കഥകൾ

Friday, November 30, 2012

അടുക്കള
അടുക്കള,  
നീ അണയും വരെയും ഒരു പോര്‍ക്കളത്തെ ദ്യോദിപ്പിച്ചു !!!


മനം പോലെ കലുഷിതമായ-
പൊട്ടിത്തെറിക്കാന്‍ വെമ്പിയ പ്രഷര്‍കുക്കര്‍ ..!

ഓര്‍മകളില്‍ കൈകടത്തി ശര്‍ദിപ്പിച്ച
അഴുക്കുകള്‍ കുമിഞ്ഞ സിങ്ക് ..!

യാഥാര്‍ത്യത്തിന്‍റെ ചൂടെറ്റും വേവാത്ത എന്നെ പാകപ്പെടുത്താന്‍- ഗ്യാസ് നിറച്ചഎന്‍റെ പട്ടട ..!

(ഒരിക്കല്‍ ഒരു കുഞ്ഞു തീപ്പൊരിയില്‍
ഞാനെന്ന സാമ്രാജ്യം ചിന്നിചിതറുന്നത് എത്രയോ വട്ടം നിനവ് കണ്ടിരിക്കുന്നു)

പാത്രങ്ങള്‍ മലക്കം മറിയുന്ന രണപടഹങ്ങള്‍ ..!
അടുപ്പില്‍ കരിഞ്ഞെരിയുന്ന സ്വപ്‌നങ്ങള്‍ ..! 


കഴിവ്കേടുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കാഹളങ്ങള്‍ ..!
പരാജിതന്‍റെ കണ്ണുനീരില്‍ ചവിട്ടിയുള്ള താണ്ഡവങ്ങള്‍ ..!
ശകുനിയുടെ കുതന്ത്രങ്ങള്‍..!!! ..!

കബന്ധീകരിക്കപ്പെട്ട മോഹങ്ങളുടെ,
ദീനരോദനം..രുധിരപ്പുഴകള്‍ ..!  


                                  ***
മിന്നല്‍ വേഗതയില്‍...........
സര്‍വ്വവും നഷ്ട്ടപ്പെട്ട ഈ യുദ്ധാനന്തരഭൂവിലേക്ക്
നിയമങ്ങള്‍ ലംഘിച്ച്.....നീ.....?!?!

അലസമായി പാറിയ മുടിയിഴകളിലും,
അടുക്കും ചിട്ടയുമില്ലാതെ വലിച്ചുവാരിക്കിടക്കുന്ന വീതനപ്പുറത്തും 
ആധിപത്യം സ്ഥാപിച്ചുനീ

ഈ പരാജിതയുടെ സാമ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു ... !


ഓരോ കടന്നുപോക്കിലും എന്നിലാകവേ കൈകടത്തിയും,
പുറകിലൂടെ, കഴുത്തില്‍ അധരവടുക്കള്‍ തീര്‍ത്തും,
ഒരു ശ്വാസത്തിന് പോലും പഴുതുതരാതെ കണ്ണ് തുറിക്കുന്നതുവരെ, കരവലയത്തില്‍ ചേര്‍ത്ത് അമര്‍ത്തിയും, 
പല്ലികള്‍ മാത്രം വിഹരിച്ചിരുന്ന കൊട്ടത്തളത്തെ
ഒരു വികാരവിക്ഷുബ്ധ കേന്ദ്രമാക്കി മാറ്റിയും,  
നീ, ഞാനെന്ന ലോകത്തെ തകര്‍ത്തു തരിപ്പണമാക്കുകയാണ്...!


അതിജീവനത്തിന്‍റെ  പാതയില്‍ നിന്നും
ജീവനത്തിന്‍റെ പാതയിലേക്ക്  കരംപിടിച്ച്,
പ്രണയത്തിനും കാമത്തിനും അപ്പുറം,
കരുതലിന്‍റെയും  സ്നേഹത്തിന്‍റെയും തേരോട്ടത്താല്‍ 
നീ, എന്നില്‍ വെന്നിക്കൊടി പാറിക്കുകയാണ് !!!


Friday, November 02, 2012

സീതായണം..വയസ്സറിയിച്ചതുമുതല്‍ പതിവായി  രാവണന്‍ എത്തുമായിരുന്നു
തളര്‍ന്നുറങ്ങുന്ന എന്നരികില്‍ ... ആരോരുമറിയാതെ !

ഹോ ... ഇരുപതു കരങ്ങള്‍ കൊണ്ടുള്ള ആശ്ലേഷങ്ങള്‍
ഇരുപതു അധരങ്ങള്‍  കൊണ്ടുള്ള  ചുംബനങ്ങള്‍
കണ്ണുകളിലെ കാമാഗ്നി ... !

ഒന്നുംപറയേണ്ട...എനിക്ക് ശ്വാസം മുട്ടുമായിരുന്നു...

എങ്കിലും  ഓരോ ദിനവും എന്‍റെ സൂര്യപ്രഭനണയാന്‍,
സൂര്യന്‍ അണയാന്‍ ഞാന്‍ കാത്തിരുന്നു !
പത്ത്  ഹൃദയമൊതുക്കിയ  നെഞ്ചോടു ചേര്‍ത്ത്
തലയില്‍തലോടി, കാതില്‍ പതിയെ മൊഴിയുമായിരുന്നു ,
ഏറ്റവും   പ്രിയങ്കരി ഞാനാണെന്ന്...
കടലോളം ആകാശത്തോളം മഴയോളം ഇഷ്ടമെന്ന് !

കല്യാണ തലേന്നും  അവന്‍ എത്തി...
എന്‍റെ  "പുതിയ ആദ്യരാത്രിക്ക്" ശേഷം പതിവുതെറ്റാതെ എത്താമെന്ന് പറഞ്ഞ്,
(ഞങ്ങളുടേത് എന്നേ കഴിഞ്ഞിരുന്നു  !!!)
കണ്ണീര്‍പ്പുഴയില്‍  ഒരുമിച്ചു നീന്തിതുടിച്ചാണ്  ഞങ്ങള്‍ വിടപറഞ്ഞത് !!!

                                      ...

വിധിന്നെ പറയേണ്ടു, രാമന് കഴുത്ത് നീട്ടിയതിനു ശേഷം
നേരാംവണ്ണം ഒന്ന് കണ്ണടയ്ക്കാന്‍ പറ്റിയില്ല. !

പാവം...ഞാനുറങ്ങുന്നത്  കാത്ത്
ജനലിനപ്പുറം നിന്നിട്ടുണ്ടാവണം അവന്‍
എന്‍റെ  സ്വപ്നത്തിലേക്ക്... എന്നിലേക്ക്‌, കടക്കാന്‍ ...!

ഒടുവില്‍ എന്നിലണയാന്‍ കഴിയാതെ നന്നായി ഉറങ്ങുന്നവരെ
തേടിനടക്കുന്ന ഒരു  സ്ത്രീലംബടന്‍ ആയി ഞാനവനെ നിരൂപിച്ചു.
അല്പസ്വല്പം വെറുക്കാന്‍ പഠിപ്പിച്ചു സ്വയം!

പക്ഷെ എന്‍റെ പുരുഷസങ്കല്‍പം അവനില്‍ മാത്രം ഒതുങ്ങി...
അല്ല അവനോളം വളര്‍ന്നു ...!

                                       ...

എന്നെ ഉപേക്ഷിച്ചു (അതോ ഞാനോ ?) രാമന്‍ കടന്നപ്പോള്‍,
ഭൂമിയിലടിഞ്ഞ  എന്നെ കരം പിടിച്ചുയര്‍ത്താന്‍ നവമൂര്‍ത്തീകരണം !

ശക്തമായ രണ്ടേ രണ്ടുകരങ്ങള്‍,
വടുക്കള്‍ ചുംബിച്ചുണക്കാന്‍ ഒരധരം
സ്നേഹസാഗരഗര്‍ജ്ജനമുള്ള ഒരേഒരു മാറ്,
ആഴിയോളം ആഴമുള്ള രണ്ടുമാത്രം കണ്ണുകള്‍... !

ലിഖിത, അലിഖിത നിയമങ്ങള്‍   കാറ്റില്‍ പറത്തി,
അവന്‍റെ ഇരുകൈക്കുള്ളില്‍ പിടയുമ്പോള്‍,
ചുണ്ടുകള്‍ക്കിടയില്‍   നിന്ന് അല്പം ശ്വാസത്തിനായി തല ചെരിക്കുമ്പോള്‍
വിടര്‍ന്ന  കണ്ണിലെ  പ്രണയവും സ്നേഹവും നാണിപ്പിക്കുമ്പോള്‍ ,
മാറിലെ മൃദുരോമത്തില്‍ വിരലോടിച്ച് കിടക്കുമ്പോളൊക്കെയും ഞാന്‍ കാണാറുണ്ട്…..

സര്‍വ്വസമ്മതന്‍ രാമന്‍റെ  ശുഷ്കിച്ച ചിന്താസരണി, അമ്പേ പരാജയപ്പെട്ട ഭര്‍തൃത്തം !
നിന്നില്‍ മിന്നിമറയുന്ന പുനര്‍ജ്ജനിച്ച രാവണഭാവങ്ങള്‍ ..!!   
ജനാലയുടെ ഒഴിഞ്ഞ മറുപുറം...!!!  
എന്നില്‍ തിരയടിച്ചു തരികെഅണയുന്ന സ്ത്രൈണവികാരങ്ങള്‍ !!!!

