കഥകൾ

Sunday, December 11, 2011

"എ ഹിംസ"


എന്നെന്നേക്കുമായി ...നിനക്കായി...  തുറന്ന്‌ കിടക്കുന്ന വാതിലുകള്‍ നിബന്ധനകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ ഔധാര്യങ്ങള്‍ എന്ന് തിരിച്ചറിയാതെ, 
ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടലുകളില്‍, നഷ്ടക്കച്ചവടമായി എന്നെ എഴുതിതള്ളിയ നിന്നെ,
എന്റെ ഹൃദയത്തോട്  ചേര്‍ത്ത്  ഞാന്‍ ആണിയടിക്കും...

അങ്ങനെ രക്തം വാര്‍ന്ന് നാം രണ്ടും, കണക്കുകള്‍ ഇല്ലാത്ത ഒരു ലോകത്തില്‍...അവിടെയും അഹിംസയെക്കുറിച്ചും, വിശാല കാഴ്ചപ്പാടിനെക്കുറിച്ചും,കാമം കലരാത്ത സ്നേഹത്തിന്റെ നൈര്‍മല്യത്തെക്കുറിച്ചും, നമ്മള്‍ വാതോരാതെ സംസാരിച്ചുകൊണ്ടേയിരിക്കും
 

Monday, October 17, 2011

അടക്കമില്ലാത്ത കള്ളക്കണ്ണുകളെ, യൂദാസ് ആണ് നിങ്ങള്‍. അനാവശ്യ ഇമയനക്കങ്ങളിലൂടെ, കള്ളച്ചിരിയിലൂടെ സ്വന്തം ഹൃദയത്തെ അവനു ഒറ്റുകൊടുത്ത നയവഞ്ചകര്‍  !!!

Monday, August 29, 2011

രണ്ട് കഥകള്‍.

1.ചെറുനീരുറവയില്‍ നിന്നും കുഞ്ഞാമ്പല്‍ പൊയ്ക കൊതിച്ച പരല്‍ മീനിനെ
കാലന്‍ കൊറ്റി കൊത്തി തൊലിയുരിച്ച് പാറപ്പുറത്ത് ഉണങ്ങാനിട്ടു.

വറുതിക്കാലത്തെക്കൊരു കരുതിവയ്പ്പ് !!!
.....................................

2
. മരുക്കാറ്റിന്റെ കുളിരില്‍; വെയില്ചൂടിന്റെ നനവില്‍,
സ്നിഗ്ധത നഷ്ടപ്പെട്ട ഒരു തൂവല്‍
മുള്‍പ്പടര്‍പ്പില്‍ കുരുങ്ങി രക്തം വാര്‍ത്തു .
.....................................

Sunday, July 31, 2011

...

നീ എന്‍റെ നിഴലാണ് ...

പകല്‍ക്കിനാക്കളില്‍ ഒപ്പം തോള്‍ ഉരുമ്മി,
ഇരുള്‍ക്കയങ്ങളില്‍ ദൂരെ മാറി
നിലാവില്‍, 'കൂടെയുണ്ടെ'ന്ന വ്യര്‍ഥ സ്പന്ദം !

അതെ നീയെന്നും...നീയെന്റെ വെറും നിഴല്‍ മാത്രമാണ് !!!

Wednesday, June 29, 2011

മുഖംമൂടി

എപ്പോഴും ചിരിക്കുന്ന ഒരു മുഖംമൂടി എനിക്കിന്ന് വീണുകിട്ടി.
ഇനി ധൈര്യമായി എനിക്ക് നിന്നരികിലെത്താം
ഒരിക്കല്‍ പോലും 'എന്നെ' കാണാത്ത കണ്ണിലേക്കു ചിരിച്ചുകൊണ്ട് നോക്കാം...
എന്‍റെ പിടയലില്‍ പതറാത്ത മനസ്സുനോക്കി നീയറിയാതെ കരയാം ...
കൂടാതെ ഈ ലോകത്തെ മുഴുവന്‍ കാണിക്കാം, നീയില്ലതെയും എനിക്ക് 'ചിരിക്കാ'മെന്ന് !!!

പക്ഷെ എനിക്കിന്ന് കിട്ടിയത് നിന്റെ മുഖം മൂടിയാണെങ്കിലോ ...
എങ്കില്‍ നീ ഇനിയെങ്ങനെ എന്‍റെ ഇടറുന്ന വാക്കിലും, നനവാര്‍ന്ന നോക്കിലും..
നീളുന്ന കയ്യിലും, നോക്കാതെ(?) കാണാതെ (?) മധുരമായി (പരി) ഹസിക്കും?

