കഥകൾ

Tuesday, December 21, 2010

കഴുകന്‍ കണ്ണുകളെ എനിക്ക് ഭയമാണ് .
ഹൃദയത്തിലെക്കല്ല,മനസ്സിലേക്കാണ്‌ അത് ചൂഴ്ന്നിറങ്ങുന്നത്...
ഓരോ ചലനവും, ചിന്തയും ആ കണ്ണുകളിലൂടെ മാത്രമേ പുറത്തേക്കിറങ്ങു.

സൂക്ഷിക്കണം.. പേടിക്കണം ഓരോ മുടിയനക്കവും,എഴുതപ്പെടുന്ന വരികളും..
കാരണം അര്‍ത്ഥവും അര്‍ത്ഥന്തരങ്ങളും വ്യാഖ്യാനിക്കാനുള്ള അവകാശം എനിക്കല്ല, കാണുന്ന കണ്ണുകള്‍ക്കാണ്.

ആ അരക്ഷിതത്വബോധാമെന്നെ ഒളിച്ചോടിപ്പിക്കുന്നു ...
ഒന്നിനെയും ഭയപ്പെടാനില്ലാത്ത ഭ്രാന്തിന്‍റെ മാസ്മരിക ലോകത്തിലേക്ക്‌.

Saturday, December 18, 2010

ജഡത്വം

എന്‍റെ ഹൃദയത്തില്‍ നിന്നുതിര്‍ന്നു വീഴുന്ന ഓരോ വാക്കിനും നിര്‍വചനം ആവശ്യപ്പെടുന്ന നീ.
സ്വാതന്ത്ര്യം, അവകാശം, സ്നേഹം തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം മനപ്പാഠമാക്കാന്‍ കഴിയാത്ത ഞാന്‍.

എന്നാലിന്ന് ഒരു വാക്കിന്നര്‍ത്ഥം ഞാന്‍ അറിഞ്ഞ് പഠിച്ചിരിക്കുന്നു .

നിന്‍റെ വാക്കിലും നോക്കിലും സ്പര്‍ശനത്തിലും ഞാനനുഭവിക്കുന്ന ശൂന്യത - ജഡത്വം !!!
എന്‍റെ സ്നേഹം അറിഞ്ഞിട്ടും അറിയില്ലെന്ന് ഭാവിക്കുന്ന, തൊട്ടരികിലെങ്കിലും ദൂരെ മാറിനില്‍ക്കുന്ന നിന്‍റെ നിസ്സംഗത - ജഡത്വം !!!

എന്‍റെ ജഡത്വത്തില്‍ പൊഴിയുന്നതൊരു കുഞ്ഞു താരകം
നിന്‍റെ ജഡത്വത്തില്‍ കരിയുന്നതെന്‍റെ വെറുമൊരു കുഞ്ഞുസ്വപ്നം !!!

ഏകാന്തത എന്നെ പഠിപ്പിക്കുന്നത്‌ .കീറിയ ഓര്‍മ്മകള്‍ തുന്നിചേര്‍ക്കാന്‍
കിനാവിന്‍റെ നൂല്‍പ്പാലത്തിലൂടെ നടക്കാന്‍..
നഷ്ടപ്പെട്ട ഇന്നലെകളില്‍ നാളെയുടെ സാധ്യതകള്‍ ആരായാന്‍...
നിരാശയെ, നീയും ആശയുമായി പിരിച്ചെഴുതാന്‍.

എന്നെ ഒരു കാലിഡോസ്കോപ്പിലിട്ടു കുലുക്കി, പുതിയ,വിവിധങ്ങളായ എന്നെ കാണുവാന്‍.

ഒരു സുഗന്ധം പോലെ ദേഹമുപെക്ഷിച്ച ദേഹിയായി കാറ്റിനൊപ്പം അലയാന്‍..
തത്ത്വശാസ്ത്രങ്ങള്‍ ഉദ്ധരിച് നീ എന്നെ കുടിയിരുത്തുന്ന വാത്മീകം തച്ചുടയ്ക്കാന്‍...
പിന്നെ, നീ വെറുക്കുന്ന എന്‍റെ കാല്‍പനിക ലോകത്ത് നീയില്ലാത്ത, ഞാന്‍ മാത്രമാകുവാന്‍ !