                                                         ...

                                            കാലമേ മാപ്പ്...

നീ കാത്തു വച്ചതെന്തെന്നറിയാതെ പലവീഴ്ച്ചകളിലുംനിന്നെ തള്ളിപ്പറഞ്ഞതിന്...!
എന്‍റെ പിഴവുകള്‍ക്ക് നിന്നെ പങ്കുചേര്‍ത്തതിന്...!
നിന്‍റെ കൂടെ ചരിക്കാതെ മുന്നേ ഓടാന്‍ ശ്രമിച്ചതിന്...

                                               മാപ്പ്....

  ഹൃദയത്തിന്നാഴങ്ങളില്‍നിന്നും....... മാപ്പ് !!!


Wednesday, October 31, 2012

ദാമ്പത്യo !!!


പ്രണയത്തിന്‍റെ നിറം വയലറ്റ് എന്നവന്‍
അവള്‍ക്ക് മരണത്തിന്‍റെ പുഴുവരിക്കുന്ന ഓര്‍മ്മ !!

മാന്തളിര്‍ വര്‍ണ്ണത്തില്‍ സംശയത്തിന്‍റെ മുരളിയൂത്തവനില്‍, അവളില്‍ വിടരുന്ന പ്രണയത്തിന്‍റെ പുതു നാമ്പുകള്‍ !!

അവന് നീല അസഹിഷ്ണുതയുടെ വെകിളി,   
അവള്‍ക്കു ആകാശത്തിന്‍റെ ആഴിയുടെ സ്വപ്‌നങ്ങള്‍ !!

പച്ച അവന് പ്രകൃതി,
അവള്‍ക്ക്
  വ്യാക്കൂണിന്‍റെ
,  പുളിച്ചുതേട്ടലിന്‍റെ  മനംമുട്ടല്‍ !

മഞ്ഞ കണ്ടാല്‍ അവനില്‍ മഞ്ഞപ്പിത്തത്തിന്‍റെ  മിന്നലാട്ടം
അവള്‍ക്ക്  വിഷുക്കണി !!

ഓറഞ്ചുനിറത്തിലവന് കാമപൂര്‍ത്തീകരണം,
അവള്‍ക്ക് കീഴടങ്ങലിന്‍റെ
, ചുരുണ്ടുകൂടലിന്‍റെ നിസ്സഹായത !!

ചുവപ്പില്‍ കണ്ണുമൂടിയ പ്രണയജ്വാല അവനെ എരിക്കുമ്പോള്‍,
വാകപ്പൂതേരിറങ്ങിയ ഗന്ധര്‍വ്വന്‍റെ മനവലയത്തില്‍ എല്ലാംമറന്നവള്‍ !!

 ............................

ആത്മാവ്  ഇണചേരാതെ തൊടുത്ത മഴവില്‍പറവയ്ക്ക്
സ്നേഹം = സ്വായത്തമാക്കലിന്‍റെ പതിനെട്ടടവുകള്‍ !!!

Wednesday, October 17, 2012

വരിയുടച്ച പ്രണയം !!!മാറും മനസ്സും തളിര്‍ത്ത്
മാസമുറ തെറ്റിയപ്പോഴാണറിഞ്ഞത് 
നിന്നോടുള്ള മോഹത്തെ ഞാന്‍ ഗര്‍ഭം ധരിച്ചെന്ന്...! !!!!!!

ആരും കാണാതെ മൂടി നടന്നിട്ടും,
ക്രൂരമായ തുറിച്ചു നോട്ടങ്ങളാണ്  തറപ്പിച്ചു പറഞ്ഞത്..
വിവാഹേതരം,അസ്വീകാര്യമെന്ന് ...!

ഗര്‍ഭാശയം പൊട്ടിത്തകര്‍ന്ന്  
പുറത്തേക്കു തെറിച്ച നിശബ്ദവസന്തമാണ് തിരുത്തിയത്...
നിനക്ക്  ഹിതമല്ലതായത്  അവിഹിതമെന്ന് !!!

അങ്ങനെയാണ് അവസാനം ഞാനെന്‍റെ പ്രണയത്തെ വരിയുടച്ച്
അക്ഷരപ്പൂട്ടിന് വിട്ടത് !!!

Saturday, October 13, 2012

" പുനര്‍ജ്ജനി "
അവളുടെ ദീര്‍ഘ  നിശ്വാസമേറ്റ്,
കണ്ണുനീര്‍കുടിച്ച്,  ശവം പോലെ വീര്‍ത്ത..
അഴുകിയ ഓര്‍മകളുടെ വിഴുപ്പുഭാണ്ഡം ചുമന്നു  മടുത്ത തലയിണ !
ഏഴാം  നിലയില്‍ നിന്നും ചാടി  വീരമൃത്യു വരിച്ചു !!

ബഹുമാനാര്‍ത്ഥം രണ്ടുതുള്ളി കണ്ണ്നീര്‍ പൊഴിച്ചവള്‍-
കടലും , തീരവും , കനല്‍ക്കാറ്റും , തീണ്ടലും താണ്ടീ
വേര്‍തിരിച്ച പകലും , ചേര്‍ത്തു വച്ച രാവും ഉള്ളേറ്റിയത്
വിരലിട്ടു പുറത്തേക്ക് തെല്ല് അജ്ഞ"യോടെ ഒഴിവാക്കി ..
അതിനെ ചവിട്ടിക്കടന്നുപോയി..!

അമാവാസിക്കരിയില്‍ നിന്നും അവനാം  മഴപ്പച്ചയിലേക്ക്  !!!

കണ്ണില്‍ ഈണവും , പുതുമഴരാഗവും ചേര്‍ത്ത്
ഒരു നുള്ള് സ്നേഹത്തിന്റെ വിരിമാറ് കൊതിച്ചവള്‍... അവനിലേക്ക് !!!

Sunday, September 30, 2012

" നേര്‍പാതി "


പ്രണയത്തിന്‍റെ കൈചൂട്ടു നീ വീശിയെറിഞ്ഞ്
എന്നില്‍ കാട്ടുതീയായി ആളിപ്പടര്‍ത്തിയത്
നിന്‍റെ ചുംബനത്തിന്‍റെ  തീക്ഷ്ണക്കാറ്റാണ് ...!!

                              *

നമ്മില്‍ പിറക്കാത്ത പൂമ്പാറ്റക്കുരുന്നുകള്‍ക്ക്
സീമ..ആഴിയാം  നീ ...ആകാശമാം ഞാന്‍ ...!!!

                              *

എന്നിലും നിന്നിലും ആണിയടിച്ചു നീര്‍ത്തിയ അയലില്
തോരാനിട്ട മഴവില്ലിനു ഒരേ ഒരു നിറം -
എന്നെ വലിച്ചെടുക്കുന്ന നിന്‍റെ കണ്ണിന്‍റെ  അഗാധ നീലിമ ...!!!


Thursday, September 20, 2012

ചെറോണ..!!!

ഇന്നലെ അന്തിചുവപ്പില്‍ ചോരയൊലിക്കുന്ന
അടിപ്പാവാടയുമായി ..അവള്‍ ..ചെറോണ..

പതിവുതെറ്റിച്ച് ഉമ്മറവാതില്‍ തള്ളിത്തുറന്ന്...
എന്‍റെ ഹൃദയ രക്തം ഊറ്റി, ഊതിക്കട്ടിയാക്കി, കടിച്ചുനീട്ടി നൂലാക്കി..
മനസ്സിനെ വരിഞ്ഞു മുറുക്കുന്ന ചിലന്തിയെ...നോക്കി..സാകൂതം... !

രക്ഷിക്കാന്‍ ശ്രമിച്ചെയില്ല അവള്‍.., പ്രാണിപോല്‍ പിടയുന്ന പ്രാണനെ...
ചവിട്ടിയരച്ചതെയില്ല 
എന്നെ കാര്‍ന്നുകൊല്ലുന്ന ചിലന്തിയെ
പകരം എന്‍റെ കണ്ണില്‍ നോക്കി പൊട്ടിച്ചിരി..ആര്‍ത്തട്ടഹാസം ..!

അവള്‍ക്കുനീട്ടാന്‍ ചോരതെറിക്കാത്ത ഒരു പാവാടക്കായി ഞാന്‍ തിരയവേ...

"അംബ്രാട്ടിയെ... വല്ല്യേംബ്രാനല്ല ...ആ ചിലന്തിയാണ്‌... 
ചിലന്തിയാണ്‌ പെറീപ്പിക്കണേ… 
നമ്മുടെ ഹൃദയത്തില്‍കണ്ണീര്‍ക്കുരുന്നോളെ ...