Sunday, June 26, 2011

ഞാനും നീയും ഒരുമിച്ച് ഉണര്‍ന്നിരിക്കുന്നു..ഒരു വിരല്‍ തുമ്പിന്റെ അകലത്തില്‍,
കണ്ടിട്ടും കാണാത്തവരായി,അറിഞ്ഞിട്ടും അറിയാത്തവരായി.
നിന്റെ ഉച്വാസം എന്നെ ശ്വാസം മുട്ടിക്കുമെന്നു ഭയന്ന് നീ തിരിഞ്ഞു കിടക്കുന്നു...
നിന്റെ ഗന്ധം പോലും എനിക്കന്യമാക്കിക്കൊണ്ട് .

പക്ഷെ ഞാനിപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്, എന്നെങ്കിലും നീ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ പലപ്പോഴായി പെറുക്കിക്കൂട്ടിയ ഈ എന്നെ !!!

Wednesday, March 30, 2011

എന്‍റെ മുറി

നാല് ചുമരുകള്‍ക്കും ചെവികള്‍ മുളച്ചിരിക്കുന്നു, മൂലോടുകള്‍ക്ക് കണ്ണുകളും ...

ഇനി ഞാനെങ്ങനെ രാത്രിയുടെ മറപറ്റി നമ്മുടെ സ്വപ്നലോകത്തിലേക്ക് ഒളിച്ചുകടക്കും?
നിന്‍റെ ചെവികളില്‍ ആര്‍ദ്രമായി ചുംബിക്കും ?
നീപോലുമറിയാതെ കണ്ണുകളില്‍ മന്ത്രിക്കും, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന്?

Friday, March 18, 2011

ട്രെഡ്മില്‍

ട്രെഡ്മില്ലിലെ ഓട്ടം ഒരു അത്ഭുതമാണ് ..നിന്നിലേക്കുള്ള എന്‍റെ യാത്രപോലെ !

ശരീരം തളരുന്നതുവരെ, മനസ്സ് മരവിക്കുന്നത് വരെ,
എങ്ങുമെത്താത്ത, തുടങ്ങിയ സ്ഥലത്ത് തന്നെ അവസാനിക്കുന്ന ഓട്ടം.

എന്നാലും ,
ഓടി നിന്നിലേക്കെത്തി "നീ" അവശേഷിക്കുന്നില്ലെന്നറിഞ്ഞു നടുങ്ങുന്നതിലും നല്ലത് (ഒരുപക്ഷെ),
ഒഴുകുന്ന കണ്ണുനീര്‍ വിയര്‍പ്പാല്‍ മറച്ചുകൊണ്ടുള്ള ഈ ട്രെഡ്മില്ലിലെ ഓട്ടമായിരിക്കാം !!!

Saturday, March 12, 2011

മഞ്ഞുതുള്ളി

മഞ്ഞുതുള്ളി __ നിന്റെ സ്നേഹത്തില്‍ ഘനീഭവിച്ച പുഞ്ചിരി .. തിരസ്ക്കരണത്തില്‍ ഉരുകിയ കണ്ണുനീര്‍ !

നിശാഗന്ധി __ നിറനിലാവില്‍ സൌഗന്ധികവുമായി കാത്തിരിപ്പ്‌...ജ്വലിക്കുന്ന സൂര്യനെ ഭയന്ന് ആത്മഹത്യ !

മയില്‍‌പ്പീലി __ പേറ്റും പേറ്റും നീളുന്ന വഴിക്കണ്ണ്.....ആകാശം കാണാതെ കാത്ത നിരാശകളുടെ പെറ്റുപെരുകല്‍!

കുങ്കുമം __ അടക്കിയ തേങ്ങലുകള്‍ക്ക് രക്തപുഷ്പാഞ്ജലി....ഇലപൊഴിച്ച സൗഹൃദത്തിനു ഹൃദയ രക്തം!

Friday, March 04, 2011

പാഞ്ചാലി

ഒരു ബാണക്കുരുക്കില്‍ എന്‍റെ സ്വപ്നങ്ങള്‍ ചോര വാര്‍ത്തപ്പോഴും,
ഒറ്റ വാക്കിനാല്‍ ദ്രൌപദിയില്‍ നിന്നും പാഞ്ചാലി ആക്കപ്പെട്ടപ്പോഴും,
സാലഭന്ജികപോല്‍ അഞ്ചു കിടപ്പറകളിലായി ശരീരം പകുത്തപ്പോഴും,
മനസ്സ് പകുക്കാതെ ഒഴുകുന്ന കണ്ണുമായി ഞാന്‍ ഒരു മുരളീനാദത്തിനായി കാതോര്‍ത്തു.