Saturday, December 11, 2010

നിന്‍റെ കണ്ണുനീരിലെ ഉപ്പും പുഞ്ചിരിയിലെ വെളിച്ചവും ഹൃദയത്തിന്റെ തുടിപ്പും ഞാനെന്നു പറഞ്ഞ നീ ...
എനിക്കായി ചിലവിട്ട ഉപ്പിന്റെയും,വെളിച്ചത്തിന്റെയും,ഹൃദയമിടിപ്പിന്റെയും കണക്കു കൂട്ടുന്നു.
ഇപ്പോഴിതാ എന്റെയും മിഴിയിലെ എണ്ണവറ്റി ഹൃദയം കരിന്തിരികത്താന്‍ തുടങ്ങിയിരിക്കുന്നു ....

വരൂ, ഇനി നമുക്ക് പരസ്പരം തിരിഞ്ഞു നോക്കാതെ തിരിഞ്ഞു നടക്കാം.
ഒട്ടും വൈകാതെ ...ദീര്‍ഘ നിശ്വസങ്ങളില്ലാതെ,, അടിപതറാതെ , അനന്തതയിലേക്ക് ....!!!.

Thursday, December 09, 2010

വണ്ടിക്കാള

വീടിനുമുന്നില്‍ മേയാന്‍ വരുന്ന വണ്ടിക്കാളയോട് എനിക്ക് സഹതാപമായിരുന്നു ...
ആരുടെയോ കയ്യിലെ കയറിന്‍റെ മുറുകലിനും അഴയലിനും അനുസരിച്ച് ചരിച്ച്,
ഒരു മുടന്തലിനൊടുവില്‍ അറവു കത്തിക്ക് അടിയറ പറയേണ്ട നഷ്ടജന്മം!!!

രക്ഷപെടുത്തണം... മൂക്ക് കയറൂരി ...ലാടം അഴിച്ചു മാറ്റി ...വേദനയുടെ ലോകത്തുനിന്നും എന്നെന്നേക്കുമായി !!!

" മൂക്ക് കയറിന്‍റെ സ്വാതന്ത്ര്യത്തില്‍ നിന്നും സമൂഹത്തിന്‍റെ അരക്ഷിതത്തിലെക്കെന്നെ പടിയിറക്കുന്നോ.." ചോദ്യം കേട്ട് ഞാന്‍ ഞെട്ടി
"സ്വന്തം സ്വാതന്ത്ര്യത്തെ നിര്‍വജിക്കാനാവാത്ത നീ എങ്ങനെ എന്‍റെ പാരതന്ത്ര്യത്തെ അളക്കും? നിന്‍റെ മനസ്സിനും ചിന്തയ്ക്കും അവര്‍ കെട്ടിയ 'മൂക്ക്'കയര്‍, ആത്മവിലടിച്ചിറക്കിയ ലാടം ഇവ ഊരി എറിയൂ ആദ്യം.
ഒപ്പം, സൂക്ഷിച്ചുവയ്ക്കൂ ..സ്വയം ഉദകം പകരാനായി ,എന്നേക്കാള്‍ തിരസ്ക്കരിക്കപ്പെട്ട നിന്‍റെ, എനിക്കായി പൊഴിയുമീ സഹതാപക്കണ്ണീര്‍"

Wednesday, December 08, 2010


എനിക്കെപ്പോഴും നീ വേണം
എന്‍റെ വലതു കരം ഗ്രഹിക്കാനല്ല ..
തേങ്ങിക്കരയാന്‍ ഒരു മാറിനായല്ല ...
പെരുകിപ്പരക്കുമീ ഏകാന്തതയില്‍ ..ഒരു വീചിയായല്ല .
നഷ്ട്ടപ്പെട്ട ചിറകിനു പകരമായല്ല.
തീക്ഷ്ണമാം നിന്‍ നോട്ടത്തില്‍ തനുതളര്‍ന്നു
നിന്നിലെക്കൊതുങ്ങാനല്ല ..

