കഥകൾ

Thursday, July 26, 2012

മാര്‍ഗ്ഗ രേഖ !!!

മധുരയിലേക്കുള്ള നിന്‍റെ  പോക്കില്‍ മനം നൊന്ത്- 
രഥചക്രപ്പാടില്‍ വീണുരുണ്ട് ഞാന്‍ കരയും
എന്ന് നിനച്ചെങ്കില്‍,  നിനക്കു തെറ്റി  കണ്ണാ..

ഒരിറ്റു കണ്ണീര്‍ വീഴ്ത്താതെ ഞാനെന്‍റെ ഹൃദയം അറുത്തെടുത്തിരിക്കുന്നു !
   
ഒന്നിറങ്ങി നോക്കു..ആണിയുടെ  സ്ഥാനത്ത്
കൊരുത്തിരിക്കുന്ന എന്‍റെ ഹൃദയമൊന്നു കാണൂ...
ഓരോ ഉരുളലിലും നീ അകലുമ്പോള്‍ രക്തം ചിന്തുന്ന-
സംശയത്തിന്‍റെ നിഴലില്‍ നീ നിര്‍ത്തുന്ന എന്‍റെ ഹൃദയം !!

എന്നെങ്കിലും മടങ്ങണമെന്ന് തോന്നിയാല്‍...വഴിതെറ്റി  ഉഴറിയാല്‍..

നിനക്ക്  എന്നിലേക്കൊരു വഴികാട്ടി ...
എന്‍റെ പ്രണയത്തിന്‍റെ അടയാളങ്ങള്‍..
ഈ രക്തക്കറകള്‍ !!!

27 comments:

 1. ഒന്നിറങ്ങി നോക്കിയാല്‍ ... മുന്നോട്ടു കുതിക്കുന്ന ആ രഥ ചക്രം നിലച്ചേയ്ക്കും എന്ന് പേടിചിട്ടാണെങ്കിലോ..

  ReplyDelete
  Replies
  1. അങ്ങനെ വിശ്വസിക്കാം അല്ലെ ഉണ്ണി ...:)

   Delete
  2. ആ രഥത്തിന്റെ സാരഥിയ്ക്ക് അതിലിരിക്കുന്ന അതിലും പ്രിയപ്പെട്ടവരെ (?) നയിക്കേണ്ടതല്ലേ..(?).. നിന്റെ ഹ്രദയം ചീന്തുന്നത് കണ്ടാലും തനിക്ക് അവരെ ..(?)..

   Delete
  3. കണ്ണന് രാധയെക്കാള്‍ പ്രിയപ്പെട്ടവരോ? ഉണ്ടാവാം..
   പക്ഷേ രാധയ്ക്കു പകരമോ ?

   Delete
 2. കീയക്കുട്ടി....
  ഹൃദയം അറുത്തെടുത്തു നീ
  വഴി കാട്ടുന്നത് അല്പം കടന്ന കൈയാണെന്നു പറയാതെ വയ്യ !!!
  കവിത വായിക്കുമ്പോള്‍ എന്‍റെ ഹൃദയമിടുപ്പുകള്‍
  കൂടുന്നു....

  ReplyDelete
  Replies
  1. ശാപഗ്രസ്‌തമായ അനിവാര്യതകള്‍ !!!

   Delete
 3. കാണുവാന്‍ വയ്യ കൂട്ടുകാരീ, ഈ രക്തക്കറകള്‍...
  നിന്റെ പ്രണയത്തിന്റെ അടയാളം ആണെങ്കില്‍ കൂടി...
  മടങ്ങി വന്നാലും തിരിച്ചു പോകില്ല എന്നുറപ്പില്ലാത്തതിന് വേണ്ടി ,
  നിന്റെ ഹൃദയം രക്തം തന്നെ അഭിഷേകം ചെയ്യണോ?

