കഥകൾ

Wednesday, February 23, 2011

മഷിപ്പച്ച

ഞാനിന്ന് ആരും കാണാതെ ആ മഷിപ്പച്ച പുറത്തെടുത്തു ...ആകെ ഉണങ്ങിച്ചുക്കിച്ചുളിങ്ങിയിരിക്കുന്നു
പക്ഷെ ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട് "ജന്തു നീയിതു സൂക്ഷിച്ചുവേച്ചോ സ്ലേറ്റ് മാത്രല്ല എല്ലാം മായ്ച്ചു കളയാം ഇതൊണ്ട് ".

എനിക്ക് മായ്ക്കാനുണ്ട് ഇന്നിനെ പിന്നെ കുറച്ച് ഇന്നലെകളെയും .

എന്നിട്ടെനിക്ക്‌ ഏച്യമ്മയുടെ എളിയിളിരുന്നു " അമ്മയെന്താ വരാത്തെ.." എന്ന് ചിണ്‌ങ്ങണം. "ഉയി .. ഊര വേദനിക്കുന്നു കുചിപ്പേ ,താഴെ കീയ്‌" എന്ന് ഏച്യമ്മ പറഞ്ഞാലൊന്നും ഇറങ്ങരുത്.
"കുഞ്ഞാ, മച്ചുമ്മല്‍ റോസ് നിറത്തിലുള്ള നൊച്ചന്‍ എലിക്കുട്ടികള്‍ ഉണ്ടായിട്ടുണ്ട് " എന്ന് വല്യമ്മ പറഞ്ഞാലും
കരച്ചില്‍ നിറുത്തരുത്.ആപ്പിള്‍ചാമ്പയില്‍ കെട്ടിയ ഉഞ്ഞാല്‍ ആട്ടിതരാംന്നോ, പുളിചീച്ചതും ,താളും കൂട്ടി ചോറ് തരാംന്നോ പറഞ്ഞാല്‍ മാത്രം നിര്‍ത്താം.

ഇന്നിരമ്മയും അപ്പനും വന്നാല്‍ എത്ര കരഞ്ഞിട്ടായാലും ശരി അപ്പന്റെ വീട്ടില്‍ പോണം.ചേച്ചിമാര്‍ സ്കൂളില്‍ പോയിട്ടില്ലെങ്ങില്‍ അവരും വരും, എന്നാല്‍ അവരുടെ കൂടെ കുളത്തില്‍ കുളിക്കാന്‍ ഞാനും പോവും.എന്നിട്ട് വേണം തവളയെ കൈ കറക്കി മയക്കിപ്പിടിച്ച്‌ സ്മിതചേച്ചീന്റെ മേത്തിടാന്‍.."ജന്തൂ ...കൊരങ്ങെ ... " എന്ന് ചീത്തവിളിച്ച് ചേച്ചി അലറി ഓടും.