പണയപ്പണ്ടമായി തരം താഴ്ത്തിയപ്പോഴും
അഴിഞ്ഞ മുടിയുമായി ഞാന്‍ ഉറഞ്ഞപ്പോഴും
ഷന്‍ണ്ടന്‍മാരായ ഭര്‍ത്താക്കന്‍മാര്‍ നോക്കി നില്‍കെ 
വസ്ത്രാക്ഷേപിതയാക്കപ്പെട്ടപ്പോഴും
നെഞ്ജോടു ചേര്‍ക്കുന്ന ബംസുരിയാല്‍ തഴമ്പിച്ച ഒരു കരത്തിനായി എന്‍ മിഴിനീണ്ടു.
..........................................................................................................
മോഹനരാഗം കൊണ്ടും, വാക്ച്ചതുരി കൊണ്ടും, ഒരു മുഴം പുടവകൊണ്ടും എന്നെ കൂടുതല്‍ കടക്കാരിയാക്കിക്കൊണ്ട്
നിന്‍റെ മടക്കം ... എന്‍റെ ഒടുക്കം!!!

Tuesday, March 01, 2011

ലക്ഷ്മണ രേഖ

ലക്ഷ്മണ രേഖ
ചിന്തകള്‍ക്ക്
കാഴ്ചകള്‍ക്ക്
കാഴ്ച്ചപ്പാടുകള്‍ക്ക്.

പുറത്തുനിന്ന് നോക്കുന്നവന് സ്നേഹാധിക്യത്താലുള്ള ഉത്കണ്ട
അകത്തു കിടന്നു പൊറുതികെട്ടവന് പത്മവ്യൂഹത്തിലകപ്പെട്ട നിസ്സഹായത..
വെറും ലക്ഷ്മ(ര)ണ രേഖ !!!

സ്വപ്‌നങ്ങള്‍

മച്ചിന്‍ മുകളിലെ കൂറമണമുള അരിപെട്ടിയില്‍ ആരും കാണാതെ ഞാന്‍ കൂന കൂട്ടിയിട്ടിട്ടുണ്ട്
നെല്‍പാറ്റ കുത്തിതുടങ്ങിയ കുറെ സ്വപ്‌നങ്ങള്‍.

എല്ലാം ഇന്ന് എടുത്തു കൊടുക്കണം ആ മലയി ജാനുന്റെ കയ്യില്‍ ..
നന്നായി അലക്കിതേച്ചു മടക്കിത്തരും... കൊണ്ട്വന്നു എടുത്തു വച്ചാല്‍ മാത്രം മതി..
പക്ഷെ കൈമാറിപ്പോകാതിരിക്കാന്‍ അടയാളം ഇടണംന്ന് മാത്രം.

തീരെ അരിപ്പ പോലെ ആയത് ഉണ്ടെങ്കില്‍ കത്തിച്ചു കളയാന്‍ പറയണം...

നല്ലതിനെ വീണ്ടും ആരും കാണാതെ അരിപ്പെട്ടിയില്‍ അടക്കണം...
അടുത്തകൊല്ലം കുറെ എണ്ണത്തിനെ വീണ്ടും ജാനൂനെ കൊണ്ട് കുളിപ്പിച്ച് ഭാസ്മീകരിപ്പിക്കാം ..

നോക്കാലോ ഇങ്ങനെ പോയാല്‍ ജാനുവോ എന്‍റെ സ്വപ്നങ്ങളോ ആദ്യം തീരുകയെന്ന്.

Wednesday, February 23, 2011

മഷിപ്പച്ച

ഞാനിന്ന് ആരും കാണാതെ ആ മഷിപ്പച്ച പുറത്തെടുത്തു ...ആകെ ഉണങ്ങിച്ചുക്കിച്ചുളിങ്ങിയിരിക്കുന്നു
പക്ഷെ ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട് "ജന്തു നീയിതു സൂക്ഷിച്ചുവേച്ചോ സ്ലേറ്റ് മാത്രല്ല എല്ലാം മായ്ച്ചു കളയാം ഇതൊണ്ട് ".

എനിക്ക് മായ്ക്കാനുണ്ട് ഇന്നിനെ പിന്നെ കുറച്ച് ഇന്നലെകളെയും .

എന്നിട്ടെനിക്ക്‌ ഏച്യമ്മയുടെ എളിയിളിരുന്നു " അമ്മയെന്താ വരാത്തെ.." എന്ന് ചിണ്‌ങ്ങണം. "ഉയി .. ഊര വേദനിക്കുന്നു കുചിപ്പേ ,താഴെ കീയ്‌" എന്ന് ഏച്യമ്മ പറഞ്ഞാലൊന്നും ഇറങ്ങരുത്.
"കുഞ്ഞാ, മച്ചുമ്മല്‍ റോസ് നിറത്തിലുള്ള നൊച്ചന്‍ എലിക്കുട്ടികള്‍ ഉണ്ടായിട്ടുണ്ട് " എന്ന് വല്യമ്മ പറഞ്ഞാലും
കരച്ചില്‍ നിറുത്തരുത്.ആപ്പിള്‍ചാമ്പയില്‍ കെട്ടിയ ഉഞ്ഞാല്‍ ആട്ടിതരാംന്നോ, പുളിചീച്ചതും ,താളും കൂട്ടി ചോറ് തരാംന്നോ പറഞ്ഞാല്‍ മാത്രം നിര്‍ത്താം.