ചെറോണ 
 അവയെ കൊന്നുചിരിക്കും, നീ ചിരിച്ചു സ്വയംകൊല്ലും..
ചെറോണ ഭ്രാന്തിന്റെ ലേബലില്‍ ...നിറഞ്ഞു ജീവിക്കും ..
നീയോ മധ്യവര്‍ഗ്ഗക്കെടുതിയില്‍ നീറിക്കെട്ടൊടുങ്ങും "

നിണമണിഞ്ഞ പാവാട എന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്
ഭ്രാന്തിന്റെ ലേബല്‍ വീണ്ടും എടുത്തണിഞ്ഞു തലയില്‍ പേന്‍തപ്പി...
ഇരുട്ടിന്റെ മറവില്‍ കാത്തിരിക്കുന്ന തംബ്രാക്കാന്മാര്‍ക്കും..
പതിയിരിക്കുന്ന ചിലന്തികള്‍ക്കും... ഇടയിലേക്ക്...
നിറഞ്ഞു ജീവിക്കാന്‍...... . നഗ്നയായി ..അവള്‍ ...

കടപ്പാട് : ഇലഞ്ഞിപ്പൂക്കള്‍ :http://thedreamywingzz.blogspot.in/2012/09/blog-post_3443.html


Tuesday, September 11, 2012

ഓര്‍മകളുടെ കനലില്‍ വേവാതിരിക്കാന്‍, നീ പെയ്തൊരു തിരുവോണപ്പുലരി !!!മഴ പെയ്യുന്നുണ്ട്‌..., ആലേന്‍റെ മോളില്‍ ആലിപ്പഴം വീഴുന്നത് ശരിക്കും കേള്‍ക്കാം...
കോലായില്‍..മൂലോട് ചോര്‍ന്നു വെള്ളം ഇറ്റിറ്റു വീഴുന്നു...
"ഒടുക്കത്തൊരു മഴയപ്പോ"ന്ന്പറഞ്ഞു ഏച്യമ്മ  കുഴിയുള്ള പിഞ്ഞാണം വച്ചതില്‍ മഴത്തുള്ളിക്കിലുക്കം !!!

അമ്മ സ്കൂളില്‍ നിന്നിനിം എത്തിട്ടില്ല. ഇന്നിരമ്മ  അടുക്കളയില്‍ അട ഉണ്ടാക്കാനുള്ള വട്ടംകൂട്ടുന്നുവല്യമ്മ മോര് കടയുന്നതിരക്കില്‍, ചേച്ചിമാര്‍ എത്താനാവുന്നതെയുള്ളൂ.

ഞാന്‍ ഓടുകയാണ്... കണ്ടത്തില്‍ നിന്നുള്ള തവളകളുടെ കരച്ചില്‍...,
മഴ ഇരുട്ടിനെപ്പെടിച്ചുള്ള കീരാംകീരികളുടെ അലര്‍ച്ച...
കുളത്തിലെ വെള്ളത്തില്‍ മഴമുത്ത് പൊഴിക്കുന്ന ഓളങ്ങള്‍......... ..

ഞാന്‍ ഓടുകയാണ് മഴയെ വകവയ്ക്കാതെ ... 
മഴകാണാന്‍ പുറത്തിറങ്ങിയ കുളത്തിലെ  നീര്‍ക്കോലിയെ നോക്കാതെ, "അല്ല എങ്ങോട്ടാ ഈ മഴയത്ത്" എന്ന വയല്‍ ഞണ്ടിന്‍റെ  കിന്നാരം കേള്‍ക്കാതെ...
"ഒറ്റയ്ക്കാണോ എന്നാല്‍ ഞാനും വരാം" എന്ന മണ്ണട്ടയുടെ സീല്‍ക്കാരം ഗൌനിക്കാതെ...

പെട്ടെന്ന് പരക്കുന്ന ഇരുട്ടില്‍ വഴികാട്ടാന്‍ ഒരു മിന്നമിനുങ്ങിനെയെങ്കിലും കൂട്ട് തരാമായിരുന്നില്ലേ... അല്ല അതിനിപ്പം നീ എന്തിനാ ഇരുട്ടിലേക്ക് ഒറ്റയ്ക്ക് ഓടുന്നെ?.. 

അമ്മേടെ പിന്‍വിളി കേള്‍ക്കാതത്രയും അകലെ ആയോ ..ഇന്നിരമ്മ കാത്തുവച്ച അടയും ചുക്കുകാപ്പിയും....എച്ചയ്മ്മയുടെ കുഞ്ഞാ വിളി ..ഇല്ല...ഒന്നും കേള്‍ക്കുന്നില്ല.. 
ഈ മഴ എപ്പോഴാ എന്‍റെ ശ്വാസകോശത്തിലേക്ക് അരിച്ചിറങ്ങി, ഒരുതുള്ളി ശ്വാസത്തിന് പോലും ഇടകൊടുക്കാതെ നിറഞ്ഞത്‌
പുറത്തെ  ഇരുട്ട്  എന്‍റെ സിരകളിലും നെഞ്ചിലും നിറയുന്നു... ഞാന്‍.. ...


പെയ്യുന്ന മഴേ ഒരിറ്റ്..എന്‍റെ തൊണ്ട.. അവസാന ദാഹം...

"അയ്യോ  നിഖിമോ..പനി തലേക്കേറിയോ ദൈവേ  ...പിച്ചും പേയും തന്നെ  പറയണ്കുട്ടി.... ഇന്നിരമ്മേന്‍റെ  മോളൊന്നു കണ്ണു തുറന്നെ ...ഒന്നു നോക്കിക്കേ..."

ഇന്നിരമ്മേന്‍റെഏച്യമ്മേടെം കൈകള്‍ എന്തേ ആലിപ്പഴത്തെക്കാള്‍  തണുത്തുറഞ്ഞ്...
അയ്യോ തട്ടി മാറ്റ്...അവരുടെ തലയ്ക്കുമോളില്‍ കത്തിച്ച  നിലവിളക്ക് ...അയ്യോ മാറ്റ് മാറ്റ് ..

"പൊന്നൂട്ടീ.. വല്ലാണ്ടെ പനിക്കണണ്ടല്ലോ,  ആന്‍റിബി ബയോട്ടിക്സ്  എടുക്കണം എന്ന് പറഞ്ഞാല്‍ എന്തേ  മോളുസേ നീ കേള്‍ക്കാതെ  ഇങ്ങനെ...വെള്ളം എടുത്തിട്ട് വരട്ടെ ഞാന്‍" "

വേണ്ടാ നീ പോകണ്ടാ..എന്‍റെ കൈവിടുവിച്ചു നീ നിമിഷത്തേക്ക് പോലും..പോകല്ലേ ..പോകല്ലേ ദയവായി, ഒന്നു കേള്‍ക്കു..ഒരു ചെറിയ കുറുമ്പല്ലേ... ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ മതി... എന്‍റെ പനിയെല്ലാം.. എന്താ നീ എന്‍റെ കൈതട്ടി മാറ്റി ..നീ എങ്ങോട്ടാ....വാതിലെന്തിനാ ഇത്ര ശബ്ധത്തില്‍....പോയോ..ഞാന്‍ ..


 "ഹലോ, ?? ഡാ...ഞാനാ ഓണമെങ്ങനെ?? അല്ലാ ഇതെന്താ  നീ  ഇപ്പോഴും  ഉറക്കാ..നല്ലൊരു തിരുവോണത്തിന് ...നീ ഫ്ലാറ്റില്‍  ഒറ്റയ്ക്കാ.. മൂത്തെടെ അടുത്ത് പോകായിരുന്നില്ലേ..
എനിക്കിവിടെ ഒരു സമാധാനോം ഇല്ല നിന്‍റെ കാര്യം ഓര്‍ത്തിട്ട്.. അക്കുനേം അമ്മുനേം എടുത്തിട്ട് വരാനും പറ്റില്ലല്ലോഅല്ല...വിളിച്ചില്ലേ നിന്നെ?എന്നെ വിളിച്ചിരുന്നു. നീ ഇന്നലെ ഫോണ്‍ എടുക്കതതിലും, നിനക്ക്  മൂഡ്‌ ഓഫ്‌  ആണെന്നുമുള്ള പരാതിയും പറഞ്ഞ്...എന്തിനാ നീ നല്ലോരോണത്തിന്...
പോയൊരു പോയി...അവരെ ഓര്‍ത്ത് നീ .. അവനെ..ഇങ്ങനെ .."

അങ്ങനൊന്നും ഇല്ലെന്‍റെ നീ ...ഇന്നലെ താമസിച്ചാ ഉറങ്ങിയെ..ഇന്നിരമ്മയും എച്ച്യമ്മയും ഓര്‍മ്മകള്‍ നിറച്ച്  എന്നെ ഉറങ്ങാന്‍ വിട്ടില്ല... പിന്നെ എന്‍റെ സങ്കടങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു ഫോണിലും ചാറ്റിലും അവനും.

ഞാനിങ്ങനെ ഒരു മഴ.. പനി സ്വപ്നത്തില്‍ മരിക്കുകയായിരുന്നു...അവന്‍ മരുന്നും  സ്നേഹവുമായി അരികെ....
കൊരങ്ങത്തി ...നിനക്കു വിളിക്കാന്‍ തോന്നിയൊരു സമയം... കുറച്ചൂടിനേരം..എനിക്കവനെ കിട്ടുമായിരുന്നു..പനിക്കുളിരില്‍ അവന്റെ ചൂടു പറ്റാന്‍ ദേ ഒരു മിനിട്ടേ വേണ്ടിയിരുന്നുള്ളൂ.... എല്ലാം കളഞ്ഞു...