പക്ഷെ കുളത്തില്‍ നീര്‍ക്കോലി ഉണ്ടാവുമോന്ന് നോക്കിട്ടെ ഞാന്‍ ഇറങ്ങു ,കടിക്കൂലാന്നാ ലിമ ചേച്ചി പറഞ്ഞെ ,പക്ഷെ അമ്പിളി ചേച്ചിയെ കടിച്ചിട്ടേ ഒരു ദിവസം മുഴുവന്‍ ചോറുണ്ണാതെ ഇരിക്കണ്ടി വന്നൂ പോലും.അതില്‍ പിന്നെ വെള്ളത്തില്‍ ഇറങ്ങുമ്പോ കവുങ്ങിന്റെ നിഴല്‍ പാമ്പിനെ പോലെ പുളയുന്നത് കാണുമ്പോഴേ എനിക്ക് പേടിയാവും.
എന്നാല്‍ പിന്നെ കുളത്തില്‍ ഇറങ്ങണ്ട ,തവളപിടുത്തം കഴിഞ്ഞാല്‍ ചേച്ചിമാര്‍ക്കു പാറോത്തി ചപ്പും, താളിയും പരിച്ചുകൊടുത്തിട്ടു ഏലക്ക പറിക്കാം.പക്ഷെ ഏലക്ക തിന്നാല്‍ ഒരു ഗ്ലാസ്‌ പാല്‍ കുടിക്കണംന്ന ഇന്നിരമ്മ പറയുന്നേ,എനിക്കിഷ്ടമല്ല പാല്‍. 6 മണിക്കുശേഷമുള്ള വാര്‍ത്തയുടെ സമയത്ത് അമ്മ വിവ ചേര്‍ത്ത് പാലുതരും അതുമതിയാവുംല്ലേ .ഇന്ന് ചേച്ചിമാര്‍ ഉണ്ടെങ്കില്‍ " വിവ സ്മിത ചേച്ചിക്ക് കൊടുത്താ മതി, ലിമ ചേച്ചിക്ക് കൊടുക്കണ്ടാ" എന്നും പറഞ്ഞു ഞാന്‍ കരയില്ല,പാവല്ലേ. കൊക്കോ കട്ട് പറിക്കാന്‍ എന്‍റെ കൂടെ ഇപ്പോഴും ലിമ ചേച്ചിയല്ലേ വരുന്നേ(സ്മിത ചേച്ചിക്ക് ചിലപ്പോ വല്യ ഗമയാ, വല്യേചിയല്ലേ അതോണ്ടാവും ).
കുളക്കരയിലുള്ള ചെറിയ കവുങ്ങില്‍ കേറാന്‍ പറ്റുമോ എന്നിന്നും നോക്കണം. ദേവസ്യ ചേട്ടന്‍ പാമ്പിന്റെ ഇറച്ചി തിന്നതോണ്ടാത്രേ തെങ്ങില്‍ കേറാന്‍ പറ്റാത്തെ,ഞാന്‍ തിന്നിട്ടില്ലല്ലോ അതോടു എനിക്കാവും ഉറപ്പാ.