ഇന്നിരമ്മയും അപ്പനും വന്നാല്‍ എത്ര കരഞ്ഞിട്ടായാലും ശരി അപ്പന്റെ വീട്ടില്‍ പോണം.ചേച്ചിമാര്‍ സ്കൂളില്‍ പോയിട്ടില്ലെങ്ങില്‍ അവരും വരും, എന്നാല്‍ അവരുടെ കൂടെ കുളത്തില്‍ കുളിക്കാന്‍ ഞാനും പോവും.എന്നിട്ട് വേണം തവളയെ കൈ കറക്കി മയക്കിപ്പിടിച്ച്‌ സ്മിതചേച്ചീന്റെ മേത്തിടാന്‍.."ജന്തൂ ...കൊരങ്ങെ ... " എന്ന് ചീത്തവിളിച്ച് ചേച്ചി അലറി ഓടും.
പക്ഷെ കുളത്തില്‍ നീര്‍ക്കോലി ഉണ്ടാവുമോന്ന് നോക്കിട്ടെ ഞാന്‍ ഇറങ്ങു ,കടിക്കൂലാന്നാ ലിമ ചേച്ചി പറഞ്ഞെ ,പക്ഷെ അമ്പിളി ചേച്ചിയെ കടിച്ചിട്ടേ ഒരു ദിവസം മുഴുവന്‍ ചോറുണ്ണാതെ ഇരിക്കണ്ടി വന്നൂ പോലും.അതില്‍ പിന്നെ വെള്ളത്തില്‍ ഇറങ്ങുമ്പോ കവുങ്ങിന്റെ നിഴല്‍ പാമ്പിനെ പോലെ പുളയുന്നത് കാണുമ്പോഴേ എനിക്ക് പേടിയാവും.
എന്നാല്‍ പിന്നെ കുളത്തില്‍ ഇറങ്ങണ്ട ,തവളപിടുത്തം കഴിഞ്ഞാല്‍ ചേച്ചിമാര്‍ക്കു പാറോത്തി ചപ്പും, താളിയും പരിച്ചുകൊടുത്തിട്ടു ഏലക്ക പറിക്കാം.പക്ഷെ ഏലക്ക തിന്നാല്‍ ഒരു ഗ്ലാസ്‌ പാല്‍ കുടിക്കണംന്ന ഇന്നിരമ്മ പറയുന്നേ,എനിക്കിഷ്ടമല്ല പാല്‍. 6 മണിക്കുശേഷമുള്ള വാര്‍ത്തയുടെ സമയത്ത് അമ്മ വിവ ചേര്‍ത്ത് പാലുതരും അതുമതിയാവുംല്ലേ .ഇന്ന് ചേച്ചിമാര്‍ ഉണ്ടെങ്കില്‍ " വിവ സ്മിത ചേച്ചിക്ക് കൊടുത്താ മതി, ലിമ ചേച്ചിക്ക് കൊടുക്കണ്ടാ" എന്നും പറഞ്ഞു ഞാന്‍ കരയില്ല,പാവല്ലേ. കൊക്കോ കട്ട് പറിക്കാന്‍ എന്‍റെ കൂടെ ഇപ്പോഴും ലിമ ചേച്ചിയല്ലേ വരുന്നേ(സ്മിത ചേച്ചിക്ക് ചിലപ്പോ വല്യ ഗമയാ, വല്യേചിയല്ലേ അതോണ്ടാവും ).
കുളക്കരയിലുള്ള ചെറിയ കവുങ്ങില്‍ കേറാന്‍ പറ്റുമോ എന്നിന്നും നോക്കണം. ദേവസ്യ ചേട്ടന്‍ പാമ്പിന്റെ ഇറച്ചി തിന്നതോണ്ടാത്രേ തെങ്ങില്‍ കേറാന്‍ പറ്റാത്തെ,ഞാന്‍ തിന്നിട്ടില്ലല്ലോ അതോടു എനിക്കാവും ഉറപ്പാ.