മാനത്തൊരു കുഞ്ഞു മഴവില്ല് കാണുമ്പോള്‍...
നീലാകാശത്തിലെ വെണ്മുകില്‍ ചിത്രങ്ങള്‍ കാണുമ്പോള്‍

ആര്‍ത്തു പെയ്യുന്ന മഴ തകരം മേഞ്ഞ മേല്ക്കൂരയ്യില്‍ വാദ്യം പൊഴിക്കുമ്പോള്‍ ..
കൂട്ടം തെറ്റിയ ഒരു മഴതുള്ളി കണ്‍ പീലിയില്‍ വീഴുമ്പോള്‍

അസ്തമനചുവപ്പില്‍ തെങ്ങിന്‍റെ ഇരുണ്ട ചിത്രം കാണുമ്പോള്‍ ...
പൌര്‍ണമി കാണുമ്പോള്‍

അസ്ഥി തുളയ്ക്കുന്ന തണുപ്പില്‍,മൂടല്‍ മഞ്ഞു നിറഞ്ഞ ചുരം ഇറങ്ങുമ്പോള്‍ ..
കാറ്റ്, വേഗത്തില്‍ പായുന്ന കാബില്‍ വന്നെന്‍റെ മുടിയിഴ കോതുമ്പോള്‍..

ഒരു പുതിയ ഈരടി കേള്‍ക്കുമ്പോള്‍ ...
പഴയ ഹിന്ദിഗാനങ്ങളില്‍ സ്വയം ഒഴുകുമ്പോള്‍ ഉരുകുമ്പോള്‍...

മനമെത്താവുന്ന അകലത്തില്‍ എനിക്ക് നിന്നെ വേണം... !!!Sunday, December 05, 2010

എന്‍റെ ഓരോ സന്ദര്‍ശനവും നീ അറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ... നിന്‍റെത് രഹസ്യമായിരിക്കണം എന്ന് നീയും...
അങ്ങനെയെങ്കിലും വരണം ഇടയ്ക്കിടയ്ക്ക്...
നീയറിയാതെ നിന്നടയാളം ബാക്കിയായാല്‍ ..ഒരു പുഞ്ചിരി വീണുപോയാല്‍ ...
അതുമതി എനിക്കി നരകച്ചുഴിയിലൊരു തിരിനാളമായി !!!
മരണം ...
അവസ്ഥയോ അവസ്ഥാന്തരങ്ങളോ ഇല്ലാത്ത സമന്തരത...
സ്നേഹവും വാത്സല്യവും ബാക്കിയാക്കി ,
പ്രണയാഗ്നി കെടുന്നതിന് മുമ്പേ
പുലര്‍മഞ്ഞും നക്ഷത്രങ്ങളും അന്യമാക്കാന്‍ മാത്രം കഴിവുള്ള
പൈശാചികത !!!

മരണത്തിന്‍റെ മണമുള്ള പക്ഷി

മാധവിക്കുട്ടിയുടെ 'മരണത്തിന്‍റെ മണമുള്ള പക്ഷി'
പ്രണയം ആളിനിന്ന കാലത്ത് എനിക്കൊരു കഥ മാത്രമായിരുന്നു.

പ്രണയം ജീവിതത്തിനു വഴി മാറവേ ഞാനറിയുന്നു,
മരണത്തിന്‍റെ മണമുള്ള പക്ഷി ആയുസ്സറ്റ എന്‍റെ പ്രണയമാണെന്ന് !!!
[03 /04 ]
പറക്കമുറ്റുന്നതിനു മുമ്പേ എന്‍റെ ആശക്കിളിയുടെ കഴുത്ത് ഞെരിക്കാമായിരുന്നില്ലേ ...
ചിറകരിഞ്ഞു മൃതപ്രാണനാക്കുന്നതിലും എത്രയോ ഭേദമായിരുന്നു അത് ...
[2 /04 / 04 ]
എന്‍റെ കിനാവുകള്‍ മണല്‍ കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോഴും
ഞാന്‍ കരയിലിരുന്ന് ചക്രവാളം നോക്കുമായിരുന്നു..
ഉദിച്ചുയരുന്ന സൂര്യനൊപ്പം പുതു വെളിച്ചം തേടുമായിരുന്നു.
കയ്യില്‍ ചരട് മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നറിയാതെ
വിശാലമായ ആകാശത്തില്‍ പട്ടം തിരയുമായിരുന്നു..
എനിക്കായി ഒന്നും തിരിച്ചു വന്നില്ല [ചക്രവാളവും സൂര്യനും പട്ടവും എല്ലാവരും എന്നെ പറ്റിക്കുകയായിരുന്നു..]