ആലിപ്പഴം വീഴുന്ന മഴ പെയ്യുന്നെങ്കില്‍ അമ്മ സ്കൂളില്‍ നിന്ന് വരുന്നെന് മുന്‍പേ വേണമായിരുന്നു, വല്യമ്മ പെറുക്കി തിന്നാന്‍ സമ്മതിക്കും."മണി" എന്ന അമ്മേടെ വിളി കേട്ടാല്‍ പിന്നെ എനിക്ക് എതിര് കാണിക്കാന്‍ പറ്റൂല,'പല്ല് പോകും ചുമ പിടിക്കും ' ഇങ്ങനെ ഓരോ കാരണങ്ങള്‍ കണ്ട് പിടിക്കും അമ്മ.അച്ഛന് പിന്നെ മുട്ടായി തിന്നലെ കുഴപ്പമുള്ളൂ( എന്റേത് മുഴുവന്‍ പുഴുപ്പല്ലയതോണ്ടാവും).പല്ലിനു ബലം വരാന്‍ എപ്പോഴും കുരങ്ങന്റെ ടപ്പിയിലുള്ള മധുരമുള്ള ഗുളിക കൊണ്ട് തരും അച്ഛന്‍.
ആ ഡപ്പി ഞാന്‍ ചേച്ചിമാര്‍ക്കൊന്നും കൊടുക്കൂല, സജിയെട്ടനും കൊടുക്കൂല എന്താന്നോ അമ്മ മൈസൂരില്‍ നിന്ന് വാങ്ങിയ ഹെലികോപ്ടെര്‍ ഞാന്‍ കാണാതെ സജിയേട്ടന് കൊടുത്തു ... അത് എനിക്കൊട്ടും ഇഷ്ടമായിട്ടില്ല .മാത്രമല്ല സജിയെട്ടന്‍ വികൃതി കാട്ടിയാലും ബാബു ആപ്പന്‍ എന്നെയാ അടിക്കുക.. അതോണ്ടെനിക്ക് നല്ല ദേഷ്യംണ്ടെ .
.
ഇന്ന് അമ്മച്ചി കാണാന്‍ വന്നാല്‍ (കൊഴുക്കട്ട ഉണ്ടാവും,പക്ഷെ ഗോതമ്പിന്റെ കൊഴുക്കട്ട എനിക്കത്ര ഇഷ്ടമല്ല,എന്നാലും തിന്നാം കൊണ്ടുവരുന്നതല്ലേ ..) ഇന്ന് ഞാന്‍ "വാലുള്ള അമ്മച്ചി" എന്ന് വിളിച്ചു കളിയാക്കുല ( ആ ബാബുവാപ്പനാ എന്നെ അങ്ങനെ പഠിപ്പിച്ചേ ) ,അമ്മേന്റെ അമ്മേനെ അങ്ങനെ കളിയാക്കരുത് പോലും, വല്യമ്മ പറയാറ്ണ്ടെ.
കല്ലോടി പള്ളിപ്പെരുന്നാള്‍ കഴിഞ്ഞിട്ടേ ഉള്ളു എങ്കില്‍ മാലയും സ്പ്രിങ്ങ് വളയും (ചിറ്റ്വള എന്നാ അമ്മച്ചി പറയുക ) എന്തായാലും ഉണ്ടാവും, വയലറ്റ് കളര്‍ ആയാല്‍ മതിയായിരുന്നു .അപ്പച്ചന്‍ കാണാനൊന്നും വരില്ല , അക്കരെ ഇക്കരെ ആണ് വീട് എന്നൊന്നും പറഞ്ഞിട് കാര്യമില്ല ,വയലിലൂടെ നടക്കാനൊന്നും അപ്പച്ചന് വയ്യ.അമ്മച്ചിടെ കൂടെ അക്കരെ പോയാലോ (വല്യമ്മ വിടുമോ എന്തോ?) ഉറിടെ മുകളില്‍ പൂച്ച കാണാതെ വച്ച ഉണക്ക സ്രാവും കൂട്ടി ചോറുകിട്ടും.പിന്നെ അപ്പച്ചന്റെ കൂടെ കുരുമുളക് കൊടിടെ ചുവട്ടില്‍ പോയാല്‍ കുടുക്കേല്‍ ഇടാന്‍ 10 പൈസ കിട്ടും. അതു നിറഞ്ഞിട്ടു വേണം എനിക്ക് നിഷി ചേച്ചിടെ കയ്യിലുള്ളത്ര പൂമ്പാറ്റ വാങ്ങാന്‍.അതില്‍ അമ്മുന്റെ കഥയാ എനിക്കേറ്റം ഇഷ്ട്ടം.വലുതാവുബോള്‍ ഞാനും അങ്ങനെയാ മുടികെട്ടാന്‍ ഉദ്ദേശിക്കുന്നെ.