ആലിപ്പഴം വീഴുന്ന മഴ പെയ്യുന്നെങ്കില്‍ അമ്മ സ്കൂളില്‍ നിന്ന് വരുന്നെന് മുന്‍പേ വേണമായിരുന്നു, വല്യമ്മ പെറുക്കി തിന്നാന്‍ സമ്മതിക്കും."മണി" എന്ന അമ്മേടെ വിളി കേട്ടാല്‍ പിന്നെ എനിക്ക് എതിര് കാണിക്കാന്‍ പറ്റൂല,'പല്ല് പോകും ചുമ പിടിക്കും ' ഇങ്ങനെ ഓരോ കാരണങ്ങള്‍ കണ്ട് പിടിക്കും അമ്മ.അച്ഛന് പിന്നെ മുട്ടായി തിന്നലെ കുഴപ്പമുള്ളൂ( എന്റേത് മുഴുവന്‍ പുഴുപ്പല്ലയതോണ്ടാവും).പല്ലിനു ബലം വരാന്‍ എപ്പോഴും കുരങ്ങന്റെ ടപ്പിയിലുള്ള മധുരമുള്ള ഗുളിക കൊണ്ട് തരും അച്ഛന്‍.
ആ ഡപ്പി ഞാന്‍ ചേച്ചിമാര്‍ക്കൊന്നും കൊടുക്കൂല, സജിയെട്ടനും കൊടുക്കൂല എന്താന്നോ അമ്മ മൈസൂരില്‍ നിന്ന് വാങ്ങിയ ഹെലികോപ്ടെര്‍ ഞാന്‍ കാണാതെ സജിയേട്ടന് കൊടുത്തു ... അത് എനിക്കൊട്ടും ഇഷ്ടമായിട്ടില്ല .മാത്രമല്ല സജിയെട്ടന്‍ വികൃതി കാട്ടിയാലും ബാബു ആപ്പന്‍ എന്നെയാ അടിക്കുക.. അതോണ്ടെനിക്ക് നല്ല ദേഷ്യംണ്ടെ .
.
ഇന്ന് അമ്മച്ചി കാണാന്‍ വന്നാല്‍ (കൊഴുക്കട്ട ഉണ്ടാവും,പക്ഷെ ഗോതമ്പിന്റെ കൊഴുക്കട്ട എനിക്കത്ര ഇഷ്ടമല്ല,എന്നാലും തിന്നാം കൊണ്ടുവരുന്നതല്ലേ ..) ഇന്ന് ഞാന്‍ "വാലുള്ള അമ്മച്ചി" എന്ന് വിളിച്ചു കളിയാക്കുല ( ആ ബാബുവാപ്പനാ എന്നെ അങ്ങനെ പഠിപ്പിച്ചേ ) ,അമ്മേന്റെ അമ്മേനെ അങ്ങനെ കളിയാക്കരുത് പോലും, വല്യമ്മ പറയാറ്ണ്ടെ.
കല്ലോടി പള്ളിപ്പെരുന്നാള്‍ കഴിഞ്ഞിട്ടേ ഉള്ളു എങ്കില്‍ മാലയും സ്പ്രിങ്ങ് വളയും (ചിറ്റ്വള എന്നാ അമ്മച്ചി പറയുക ) എന്തായാലും ഉണ്ടാവും, വയലറ്റ് കളര്‍ ആയാല്‍ മതിയായിരുന്നു .അപ്പച്ചന്‍ കാണാനൊന്നും വരില്ല , അക്കരെ ഇക്കരെ ആണ് വീട് എന്നൊന്നും പറഞ്ഞിട് കാര്യമില്ല ,വയലിലൂടെ നടക്കാനൊന്നും അപ്പച്ചന് വയ്യ.അമ്മച്ചിടെ കൂടെ അക്കരെ പോയാലോ (വല്യമ്മ വിടുമോ എന്തോ?) ഉറിടെ മുകളില്‍ പൂച്ച കാണാതെ വച്ച ഉണക്ക സ്രാവും കൂട്ടി ചോറുകിട്ടും.പിന്നെ അപ്പച്ചന്റെ കൂടെ കുരുമുളക് കൊടിടെ ചുവട്ടില്‍ പോയാല്‍ കുടുക്കേല്‍ ഇടാന്‍ 10 പൈസ കിട്ടും. അതു നിറഞ്ഞിട്ടു വേണം എനിക്ക് നിഷി ചേച്ചിടെ കയ്യിലുള്ളത്ര പൂമ്പാറ്റ വാങ്ങാന്‍.അതില്‍ അമ്മുന്റെ കഥയാ എനിക്കേറ്റം ഇഷ്ട്ടം.വലുതാവുബോള്‍ ഞാനും അങ്ങനെയാ മുടികെട്ടാന്‍ ഉദ്ദേശിക്കുന്നെ.

ഇപ്പ്രാവശ്യം ഓണത്തിന് ബാലന്‍ മാമന്‍ കൊണ്ടുവരുന്ന പര്‍ലെജി ബിസ്കറ്റ് ആദ്യമേ പോയി വാങ്ങണം.ഇല്ലേ പിന്നെ ഒന്നോ രണ്ടോ മാത്രമെകിട്ടു.തിരുവോണത്തിന് രാവിലെ അപ്പന്‍ നൈറ്റിയോ,ഉടുപ്പോ തരാതിരിക്കില്ല.മൂന്നാള്‍ക്കും ഒരേ കളര്‍ ആയാല്‍
മതിയായിരുന്നു. ഒരു കാര്യം ഉറപ്പാ ഞാന്‍ അന്ന് രാവിലെ ശോഭ മൂത്തേന്റെ വീട്ടില്‍ നിന്ന് നൂല്‍പുട്ടെ കഴിക്കു അതാ എനിക്ക് ദോശയേക്കാള്‍ കൂടുതല്‍ ഇഷ്ടം.