  ReplyDelete
  Replies
  1. മറ്റെന്തു കൊണ്ടു തൃപ്തിപ്പെടും നീ ?
   നീ വസിക്കാതൊരു ഹൃദയമെനിക്കെന്തിന് ?

   Delete
  2. നിനക്ക് പകരം തരുവാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍....

   Delete
 4. അടയാളങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍
  പ്രതീക്ഷയ്ക്ക് വക കാണുമായിരിയ്ക്കും...

  ReplyDelete
  Replies
  1. ആര്‍ത്തലച്ചൊരു മഴ മായ്ക്കാതിരുന്നാല്‍ ...

   Delete
 5. പ്രണയമെൻ മുരളിയിലെ നാദമായേകിടാം,
  അഗ്നി സാക്ഷിയായ്
  നിന്റെ കരമെന്റ്റെ കരത്തിലൊളിപ്പിച്ചിടാം
  പതിനായിരത്തെട്ട് വേണ്ടെനിക്ക് പാതിയായ്
  നീയൊരുവൾ മാത്രം മതി.
  ഇനി മറ്റൊരു നഗരിയിലേക്കുമില്ല
  പോകുകിൽ നിന്നെ കൂട്ടിടാതെ തേരേറിടില്ല
  ആൽമരക്കൊമ്പിലിനിയൊരുനാളും ചേല
  കക്കുവാനായ് പോയിരിപ്പതില്ല.
  പുഞ്ചിരിയിലിനിയെൻ കള്ളങ്ങൾ ഒളിപ്പിച്ചിടില്ല.
  ഹൃദയമിതതിനു പകരമാവില്ലയെന്നാലുമെടുത്തു കൊൾക........................

  - എന്ന് കണ്ണൻ പറയുന്നുണ്ട് പോലും

  ReplyDelete
 6. ദ്വാപരയുഗം മാറി കലിയുഗം വന്നു
  കണ്ണനും രാധയും പുനർജനിച്ചു.
  രാധയെ മനസ്സിൽ കൊണ്ട് നടന്ന
  കലികാല കണ്ണൻ ഓർത്തില്ല-
  രാധയും കാലവും മാറിയത്...
  കണ്ണനിന്ന് ഒരിക്കലും തിരികെയെത്താത്ത
  രാധയെ തേടി വൃന്ദാവനത്തിലലയുന്നു..

  -എന്നും ഉണ്ട് പോലും

  ReplyDelete
 7. കണ്ണാ ...
  മനസ്സ് തുറന്നു ഒന്നങ്ങനെ വിളിക്കാന്‍ തുനിഞ്ഞിട്ടുണ്ട് പലതവണ.....
  പക്ഷേ അര്‍ഹതയില്ലാത്തവള്‍ സ്വയം തടയാന്‍ ബാധ്യസ്തയാണ് !!!

  ReplyDelete
 8. അനിവാര്യമായ മടക്കം സഖീ ...!
  ആ യാത്രയില്‍ നീ ചേര്‍ത്ത നിന്റെ ഹൃദയം
  ഞാനാറിവത് വരെ .. ...!

  നല്ല വരികളിത് കൂട്ടുകാരീ ..
  "ഒന്നിറങ്ങി നോക്കു..ആണിയുടെ സ്ഥാനത്ത്
  കൊരുത്തിരിക്കുന്ന എന്‍റെ ഹൃദയമൊന്നു കാണൂ...
  ഓരോ ഉരുളലിലും നീ അകലുമ്പോള്‍ രക്തം ചിന്തുന്ന-
  സംശയത്തിന്‍റെ നിഴലില്‍ നീ നിര്‍ത്തുന്ന എന്‍റെ ഹൃദയം !!"

  നിന്നെ തേടി വരുവാന്‍ കണ്ണന് , നിന്റെ ഹൃദയം ചിന്തുന്ന
  രക്തമെന്തിന് , അതിന്റെ അടയാളമെന്തിന് ..?
  രാധ കണ്ണനില്‍ എന്നുമെന്നും അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട് ..
  ഉള്ളത്തില്‍ കുടിയിരിക്കുന്ന നിന്നേ തേടി വരുന്നതിന്റെ
  പ്രസക്തീ ചിന്തനീയം തന്നെ ..