അയ്യോ ഞങ്ങള്‍ക്ക് ബ്രേക്ക്‌ ഫാസ്റ്റ്ന്‌ സമയായി ...11 മണിക്കാ. ബ്രെഡ്‌  ടോസ്റ്റ്‌ ചെയ്യണം ബുള്‍സ് ഐ ഉണ്ടാക്കണം...അങ്ങനെ ഞങ്ങള്‍ ഒരുമിച്ച്...ക്യാമറക്കിരുപുറം ... വെക്കെട്ടെ നീ ...വിളിക്കാംട്ടോ...ഉമ്മാ..ലവ് യു ... ബൈ.. ബൈ ..
ഓഹ് സോറി സോറി ..ഹാപ്പി ഓണം !!!
-------------

പുറത്ത് മഴ  നിറഞ്ഞ് പെയ്യുന്നുണ്ട് ....

നേര്‍ത്ത ചൂടുണ്ട് ഉള്ളില്‍ ..
മനസ്സ് പനിചൂടില്‍ ഓര്‍മ്മക്കിനാവിലേക്ക് വഴുക്കിപോകുന്നത്,
ഒറ്റക്കായി പൊകുന്ന നിമിഷങ്ങളില്‍ ഓര്‍മകളുടെ മഴക്കാലം കൂട്ട് വരുന്നത്,
അതില്‍ ഈറനാവുന്ന കണ്ണിനെയും ഹൃദയത്തെയും തഴുകാന്‍ ഉള്ളിലും പുറത്തും നീയാം മഴ സദാ നിറയുന്നത് ...

അതെ, മനസ്സിന്‍റെ ഉള്ളിലെപ്പോഴും നിന്‍റെ മഴ പെയ്യുന്നുണ്ട്...

നിന്നിലെക്കെത്തുകയെന്നാല്‍ മഴ തന്നെ!

വീണ്ടുമൊരു ഓണക്കാലം പതിയേ വന്ന് പടിയിറങ്ങുമ്പൊള്‍, നന്ദി പൂര്‍വ്വം സ്മരിക്കുന്നു , കാലത്തെ ...എന്നില്‍ നിന്നടര്‍ന്നതിനും, അടര്‍ത്തിയതിനും പകരമായി നിന്നെ തന്നതിന്!!

വീണ്ടും നിന്‍റെ മഴ കുളിരിലേക്ക് , എന്‍റെ മഴകുറുമ്പുകളിലേക്ക്
മനമുടക്കി നമ്മുക്ക് ഒന്നായീ....

പുറത്ത് മഴ നിറഞ്ഞ് പെയ്യുന്നുണ്ട്, നമ്മുടെ മനസ്സ് പൊലെ ...!Friday, September 07, 2012

കബനി


ഉറവില്‍ നിന്നുയിരാര്‍ന്നപ്പോള്‍..കാറ്റിനും ഒഴുക്കിനുമെതിരെ
ലക്ഷ്യമല്ല  ... മാര്‍ഗ്ഗം! അതുമാത്രമായിരുന്നു മുന്നില്‍!!

തെറ്റിയും, മാറിയും, ഒഴുകി നിന്നിലെത്തി നിറയുമ്പോള്‍  അറിയുന്നു
ലക്‌ഷ്യം തന്നെയായിരുന്നു …!

മാര്‍ഗ്ഗം വെറും വഴികാട്ടിമാത്രം..
നിന്നിലേക്കുള്ള, എന്‍റെ  ദിശാസൂചകം !!!

Monday, September 03, 2012

ഞാന്‍ x നീ = സ്നേഹം

ഞാന്‍ ഇന്ന് വീണ്ടും വായിച്ചു എന്‍റെയും നിന്‍റെയും
(നമ്മുടെതെന്ന് പറയാന്‍ ഇനി എനിക്ക് വയ്യ ) മെസ്സേജുകള്‍.
അറിയാതെ, ഡിലീറ്റ് ആവാതെ കിടന്നവ.

വല്ലാതെ സഹതാപം തോന്നി എനിക്കെന്നോട്..
നിന്‍റെ സ്നേഹത്തിനായി അട്ടയേപ്പോലെ നിന്നില്‍ കടിച്ചു തൂങ്ങി   ...
'എന്നെ വേണ്ടെങ്കില്‍ പറയുതുറന്നത്' എന്നുകേണ്...ഒരു വെറും പെണ്ണ് !!!

പറിച്ചെടുത്തു ദൂരെ എറിയാതെ, ഒരിറ്റു സ്നേഹം ഒഴുക്കാതെ,
മറ്റുള്ള നീരൊഴുക്കിലേക്ക്  ചൂണ്ടുപലക കാട്ടി,
അവഗണയുടെ  ഉപ്പുനീര്‍ ഉറ്റിച്ച്‌  ഇഞ്ചിഞ്ചായി നീറ്റി,   നീ..

ഇനി നിന്‍റെ  അവസരമാണ് ..അവസാനത്തേത്...
ഒന്ന് പേര് ചൊല്ലി വിളിക്കൂ കുഴിച്ചു മൂടുന്നതിനുമുന്‍പായി..
കാരണം സ്നേഹത്തിന്‍റെ വിപരീതാര്‍ത്ഥം...എന്‍റെ നിഘണ്ടുവില്‍ കാണുന്നേയില്ല !!!

Thursday, August 30, 2012

നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ??


നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ?? 
ഏതിനും മീതെയീ നീ എന്ന് പറയുന്ന ആര്‍ജ്ജവമോ?
'അനാഥയല്ല നീയെന്‍ മരണം വരെ', എന്ന് പകരുന്ന ധൈര്യമോ ?
കാപട്യമില്ലാതെ, നമ്മെയോര്‍ത്തു ചിന്തുന്നമിഴിനീരിന്‍റെ നൈര്‍മ്മല്യമോ ? 

 എന്നോടുള്ള പ്രണയമോ, ആര്‍ദ്രതയോ, വാത്സല്യമോ, കരുതലോ ?
ക്ഷണിക മൌനത്തില്‍ പിണങ്ങുന്ന നിന്‍റെ  കുറുമ്പോ ?
എന്‍റെ പൊട്ടചോദ്യങ്ങളില്‍  ആര്‍ത്തു ചിരിക്കുന്ന കുട്ടിത്തമോ ?

നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ??  
പഠിച്ച കള്ളനെന്നെഴുതിയ മുഖത്ത്  നീ വിരിയിക്കുന്ന  'അയ്യോ പാവം'  ഭാവമോ ?
എന്‍റെ ശാസനയില്‍ നീ 'എടുത്തണിയുന്ന' തലതാഴ്ത്തിയിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോ ?
"അഭിനയം മതിയാക്ക് "  എന്ന വാക്കില്‍ അറിയാതെ പൊട്ടിപ്പോകുന്ന കള്ളചിരിയോ? 


ക്യാമറക്കിപ്പുറം ചുരുണ്ട് കിടക്കുന്ന എന്നെ നോക്കി വാത്സല്യത്തോടെ മൂളുന്ന താരാട്ടോ? 
ഒരു ബിയറിന്‍റെ കുളിരില്‍ അണപൊട്ടിഒഴുകുന്ന നിന്‍റെ ''സംഗതി  ശരിയാവാത്ത'' കവിതകളും പാട്ടുമോ ?
"ഉമ്മവച്ചുറക്കുന്നെ" എന്ന് കണ്ണടച്ച് ചിണുങ്ങുന്ന ഞാന്‍ ഒളികണ്ണിടുന്നതും, നോക്കിയുള്ള ആ കാത്തിരിപ്പോ?  


നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ?? 
സ്വപ്നം വിടരും നയനങ്ങളോ, ഓരോ അണുവും തൊട്ടുണര്‍ത്തുന്ന അധരങ്ങളോ ?
തഴുകിയുറക്കുന്ന വിരലുകളോ ? എന്നെ തളര്‍ത്തുന്ന ചന്ദന ഗന്ധമോ?
ഞാന്‍, നീ, നമ്മുടെ മോഹം എന്ന ത്രികോണത്തെ ഓര്‍മ്മിപ്പിക്കുന്ന ആ കറുത്ത പൊട്ടുകളോ  ?

കടലിന്‍റെ അത്ഭുതത്തോട്  എന്നെ ഉപമിക്കുന്ന വാചാലതയോ ?
കാവിലെ നെയ്ത്തിരി ഗന്ധമെന്നു പറഞ്ഞെന്നെ പുളകിതയാക്കുന്ന സ്പര്‍ശനങ്ങളോ 
'നീയൊരു പെണ്ണാണ്' എന്നെന്നെ ആര്ദ്രയാക്കുന്ന  നിന്‍റെ ആശ്ലെഷങ്ങളോ   ?

അല്ല, ഇവ മാത്രമാവില്ല  ജീവിതം വച്ചുനീട്ടിയവനോടുള്ള...
നീ തന്നെ പറയു പ്രിയനെ...നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ?? 

Wednesday, August 29, 2012

തിരുവോണപ്പുലരി

എനിക്കറിയാം..