ഇന്നെനിക്കു മാത്രമായി ആകാശവും പൌര്‍ണമിയും തീര്‍ത്ത സഹയാത്രികാ..
ഞാനറിയുന്നു 'ഇന്നലെ'യെ ഓര്‍ക്കുകയെന്നാല്‍ നിന്നെ മറക്കലാണെന്ന്,
നിന്നെ മറക്കുകയെന്നാല്‍ മരിക്കലാണെന്ന് ...!!!
[1 / 1 / 04 ]
മനസ്സില്‍ കുടിയിരുത്തെണ്ടിയിരുന്നില്ല
പടിയടച്ചു പിണ്ഡംവയ്ക്കാന്‍ പറ്റില്ലോരിക്കലും എന്നറിയെ ...
മനസ്സില്‍ കുടിയിരുത്തെണ്ടിയിരുന്നില്ല

ഒന്നും പറയേണ്ടിയിരുന്നില്ല
പറഞ്ഞിട്ടും അറിഞ്ഞിട്ടും കാര്യമില്ലെന്നറിയെ ...
ഒന്നും പറയേണ്ടിയിരുന്നില്ല

കാത്തിരിക്കെണ്ടിയിരുന്നില്ല
സ്വപ്നത്തില്‍പോലും അരികില്‍ വരില്ലെന്നറീയെ
കാത്തിരിക്കെണ്ടിയിരുന്നില്ല

പക്ഷെ ഉമിനീരില്‍ ചാലിച്ച് നീ തൊട്ടുതന്ന ചന്ദന പൊട്ടിന്‍റെ നനവ്‌ ഇപ്പോഴും നെറ്റിയിലുള്ളപ്പോള്‍
ഞാനെങ്ങനെ തടയാനാണ് എന്‍റെ ഹൃദയത്തെ ..

Saturday, December 04, 2010

എന്‍റെ സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടനാവണം അവരെന്നെ മനോരോഗ വിദഗ്ദന്‍റെ അടുത്തെത്തിച്ചത് ..
വാക്കിന്‍ നൂലിലൂടെ അയാള്‍ എന്‍റെ ഹൃദയ രേഖകളും ചിന്താധാരകളും പരിശോധിച്ചു.
അല്‍പസമയത്തിനുള്ളില്‍ അയാള്‍ ചരടുപോട്ടിച്ചു പുറത്തേക്കോടി ...
രോഗം മാരകമാവണം ..?!?!

വിജാരങ്ങളെ വികാരങ്ങളെ എന്തിനു പറയുന്നു സ്വപ്നങ്ങളെയും ബന്ധങ്ങളെയും പോലും ഫ്രെയിമിനുള്ളിലൂടെ നോക്കി കാണാന്‍ പറ്റാത്ത ലക്ഷത്തില്‍ ഒരാള്‍ക്ക്‌ വരുന്ന മാരകരോഗം ... അനാമിക...
ബന്ധുക്കള്‍ പ്രതിവിധിക്കായി കേഴുമ്പോഴും .. ഞാനെന്‍റെ ഫ്രേംലെസ്സ് ലോകത്തില്‍ 'ജീവിക്കുകയായിരുന്നു' ..
പെട്ടെന്നെല്ലാവരും കൂടി എന്‍റെ കൈകാലുകള്‍ കെട്ടി ,അവരുടെ പരിഭ്രാന്തികളും സാമൂഹ്യനീതികളും മണപ്പിച്ചെന്നെ ബോധം കെടുത്തി..

മയക്കം ഉണര്‍ന്ന ഞാന്‍ ഞെട്ടിപ്പോയി ...എന്‍റെ കണ്ണിനു ചുറ്റും ഒരു വലിയ ഇരുമ്പ് ഫ്രെയിം , ഊരിമാറ്റാന്‍ പറ്റാത്ത വിധം ചങ്ങലപൂട്ടിട്ടിരിക്കുന്നു !!!

പൊട്ടിച്ചെറിയാന്‍ ശ്രമിക്കാതെ, ഞാനുറക്കെ ഉറക്കെ അലറിച്ചിരിച്ചു...
ഹൃദയ ശൂന്യരെ.. പമ്പര വിഡ്ഢികളെ, എന്‍റെ മനസ്സിനിടാന്‍ നിങ്ങള്‍ ആരെകൊണ്ട് ഫ്രെയിം പണിയിക്കും?!