ക്രിസ്തുമസ്സിനു ഏലമ്മച്ചിയുടെ വീട്ടില്‍ പോയാലും ഞാന്‍ പഴം പൊരി കുറച്ചേ കഴിക്കു,"കീയക്കുട്ടിക്കെ ഇപ്രാവശയം ഉയരമുള്ള ചെരുപ്പ് മതി " എന്ന് പറയണം എനിക്കിഷ്ടാ അങ്ങനത്തെ ചെരുപ്പ് (അച്ഛനും അമ്മയും വാങ്ങി തരില്ലന്നെ).ഷായുടെ മടിയില്‍ തലവെച്ചു "പരിശുദ്ധാത്മാവേ...നീ എഴുന്നള്ളി ..." എന്ന പാട്ട് പാടി കേള്‍ക്കണം.
കല്ലോടിയിലെ നേഴ്സറിയിലും , കല്ലോടി സ്കൂളിലും മാത്രമേ ഞാനിനി പഠിക്കു. കണിയാരത്ത് ചേര്‍ക്കണ്ട എന്നച്ചനോട് പറയണം.അവിടൊന്നും സുമയെയും വിജിമോളെയും പോലത്തെ കുട്ടികള്‍ ഉണ്ടാവില്ല.റജിനയെപ്പോലെ കബഡി കളിക്കുമ്പോ എന്നെ എടുത്തു പൊക്കി ഓടാന്‍ , റഹ്മതിനെപോലെ മടിയില്‍ കിടത്താന്‍ , നിര്‍മലയെപ്പോലെ പാട്ട് പാടിത്തരാന്‍ ,വിനോദിനെ പോലെ മാങ്ങ പറിച്ച് തരാന്‍, ഒന്നിനും ആരും ഉണ്ടാവില്ല.
വേണ്ടച്ച കല്ലോടിയും ആയിലമൂലയും വിട്ട്‌ ... വേണ്ടാ ...

മായ്ക്കണം ഇവിടുന്നങ്ങോട്ടുള്ള ഓരോ ദിവസങ്ങളും .. നിമിഷങ്ങളും..എവിടെ എന്‍റെ മഷിപ്പച്ച ... ഇനി അങ്ങോട്ട്‌ എല്ലാം മായ്ക്കണം ...എല്ലാം .

"നിങ്ങള്‍ കണ്ടോ ഞാനിവിടെ വച്ചിരുന്ന ആ മഷിപ്പച്ച തണ്ട് ?"
"ഓ അത് മഷിപ്പച്ചയായിരുന്നോ, ഉണങ്ങിയ കോലാണെന്ന് കരുതി ഞാന്‍ അതു പുറത്തേക്കെറിഞ്ഞു". ഈശ്വരാ ഇനി ഞാനെങ്ങനെ ' ഇന്നില്‍' നിന്ന് രക്ഷപ്പെടും, ചേച്ചിമാരെ രക്ഷപ്പെടുത്തും ???

"ജന്തൂ നീ ഇപ്പോഴും ഒരു പൊട്ടത്തി തന്നെ, നിനക്കറിയ്യോ നിന്‍റെ 'ഇന്ന്'നു നമ്മുടെ മാഷിപ്പച്ചകളെ നിശേഷം നശിപ്പിക്കാം ഒരു വയലറ്റ് പൂ പോലും ബാക്കിയാക്കാതെ ... എന്നാല്‍ നമ്മുടെ മഷിപ്പച്ചകള്‍ക്കോ ..കരുതിവെച്ചിരിക്കുന്ന ജലം പുല്‍പ്പടര്‍പ്പിലെ കണ്ണുനീര്തുള്ളിക്ക് കടംകൊടുക്കാം,എന്നല്ലാതെ ...അല്ലാതെ ഒന്നിനും പറ്റില്ല ..നമ്മളെപ്പോലെ അവയും ദുര്‍ബലമായിപ്പോയി " ..."ചേച്ചി ....ഇനി ..ഞാ.. " .."ഇല്ല ബുദു... ഒരിക്കലും..."

Tuesday, February 15, 2011

സ്നേഹം

ഉള്ളിലെ ചൂട് സഹിക്കാനാവാതെ മഴക്കാറ് കണ്ടുപുറത്തേക്കുയര്‍ന്ന ഒരു മഴപ്പാറ്റ,
മഴ കാണാതെ ഗതിതെറ്റി ഒരു മെഴുകുതിരി വെട്ടത്തിന് ചുറ്റും...
ചിറക് കരിഞ്ഞിഴയുംബോഴും പറ്റിച്ച മഴയെ പ്രാകാതെ,
"കണ്ണടയും മുമ്പേ ഒന്ന് വരണേ" എന്ന പ്രാര്‍ത്ഥനയോടെ..ഒരുവെറും കാത്തിരിപ്പ്‌ !!! (?)