എന്‍റെ ആകുലതകളുടെ ചുവപ്പും, നിന്‍റെ മനസ്സിന്‍റെ വെണ്മയും
നമ്മുടെ പ്രണയത്തിന്‍റെ വയലറ്റും, പ്രതീക്ഷകളുടെ ഹരിതവും
ചേര്‍ത്ത് നീ പൂക്കളം ഒരുക്കുകയാണെന്ന്,

നീ സദ്യവട്ടത്തിലാണെന്ന്.

ഞാന്‍ പരാതിപ്പെട്ടെ ഇല്ലല്ലോ കണ്ണാ ഞാനിവിടെ ഒറ്റയ്ക്കാണെന്ന് ...
ഓരോ അണുവിലും നിന്നെ നഷ്ടപ്പെടുന്നുവെന്ന്..

എന്നിട്ടുമെന്തേ നീ പുലര്‍മഴയായി ..'ചാരെ ഞാനില്ലേ ഉണരൂ' എന്നോതി
ഒന്നിനുമുതകാത്ത ഈ തിരുവോണപ്പുലരിയിലേക്ക് എന്നെ കണ്‍ത്തുറപ്പിക്കുന്നു?!?

Monday, August 27, 2012

ഭിന്നമതക്കാരുടെ പ്രണയം.അവളുടെ സ്നേഹമതത്തിന്  എതിരായ അവന്‍റെ നീതിശാസ്ത്രം !

അതില്‍ നിലതെറ്റാതിരിക്കാന്‍
അവനില്‍ ചുറ്റിപ്പിടിച്ച അവളുടെ സ്നേഹം

ഓര്‍ക്കാപ്പുറത്താഞ്ഞടിച്ച പ്രണയാവേഗത്തില്‍....
അവര്‍ ചാപ്പിള്ള  പെറ്റത്‌...-

എല്ലുന്തി  കണ്ണുതുറിച്ച,  പരസ്പരം അന്യമാക്കപ്പെട്ട ഒരു ജീവിതം !

Thursday, August 23, 2012

നിന്നോട് പറയാന്‍ ഇത്രമാത്രം!!

കഴിഞ്ഞ വിഷുന്   വിഷുക്കോടികിട്ടിയപ്പോ കരുതി
മതി,  ഇനി വേണ്ടേ വേണ്ടാന്ന്..എന്തിനാ ഇത്രയധികംന്ന്.

കഷ്ടകാലംന്ന് പറഞ്ഞാല്‍ മതീലോ,
എത്ര പൊന്നുപോലെ സൂക്ഷിച്ചിട്ടും
കാറ്റും,വെയിലും കൊള്ളിച്ചിട്ടും കരിമ്പന്‍ കുത്തിപ്പോയി !
കുറെയേറെ കരഞ്ഞു നോക്കി എന്താകാര്യം..
ഗത്യന്തരമില്ലാണ്ട് ഉപേക്ഷിക്കേണ്ടിത്തന്നെ വന്നു.

അപ്പോഴേക്കും എത്ര പെട്ടെന്നാ ഓണം വന്നത്..
ഓണക്കോടിയുമായി നീയും.... !!!
ഒന്നുണ്ടേ, ഇപ്പോഴേ പറഞ്ഞേക്കാം,
പെട്ടെന്ന് കരിമ്പന്‍ കുത്തി, അരയാണ്ട് തെകയണേന് മുന്നേ
കീറണ ജാതിയാണേല്‍ നിക്ക് വേണ്ടാട്ടോ ...

ഇനീം കരയാന്‍ വയ്യേ ..അതെന്നെ കാര്യം.

Tuesday, August 21, 2012

ഭാഗധേയം !!!


'വരണ്ട മണ്ണിനെ നനച്ച്   വിത്തിറക്കിയെ    അടങ്ങൂ' എന്നായിരുന്നു വാശി ..
ഒരു വര്‍ഷകാലം വേണ്ടിവന്നെക്കുമെന്ന ഭയം ..
കണ്ണിലും മനസ്സിലും മഴക്കാലം കാത്തുവച്ചവന് !

'ഈ മണ്ണിലിനി ഉറവു പൊട്ടി, നിന്നിലേക്ക്‌ ചാലു കീറില്ല ..
എന്നിരിക്കിലും പെയ്യാന്‍ തുനിഞ്ഞതല്ലേ, പെയ്യാതെ പോകണ്ട '.  
ഒരു ചെറു ചാറ്റല്‍മഴയില്‍ ആര്‍ദ്രമായിപ്പോയവളുടെ കള്ളനാട്യങ്ങള്‍!!!  

കാതങ്ങള്‍   അകലെനിന്നും താരാട്ടിത്തഴുകുമ്പോള്‍..
മടിപ്പുതപ്പ്  മൂടിക്കിടന്നു കഥകള്‍ പറയുമ്പോള്‍..
പെയ്തും നിറഞ്ഞും പരിപൂരകമാവുമ്പോള്‍..

അറിയുന്നു ...
കാലത്തിന്‍റെതായിരുന്നില്ല...
അനിവാര്യത തീര്‍ത്തും നമ്മുടെതായിരുന്നു!!!

Friday, August 17, 2012

മാ(പ)നപ്പിഴ !

എല്ലാ   ചഷകവും  ഞാന്‍ പകുത്തിരുന്നു...
എന്‍റെ പൂര്‍ണതയുടെ ഏകകം !

നിന്‍റെ മനംപിരട്ടല്‍ ഞാന്‍ അറിഞ്ഞതേയില്ല.
എന്‍റെപിഴ, എന്‍റെ മാത്രം പിഴ !   

വിഷബാധ  ഏറ്റവനെപ്പോലെ നീ കുടല്‍മറിഞ്ഞു  ഛര്‍ദ്ദിക്കുന്നു ...
ഉള്ളില്‍നിന്നെന്നെ  പിണ്ഡം വയ്ക്കുംവരെ !

പേടിക്കാനില്ല,  ഇനി നിന്നില്‍ എന്‍റെ തിരുശേഷിപ്പുകള്‍
അല്‍പം  വെറും ഓര്‍മ്മകള്‍..
പ്രതിക്കൂട്ടില്‍ എന്നും  മഗ്ദലന മറിയം!!!

Tuesday, August 14, 2012

ഭ്രമം !!!

വികാരാധിക്യത്തില്‍ മധു നുകര്‍ന്നും
വൈകാരികശൈത്യത്തില്‍ പറന്നകന്നുമാഭ്രമരം 
കൈതപ്പൂവിനെ  ഭ്രമിപ്പിച്ചു കൊണ്ടേയിരുന്നു ...
മതിഭ്രമം പിടിപ്പെട്ടത്‌ കരിഞ്ഞുവീഴും വരെയും !!!

Friday, August 10, 2012

നിന്നിലൂടെ.... എന്നിലേക്ക് !

രാത്രിമുഴുവന്‍ ഉറങ്ങാതെ
പൌര്‍ണമിയില്‍ നനഞ്ഞ്  കുളിച്ച്‌,
അമാവാസിയുടെ അകത്തളത്തില്‍ ചൂട്പകര്‍ന്ന്, സ്നേഹകമ്പളത്തിനുള്ളിലൊളിച്ച്  കണ്ണുകളില്‍ ഹൃദയത്തിന്‍ ആഴമളന്ന്...
ഞങ്ങള്‍ !!!

മഴക്കാടുകളില്‍ ഈറനണിഞ്ഞ ഇലകള്‍ക്ക് മുകളില്‍ നഗ്നപാദരായി-
തുളസീ മാലയില്‍ എന്നെക്കൊരുത്ത്,
മഞ്ഞുപൊഴിയുന്ന മലമുകളില്‍ വച്ചാദ്യ ചുംബനംവര്‍ഷിച്ച്,
കൈക്കുടന്നയില്‍ പുഴ തന്ന്, പരല്‍മീനിന്‍റെ ഇക്കിളി അനുഭവിപ്പിച്ച്, 
കടലത്തിരകളെയും മണല്‍ത്തരികളെയും എന്നിലേക്ക്‌ പകര്‍ന്ന്,
ചുണ്ടില്‍ കാട്ടുതേനും, നെറുകില്‍ അസ്തമന ചുവപ്പും ചൊരിഞ്ഞ് ...
 അവന്‍ !!!

ആ വിടര്‍ന്ന കണ്ണില്‍ ലോകവും,
വാക്കിലും നോക്കിലും ജീവിതവും സ്വപ്നം കണ്ട്,
പരിഭവങ്ങളില്‍ അമ്മയായി, തണലില്‍ കൈക്കുഞ്ഞായി,
പ്രണയ മഴയില്‍ കാമിനിയായി..എപ്പോഴൊക്കെയോ വാമഭാഗമായി, മായക്കാഴ്ചയില്‍ മതിമറന്ന്, പറന്നുയരാന്‍ വെമ്പി...
 ഞാന്‍ !!!

തെറ്റും ശരിയും നാല് കണ്ണിലൂടെ കണ്ട്
നിയമങ്ങള്‍ രണ്ടു ഹൃദയങ്ങള്‍ സൃഷ്‌ടിച്ച്
രണ്ടില്‍ നിന്ന് ഒന്നായി ലോപിച്ച്, അഞ്ചായി വിടര്‍ന്ന് ...  
നമ്മള്‍ !!!