ഇപ്പ്രാവശ്യം ഓണത്തിന് ബാലന്‍ മാമന്‍ കൊണ്ടുവരുന്ന പര്‍ലെജി ബിസ്കറ്റ് ആദ്യമേ പോയി വാങ്ങണം.ഇല്ലേ പിന്നെ ഒന്നോ രണ്ടോ മാത്രമെകിട്ടു.തിരുവോണത്തിന് രാവിലെ അപ്പന്‍ നൈറ്റിയോ,ഉടുപ്പോ തരാതിരിക്കില്ല.മൂന്നാള്‍ക്കും ഒരേ കളര്‍ ആയാല്‍
മതിയായിരുന്നു. ഒരു കാര്യം ഉറപ്പാ ഞാന്‍ അന്ന് രാവിലെ ശോഭ മൂത്തേന്റെ വീട്ടില്‍ നിന്ന് നൂല്‍പുട്ടെ കഴിക്കു അതാ എനിക്ക് ദോശയേക്കാള്‍ കൂടുതല്‍ ഇഷ്ടം.

ക്രിസ്തുമസ്സിനു ഏലമ്മച്ചിയുടെ വീട്ടില്‍ പോയാലും ഞാന്‍ പഴം പൊരി കുറച്ചേ കഴിക്കു,"കീയക്കുട്ടിക്കെ ഇപ്രാവശയം ഉയരമുള്ള ചെരുപ്പ് മതി " എന്ന് പറയണം എനിക്കിഷ്ടാ അങ്ങനത്തെ ചെരുപ്പ് (അച്ഛനും അമ്മയും വാങ്ങി തരില്ലന്നെ).ഷായുടെ മടിയില്‍ തലവെച്ചു "പരിശുദ്ധാത്മാവേ...നീ എഴുന്നള്ളി ..." എന്ന പാട്ട് പാടി കേള്‍ക്കണം.
കല്ലോടിയിലെ നേഴ്സറിയിലും , കല്ലോടി സ്കൂളിലും മാത്രമേ ഞാനിനി പഠിക്കു. കണിയാരത്ത് ചേര്‍ക്കണ്ട എന്നച്ചനോട് പറയണം.അവിടൊന്നും സുമയെയും വിജിമോളെയും പോലത്തെ കുട്ടികള്‍ ഉണ്ടാവില്ല.റജിനയെപ്പോലെ കബഡി കളിക്കുമ്പോ എന്നെ എടുത്തു പൊക്കി ഓടാന്‍ , റഹ്മതിനെപോലെ മടിയില്‍ കിടത്താന്‍ , നിര്‍മലയെപ്പോലെ പാട്ട് പാടിത്തരാന്‍ ,വിനോദിനെ പോലെ മാങ്ങ പറിച്ച് തരാന്‍, ഒന്നിനും ആരും ഉണ്ടാവില്ല.
വേണ്ടച്ച കല്ലോടിയും ആയിലമൂലയും വിട്ട്‌ ... വേണ്ടാ ...

മായ്ക്കണം ഇവിടുന്നങ്ങോട്ടുള്ള ഓരോ ദിവസങ്ങളും .. നിമിഷങ്ങളും..എവിടെ എന്‍റെ മഷിപ്പച്ച ... ഇനി അങ്ങോട്ട്‌ എല്ലാം മായ്ക്കണം ...എല്ലാം .

"നിങ്ങള്‍ കണ്ടോ ഞാനിവിടെ വച്ചിരുന്ന ആ മഷിപ്പച്ച തണ്ട് ?"
"ഓ അത് മഷിപ്പച്ചയായിരുന്നോ, ഉണങ്ങിയ കോലാണെന്ന് കരുതി ഞാന്‍ അതു പുറത്തേക്കെറിഞ്ഞു". ഈശ്വരാ ഇനി ഞാനെങ്ങനെ ' ഇന്നില്‍' നിന്ന് രക്ഷപ്പെടും, ചേച്ചിമാരെ രക്ഷപ്പെടുത്തും ???

"ജന്തൂ നീ ഇപ്പോഴും ഒരു പൊട്ടത്തി തന്നെ, നിനക്കറിയ്യോ നിന്‍റെ 'ഇന്ന്'നു നമ്മുടെ മാഷിപ്പച്ചകളെ നിശേഷം നശിപ്പിക്കാം ഒരു വയലറ്റ് പൂ പോലും ബാക്കിയാക്കാതെ ... എന്നാല്‍ നമ്മുടെ മഷിപ്പച്ചകള്‍ക്കോ ..കരുതിവെച്ചിരിക്കുന്ന ജലം പുല്‍പ്പടര്‍പ്പിലെ കണ്ണുനീര്തുള്ളിക്ക് കടംകൊടുക്കാം,എന്നല്ലാതെ ...അല്ലാതെ ഒന്നിനും പറ്റില്ല ..നമ്മളെപ്പോലെ അവയും ദുര്‍ബലമായിപ്പോയി " ..."ചേച്ചി ....ഇനി ..ഞാ.. " .."ഇല്ല ബുദു... ഒരിക്കലും..."

1 comment:

  1. ഞാന്‍ കീയക്കുട്ടിയുടെ ബാല്യത്തിലൂടെയൊന്ന് സഞ്ചരിച്ചു. എത്ര ഹൃദ്യവും നിഷ്കളങ്കവുമായി എഴുതിയിരിക്കുന്നു. തിരിഞ്ഞ് ഒരു കുട്ടിയാകൂ കീയക്കുട്ടീ.

    ReplyDelete