണെന്നെ ഈ ജന്മദിനവും ഓർമ്മപ്പെടുത്തുന്നത് !

നന്ദി ചൊല്ലാനുണ്ട് എന്നെ ജീവിപ്പിക്കുന്ന ഏറെപ്പെരോട് ..

ആദ്യം പറയേണ്ടത് ഒന്നും പകരം വയ്ക്കാൻ ഇല്ലാത്ത എന്റെ കുഞ്ഞുണ്ടികളുടെ  സ്നേഹത്തിന്, എന്റെ എല്ലാ കുറവുകളെയും സ്നേഹിക്കുന്നതിന്, ലോക സുന്ദരിപ്പട്ടം എപ്പോഴും അണിയിക്കുന്നതിന്,  നെറ്റിയിലും കണ്കളിലും പരതി  എന്റെ സൌഖ്യം ഉറപ്പിക്കുന്നതിന്, പാട്ടുപാടി തഴുകി ഉറക്കുന്നതിന്, ഇടയ്ക്കിടെ നല്ല ഭേഷായി  ചീത്ത പറയുന്നതിന്, അകവും പുറവും ഉമ്മകൾ കൊണ്ട് നിറയ്ക്കുന്നതിന് !

പിന്നെ മോനായി വന്ന്  ഏട്ടനായി ഭരിച്ച് .. ആത്മമിത്രമായി വളർന്ന  എന്റെ കുട്ടനും , തഴുകിതലോടി കൂടെ നില്ക്കുന്ന അമ്മയ്ക്കും അച്ഛനും!

കുട്ടനും അച്ഛനും അമ്മയ്ക്കുമൊപ്പം ചേര്ത്തു വയ്ക്കാൻ പാകത്തിൽ എന്നിൽ ചേർന്ന എന്റെ ചില ബന്ധങ്ങൾക്ക് ..
കെട്ടിപ്പിടിച്ചു ചുണ്ടുമ്മ തരുന്ന, മക്കളോടൊപ്പം എന്നെയും കൂട്ടുന്ന, എനിക്ക് വേണ്ടി ആരോടും കലഹിക്കുന്ന നിനക്ക് !
ഇകി  ചിരിച്ചു കാണാൻ ആഗ്രഹിക്കുന്ന നിനക്ക് !
മുത്തെ വിളിയിൽ ഖൽബിൽ എന്നെ കാക്കുന്ന നിനക്ക് ...!
കീയു വിളിയിൽ എന്നെ തളിർപ്പിക്കുന്ന, ഒരിക്കലും കാണാതെ എന്നാൽ എന്നും കൂടെയുള്ള നിനക്ക് ...!

ജീവിതത്തിനും സർക്യുടിനും ഇടയിൽ താളം പിഴയ്ക്കുമ്പോൾ ആശ്വാസമാകുന്ന എന്റെ രണ്ട് ഓഫീസ് സൗഹൃദങ്ങൾക്ക് !

എന്നെ കീറിമുറിച്ചു, ചിന്തകൾ നഷ്ടങ്ങൾ  മോഹങ്ങൾ  എല്ലാം പുറത്തേക്കു വാരി  വലിച്ചെറിയുമ്പോൾ വായിച്ച്  കൂടെ ചേർന്ന കാണാതാവുമ്പോൾ "ആൾ എവിടെ" എന്ന്  അന്വേഷിക്കുന്ന എന്റെ പ്രിയ സ്നേഹിതർക്ക്‌ .. !

അവസാനമെങ്കിലും, ഒരു നന്ദി  എല്ലാം മറക്കുന്ന, ചിലപാട്ടുകൾ കേൾക്കുമ്പോൾ കണ്ണുനിറയുന്ന, അടച്ചു  പൂട്ടിയ ഫോൾടറുകളിൽ  മനസ്സറിയാതെ തലോടുന്ന ഹൃദയമേ നിനക്ക്...
വഴുതിയെക്കാവുന്ന ഒരുപാട് നിമിഷങ്ങളിൽ സ്വപ്‌നങ്ങൾ തന്നതിന് ...!
ഈഴപിന്നിയ  സ്വപനങ്ങൾ കീറി എറിഞ്ഞതിന്...!
വീണ്ടും മുളയ്ക്കാൻ പാകത്തിൽ പതം വരുത്തിയതിന് ... !