Friday, December 03, 2010


നിന്‍റെ കൈക്കുള്ളില്‍ ഒതുക്കിയ എന്‍റെ ഇടം കരവുമായി നമ്മള്‍ ഇരിക്കാറുണ്ടായിരുന്ന തടാകക്കരയിലാണ് ഞാനിപ്പോള്‍ ...

നീ എന്നോടൊരിക്കല്‍ ചോദിച്ച ചോദ്യം തന്നെ, ഇതാ ഈ വെള്ളത്താമരയും[ നീ എന്നെ ചൊടിപ്പിക്കാന്‍ അവളുടെ സൌന്ദര്യത്തെ പുകഴ്തുമായിരുന്നില്ലേ.. . ] എന്നോട് ചോദിക്കുന്നു ...
"നിനക്ക് എന്താണ്(യിരുന്നു) വേണ്ടത് ?"

"മുറുക്കെപ്പിടിക്കാന്‍ ഒരു കൈത്തലം
തലചായ്ക്കാന്‍ ഒരു ചുമല്‍
സ്നേഹത്തോടെ നെറ്റിയില്‍ മുത്താന്‍,ഹൃദയത്തിലെ ഈണങ്ങള്‍ മൂളാന്‍ ഒരു ചുണ്ട് "...ഞാന്‍ ചിരിക്കുന്നു ..

"ഇത്രയും ഇത്രയും നിസ്സരംയിരുന്നോ നിന്‍റെ സ്വപ്‌നങ്ങള്‍ ,എന്നിട്ടും എന്തേ അവന്‍ ..."
പറഞ്ഞുമുഴുമിപ്പിക്കാതെ ...[മറയുന്ന സൂര്യനെ കാണട് ഹൃദയം പൊട്ടിയാവണം ] പെട്ടെന്ന് ...നിന്നെപ്പോലെതന്നെ മറ്റൊരു സൂര്യോദയം കാംക്ഷിച്ച്,വെള്ളത്തിനടിയിലേക്ക്‌ ...

ഹോ ...പരക്കുന്ന ഇരുട്ടും, ഭീകരമായ ഏകാന്തതയും ,ഞാനും ..
ഇല്ല എനിക്കിനിയും ഒറ്റയ്ക്കാവാന്‍ വയ്യ ...ഞാനും പോട്ടെ ആ താമരയുടെ കൊട്ടാരത്തിലേക്ക് ..
നാളെ പുലരിയില്‍ താമരയ്ക്കൊപ്പം ഞാനും പൊന്തിവരും ...നീയാണെ സത്യം .
പിന്നീടൊരിക്കലും ഞാന്‍ ഒറ്റയ്ക്കാവില്ല , മഴയായും,മഞ്ഞായും,കാറ്റായും ഞാന്‍ നിന്നെ പൊതിയും ..
നിന്‍റെ ശ്വാസനിശ്വാസങ്ങളിലൂടെ ഞാന്‍ നിന്നിലലിയും !!!
എന്‍റെ പൊട്ടകണ്ണാടി ...
കോറി വരഞ്ഞ നിന്നിലൂടെ വികൃതമായി പ്രതിബിംബീകരിക്കപ്പെട്ട എന്‍റെ ശരീരമല്ലാതെ
എന്‍റെ ആത്മാവ് നിനക്കൊരിക്കലും സ്വന്തമല്ലല്ലോ!!!

Thursday, December 02, 2010

വീണ്ടും കയ്യെത്താത്ത ഉയരത്തില്‍, കാതെത്താ ദൂരത്തില്‍ ,കരളെത്താ അകലത്തില്‍ ...
പക്ഷെ ഒന്നറിയാം
ഞാനില്ലെങ്കിലും നീ നിലനിലക്കുമെന്ന്, എനിക്ക് മറ്റ്ഉപാധിയില്ലെന്ന് !!!

I was captivated in magma...

With a burnt soul and an intact skin!!!.

Astonishingly a pallid cloud swift down to wrap me...

Enfolded my heart, softly yet tightly.

I shut my eyes and ears from the world...vehemently,

And thawed it in my blood stream...

NOW no escape…

…Neither you nor me!!!