Friday, August 03, 2012

യാത്രാ മൊഴി !!!

പ്രിയപ്പെട്ട നിനക്ക്  ,

എന്‍റെ മൊഴികളെ നീ വെറുക്കുന്നുവെന്നറിഞ്ഞ്
സ്വനതന്തുക്കള്‍ മുറിച്ചു ഞാന്‍ തെരുവ് നായയെ ഊട്ടി.

ഇന്ന്, നിനക്കായി ചലിച്ച എന്‍റെ വിരലുകളെയും തൂലികയെയും നീ
പഴിച്ചുതുടങ്ങിയിരിക്കുന്നു..
ഇനി ഞാന്‍ സ്വയം പഠിപ്പിക്കും, എന്നെക്കുറിച്ചുള്ള നോവുകളില്‍നിന്നുപോലും, നിന്നെ മനപ്പൂര്‍വ്വം മറക്കാന്‍.
ഇനിയെന്‍റെ വരികളില്‍, ഓര്‍മകളില്‍ - നിന്‍റെ ബീജമില്ല (ഉണ്ടായിക്കൂടാ).

നീ തീര്‍ത്തും സ്വതന്ത്രനാണ്....
അടര്‍ത്തി മാറ്റുന്നതിന് മുന്‍പേ, ഞാനിതാ സ്വയം അടരുന്നു ..
നിന്നില്‍ നിന്നും എന്നന്നേക്കുമായി, നിനക്ക് വേണ്ടി  !!!

ഇനി ഇവിടെ  എല്ലാം സാങ്കല്‍പികം...സാദൃശ്യം യാദൃശ്ചികം മാത്രം !!!

                            പരിഭവമില്ലാതെ, സ്നേഹപൂര്‍വ്വം ...
                                                                                                   നിന്‍റെതല്ലാത്ത , ഞാന്‍

                                                                                                          (കൈയ്യൊപ്പ്)


Wednesday, August 01, 2012

കഴമ്പില്ലാ കുറുമ്പ് !!


കറുകപ്പുല്ലിനടുത്തൊരു ഒരു പാവം തൊട്ടാവാടി തളിര്‍ത്തു,
ആവുന്നത് ചൊല്ലി, തോണ്ടിയും നുള്ളിയും അതിനെ വാട്ടരുതെന്ന്.

ആരുകേള്‍ക്കാന്‍...
അത്രയ്ക്കുണ്ടേ  കറുകെന്‍റെ കുറുമ്പ് !!!

Saturday, July 28, 2012

ഒരു കൊലപാതകിയുടെ ഏറ്റുപറച്ചില്‍ !!!

എന്‍റെ   സ്നേഹം താങ്ങാന്‍ കഴിയാതെ
ആത്മാവ് ശ്വാസം മുട്ടിപ്പിടഞ്ഞപ്പോള്‍...
 ഒട്ടും ഗൌനിക്കാതെ ഞാന്‍ വീണ്ടും വീണ്ടും എന്നോട് ചേര്‍ത്തമര്‍ത്തുകയായിരുന്നു ..

 "ഒട്ടും അകലാതെ, ശ്വാസംമുട്ടി മരിച്ചോളൂ എന്നില്‍" -
എന്ന വാശിയില്‍...
പക്ഷേ സത്യം, മരണം പ്രതീക്ഷിച്ചതെ ഇല്ല ഞാന്‍ !!!

 മരിച്ചു എന്നുറപ്പായപ്പോള്‍...
ഒരു  മഴയിലും  മഞ്ഞിലും തെളിവുകള്‍ തേടി എത്താതിരിക്കാന്‍
ചേര്‍ത്തണച്ച    മാറും മനസ്സും  കത്തിച്ച്
'മൃതദേഹി'യൊപ്പം മറവിയുടെ ഗര്‍ഭത്തില്‍ കുഴിച്ചു  മൂടേണ്ടി വന്നു എനിക്ക്

ഓര്‍മ്മ  തീണ്ടാതെ ..ആരോരും അറിയാതെ .. !!!

Thursday, July 26, 2012

മാര്‍ഗ്ഗ രേഖ !!!

മധുരയിലേക്കുള്ള നിന്‍റെ  പോക്കില്‍ മനം നൊന്ത്- 
രഥചക്രപ്പാടില്‍ വീണുരുണ്ട് ഞാന്‍ കരയും
എന്ന് നിനച്ചെങ്കില്‍,  നിനക്കു തെറ്റി  കണ്ണാ..

ഒരിറ്റു കണ്ണീര്‍ വീഴ്ത്താതെ ഞാനെന്‍റെ ഹൃദയം അറുത്തെടുത്തിരിക്കുന്നു !
   
ഒന്നിറങ്ങി നോക്കു..ആണിയുടെ  സ്ഥാനത്ത്
കൊരുത്തിരിക്കുന്ന എന്‍റെ ഹൃദയമൊന്നു കാണൂ...
ഓരോ ഉരുളലിലും നീ അകലുമ്പോള്‍ രക്തം ചിന്തുന്ന-
സംശയത്തിന്‍റെ നിഴലില്‍ നീ നിര്‍ത്തുന്ന എന്‍റെ ഹൃദയം !!

എന്നെങ്കിലും മടങ്ങണമെന്ന് തോന്നിയാല്‍...വഴിതെറ്റി  ഉഴറിയാല്‍..

നിനക്ക്  എന്നിലേക്കൊരു വഴികാട്ടി ...
എന്‍റെ പ്രണയത്തിന്‍റെ അടയാളങ്ങള്‍..
ഈ രക്തക്കറകള്‍ !!!

Tuesday, July 24, 2012

ഉത്തരം.

എന്‍റെ ഉയര്‍പ്പ് ദിനം, നിന്‍റെ മരണദിനവും
നിന്‍റെ മരണം, എന്‍റെ മരണവും ആകുന്നിടത്താണ്
എന്‍റെ ചോദ്യങ്ങള്‍ ജനിക്കുന്നത് !!!

Friday, July 20, 2012

മാനഭംഗം


നീ വരയ്ക്കുന്ന-
നിന്‍റെ ശരിക്കും എന്‍റെ തെറ്റിനും  ഇടയില്‍
മാനഭംഗപ്പെടുന്നത്, എന്‍റെ   ആത്മാഭിമാനമാണ് !!!

Thursday, July 19, 2012

വിഷമവൃത്തം

കാലില്‍ത്തറച്ച  മുള്ളെന്ന്  കരുതി
കാട്ടുപൊന്തയില്‍ വലിച്ചെറിയുവതെങ്ങനെ
- തറച്ച വേദന കരളിലെന്നിരിക്കെ??

Wednesday, July 18, 2012

എന്‍റെ ജനനം

നീയാണെന്നെ എഴുത്തുകാരിയായി ജനിപ്പിച്ചത് !!!

വിരഹത്തിന്‍റെയും  നിരാശയുടെയും  ചുഴികളില്‍  നിന്നാണ്  ഞാന്‍
വാക്കുകള്‍ കോരിയെടുക്കുന്നതെന്നറിഞ്ഞ്,

പ്രണയത്തില്‍ ഞാന്‍ ഷണ്‌ഡത്വപ്പെടുമെന്ന് ഭയന്ന്, പാവം നീ
ദയാപൂര്‍വ്വം  എത്ര വലിയ ആഴങ്ങളാണ്  സമ്മാനിച്ചത്‌ ..

അതെ, എന്‍റെ വളര്‍ച്ച - അതുമാത്രമാണ് നീ ആഗ്രഹിച്ചത്‌ !!!

മുക്തി

ഗൂഢ ( ഗാഢ?)  പ്രണയത്തിന്‍റെ പേരില്‍ എന്നെ സൂക്ഷിക്കുന്ന,
നിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും
എന്നെ ഇടയ്ക്കിടെ പുറത്തെടുത്ത് മാറോടടുക്കുക !

ഇളവെയിലേല്‍ക്കാതെ മഞ്ഞളിച്ച എന്‍റെ തൊലിയും
സ്നേഹം പുരളാതെ പറന്ന എന്‍റെ മുടിയും ...
നീ കാണുന്നില്ലേ ?

നിന്‍റെ ഉച്വാസം ശ്വസിക്കാതെ, മരണ വെപ്രാളം കൊള്ളുന്ന
ഈ മനസ്സ് നീ അറിയുന്നില്ലേ??


അതോ ഇങ്ങനെ,  നിന്‍റെ പ്രണയത്തില്‍ ഞാന്‍ മുക്തി നേടണമെന്ന് നീ കാംക്ഷിക്കുന്നുവോ ???

Monday, July 16, 2012

അന്തരം !!!

വേണ്ടതൊക്കെ അറിഞ്ഞിട്ടും ചോദിച്ചിട്ടും
 തരാതെ കൈകെട്ടി നില്‍ക്കുന്ന
നിന്നില്‍ നിന്നും..

ചോദിക്കാതെ പൊഴിയുന്ന നിന്നിലേക്കുള്ള
എന്‍റെ ദൂരം എത്രയാണ് ?

ആത്മഹത്യ !!

എനിക്കൊന്നലറിക്കരയണം
ദിക്കെട്ടും പൊട്ടുമാറുറക്കെ !