ഒരുപാട് നന്ദി...
ഓർമകളിൽ ചിരിക്കാനും തേങ്ങാനും കഴിയുന്ന ഒരു ഞാൻ അവശേഷിക്കുന്നു എന്നോർമിപ്പിക്കുന്നതിന് ..!
എന്നിൽ ഇപ്പോഴും ഒരല്പം ഞാൻ അവശേഷിച്ചിരിക്കുന്നു  എന്നാവർത്തിക്കുന്നതിന്...!
ലാഭനഷ്ടങ്ങളുടെ തുലാസിന് മുന്നിൽ  ഇപ്പോഴും അടിപതറുന്നതിന് ...!
പിറന്നിട്ടെയില്ല എന്ന് വിശ്വസിപ്പിക്കുമ്പോൾ, നുണച്ചി എന്ന് പറഞ്ഞു തെളിവ് നിരത്തുന്നതിന് ...!
ഓർമ്മകളെ  അടിച്ചുകൂട്ടി തീയിടുന്ന യുക്തിയുടെ മുന ഒടിക്കുന്നതിന് ...!
എന്നെ ഇങ്ങനെ ചിരിക്കാൻ പരിശീലിപ്പിക്കുന്നതിന് ...! നന്ദി.... നന്ദി മാത്രം!!!


ഒരു വർഷത്തിനപ്പുറം  ഈ അവസരം വരുമോ എന്നറിവില്ലത്തതിനാൽ .... എന്നെ സഹിക്കുന്ന ഓരോരുത്തർക്കും നന്ദി !!
Monday, May 20, 2013

ഞങ്ങളെ മടങ്ങാൻ അനുവദിക്കുക !തിരിച്ചു പോകാൻ അനുവദിക്കുക....
വെറും സ്തനോപസ്ഥം മാത്രമെന്ന് തിരിച്ചറിഞ്ഞില്ലേ ?
ഇനി ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

വെച്ച് വിളമ്പാൻ, കാമം ശമിപ്പിക്കാൻ മാത്രമായോരുക്കിയ
ശരീരത്തിൽ നിന്ന്  സ്ത്രീത്വത്തെ മോചിപ്പിക്കാൻ
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

നിങ്ങളുടെ മൃഗീയ രതിതൻ പട്ടടയിൽ ഒടുങ്ങാൻ വിധിക്കപ്പെട്ട 
പെണ്‍കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കാൻ
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

ശരീരം ദ്രവിച്ച്, ചിന്തകൾ ഊളൻ കുത്തിപ്പൊടിഞ്ഞ്,
അമ്മയുടെ ഗർഭപാത്രവും ചുമന്ന്
ചണ്‌ഡവാതത്തിൽ അനാധിയാം ഇരുളിലേക്ക്
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ...

"സ്ത്രീയിൽ നിന്ന് ശരീരത്തിലേക്ക് ലോപിച്ച ഈ വിധി
മറ്റൊരു ധ്രുവ തിരിച്ചിലിൽ നിങ്ങൾക്ക് വരാതിരിക്കട്ടെ"
എന്ന ആശംസ കൈമാറി ..
ഞങ്ങളെ മടങ്ങാൻ അനുവദിക്കുക ... !!!

Monday, May 13, 2013വേപഥുക്കളെ വെറും അഭിനയമേലങ്കി പുതപ്പിച്ചു
തെരുവിലേക്കാട്ടിയിറക്കിയിരിക്കുന്നു !!

ആവർത്തനങ്ങളാണ് ..വിരലുകൾ പലതാണ് ...
പക്ഷെ ചൂണ്ടപ്പെടുന്നത്‌ എന്നിലേക്ക്‌ മാത്രം !