Wednesday, February 09, 2011

....!!!


വഴിക്കണ്ണുമായി കാത്തിരുന്ന ഹൃദയം തിരണ്ടുപോയി ...
ഒരു സ്വരമായിപ്പോലും നീ അരികില്‍ എത്താത്തതിനാല്‍ !

ഒരുകടലായിരുന്ന കണ്ണുകള്‍ വറ്റിപ്പോയി ...
ചുമരിലിരുന്നു പല്ലിളിക്കുന്ന നാളെയെന്ന അസ്ഥികൂടം കണ്ട് !

ഒരു ചിരിയായിരുന്ന ഞാന്‍ പക്ഷെ ഇപ്പോഴും... ഒരലര്‍ച്ചയായി !!!

Wednesday, February 02, 2011

എന്‍റെ ജയം


ക്ഷണിച്ചും ക്ഷണിക്കാതെയും നീ സദാ എന്‍റെ നിനവില്‍ നിറയുമ്പോള്‍,
ജയിക്കുന്നത് നീയോ നിയതിയോ അല്ല , ഈ ഞാനാണ് ...
പരാജയപ്പെടുന്നത്,
നിന്‍റെ ഓരോ കര്‍മ്മത്തിന്‍റെയും ഉത്തരവാദിത്വം
കെട്ടി ഏല്‍പ്പിക്കപ്പെടുന്ന നിന്‍റെ വിധികര്‍ത്താവും.

Monday, January 24, 2011

തോല്‍വി

ഞാനും ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട്,
ഒരു വാക്കാലോ നോക്കാലോ നിന്‍റെ ലോകത്തേക്ക് കടന്നു വരാതിരിക്കാന്‍,
ഒരു നോക്കുകുത്തിയായി എന്നെ അകറ്റി നിര്‍ത്തുന്ന നിന്നെ വെറുക്കാന്‍,
നിന്നെ ഓര്‍മകളില്‍ നിന്നുപോലും ഇറക്കിവിടാന്‍ .

എന്നാല്‍ ഓരോ നിലാവിലും ഞാന്‍ കൂടുതല്‍ ഒറ്റപ്പെടവേ,
ഓരോ കാലിടര്‍ച്ചയിലും നിന്‍റെ കൈക്കായി പരതവേ,
ഓരോശ്വാസത്തിലും നിന്നെ നഷ്ട്ടപ്പെടവേ,
ഞാനെന്‍റെ പരാജയം സമ്മതിക്കുന്നു.
എനിക്ക് കഴിയില്ല ഒരു നിമിഷത്തേക്ക് പോലും നിന്നെ എന്നില്‍നിന്നും പറിച്ചെറിയാന്‍!!!

Sunday, January 23, 2011

പക

നീ എന്‍റെ ശിഖരങ്ങള്‍ ഓരോന്നായി അറുത്തെരിയുമ്പോള്‍
വേരുകള്‍ ഓരോന്നായി ഞാനും പിന്‍‌വലിക്കുന്നു ...നിന്നില്‍ നിന്നും.

Friday, January 14, 2011

തിരസ്കൃത

നിനക്കും അധികാരമുണ്ട്‌ (പലരെയും പോലെ ) എന്നെ തിരസ്ക്കരിക്കാന്‍ .
പക്ഷെ ഒന്നുറക്കെ പറയു - പടി ഇറങ്ങിപ്പോകാന്‍ ...
നീ എന്നെ ഭയക്കുന്നുവെന്ന് ...വെറുക്കുന്നുവെന്ന്...
എങ്കില്‍ ഈ പുല്‍തുരുമ്പില്‍ നിന്ന് കൈ അഴച്ചു ഞാന്‍
നിരാശയുടെ ആഴക്കയങ്ങളിലേക്ക് ഊളിയിട്ടോളം ..
ഒരു വാക്കാലോ, നോക്കാലോ കടന്നുവരാതെ ...

ഒരു സങ്കടം മാത്രം ...
വെറുതെയെങ്കിലും(?) പങ്കിട്ട നല്ല സമയത്തിനോടുള്ള നന്ദി സൂചകമായി എങ്കിലും....
പറഞ്ഞിട്ടോടി പോകാമായിരുന്നില്ലേ, എന്‍റെ സ്വപ്നങ്ങളില്‍ നിന്നും !!!

Tuesday, January 11, 2011

സമാന്തരത

ഞാന്‍, നീ
വികാരം, വിചാരം
ജീവിതം ,മരണം
ഈ സമാന്തരതകളില്‍ ഏതിനോട് ഞാന്‍ നീതി പുലര്‍ത്തും ???