അതിലെന്‍റെ മനസ്സാക്ഷി
വലിഞ്ഞു ശ്വാസംമുട്ടി
പൊട്ടിച്ചിതറണം!! 

ഘനഹീനയായി  എല്ലാമഴകള്‍ക്കുംമീതെ-
ഒരു വെറുംകണ്ണീര്‍ മഴയായി
പെയ്തില്ലാതാവണം!!!

Friday, July 13, 2012

എന്‍റെ മടക്കം!!!

എനിക്കായി നീട്ടിയ നിന്‍റെ കരങ്ങള്‍
ബാലിശമായി തട്ടിമാറ്റി ഓടിയപ്പോള്‍,
സ്വപ്നേപി  നിനച്ചില്ല ഞാന്‍....

തളര്‍ന്നോടി ഒടുക്കം, നിന്നിലേക്ക്‌ മാത്രമായി മടങ്ങുമെന്ന് !!!

Wednesday, July 11, 2012

അതീന്ദ്രിയപ്രണയം !!!

പഞ്ചേന്ദ്രിയങ്ങളുടെ രതിമൂര്‍ച്ചയില്‍ ഞാനെന്നും ചേര്‍ത്തണച്ചത്
നിന്നെയായിരുന്നു...പക്ഷെ നീ...

കല്‍പ്പിച്ചു കൊടുത്ത വിശുദ്ധിയുടെ പേരില്‍,
അതീന്ദ്രിയതയുടെ കരിമ്പടം പുതപ്പിച്ച്‌,

നമ്മെ, നമ്മുടെ പ്രണയത്തെ, അമാനുഷമാക്കുമ്പോള്‍...
ഏത് 'ഇസ'ത്തിന്‍റെ വര്‍ണ്ണത്തില്‍ തളയ്ക്കേണം നമ്മളെ,

ആത്മാവ് ഇല്ലാത്ത ആദ്ധ്യാത്മികത, ആത്മഹത്യയെന്ന്
സ്വയം പഠിപ്പിക്കാന്‍ ???

Monday, July 09, 2012

തീര്‍ത്ഥാടനം !

വൈകാരിക വന്ധ്യതയുടെ മണലാരണ്യത്തില്‍ നിന്നും
നീയാം വിദൂരമരീചികയിലേക്കുള്ള എന്‍റെയീ പ്രയാണം..!!!

Thursday, July 05, 2012

ഒഴുകാതെ ..

ഞാന്‍ കെട്ടിനില്‍ക്കുന്നു,
നിന്‍റെ ചിന്തകളിലും ഓര്‍മ്മകളിലും മാത്രമായി - ഒഴുകാതെ...
 
എന്‍റെ കെട്ടിക്കിടക്കലില്‍
വമിക്കുന്നതു നിന്‍റെ മാസ്മരിക ഗന്ധമാണെന്നതും,   
ചൂടുപിടിക്കുന്നത്‌ നിന്‍റെ ലഹരിയാലെന്നതും, 
കലങ്ങിക്കിടക്കുന്നത് നിന്‍റെ പ്രണയമാണെന്നതും,
എന്നെക്കൂടുതല്‍ ഉന്മത്തയാക്കുന്നു !!

Wednesday, July 04, 2012

ഋതുഭേദങ്ങള്‍..

കാലവും ദൈര്‍ഘ്യവും തെറ്റി, എന്നെത്തേടി എത്തുന്ന ഋതുവാണ്‌  നീ ...

വസന്തം വിരിക്കാത്ത
മഴയായി പൊഴിയാത്ത 
നിന്‍റെ വനപര്‍വ്വവേനലില്‍ ഞാന്‍
ഊഷരയായി  കത്തിക്കരിയുന്നു !


ആകസ്മികമായി നീ വീണ്ടും സ്നേഹശിശിരമാവുന്നു 
കരയാതിരിക്കാന്‍.. മഞ്ഞായിപ്പൊതിഞ്ഞ്,
കരിയാതിരിക്കാന്‍...മഴയായിപ്പെയ്ത്..
കുളിര്‍വാരിച്ചൊരിഞ്ഞെന്നെ വിസ്മയപ്പെടുത്തുന്നു !
 

അപ്പോഴും... ഓര്‍ക്കാപ്പുറത്തെത്തിയേക്കാവുന്ന
നിന്‍നിഴലില്ലാ വേനല്‍ എന്നെ ആശങ്കപ്പെടുത്തുന്നു !!!

Thursday, June 28, 2012

ഒരു ഉറങ്ങാക്കഥ!!!

"ഉറക്കിത്താ" എന്ന എന്‍റെ    ചിണുങ്ങല്‍ കേട്ട് ..
നെഞ്ചിലെന്നെ  ഉറക്കാന്‍ ചേര്‍ത്തവന്‍  കഥപറയാന്‍ തുടങ്ങി ..

" പണ്ട് പണ്ട് പ്രാവുകള്‍ ദൂത്പോകുന്ന കാലത്തിനും മുന്‍പ്,
ഒരു നനുത്ത പുലരിയില്‍ അവര്‍ കണ്ടുമുട്ടി..

ഒരുനോക്കില്‍ പലവാക്കില്‍ ഹൃദയംകൊരുത്തവര്‍
അറിഞ്ഞ്..അകലേക്ക്‌ ...കണ്ണികള്‍ മുറിക്കാതെ - അകന്നുപോയി...
കാണാതെ, അറിയാതെ ... അവര്‍ പ്രണയിച്ചുകൊണ്ടേയിരുന്നു ..."

"എന്നിട്ടവരെപ്പോഴേലും ഒന്നായോ " ഇടയ്ക്ക് കയറിയുള്ള  എന്‍റെ പൊട്ടചോദ്യത്തില്‍

"നിന്‍റെ ചോദ്യങ്ങള്‍, ഇതാ നിന്‍റെ കുഴപ്പം " എന്ന് ചൊടിച്ചവന്‍
എന്നില്‍ ചേര്‍ത്ത കരങ്ങള്‍ വലിച്ചുമാറ്റി .
                                       ----------
ഞെട്ടിയുണര്‍ന്ന ഞാന്‍ അവനായിപ്പരതവേ...

കരവലയതിനുള്ളി നിന്നും തെറിച്ചുവീണവേദനയില്‍
നനുത്ത രോമങ്ങളുള്ള  എന്‍റെ റ്റെഢിബെയര്‍  അലറിക്കരഞ്ഞു ..

വഴുതിപ്പോയ പുലരികളെയോര്‍ത്തു  ഞാനും...!!!

Tuesday, June 26, 2012

മഷിക്കറ

നിന്നില്‍ പടര്‍ന്ന മഷിയാണ് ഞാന്‍..

കറയെന്നു മറ്റുള്ളവര്‍ മുഖം ചുളിക്കുമ്പോഴും,

ഞാന്‍ നിന്നില്‍ നിറഞ്ഞുവറ്റുകയും
തൂവിഒഴുകാതെ  നീയെന്നെ ചേര്‍ത്ത് നിര്‍ത്തുകയും
നമ്മള്‍ മായച്ചിത്രങ്ങള്‍ രചിക്കുകയും ചെയ്യുന്നു  !!!  

Monday, June 18, 2012

രുഗ്മിണീ ...മാപ്പ്.

മോതിരവിരലില്‍ ആവഹിക്കപ്പെടാതെ, കൃഷ്ണഹൃദയം  അടര്‍ത്തിയെടുത്തതിന്... 
നീയറിയാതെ   ഓരോ  ശ്വാസത്തിലും അവനെ കവരുന്നതിന്..
 
പ്രണയിനി  രാധയാവുന്നതിന് ! 

ശരിയുടെ  ചത്വരത്തില്‍ അനുരാഗവിവശയായി 
നീലക്കടമ്പിനെ പുല്‍കുന്നതിന്...
തെറ്റിന്‍റെ  ചിമിഴിനുള്ളില്‍ നിന്നെയോര്‍ത്തു  കണ്ണീര്‍ തൂവുന്നതിന് ..
 
 ശരിതെറ്റിന് പുറത്ത്  ഞങ്ങളെ കാണുന്നതിന് !  

ഓരോതവണ  നിന്നെയോര്‍ത്തു  മടങ്ങുമ്പോഴും, മുരളീമൌനം പിന്‍വിളിയാവുന്നതിന്...
അതുകേട്ട്  പ്രണയാര്‍ദ്രയായി  വീണ്ടും തിരികെ അലിയുന്നതിന്...

എന്‍റെ പ്രണയത്തില്‍ സ്വയം തോല്‍ക്കുന്നതിന്  !

 സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും  സമൂഹത്തിന്‍റെ,
ഉടമ്പടികളുടെ, ബലംവേണമെന്ന്  വിശ്വസിക്കാത്തതിന് !!!