  പിന്നെ രഥചക്രപാടുകളില്‍ രാധ വീണു കരയുമെന്ന്
  കണ്ണന്‍ കരുതില്ലൊരിക്കലും ... ആ കരച്ചിലിന് വേണ്ടിയുമല്ല
  കണ്ണന്‍ മധുരക്ക് പൊയത് .. ഇത് രാധയുടെ മനസ്സാണ് ... തീര്‍ത്തും ...!

  ReplyDelete
  Replies
  1. ഇവിടെ അനിവാര്യത കണ്ണന്‍റെതുമാത്രം... അത് രാധയുടെതായി അടിച്ചെല്‍പ്പിക്കപ്പെടുന്നു എന്നത് സങ്കടം !

   എന്നില്‍ ആരംഭിച്ച് നിന്നില്‍ അവസാനിക്കുന്ന...അടയാളങ്ങള്‍!
   അതെ ഇത് രാധയുടെ മനസ്സാണ് ... തീര്‍ത്തും ...!

   Delete
 9. പ്രിയ കൂട്ടുകാരി........
  മറക്കാന്‍ ശ്രമിക്കും തോറും മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന അകാലത്തില്‍ പൊലിഞ്ഞു പോയ എന്‍റെ പ്രിയ കൂട്ടുകാരി. അവള്‍ക്കും എനിക്കും ഹൃദയ രക്തം കൊണ്ട് കവിത കുറിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ഒത്തിരി ഇഷ്ടമായിരുന്നു. ഇടക്കൊക്കെ അവള്‍പറയുമായിരുന്നു വരികളിലെ തീവ്രത എന്നെ മാടി വിളിക്കും പോലെ ഒരു തോന്നലെന്ന് ചിരിച്ചു തള്ളിയ ഹത ഭാഗ്യനായ ഞാന്‍ അറിഞ്ഞില്ല എന്നെന്നേക്കുമായി അവള്‍ എന്നില്‍ നിന്ന് അകന്നു പോകുമെന്ന് ഒരിക്കലും തിരിച്ചു വരാത്ത ലോകത്ത് നിന്ന് അവള്‍ ചിരിക്കുന്നു പറ്റിച്ചേ......കൂട്ടു കാരിയെ പറിച്ചെറിഞവന്‍ കടന്നു പോവുന്നു മറ്റൊരു കൃഷ്ണനായി അറിഞ്ഞില്ല കൂട്ടുകാരി അതു വെറും കൃഷ്ണ ലീലയായിരുന്നു എന്ന്.അറിഞ്ഞു വന്നപ്പോഴേക്കും നഷ്ടം ഈ കൂട്ടുകാരനും എല്ലാം പറയാറുള്ള എന്‍റെ കൂട്ടുകാരി മറച്ചു വെച്ച പ്രണയത്തിന്‍റെ വില നിന്‍റെ ജീവനായിരുന്നില്ലേ...... നഷ്ട സൗഹൃദം തന്നവരുടെ കൂട്ടത്തില്‍ എന്‍റെ കൂട്ടുകാരി താങ്കളും......

  വീണ്ടും ഓര്‍മകള്‍ക്ക് വേഗത.....

  സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

  ReplyDelete
  Replies
  1. ഷംസു..
   ചാരം മൂടിയ നോവുന്ന ഓര്‍മ്മകളെ ഊതിതെളിച്ചത്തിനു മാപ്പ്..
   എനിക്കും നന്ദിതയെ ഇഷ്ടമാണ് .. അവര്‍ പഠിപ്പിച്ച കോളേജില്‍ ഞാന്‍ പഠിച്ചിരുന്നു.