മരണത്തിനും ഭ്രാന്തിനുമിടയിലുള്ള
ഒരുചാണ്‍ വിടവിലൂടെയാണ് നിപതിച്ചത് ... നിന്നിലേക്ക്‌ !!

ആവേഗങ്ങളുടെ കോളിളക്കങ്ങൾ നഷ്ടപ്പെടുത്തുന്നത്
നമ്മളെയല്ല ....ഭാഗ്യം കെട്ട നമ്മുടെ സ്വത്വത്തെയാണ് !

കൂകിആർത്ത് എറിഞ്ഞുടയ്ക്കപ്പെടുന്നത് ഗ്ലാസ്സോ പാത്രമോ അല്ല
നാം ഓമനിച്ചു നെഞ്ജെറ്റുന്ന നമ്മുടെ പ്രണയത്തെയാണ് !!

ആത്മഹത്യ ചെയ്യുന്നത് പലപ്പോഴും ശരീരമല്ല
സമനിലതെറ്റുന്ന മനസ്സാണ്!

ആയതിനാൽ .....
ചായം തുടച്ചു, പായ തെറുത്തു മടങ്ങേണ്ടിയിരിക്കുന്നു
വഴിമറന്ന മടക്കം പരക്കം പായുന്നു, ഈ വഴി ഒന്ന് താണ്ടുവാൻ!!!

Monday, April 08, 2013

ചന്ദ്രപത്മം


"ഇനി വിളിക്കരുതെ"ന്നൊറ്റ  വാക്കോതി കരിമേഘവാതിൽ കൊട്ടിയടച്ചതാണവൻ 
"നീ വിളിക്കാതിനി കണ്ണ് തുറക്കില്ലെ" ന്ന് കൂമ്പിവാടിയതാണവൾ 

നിലാവൊളിയിൽ,  പൊയ്കയിൽ  കാത്തു നിന്നിട്ടും ...
അർക്കൻറെ  പുറകിലൊളിച്ച് പ്രണയാഭ പകർന്നിട്ടും...
പരസ്പരം, മനപ്പൂർവ്വം അറിയാതെ അകന്നവർ!

ജന്മസുകൃതമെന്നു പുകഴ്ത്തി ..ഒരുനിമിഷം കൊണ്ട് പ്രണയത്തെ ഒറ്റുകൊടുത്തവർ !!!

Tuesday, March 19, 2013

വിഫലമീ യാത്ര !

മുറ തെറ്റാതെത്തുന്ന മാസമുറകളിൽ 
കാൽ വഴുക്കിയ "അമ്മമോഹം !

ചോരിവാ തേനൊഴുക്ക് കൊതിച്ച്
വിങ്ങിമറിയും "താത"സാഗരം !

വിരിയാ അണ്ഡഭാണ്ഡത്തിൽ,
മുളപൊട്ടാ വിത്തിൻ മടിശീലയിൽ,
ശ്വാസംമുട്ടി അലറി ഒടുങ്ങുന്ന
നറുപാൽപുഞ്ചിരി !

സ്നേഹവും കാമവും അറ്റ -
കലണ്ടർ കളമൊപ്പിച്ച ഇണചേരലുകൾ !

ഒളിഞ്ഞും തെളിഞ്ഞുമുള്ള "മച്ചി" വിളികൾ..!!
ഊഷരഭൂക്കൾതൻ   നിശബ്ദപ്രയാണങ്ങൾ ..!!!
Image Courtesy: Google

Saturday, March 16, 2013


ഓരോ തവണ വിട ചൊല്ലുമ്പോഴും, അരനിമിഷ ദൈർഘ്യത്തിൽ

നീയെന്നെ വലിച്ചടിപ്പിക്കുമായിരുന്നു...

ഇപ്പോൾ എന്തെ?

ചന്ദ്രകാന്തികത അറ്റോ ??
അതോ 
വേലിയേറ്റത്തിൽ നിന്നിലേക്ക്‌  കടപുഴകുമെന്നു ഭയന്നോ??