 ...മാപ്പ്....
നിനക്ക്  മുന്‍പേ  അറിഞ്ഞെങ്കിലും,  എനിക്കുമുന്‍പേഅവന്‍റെ 
വാമഭാഗം കവര്‍ന്ന  നിന്നോട് അല്പം അസൂയപുരണ്ട മാപ്പ് ... !!!   (നന്ദി: നിന്നെ ഓര്‍മിപ്പിച്ച  ആ സിനിമക്ക്... സ്വയം കുറ്റപ്പെടുത്താന്‍ ആര്‍ജ്ജവമുള്ള മനസ്സിന്,  കനലിനെ തണുപ്പിച്ച മാഷിന്... എന്നെ ജീവിപ്പിക്കുന്ന, ശബ്ദത്തിന്‍റെ  ഇടര്‍ച്ചയില്‍ പോലും പതറുന്ന  എന്‍റെ "Niii" ക്ക്, പിന്നെ ഉരുക്കം അറിയുന്നില്ലെന്ന് പരാതിപ്പെടുന്ന കണ്ണാ..നിനക്കും)


Friday, June 15, 2012

സ്വാര്‍ത്ഥത !!!

വേലിയേറ്റങ്ങള്‍ക്കും,ഇറക്കങ്ങള്‍ക്കും ഇടയില്‍
നിലതെറ്റിയ, നീലോല്‍പ്പലം തേടിയത്-
നീര് കുറവെങ്കിലും-ഉണങ്ങാത്ത,
ആഴത്തില്‍ വേരിറക്കാവുന്ന 
ഒരു ചതുപ്പായിരുന്നു... 

തന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങുമ്പോളുള്ള
 വേദന, വരിഞ്ഞു മുറുക്കങ്ങള്‍
എല്ലാം വിസ്മരിച്ചുകൊണ്ട്‌ ..
അവള്‍ സ്വയമറിയാതെ സ്വാര്‍ത്ഥയായി.. 

ഞാന്‍ കരയുകയാണ്..

എന്‍റെ കണ്ണുനീരില്‍ നിന്‍റെ വേദനഎരിഞ്ഞടങ്ങും വരെ...
എന്‍റെ കറകള്‍ ഒലിച്ചുപോകും വരെ... മാത്രം
ഞാന്‍ കരയുകയാണ്..!!!

Wednesday, June 13, 2012

ഒരു കിടക്കയുടെ ( വെറും) വിലാപം


(നിനക്കറിയാമോ ? )

ഞാന്‍, ഒരു വെറും തല്പം മാത്രമായത്തില്‍ സങ്കടപ്പെടാറുണ്ട് -

കണ്ണീരിലെന്നെ കുതിരാന്‍ വിട്ട്
പുഞ്ചിരി വില്‍ക്കാന്‍
അവന്‍ പോകുമ്പോള്‍.. 

പ്രിയയുടെ
  അകലങ്ങളില്‍ മാത്രം
എന്നോട് കൂടുതല്‍ അമരുമ്പോള്‍..

ആരോടൊ ഉള്ള അമര്‍ഷങ്ങള്‍ 

നഖങ്ങളായി എന്നില്‍ ആഴുമ്പോള്‍.
..

ഒന്ന് പതംവരട്ടെ എന്ന് കരുതി

ഉച്ചവെയിലില്‍ എന്നെ ഉപേക്ഷിക്കുമ്പോള്‍..

വിയര്‍പ്പും ചൂരും ബാക്കിയാക്കി

തിരിഞ്ഞു നോക്കാതെ ദിനത്തിലേക്ക് അവന്‍ നടന്നകലുമ്പോള്‍
...

രാവേറുമ്പോള്‍
മാത്രം തലചായ്ക്കാന്‍
 
എന്നിലേക്ക്‌  അവന്‍ മടങ്ങുമ്പോള്‍ -

ഞാന്‍ ഒരു വെറും ശയ്യമാത്രമെന്ന സത്യത്തില്‍- വിങ്ങാറുണ്ട്.

തടയാറുണ്ട് സ്വയം -
അറിയാതെ പോലും,ഹൃദയത്തിന്‍റെ  പൊള്ളല്‍ തട്ടി
അവന്‍റെ  ഉറക്കം കെടാതിരിക്കാന്‍...

അവഗണനയില്‍ വിങ്ങി
ശരശയ്യയായി പുലമ്പാതിരിക്കാന്‍...


Tuesday, June 12, 2012

ആ മരം സചേതനമാണ് ...

പടര്‍ന്നു പന്തലിച്ച ഇത്തിള്‍ക്കണ്ണിയെ ധ്വംസിക്കനായിപ്പോലും
സ്വയം ഉണങ്ങാതെ ...

പഥികരുടെ വിയര്‍പ്പേറ്റും, വിയര്‍പ്പാറ്റിയും,
 കണ്ണീര്‍പ്പൂക്കള്‍ ചൂടി ,
ചിരി ഇലയായി കൊഴിച്ച്,  
 
ഉയിരുണക്കാതെ - സപ്താബ്ദങ്ങളായി ആ മരം !പൌര്‍ണമിയും, പുലര്‍മഞ്ഞും അണിഞ്ഞ്
പോക്കുവെയിലും, ഇടവപ്പാതിയും  അറിഞ്ഞ് 
 ചിരിപ്പൂ വിരിയുന്നതും, 
കണ്ണീരില പൊഴിയുന്നതും മോഹിച്ച്,

ആത്മശിഖ ഉലയാതെ - കല്ലായി ആ മരം !!

Thursday, June 07, 2012

ഞാനറിഞ്ഞ നീ .

മഴയില്‍ കുതിര്‍ന്ന്, മുള പൊട്ടാന്‍ വെമ്പി
മണ്ണില്‍ അടര്‍ന്നുവീഴാന്‍ മോഹിച്ചവന്‍...

ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍, ഒഴിഞ്ഞുമാറാതെ
മുള്‍പ്പടര്‍പ്പില്‍ സ്വയം രക്തംവാര്‍ക്കാനിട്ടവന്‍...

കാലംതെറ്റിത്തഴുകുന്ന വസന്തദ്യുതിക്ക്  മുന്നില്‍ തടയാനാവാതെ
ശരിതെറ്റുകളുടെ തുലാസില്‍ സ്വയമേറി നീറുന്നവന്‍ !!!

Wednesday, June 06, 2012

നീ പറയുന്നു നിന്നെ വെറുക്കാന്‍...


മിഴികളും മൊഴികളും ഒന്നാവുമ്പോഴോക്കെയും
നീ പറയുന്നു നിന്നെ വെറുക്കാന്‍.

കണ്ണില്‍ ചിരിയും, കരളില്‍ കനിവും തന്ന് ,
വാക്കില്‍ കുസൃതിയും, നോക്കില്‍ കുറുമ്പും നല്‍കി,
ഉണര്‍വില്‍  ആകാശവും, നിദ്രയില്‍ കടലും സമ്മാനിച്ച്...

ഹൃദയത്തിന്‍ ചൂടും,  കയ്യിന്‍ കുളിരും ചേര്‍ത്ത്  
ഉരുക്കി ഉയിരേകി  എന്നെ വാര്‍ത്തെടുത്ത നിന്നെ-
എന്ത്  ഇല്ലാകാരണങ്ങളില്‍ അറുത്തെറിയാനാണ് നീ ആവശ്യപ്പെടുന്നത്??? 

Monday, June 04, 2012

നിസ്സഹായത!!

മിന്നല്‍പിണറായി പടര്‍ന്ന്, കാര്‍മേഘമായി നീറുന്ന 
നിന്‍റെ നഖക്ഷതങ്ങള്‍ ഓരോന്നും
ഊതി ഉണക്കുന്നത് എന്‍റെ ഹൃദയവടുക്കളെയാണ്..
ഊതി ജ്വലിപ്പിക്കുന്നത് എന്‍റെ പൂര്‍ണ്ണതയേയും ...

പക്ഷേ...
നിന്‍റെ വിങ്ങല്‍ എന്നെ കൂടുതല്‍ നിസ്സഹായയാക്കുന്നു  ..
ഉത്തരമറിയാതെ  ഇവിടെയും ഞാന്‍ പകച്ചു മാറിനില്‍ക്കുന്നു.

Wednesday, May 30, 2012

അവിശ്വസനീയം...

നിന്‍റെ  മൌനം..
എന്‍റെ വാചാലത..
നമ്മുടെ പ്രണയം..
ഈ ജീവിതം !!!

Tuesday, May 22, 2012

നീ ഓര്‍മ്മിപ്പിക്കുന്നത് !


അകത്തേക്കുള്ള വഴി തേടി,
എന്‍റെ അടച്ചിട്ട ചില്ല്ജനാലയില്‍ തലതല്ലി മരിച്ച ഒരു കുഞ്ഞുപക്ഷിയെ .

ഇരുട്ടിനെ ഭയന്ന്,
എന്‍റെ മണ്ണെണ്ണ വിളക്കിന്‍റെ തിരിയില്‍ വെന്തുമരിച്ച ഒരു നിശാശലഭത്തെ.

വേദന സഹിക്കാതെ,
എന്‍റെ ചെരിപ്പിനടിയില്‍ ഹോമിക്കപ്പെട്ട  ഒരു പാവം കട്ടുറുമ്പിന്‍റെ ജീവനെ.

ഒരു ദുസ്വപ്നം പോലെ,
ഏതുനിമിഷവും പിഴുതെറിയപ്പെടാം എന്ന ഭയത്തോടെ നിന്നിലേക്ക്‌ നീളുന്ന ഈ എന്നെ !!!