   Delete
  2. പ്രിയ കൂട്ടു കാരി താങ്കള്‍ നിരാശയുടെ മൂട് പടം വലിച്ചെറിഞ്ഞ് ദൃഡതയുടെ മേല്‍മുണ്ട് വാരിപുണരുന്നതും കാത്ത് മഴയെ തേടുന്ന വേഴാമ്പലിനെ പോലെ കാത്തിരിപ്പൂ ഞാന്‍ പ്രതീക്ഷകള്‍ നിലനില്‍പ്പിന്‍റെയും തകര്‍ച്ചയുടേയും പ്രതീകമാണെന്ന് അറിയായ്കയല്ല.......ചിലപ്പോ നമുക്കും തോന്നാറില്ലേ ഒരു നിമിഷം കൊണ്ട് എല്ലാം അങ്ങ് തീര്‍ക്കണമെന്ന്.......

   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   Delete
  3. നിരാശയുടെ മൂടുപടം ഞാന്‍ അണിഞ്ഞു വരികള്‍ മെനയുന്നു...
   ആശയുടെ സന്തോഷത്തിന്റെ മൂടുപടമണിഞ്ഞു ഞാന്‍ ജീവിക്കുന്നു...

   മഴയെന്റെ കണ്ണീര്‍ ഒപ്പിയെടുത് മുതമിടുമ്പോള്‍ ഞാനെങ്ങനെ അവസാനിപ്പിക്കും ഈ സുന്ദരനൈമിഷിക ജീവിതം??
   നന്ദി ഷംസു, നിന്‍റെ സ്നേഹത്തിനും കരുതലിനും

   Delete
 10. കീയേ കണ്ണന്‍ പറ്റിക്കും ഉറപ്പാ നീ ആ ഹൃദയം ഇങ്ങു തിരിച്ചെടുത്തോളൂ

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 11. ആ ഹൃദയം രക്തം വാര്‍ന്നു മരിച്ചു കഴിഞ്ഞു ഗോപന്‍ !!!

  ReplyDelete
 12. കരയുന്നു ഗോകുലം മുഴുവനും കൃഷ്ണാ..
  നീ മഥുരക്ക് പോകുന്നുവത്രേ...
  സുഗത കുമാരിയുടെ വരികളെ ഓര്‍മിപ്പിച്ചു..
  തീക്ഷ്ണമായ വേദനയാണല്ലോ വരികളില്‍
  നന്നയിട്ടുണ്ട്
  മധുരയോ മഥുരയോ ??

  ReplyDelete
 13. മഥുര മഥുര തന്നെ ...മാതൃഭാഷയില്‍ തെറ്റ് വരുത്തിയതിന് ക്ഷമ!!
  നന്ദി ഈ വരവിനും വായനക്കും!!!

  കൃഷ്ണ നീഎന്നെ അറിയില്ല..
  അയ്യപ്പപണിക്കരുടെ മറുകവിതയും (ഓര്‍മ്മ ശരിയെങ്കില്‍!) ...

  ReplyDelete
 14. രാധയുടെ പ്രണയത്തിനു മുന്നില്‍ വാക്കുകളില്ല.. നിസ്വാര്‍ത്ഥം പാവനം പവിത്രം..

  ReplyDelete
 15. കൃഷ്ണ, നീയെന്നെയറിയില്ല!
  പതിനാരായിരത്തെട്ടില്‍ ഒരുവളാവില്ല ഞാന്‍ !
  രഥചക്രപ്പാടില്‍ വീണുരുണ്ടു നിനക്ക് പിറകെ വരികയുമില്ല,
  ഞാന്‍ ഇവിടെത്തന്നെ ഉണ്ടാവും-
  എന്നെങ്കിലുമോരിക്കല്‍ എനിക്കായി മാത്രം നീ തിരികെ വരും വരെ..
  എത്ര ദൂരെപ്പോയൊളിച്ചാലും നിനക്ക് എന്നില്‍ നിന്നോളിക്കാനാമോ?

  ReplyDelete