നീ

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ,ക്ഷണിച്ചിരുന്നില്ല ,ഈ ജീവിതത്തിലേക്ക്.
ആഗ്രഹിച്ചതിലും കൂടുതല്‍ എന്തൊക്കെയോ ആയി, അറ്റ ചിറക് കൂട്ടിതുന്നുവാന്‍ മഴവില്‍ നൂലുമായി നീ..

ഇന്ന് നീ ദൂരെയേതോ കോണില്‍ ,
ഒരു ഭംഗിവാക്കുപോലും ചൊല്ലാതെ, ഞാന്‍ അവശേഷിക്കുന്നു എന്നറിഞ്ഞും അറിയാതെ...

എന്നില്‍, വെറും അടയാളം മാത്രമാവാന്‍ കഴിയാതെ
നീ ശേഷിപ്പിച്ച മുറിവ് ഇപ്പോഴും തേങ്ങിക്കൊണ്ടേയിരിക്കുന്നു...


Sunday, January 09, 2011

ജ്യോതിഷികള്‍

വരയ്ക്കപ്പെട്ട കൈ രേഖകള്‍ മായ്ക്കാനോ
ഹൃദയ രേഖകള്‍ വായിക്കാനോ അറിയാത്ത ഹൃദയശൂന്യര്‍ !!!

മാപ്പ്


സദയം ക്ഷമിക്ക,
അനുവാദമില്ലാതെ സിരകളില്‍ നിന്നെ നിറയ്ക്കുന്നതിന്,
സ്വപ്നത്തില്‍പോലും അകലാത്തതിന്,
സ്നേഹിക്കുന്നതിന്,
പ്രണയിക്കുന്നതിന്,
ജീവിക്കുന്നതിന്‌.

എന്നെ , നീ കരളില്‍ നിന്നും പറിച്ച് എറിഞ്ഞെങ്കിലും
നിന്‍റെ ഓര്‍മ്മകള്‍ക്ക് നനവ്‌ നല്‍കാതിരിക്കാന്‍ എനിക്ക് വയ്യ ..
കാരണം
നിന്‍ വേരിലൂടെയാണ് ഞാന്‍ എന്നസ്ഥിത്വം തിരിച്ചറിയുന്നത്‌..
നിന്‍റെ വാക്കുകള്‍ ചാലിച്ചാണ് ജീവന് വര്‍ണ്ണം ചാര്‍ത്തുന്നത്..
നിന്നിലേക്കുള്ള ദൂരമാണ് എന്നെ മരണവുമായി പ്രണയത്തിലാക്കുന്നത്..

Saturday, January 08, 2011

പലര്‍ക്കുള്ള കത്തുകള്‍

കത്ത് 1
തിരിഞ്ഞു നടക്കാന്‍ കഴിയാത്ത യാത്ര തുടരുമ്പോള്‍
എന്‍റെ ശബ്ദത്തിനു നിന്‍റെ പ്രതിധ്വനി ഇല്ലാതെ വരുമ്പോള്‍
നിന്‍റെ സൌരഭ്യം ഇല്ലാതെ, ഈ ജീവിതം ജീവിക്കേണ്ടി വരുമ്പോള്‍
മരണത്തെക്കാള്‍ ക്രൂരമായി നീ അകലെ മാറി നില്‍ക്കുമ്പോള്‍
ഞാന്‍ വിശ്വസിക്കണമോ " നീ ഒരിക്കലും ഒറ്റയ്ക്കല്ല" എന്ന നിന്‍റെ വാക്ക്?

കത്ത് 2
നിന്‍റെ കരലാളനകളുടെ വടുക്കള്‍ ശരീരത്തിലവശേഷിക്കെ,
നിന്‍റെ പദമാധുരികളുടെ വൃണങ്ങള്‍ ഹൃദയത്തില്‍ മായാതെ കിടക്കെ
മറക്കേണ്ടുന്നതെല്ലാം,തെളിഞ്ഞ ഓര്‍മ്മകള്‍ ആകവേ
നഷ്ട ഭാണ്ടത്തിന്‍റെ കനം ഏറുന്നതായി തോന്നവേ
ഞാന്‍ എങ്ങനെ സ്നേഹിക്കനാണ് നിന്നെ,പിന്നെ എന്നെ?

കത്ത് 3
"ഇനി നീ പ്രണയം തുളുമ്പുന്ന വരികള്‍ കുറിക്കൂ..
...ഇത്രയം ലഹരിയുള്ള നിന്‍റെ ജീവിതം കൊണ്ടെങ്ങനെ ഇത്രയും
നിറം മങ്ങിയ വരികള്‍..? "

പ്രിയ സഖേ,
നീ എങ്ങനെ കാണാനാണ് ചിരി മറയ്ക്കുള്ളിലെ വിതുമ്പുന്ന ഈ ഹൃദയം ?
നീ എങ്ങനെ അറിയാനാണ് പുനര്‍ജ്ജനി കൊതിയ്ക്കുന്നോരീ അഹല്യയെ ?