Wednesday, February 27, 2013

ത്രിസന്ധ്യ


       
                             
                         അര്‍ക്കന്‍ ദ്യുതി ഇറുത്തെറിഞ്ഞ-
                         ഇരുളിലേക്ക് അടരുന്ന ഋതുമതി..!                                

Sunday, January 27, 2013

അനിവാര്യം-ഈ വേര്‍പിരിയല്‍ !!

ചുള്ളികാടിന്റെയും നന്ദിതയുടെയും ശകലങ്ങളിലൂടെ,
എന്റെ അഭാവത്തിന്റെ വേദന കാരമുള്ളില്‍ നിറച്ചെന്‍
സിരകളിലേക്ക് ആഴ്താന്‍ ശ്രമിക്കുന്നു, നീ.

കമ്പളത്തിന്റെ പൊടി തട്ടുന്ന ലാഘവത്തോടെ
എന്നിലെ എന്നെ തട്ടിപ്പറത്തിയ നീ - പക്ഷെ ഒന്നറിയുക :
നിന്റെയീ വ്യര്‍ത്ഥ ശ്രമങ്ങള്‍ ആരംഭിക്കുന്നതിനെത്രയോ മുന്നേ
നീയെന്നില്‍ നിന്നിതള്‍ അടര്ന്നിരിക്കുന്നു...ഒരിക്കലും തിരികെ ചേരാത്ത വിധം !!!

എന്തിനും ഏതിനും കണക്കു സൂക്ഷിക്കുന്ന നിനക്ക്, ഈ വ്യവഹാരത്തിലെ ലാഭം :
എനിക്കായി ചിലവിടെണ്ടി വന്നേക്കാവുമായിരുന്ന സ്നേഹം, സമയം ...!!!
എനിക്കാവട്ടെ, തിരികെ  പിടിക്കാന്‍ ശ്രമിക്കുന്ന ഈ ജീവിതം, ആത്മാഭിമാനം  !!!

നഷ്ടക്കണക്കില്‍ എഴുതിതള്ളാന്‍ നിനക്ക്  ഈ ഞാന്‍   !
എനിക്ക്, നീയില്ലാതെ ജീവിക്കാനാവില്ല എന്ന എന്റെ വിശ്വാസം !!

ഒരു ബസ്‌ യാത്രക്കിടയില്‍ പരിചയപ്പെട്ടവരുടെ ചേതോവികാരത്തോടെ 
നാം വഴിപിരിയുന്നു..
ശരിതെറ്റുകള്‍ ഇല്ലാത്ത ...എന്റെതും നിന്റെതും ആയ
കണക്കുകളില്‍ നിന്ന് മുക്തമായ സ്വതന്ത്രജീവിതത്തിലേക്ക്...!!!

Friday, January 04, 2013

കറിവേപ്പിലഎണ്ണയില്‍ പൊള്ളി മൊരിഞ്ഞ്,
കീറിമുറിച്ചു കറിയില്‍ തിളച്ച്,
പച്ചയ്ക്ക് കൊത്തിഅരിഞ്ഞ്,
സ്വയമൊടുങ്ങി രുചിപകരുന്നവള്‍ ! 

ഈമ്പിഎടുത്ത്, ചവച്ചുതുപ്പി,
നുള്ളിമാറ്റിവലിച്ചെറിഞ്ഞ്...!,
തൊട്ടുതീണ്ടാതെ, 
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവള്‍.. ! 

ചണ്ടിയാക്കപ്പെട്ടു വീണ് കിടക്കുമ്പോള്‍
ചുണ്ടിലൂറുന്ന ചിരി ആരുംകാണാറില്ല !
വലിച്ചെറിയപ്പെടുമെന്നറിഞ്ഞുകൊണ്ട് വഴങ്ങുന്നവളുടെ 
ഇരയാക്കപ്പെട്ടവളുടെ, ഒടുക്കത്തെച്ചിരി.... !!